ഇറാനുള്ള പിന്തുണ ശിആയിസത്തിനോ?

എഡിറ്റർ

ഇറാന്‍ ശിആ രാഷ്ട്രമായതുകൊണ്ടോ ഖാംനഈ പരമോന്നത നേതാവായതുകൊണ്ടോ ഉണ്ടായ യുദ്ധമല്ല ഇപ്പോഴത്തേത്.

മിഡ്ല്‍ ഈസ്റ്റിന്റെ ഭൂപടം മാറ്റിമറിച്ച്, ഈജിപ്തിലെ നൈല്‍ നദി മുതല്‍ ഇറാഖിലെ യൂഫ്രട്ടീസ് വരെ നീളുന്ന 'ഗ്രേറ്റര്‍ ഇസ്രായേല്‍' സ്ഥാപിക്കാനുള്ള സയണിസ്റ്റ് അധിനിവേശ ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യത്തിന് വലിയ തടസ്സമായി നില്‍ക്കുന്ന ഇറാനെതിരെയുള്ള നിലവിലെ ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്.

ഈ വിശാല അധിനിവേശ പദ്ധതിയെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബിയുടെ പ്രതികരണം ഇസ്രായേലിന്റെ ഗൂഢലക്ഷ്യങ്ങള്‍ക്ക് അടിവരയിടുന്നു.

'ഗ്രേറ്റര്‍ ഇസ്രായേല്‍' എന്ന ആശയത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബൈബിളിലെ ഒരു വാക്യമാണ് (ഉല്പത്തി 15:1821). നൈല്‍ നദിക്കും യൂഫ്രട്ടീസ് നദിക്കും ഇടയിലുള്ള പ്രദേശം അബ്രഹാമിന്റെ (ഇബ്‌റാഹീം നബി) സന്തതികള്‍ക്ക് ദൈവം വാഗ്ദാനം ചെയ്തുവെന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്.

വാദത്തിന് വേണ്ടി ഈ വാഗ്ദാനം പരിശോധിച്ചാല്‍ തന്നെ, ഇതിലെ പൊള്ളത്തരം വ്യക്തമാകും. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിലൂടെ (ഇസ്ഹാഖ് നബി) വംശപരമ്പര തുടരുന്നവരാണെന്ന് വാദിക്കുന്ന ഇസ്രായേല്‍ ഗോത്രങ്ങളിലെ ജൂതജനതയ്ക്ക് മാത്രമാണോ ഈ ഭൂമിയില്‍ അവകാശമുണ്ടാവുക? അതേ അബ്രഹാമിന്റെ മറ്റൊരു മകനും അറബികളുടെ പിതാമഹനുമായി കണക്കാക്കപ്പെടുന്ന ഇശ്മായേലിന്റെ (ഇസ്മാഈല്‍ നബി) സന്തതികള്‍ക്കും ഈ പ്രദേശത്ത് തുല്യ അവകാശമില്ലേ?

മാത്രമല്ല, ബൈബിളിന്റെ ഈ രാഷ്ട്രീയ വ്യാഖ്യാനം ക്രിസ്ത്യന്‍ സയണിസ്റ്റുകളല്ലാതെ മറ്റാരും അംഗീകരിക്കുന്നുമില്ല. ചുരുക്കത്തില്‍, ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന വാദം അടിസ്ഥാനപരമായി തന്നെ നിലനില്‍ക്കുന്നതല്ല; അതൊരു സയണിസ്റ്റ് രാഷ്ട്രീയവ്യാമോഹം മാത്രമാണ്.

വാഗ്ദത്ത ഭൂമി എന്ന സയണിസ്റ്റ് സങ്കല്‍പം പ്രയോഗികമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ഇറാന്‍ ആക്രമണം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതിന് പിന്നിലെ പ്രധാന കാരണം മൈക്ക് ഹക്കബിയുടെ പ്രസ്താവനകളാണ്. ഇസ്രായേലിന്റെ ഈ യുദ്ധക്കൊതിക്ക് അമേരിക്ക കൂട്ട് നില്‍ക്കുന്നതും ക്രിസ്ത്യന്‍ സയണിസ്റ്റ് ലോബിയുടെ സമ്മര്‍ദം മൂലമാണ്.

ഇറാഖ് ഉള്‍പ്പെടെയുള്ള പല പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെയും ആക്രമിക്കാന്‍ അമേരിക്ക ഒരുക്കിയ അതേ തിരക്കഥ തന്നെയാണ് ഇറാന്റെ കാര്യത്തിലും അവര്‍ മുന്നോട്ടുവെച്ചത്. ആണവായുധത്തെക്കുറിച്ച് സംസാരിക്കാന്‍ നൈതികമായോ രാഷ്ട്രീയമായോ യാതൊരു അര്‍ഹതയുമില്ലാത്ത രാജ്യമാണ് അമേരിക്കയും ഇസ്രായേലും.

എന്നിട്ടും ആണവോര്‍ജം ഉല്‍പാദിപ്പിക്കാനുള്ള തങ്ങളുടെ അവകാശം സമാധാനപരമായ ചര്‍ച്ചകളിലൂടെ അംഗീകരിപ്പിക്കാനാണ് ഇറാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ ചര്‍ച്ചകള്‍ വിജയത്തിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി യു എസും ഇസ്രാഈലും യുദ്ധ വെടി പൊട്ടിച്ചത്.

ഇത്രയും പശ്ചാത്തലം ഇപ്പോഴത്തെ ഇറാനു നേരെയുള്ള ആക്രമണത്തെ വിലയിരുത്തുമ്പോള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. ഇറാന്‍ ഒരു ശിആ രാഷ്ട്രമായതുകൊണ്ടോ ഖാംനഈ പരമോന്നത നേതാവായതുകൊണ്ടോ ഉണ്ടായ യുദ്ധമല്ല മേഖലയിലേത്.

ഇസ്രായേലിന്റെ യുദ്ധക്കൊതിക്കും തെമ്മാടിത്തത്തിനും വിധേയമാകുന്ന ഇറാനിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും അധിനിവേശ ശക്തികളെ എതിര്‍ക്കുന്നതും ശിആയിസത്തെ വെള്ളപൂശുന്നതിന് തുല്യമാണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താന്‍ പര്യാപ്തമായ ടൂളുകളൊന്നും അവലംബിക്കാതെയുള്ള ബാലിശമായ വാദങ്ങള്‍ മാത്രമാണിത്. മേഖലയില്‍ ഭൗമാധിപത്യം സ്ഥാപിക്കാനായി ഒരു പരമാധികാര രാഷ്ട്രത്തിനു മേലുള്ള നികൃഷ്ടമായ കടന്നുകയറ്റമാണ് ഇവിടെയുണ്ടായത്.

മേഖലയില്‍ ഭൗമാധിപത്യം സ്ഥാപിക്കാനായി ഒരു പരമാധികാര രാഷ്ട്രത്തിനു മേലുള്ള നികൃഷ്ടമായ കടന്നുകയറ്റമാണ് ഇത്.

അഹ്‌ലുസ്സുന്നയുടെ ഭാഗമായ എല്ലാ ചിന്താധാരകളും ശിആയിസത്തോട് അതിശക്തമായി വിയോജിക്കുന്നു. ശിആക്കള്‍ സുന്നി മുസ്‌ലിംകളോട് കാണിച്ച ക്രൂരതകള്‍ ചരിത്രത്തിലെ ഒരു യാഥാര്‍ഥ്യവുമാണ്. പക്ഷെ, അതൊന്നും ഇപ്പോള്‍ അനീതിക്ക് ഇരയാകുന്ന ഒരു വിഭാഗത്തോട് വിദ്വേഷം കാണിക്കാന്‍ കാരണമായിക്കൂടാ.

സുന്നി-ശിആ വിഭാഗീയതയുടെ പേരില്‍ ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടുന്ന രാഷ്ട്രങ്ങളുടെ അധിനിവേശ ദുരാഗ്രഹങ്ങളെ പിന്തുണയ്ക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. ഇതേ അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ കൂടെച്ചേര്‍ന്നുകൊണ്ട് ഇറാഖിലും സിറിയയിലും ശിയാക്കള്‍ നടത്തിയ ക്രൂരമായ വംശഹത്യ വിസ്മരിക്കണമെന്നോ അതിനെ ന്യായീകരിക്കണമെന്നോ അതിനര്‍ഥമില്ല.

മറിച്ച്, അക്കാലത്തും അനീതിക്കെതിരെ ശബ്ദിക്കാന്‍ അഹ്‌ലുസ്സുന്നയെ പ്രേരിപ്പിച്ച അതേ വിശ്വാസധാരയില്‍ നിന്നുകൊണ്ടുതന്നെ ഇന്ന് നടമാടുന്ന അനീതിയെയും അക്രമത്തെയും ചോദ്യം ചെയ്യേണ്ടതുണ്ട്.

ഈ അവസരം മുതലെടുത്ത് ആരെങ്കിലും ശിആയിസത്തിന്റെ ആദര്‍ശവൈകല്യങ്ങളെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ അതിനെ തീര്‍ച്ചയായും എതിര്‍ക്കേണ്ടതുണ്ട്. സാമാന്യ രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ ചെയ്യില്ല എന്നതാണ് യാഥാര്‍ഥ്യം.

''ഒരു വിഭാഗത്തോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്'' (5:8) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനമാണ് വിഷയാധിഷ്ഠിതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരു വിശ്വാസിക്ക് എക്കാലത്തും അടിത്തറയാകേണ്ടത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം