എസ് ഐ ആര്‍; ആശയക്കുഴപ്പവും സമ്മര്‍ദവും തീവ്രം

എഡിറ്റർ

ബി എല്‍ ഒമാരുടെ മേലും അതുവഴി പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേലും അനാവശ്യ സമ്മര്‍ദം ചെലുത്തി പേടിപ്പിക്കുന്നത് എന്തിനാണ്?

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) സുതാര്യമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവര്‍ത്തിക്കുന്നതിനിടയിലും കടുത്ത ആശയക്കുഴപ്പം തുടരുന്നു. ജനങ്ങളോട് നേരിട്ട് ഇടപഴകുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ മേല്‍ വരുന്നത് ദുരൂഹമായ സമ്മര്‍ദങ്ങളാണ്. ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച ഗൗരവതരമായ ചോദ്യം എന്യൂമറേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ ചോദ്യം ചെയ്യപ്പെട്ടതാണ്. അതിനു പുറമെയാണ്, ബന്ധുക്കളുടെ കാര്യത്തിലുയര്‍ന്ന അവ്യക്തത.

2002-ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്, ആ പട്ടികയില്‍പ്പെട്ട ബന്ധുക്കളുമായി ലിങ്ക് (മാപ്പിംഗ്) ചെയ്താല്‍ മതിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ബി എല്‍ ഒ ആപ്പില്‍ ബന്ധുക്കള്‍ എന്നാല്‍ മാതാവോ പിതാവോ മുത്തച്ഛനോ മുത്തശ്ശിയോ മാത്രമാണ്. ഇവിടെ, പറയുന്നതൊന്നും പ്രാവര്‍ത്തികമാക്കുന്നത് മറ്റൊന്നുമാണെന്ന ആശങ്ക സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും തെളിവുകള്‍ ഉന്നയിച്ചിരുന്നു. എസ് ഐ ആറിനെ കണ്ണുംപൂട്ടി അനുകൂലിച്ച ബി ജെ പി പോലും എന്യൂമറേഷനില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ചോദ്യങ്ങള്‍ക്കു കമ്മീഷന്‍ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും ആശങ്കകള്‍ പരിഹരിക്കാനോ ഭീതി അകറ്റാനോ മറുപടികള്‍ പര്യാപ്തമാകുന്നില്ലെന്നതാണ് വസ്തുത. എന്യൂമറേഷന്‍ ഫോം തിരിച്ചുവാങ്ങാന്‍ ഡിസംബര്‍ നാലു വരെ സമയം ഉണ്ടായിരിക്കേ നവംബര്‍ 23-നകം ഫോമുകള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും (മലപ്പുറം ജില്ലാ കലക്ടര്‍ ഈ മാസം 17-ന് സമാന ഉത്തരവു നല്‍കുകയുണ്ടായി) ബന്ധപ്പെട്ടവരുടെയും കാര്‍ക്കശ്യം എന്തിനാണ് എന്ന രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യം നിസ്സാരമല്ല.

ബി എല്‍ ഒമാരുടെ മേലും അതുവഴി പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേലും അനാവശ്യ സമ്മര്‍ദം ചെലുത്തി പേടിപ്പിക്കുന്നത് എന്തിനാണ്? കേരളത്തിലെ എസ് ഐ ആര്‍ മാറ്റിവയ്ക്കണമെന്ന ഹരജി സുപ്രിം കോടതി പരിഗണിക്കുന്നതിനു മുമ്പേ സമയം വെട്ടിക്കുറയ്ക്കുന്നതും രഹസ്യാത്മകമായ ധൃതിയും എന്തിനെന്ന ജനങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആശങ്ക തികച്ചും ന്യായമാണ്.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം ശക്തിപ്പെട്ടുവരുന്നതിനിടെ എസ് ഐ ആര്‍ നടപടികള്‍ സൃഷ്ടിച്ച കണ്‍ഫ്യൂഷന്‍ വിസ്മരിക്കാവതല്ല. വോട്ട് ചോദിച്ചു വീട്ടിലെത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളോടും സ്ഥാനാര്‍ഥികളോടും എന്യൂമറേഷന്‍ ഫോം ലഭിച്ചില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ അവര്‍ക്കെന്ത് ആധികാരിക മറുപടിയാണ് കൊടുക്കാന്‍ കഴിയുക!

ഇതിനു പുറമെയാണ് ബി എല്‍ ഒമാരുടെ മേലുള്ള കടുത്ത സമ്മര്‍ദം. സ്വന്തം പ്രദേശങ്ങളിലാണ് മിക്ക ബി എല്‍ ഒമാര്‍ക്കും ഡ്യൂട്ടി നല്‍കിയത്. നിത്യവും ഇടപെടുന്ന മനുഷ്യരുടെ, ഫോം ലഭിക്കാത്ത, പട്ടികയില്‍ പേരില്ലാത്തതിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്കും അന്വേഷണങ്ങള്‍ക്കും നേരിട്ടു മറുപടി കൊടുക്കേണ്ടത് അവരാണ്.

പട്ടികയില്‍ പെടാത്ത പ്രവാസികള്‍ എപ്പോള്‍, എങ്ങനെ അപേക്ഷ കൊടുക്കണമെന്നതു സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നു. അതിനു പുറമെയാണ് ഇലക്ഷന്‍ ചുമതലയുള്ള ഇ ആര്‍ ഒമാരും എ ഇ ആര്‍മാരും നടപടി പുരോഗതി തേടി ബി എല്‍ ഒമാര്‍ക്കു മേല്‍ നിരന്തരം സമ്മര്‍ദം പ്രയോഗിക്കുന്നത്.

നിത്യവും ഇടപെടുന്ന മനുഷ്യരുടെ, ഫോം ലഭിക്കാത്ത, പട്ടികയില്‍ പേരില്ലാത്തതിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്കും അന്വേഷണങ്ങള്‍ക്കും നേരിട്ടു മറുപടി കൊടുക്കേണ്ടത് ബി എല്‍ ഒമാരാണ്.

ഗൗരവമുള്ള ഉത്തരവാദിത്തവും പിരിമുറുക്കവും താങ്ങാനാവാതെ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി എല്‍ ഒമാരുടെ ആത്മഹത്യയും കുഴഞ്ഞുവീണു മരണങ്ങളും വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് നിസ്സാര കാര്യമാണോ!

രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നടത്തിയ ബോധവത്കരണത്തിനു പുറമെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വരെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് എസ് ഐ ആര്‍ പ്രായോഗികമായി മുന്നോട്ടു പോകുന്നത്. പരമാവധി ആളുകള്‍ ഫോം പൂരിപ്പിച്ചു നല്‍കിക്കൊണ്ടിരിക്കുകയാണ്.

യോഗ്യരായ എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തുകയാണോ ആളുകളെ സാങ്കേതികതയുടെ പേരില്‍ പുറത്താക്കുകയാണോ കമ്മീഷന്റെ ലക്ഷ്യം എന്ന ആശങ്ക ജനിപ്പിക്കുംവിധമാണ്, നവംബര്‍ നാലിനു തുടങ്ങിയ കണക്കെടുപ്പ് പുരോഗമിക്കുന്നത്.

മതിയായ ബോധവത്കരണം നടത്താതെയും സമയം നല്‍കാതെയും കമ്മിഷന്‍ കാണിക്കുന്ന തിടുക്കവും ബി എല്‍ ഒമാര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങള്‍ക്കും മേല്‍ സൃഷ്ടിച്ച അതിസമ്മര്‍ദവും അഡ്രസ് ചെയ്യപ്പെടാതെ പോകരുത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം