സംസ്ഥാനങ്ങളിലെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ സ്ഥാപനമാണ് രാജ്ഭവന്‍. സംസ്ഥാന ഭരണത്തിന് വഴിയൊരുക്കേണ്ട രാജ്ഭവനില്‍ നടക്കേണ്ടത് ഭരണഘടനാനുസൃതമായ പരിപാടികളാവണം.
രാജ്ഭവന്റെ ചുമതലക്കാരനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തിയതിനു പിന്നാലെ നടന്ന ചില ഔദ്യോഗിക ചടങ്ങുകള്‍ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയിരിക്കുന്നു. രാജ്ഭവനില്‍ നടന്ന ചില പരിപാടികളില്‍ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട കാവി പതാകയേന്തിയ 'ഭാരതാംബ'യുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിമാര്‍ക്ക് ചടങ്ങ് ബഹിഷ്‌കരിക്കേണ്ടി വന്നു. 2025 ജനുവരി രണ്ടിനാണ് കേരള ഗവര്‍ണറായി ആര്‍ലേക്കര്‍ ചുമതലയേറ്റത്.
ഗവര്‍ണറുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് സര്‍ക്കാരും മന്ത്രിമാരെ എതിര്‍ത്ത് ഗവര്‍ണറും രംഗത്തുവന്നു. കത്തുകളും മറുപടിയും കൊഴുക്കുകയാണ്. രാജ്ഭവനെ ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള സ്ഥലമാക്കി മാറ്റരുതെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറോട് കത്തില്‍ ആവശ്യപ്പെട്ടത്.
രാജ്ഭവന്‍ സംസ്ഥാനങ്ങളിലെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ സ്ഥാപനമാണ്. സംസ്ഥാന ഭരണത്തിന് വഴിയൊരുക്കേണ്ട രാജ്ഭവനില്‍ നടക്കേണ്ടത് ഭരണഘടനാനുസൃതമായ പരിപാടികളാവണം.
ഇന്ത്യ ഏതെങ്കിലും വിശ്വാസത്തെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇതിഹാസ കഥകളുടെയും മിത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ നിര്‍ണയിച്ചുകൂടാ. ദേശീയ ചിഹ്നങ്ങളും പതാകകളും അതിനെ പിന്‍പറ്റി രൂപപ്പെട്ടു കൂടാ.
രാജ്യത്തിന്റെ ഭരണഘടന മതനിരപേക്ഷ ഇന്ത്യയാണ് വിഭാവന ചെയ്യുന്നത്. സെക്യുലറിസമാണ് അതിന്റെ മുഖമുദ്ര. ഭരണഘടനയുടെ ആദ്യ പതിപ്പില്‍ സെക്യുലറിസം ഇല്ലെന്ന വാദം ഉയര്‍ത്തി ചിലര്‍ നടപടിയെ പ്രതിരോധിക്കാന്‍ വരുന്നുണ്ട്. 'പറയാതെ തന്നെ അതു ബോധ്യപ്പെടും' എന്നാണ്, സെക്യുലറിസം എന്ന് ഭരണഘടനയില്‍ എഴുതി വെക്കാത്തതിനെ കുറിച്ച് അതിന്റെ ശില്പിയായ ബി ആര്‍ അംബേദ്കര്‍ വിശദീകരിച്ചത്.
ഇഷ്ടമുള്ള ചിത്രങ്ങളും ബിംബങ്ങളും നമ്മുടെ സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിക്കാം. പക്ഷെ ഔദ്യോഗിക സ്ഥാപനങ്ങളിലും പരിപാടികളിലും ഇതര ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ്.
വെറുപ്പിന്റെയും അപരവത്കരണ രാഷ്ട്രീയത്തിന്റെയും പ്രതിബിംബമായി രാജ്യത്ത് ചില നിറങ്ങളും കൊടികളും ഉയര്‍ത്തപ്പെടുന്നത് മൗലികാവകാശങ്ങള്‍ക്കും മതേതര സങ്കല്പത്തിനുമെതിരാണ്, ഭരണഘടനയുടെ താല്പര്യത്തിനെതിരാണ്. ദേശീയതയുടെ പരിവേഷം നല്‍കി ചില കാര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ കുഴിച്ചുമൂടും. ജനാധിപത്യം തകര്‍ക്കും.
തീവ്ര ദേശീയതയുടെ അപകടത്തെ കുറിച്ച്, ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയ രബീന്ദ്രനാഥ ടാഗോറിന് പിന്നീട് പ്രഘോഷണം നടത്തേണ്ടി വന്നിട്ടുണ്ട് എന്നതു വിസ്മരിച്ചുകൂടാ. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കിയപ്പോള്‍, അത് അംഗീകരിക്കരുതെന്ന് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എഴുതുകയുണ്ടായി.
ത്രിവര്‍ണ പതാക ദേശീയ പതാകയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചവരും, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ പേരിനു പോലും അതില്‍ ഭാഗഭാക്കാവാത്തവരും ബ്രിട്ടീഷ് കോളനി ഭരണത്തോടു പരമാവധി യോജിച്ചു പോകണമെന്ന് തീരുമാനമെടുത്തവരും ദേശീയതയുടെ പ്രതിപുരുഷന്മാരായി അവതരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും.
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണ പതാക മാത്രമേ പാടുള്ളൂ എന്നാണ് 1947ലെ ഭരണഘടനാ അസംബ്ലി ചര്‍ച്ച ചെയ്തത്. ഇഷ്ടമുള്ള ചിത്രങ്ങളും ബിംബങ്ങളും നമ്മുടെ സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിക്കാം. പക്ഷെ ഭരണഘടന രാജ്യം അംഗീകരിക്കുവോളം ഔദ്യോഗിക സ്ഥാപനങ്ങളിലും പരിപാടികളിലും ഇതര ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അതിന്റെ തത്വങ്ങള്‍ക്കെതിരാണ്.
സംസ്ഥാന ഭരണകൂടത്തിനു മേല്‍ ഗവര്‍ണര്‍ക്ക് പരമാധികാരമില്ലെന്നും ജനാഭിലാഷത്തെ അട്ടിമറിക്കരുതെന്നുമുള്ള സുപ്രിം കോടതി വിധി ഓര്‍ത്തിരിക്കുക.