കുടിയേറ്റം തന്നെയാണ് ട്രംപിന്റെ പ്രധാന മേഖല. ആദ്യ ടേമില്‍ മുസ്ലിം കുടിയേറ്റക്കാര്‍ എന്ന് കൃത്യമായി തന്നെ പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള കുടിയേറ്റത്തെയുമാണ് ലക്ഷ്യമാക്കുന്നത്. അതിനായി ആദ്യം അമേരിക്കയുടെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നു. സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാരുടെ രണ്ടാമൂഴം എന്നത് തുടര്‍ച്ചയായി വരുന്നതായിരിക്കും. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ ആദ്യ നാല് വര്‍ഷത്തെ ഭരണത്തിന് ശേഷം ജോ ബൈഡന്റെ ഭരണമായിരുന്നു. പിന്നീടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിലൂടെ തിരിച്ചുവരുന്നത്.
2017ല്‍ അധികാരമേറ്റ് നടത്തിയ പ്രസംഗത്തിന് എട്ട് വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും ഒരു ഉദ്ഘാടന പ്രസംഗം അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്. രണ്ട് പ്രസംഗത്തിലും സമാനതകളും വ്യത്യാസങ്ങളുമുണ്ട്. എട്ട് വര്‍ഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയും ഇപ്പോള്‍ അത് എങ്ങനെ കാണുന്നുവെന്നും വരും വര്‍ഷങ്ങളില്‍ എവിടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതുമാണ് പ്രസംഗത്തില്‍ നിന്ന് വെളിപ്പെടുന്ന കാര്യങ്ങള്‍.
കുടിയേറ്റം തന്നെയാണ് ട്രംപിന്റെ പ്രധാന മേഖല. ആദ്യഘട്ടത്തില്‍ മുസ്ലിം കുടിയേറ്റക്കാര്‍ എന്ന് കൃത്യമായി തന്നെ പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള കുടിയേറ്റത്തെയാണ് ലക്ഷ്യമാക്കുന്നത്. അതിനായി ആദ്യം തന്നെ അമേരിക്കയുടെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്.
പൗരത്വത്തിന്റെ കാര്യത്തില്‍ ലോകത്ത് പിന്തുടരുന്നത് രണ്ട് പ്രധാന തത്വശാസ്ത്രങ്ങളാണ്. jus soli, jus sanguinis എന്നീ രണ്ട് ഫിലോസഫികളില്‍ ഏതെങ്കിലും ഒന്നായിരിക്കും എല്ലാ രാജ്യങ്ങളുടെയും പൗരത്വനിയമത്തിന്റെ അടിസ്ഥാനം. അമേരിക്കയുടെ തത്വശാസ്ത്രം jus soli-യാണ്. അഥവാ അമേരിക്കന്‍ മണ്ണില്‍ ജനിച്ച എല്ലാവര്‍ക്കും അമേരിക്കന്‍ പൗരത്വമുണ്ട്. അവരുടെ മാതാപിതാക്കളുടെ പൗരത്വപദവി അവിടെ പരിഗണിക്കുന്നില്ല. അതേസമയം jus sanguinis അനുസരിച്ച് പൗരത്വം രക്തബന്ധത്തിലൂടെ കൈമാറുന്നു. മാതാപിതാക്കളുടെ പൗരത്വമാണ് ഇവിടെ അടിസ്ഥാനമാക്കുന്നത്.
മണ്ണില്‍ പിറന്നവര്‍ക്കെല്ലാം പൗരത്വം എന്ന അമേരിക്കയുടെ അടിസ്ഥാന നിയമമാണ് ഇപ്പോള്‍ മാറ്റം വരുത്താന്‍ പോകുന്നത്. ഈ ഭീതി കാരണം നിരവധി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ തിരക്ക് കൂട്ടുന്നുവെന്നതാണ് വാര്‍ത്ത. ജനനത്തിലൂടെ മക്കള്‍ അമേരിക്കന്‍ പൗരന്മാരായി മാറും എന്ന പ്രതീക്ഷയില്‍ കുടിയേറി വന്നവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന മുദ്രാവാക്യത്തില്‍ തന്നെയാണ് ട്രംപിന്റെ പ്രധാന ഊന്നല്‍. അമേരിക്കന്‍ പൗരന്മാരുടെ ക്ഷേമമാണ് തന്റെ ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ മുതലെടുക്കുന്നതിനെക്കുറിച്ചും സ്വന്തം വ്യവസായങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ട്രംപ് യുഗത്തില്‍ അമേരിക്കയുടെ ലോകനേതൃത്വം എന്ന പദവി ചൈനയിലേക്ക് മാറ്റപ്പെടുന്നുവോ എന്നാണ് ഇപ്പോള്‍ നിരീക്ഷകരുടെ പക്ഷം. മറ്റ് രാജ്യങ്ങളുടെ വിശ്വാസ്യത നേടാന്‍ അമേരിക്ക പരാജയപ്പെടുന്നു.
ചൈനയുമായി നടക്കുന്ന വ്യാപാര യുദ്ധത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങളും ഉല്‍പ്പാദന തൊഴിലുകളും വര്‍ധിപ്പിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. 'നമ്മള്‍ ഒരിക്കലും ഏര്‍പ്പെടാത്ത യുദ്ധങ്ങള്‍' എന്നാണ് ഗസ്സയിലെയും യുക്രൈനിലെയും സംഘര്‍ഷത്തെക്കുറിച്ച് അദ്ദേഹം നല്‍കുന്ന സൂചനകള്‍. ഒരു സമാധാനകാംക്ഷി എന്ന നിലയില്‍ ഈ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കാന്‍ അദ്ദേഹം മധ്യസ്ഥം വഹിക്കുമെന്നാണ് വാക്കുകളിലൂടെ പ്രകടമാവുന്നത്. അതിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്താണെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
യു എന്‍ കാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന ചൈനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ആരോപണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ അമേരിക്കന്‍ വികസന ശ്രമങ്ങളെ തടയിടുന്നു എന്നതാണ് മറ്റൊരു ആരോപണം. ഈ പിന്മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
അമേരിക്കയുടെ ലോകനേതൃത്വം എന്ന പദവി ചൈനയിലേക്ക് മാറ്റപ്പെടുന്നുവോ എന്നാണ് ഇപ്പോള്‍ നിരീക്ഷകരുടെ പക്ഷം. മറ്റ് രാജ്യങ്ങളുടെ വിശ്വാസ്യത നേടാന്‍ അമേരിക്ക പരാജയപ്പെടുന്നു. പൊതുജനാരോഗ്യവും ആഗോള താപനവും എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളാണ് എന്നിരിക്കെ അതില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍വാങ്ങുന്നത് ലോകരാഷ്ട്രീയത്തില്‍ പല മാറ്റങ്ങളുടെയും തുടക്കമായികാണാനാവും.