വ്യാപാര യുദ്ധത്തിലേക്കു നയിക്കുന്ന ട്രംപിന്റെ പകരച്ചുങ്കം

എഡിറ്റർ

തീരുവ യുദ്ധത്തില്‍ ചൈന ആയിരുന്നു ട്രംപിന്റെ എതിരാളിയെങ്കില്‍ ഇപ്പോഴത് ഇന്ത്യയാണ്. റഷ്യയില്‍ നിന്നു ഇന്ത്യ എണ്ണ വാങ്ങി പരോക്ഷമായി യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നു എന്നതാണ് ട്രംപിന്റ ന്യായം പറച്ചില്‍.

ഡൊണള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഇന്ത്യക്കു മേല്‍ ചുമത്തിയ പ്രതികാര ചുങ്കം പുതിയ വ്യാപാര യുദ്ധത്തിനും ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക- വ്യാപാര പ്രതിസന്ധിക്കുമാണ് വഴിതുറക്കുക. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം ചുങ്കത്തിനു പുറമെയാണ് യുക്രെയിനെതിരെ റഷ്യയെ സഹായിക്കുന്നു എന്ന കപട കാരണം പറഞ്ഞ് 25 ശതമാനം കൂടി ചുങ്കം ഏര്‍പ്പെടുത്തിയത്.

വിദേശരാജ്യങ്ങള്‍ക്കു മേല്‍ യു എസ് ചുമത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തീരുവയാണിത്. പാകിസ്താനു മേല്‍ ഏര്‍പ്പെടുത്തിയ യു എസ് തീരുവ 19 ശതമാനവും ചൈനയ്ക്കുള്ളത് 30 ശതമാനവും മാത്രമാകുമ്പോഴാണ് ഇന്ത്യക്കും ബ്രസീലിനും 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.

തീരുവ യുദ്ധത്തില്‍ നേരത്തെ ചൈന ആയിരുന്നു ട്രംപിന്റെ എതിരാളിയെങ്കില്‍ ഇപ്പോഴത് ഇന്ത്യയാണ്. റഷ്യയില്‍ നിന്നു ഇന്ത്യ എണ്ണ വാങ്ങി പരോക്ഷമായി യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നു എന്നതാണ് തീരുവ ചുമത്താനുള്ള ന്യായമായി ട്രംപ് പറയുന്നത്. ഇതു വലിയ തമാശയും കാപട്യവുമല്ലാതെ മറ്റെന്താണ്? ഇന്ത്യ ഇക്കാര്യം നേരത്തെ തുറന്നുകാട്ടിയിരുന്നു.

കാരണം, റഷ്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളും സഖ്യകക്ഷികളുമാണ് ഇന്ത്യയെക്കാളേറെ എണ്ണ വാങ്ങുന്നതെന്നാണ് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലിയര്‍ എയറിന്റെ കണക്കുകള്‍. യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം റഷ്യന്‍ എണ്ണ വരുമാനത്തിന്റെ 23 ശതമാനവും വരുന്നത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ വിഹിതം കേവലം 13 ശതമാനമത്രെ.

അതായത് റഷ്യയിലേക്കെത്തിയ 21,200 കോടി രൂപ ട്രംപിന്റെ ഫ്രണ്ടുമാരായ യൂറോപ്യന്‍ യൂനിയന്റെ സംഭാവനയാണ്. നയതന്ത്ര ബന്ധത്തിലെ പിരിമുറുക്കങ്ങളാണ് യഥാര്‍ഥത്തില്‍ ട്രംപ് എന്ന ദീര്‍ഘവീക്ഷണമില്ലാത്ത പ്രസിഡന്റിനെ ചൊടിപ്പിച്ചത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു

ഇന്ത്യ-പാക് സൈനിക ഏറ്റുമുട്ടല്‍ അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ പിന്തുണച്ചില്ല എന്നതാണ് മോദിയുടെ ഫ്രണ്ടിനെ ചൊടിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക.

അധിക തീരുവ അറുപത് ശതമാനം വരെ കയറ്റുമതിയെ ബാധിച്ചേക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്. ടെക്‌സ്‌റ്റൈല്‍, സമുദ്രോല്പന്നങ്ങള്‍, തുകല്‍ ഉല്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. ഇതുവഴി സമുദ്രോല്പന്ന- സുഗന്ധവ്യഞ്ജന- കയറുല്പന്ന മേഖലയ്ക്കുണ്ടാകുന്ന ക്ഷീണം കേരളത്തെ പ്രത്യക്ഷമായിത്തന്നെ ബാധിക്കും.

കയറ്റുമതിയിലെ തിരിച്ചടി സമ്പദ് രംഗത്ത് ഒരു ശതമാനത്തിന്റെ ഇടിവുണ്ടാക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വളര്‍ച്ച എട്ടു ശതമാനമായിരുന്നു.

സ്വയം പര്യാപ്തമായ തങ്ങളുടേതു മാത്രമായ വിപണി ലോകരാജ്യങ്ങള്‍ക്ക് സ്വപ്നം മാത്രമായിരിക്കുന്നു. പരസ്പര സഹകരണത്തിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചയാണ് പുതിയ കാലത്തിന്റെ മുദ്രാവാക്യം.

ഇന്ത്യ യു എസിനു പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതു പ്രത്യക്ഷത്തില്‍ യു എസില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും ആഭ്യന്തരോല്പന്നങ്ങളുടെ വില്പന കൂടുകയും ചെയ്യാന്‍ സഹായിക്കും. എന്നാല്‍, ദീര്‍ഘകാലത്തില്‍ അതും ഗുണം ചെയ്യില്ല.

ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത ഉല്പന്നങ്ങളുടെ വിലക്കയറ്റം ഉല്പാദനച്ചെലവ് കൂട്ടുകയും വില ഉയരാനും ഇടയാക്കും. വിവിധ മേഖലകളെ പിടിച്ചു നിര്‍ത്താന്‍ ഗൗരവപൂര്‍വമായ നടപടികളും പുതിയ വിപണികള്‍ കണ്ടേത്തേണ്ടതും അനിവാര്യമാണ്.

ഇന്ത്യ ഉള്‍പ്പെടെ അറുപത് രാജ്യങ്ങള്‍ക്കു മേല്‍ പകരച്ചുങ്കം ചുമത്തിയത് യു എസ് നികുതി വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാക്കുമെങ്കിലും വിപണിയില്‍ വലിയ വിലക്കയറ്റം സൃഷ്ടിച്ചു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് വ്യാപാര യുദ്ധത്തിനു തുനിഞ്ഞത് ഒരു തരത്തിലും നേട്ടമുണ്ടാക്കില്ലെന്ന് യു എസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഫ. സ്റ്റീവ് ഹന്‍കെ നിരീക്ഷിക്കുന്നുണ്ട്.

അധിക തീരുവ സമ്പൂര്‍ണ വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുമെന്നും സ്വതന്ത്ര വ്യാപാരത്തെ തടസ്സപ്പെടുത്തി വിപണികളെയും സാമ്പത്തിക രംഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

ലോകം ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ല. സ്വയം പര്യാപ്തമായ തങ്ങളുടേതു മാത്രമായ വിപണി ലോകരാജ്യങ്ങള്‍ക്ക് സ്വപ്നം മാത്രമായിരിക്കുന്നു. പരസ്പര സഹകരണത്തിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചയാണ് പുതിയ കാലത്തിന്റെ മുദ്രാവാക്യം. അപ്പോള്‍ പ്രതികാര മനോഭാവവും അല്പത്തവും മാറ്റിവെച്ച് സഹകരിച്ചു മുന്നോട്ടു നടക്കാന്‍ ഭരണാധികാരികള്‍ക്കു സാധിക്കേണ്ടതുണ്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം