മുഹര്‍റം അടക്കം നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കിയതുള്‍പ്പെടെ അല്ലാഹു പവിത്രമാക്കിയ മാസമങ്ങളാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ മുഹര്‍റം മാസം പല കാര്യങ്ങള്‍ കൊണ്ടും അടയാളപ്പെട്ടിട്ടുണ്ട്.
പുതിയൊരു ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഹിജ്‌റ വര്‍ഷം 1447. ഹിജ്‌റ വര്‍ഷാരംഭത്തിലെ മുഹര്‍റം പല തലത്തിലും പ്രാധാന്യമുള്ള ഒരു മാസമാണ്. ഹജ്ജ് മാസങ്ങളുടെ തുടര്‍ച്ചയായി വരുന്ന മാസമെന്ന നിലയില്‍ പഴയ കാലങ്ങളില്‍ ഹജ്ജ് യാത്രികരുടെ മടക്കം ഈ മാസത്തോടെയാണ് പൂര്‍ത്തിയാകാറുള്ളത്.
ഇത് ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ മൂന്നു മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കിയ വിധം അല്ലാഹു പവിത്രമാക്കിയ മാസം കൂടിയാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ് മാസവുമാണ് പവിത്രമാക്കപ്പെട്ടിട്ടുള്ളത്.
ഇസ്‌ലാമിക ചരിത്രത്തില്‍ മുഹര്‍റം മാസം പല കാര്യങ്ങള്‍ കൊണ്ടും അടയാളപ്പെട്ടിട്ടുണ്ട്. ഫറോവയുടെ പീഡനത്തില്‍ നിന്ന് മൂസാ നബിയെയും ഇസ്രാഈല്യരെയും അല്ലാഹു രക്ഷപ്പെടുത്തിയത് ഈ മാസമാണ്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും നന്മകള്‍ പ്രവര്‍ത്തിച്ചും മുന്നോട്ടുപോയിരുന്ന ഒരു സമൂഹത്തെ ഭൗതികലോകത്തെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെ ചരിത്രമാണത്.
ഭരണകൂട ഭീകരതയുടെ പ്രയോക്താക്കളില്‍ സമാനതകളില്ലാത്ത ഉദാഹരണമാണ് ഫറോവ. ഇസ്രാഈല്യരെ പല വിധത്തില്‍ കഷ്ടപ്പെടുത്തി. ഭാവിയില്ലാത്ത ഒരു വിഭാഗമാക്കി മാറ്റുന്നതിനായി അവരിലെ ആണ്‍മക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. എന്നാല്‍, അതേ കാലയളവില്‍ തന്നെ മൂസാ നബി ഫറോവയുടെ കൊട്ടാരത്തില്‍ തന്നെ ജീവിച്ചുവെന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം.
അധികാരത്തിന്റെ മത്തില്‍ ദുര്‍ബല വിഭാഗങ്ങളെ കൊന്നൊടുക്കിയും പീഡിപ്പിച്ചും മുന്നോട്ടുപോവുകയായിരുന്നു ഫറോവയുടെ ഭരണം. ഈ നാട് എന്റേതാണെന്നും ഇവിടെയുള്ള പുഴ ഒഴുകുന്നത് എന്റെ അധികാരത്തിലാണെന്നും ധാര്‍ഷ്ട്യത്തോടെ ഫറോവ പ്രഖ്യാപിക്കുന്നുണ്ട്.
നിങ്ങളുടെ ദൈവം ഞാന്‍ തന്നെയാണെന്ന് വാദിക്കുന്ന ഘട്ടത്തോളം അധികാര ഗര്‍വ് ഫറോവയില്‍ പ്രകടമായിരുന്നു. ഇതിനെതിരെ മൂസാ നബിയും അനുയായികളും നടത്തിയ ഈമാനികമായ പോരാട്ടത്തിന് ശുഭാന്ത്യമുണ്ടായത് ഈ മാസമാണ്.
ദിവസങ്ങള്‍ക്കും മറ്റും ശകുനം നിശ്ചയിക്കുന്ന ഏര്‍പ്പാട് ഇസ്‌ലാമികമല്ല. വിമോചനത്തിന്റെ സന്ദേശവും ചരിത്രവും ഓര്‍മിപ്പിക്കുന്ന പവിത്രമായ ഒരു മാസത്തെ ദുശ്ശകുനമായി കാണുന്നതിനേക്കാള്‍ വലിയ വിരോധാഭാസം വേറെന്തുണ്ട്!
ഇസ്രാഈല്യരുമായി നാടു വിടാന്‍ മൂസാ നബിക്ക് അല്ലാഹു ദിവ്യസന്ദേശം നല്‍കി. വിവരമറിഞ്ഞ ഫിര്‍ഔന്‍ അവരെ പിന്തുടര്‍ന്നു. ശാമിലൂടെ ഫലസ്തീനിലേക്ക് പോകാനായിരുന്നു നീക്കമെങ്കിലും അല്ലാഹു അവരെ എത്തിച്ചത് കിഴക്കുഭാഗത്തുള്ള ചെങ്കടലിന്റെ മുമ്പിലേക്കാണ്.
തൊട്ടുപിന്നില്‍ ഫറോവയുടെ സൈന്യവും ഉണ്ടായിരുന്നു. മൂസാ നബി തങ്ങളെ ചതിച്ചുവോ എന്ന് ഒരു നിമിഷം സംശയിച്ച ഇസ്രാഈല്യരുടെ മുമ്പില്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു. എന്റെ നാഥന്‍ എനിക്ക് വഴികാണിക്കുമെന്നായിരുന്നു മൂസാ നബിയുടെ പ്രഖ്യാപനം.
ഇസ്രാഈല്യര്‍ ചെങ്കടലിലൂടെ മറുകരയില്‍ എത്തുകയും പിന്നാലെ വന്ന ഫറോവയും സൈന്യവും വെള്ളത്തില്‍ മുങ്ങിമരിക്കുകയും ചെയ്തു. അചഞ്ചലമായ ഈമാനിന്റെ കരുത്തും പ്രതീക്ഷയുമാണ് മൂസാ നബിയുടെ ചരിത്രം നല്‍കുന്ന പാഠം. അധികാരത്തിന്റെ ഗര്‍വില്‍ സ്വേച്ഛാധിപതിയായി വാണിരുന്ന ഫറോവയുടെ പതനം ഇക്കാലത്തെ എല്ലാ ഏകാധിപതികള്‍ക്കുമുള്ള പാഠം കൂടിയാണ്.
ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് മുഹര്‍റം 10ന് നോമ്പ് അനുഷ്ഠിക്കുന്ന രീതി പഴയ കാലം തൊട്ടേ ഉണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനു ശേഷവും പ്രവാചകന്‍ അതു തുടര്‍ന്നു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ മുഹര്‍റം പത്തിലെ നോമ്പ് ഐച്ഛികമായി പരിഗണിക്കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ മാസത്തില്‍ ചില അനാചാരങ്ങള്‍ കടന്നുവന്നിട്ടുണ്ട്. ഇസ്‌ലാമിക ലോകത്ത് ശിയാ കക്ഷികളുടെ ഉദയവും അവരുടേതായ ആചാരങ്ങളുടെയും സ്വാധീനമാണ് ഈ മാസത്തെ ദുശ്ശകുനമായി പരിഗണിക്കുന്നതിന് ചിലരെ പ്രേരിപ്പിച്ചിട്ടുള്ളത്. ഈ മാസത്തിലെ ആദ്യ ദിവസങ്ങള്‍ നഹ്‌സായി പരിഗണിക്കാറുണ്ട് ചിലര്‍. അത് തീര്‍ത്തും തെറ്റായ ഒരാചാരമാണ്.
ദിവസങ്ങള്‍ക്കും മറ്റും ശകുനം നിശ്ചയിക്കുന്ന ഏര്‍പ്പാട് ഇസ്‌ലാമിലില്ല. വിമോചനത്തിന്റെ സന്ദേശവും ചരിത്രവും ഓര്‍മിപ്പിക്കുന്ന പവിത്രമായ ഒരു മാസത്തെ ദുശ്ശകുനമായി കാണുന്നതിനേക്കാള്‍ വലിയ വിരോധാഭാസം മറ്റെന്തുണ്ട്!