ഷാഹി മസ്ജിദ് അതിക്രമം; തകര്‍ക്കപ്പെട്ടത് മിനാരം മാത്രമല്ല

എഡിറ്റർ

ഉജ്ജയിന്‍ ഷാഹി മസ്ജിദ് അതിക്രമത്തില്‍ ചരിത്ര പൈതൃകം നശിപ്പിക്കുക മാത്രമല്ല കടുത്ത വിശ്വാസവഞ്ചന കൂടി ഉണ്ടായിരിക്കുന്നു.

മധ്യപ്രദേശിലെ ഉജ്ജയിനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം ധൃതിപിടിച്ചും പള്ളിക്കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചും ഭരണകൂടം പൊളിച്ചുനീക്കിയത് വലിയ ആശങ്കയുണര്‍ത്തുന്നു. പ്രദേശവാസികളുടെയും വിശ്വാസികളുടെയും കടുത്ത എതിര്‍പ്പിനെ വന്‍ പൊലീസ് വ്യൂഹത്തെ അണിനിരത്തി ക്രൂരമായ ബലപ്രയോഗം നടത്തിയാണ് അധികൃതര്‍ നേരിട്ടത്.

2028-ല്‍ നടക്കുന്ന സിംഹസ്ഥ കുംഭമേളയുടെ മുന്നോടിയായി, ഉജ്ജയിന്‍ ഡെവലപ്മെന്റ് പ്ലാന്‍ 2035-ന്റെ ഭാഗമായാണ് കാന്താള്‍ ചൗരാഹയ്ക്കും ഗോപാല്‍ മന്ദിറിനും ഇടയിലുള്ള ഒരു കിലോമീറ്ററോളം നീളത്തില്‍ റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായി പള്ളിയുടെ നമസ്‌കാരഹാളിന്റെ ഒരു ഭാഗം, 120 അടിയോളം ഉയരമുള്ള മിനാരം, മസ്ഹര്‍ ചൗക്ക് ഷാഹി എന്നിവയാണ് പൊളിച്ചുമാറ്റുന്നത്.

രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളിക്കമ്മിറ്റിയുമായും പ്രദേശവാസികളുമായും വിഷയം ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ്, വിശ്വാസികളെ കബളിപ്പിച്ച് രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പള്ളിയുടെ ഭാഗം ബലമായി പൊളിക്കാന്‍ ആരംഭിച്ചത്.

അധികൃതരെ വിശ്വസിച്ചാണ് ബന്ധപ്പെട്ടവര്‍ പൊളിക്കല്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പള്ളി കമ്മിറ്റിക്കു നല്‍കിയ ഉറപ്പു പരിഗണിച്ചാണ് ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയത്. കടുത്ത വിശ്വാസവഞ്ചനയാണ് ഈ സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്.

പൊളിച്ചുമാറ്റേണ്ട ഭാഗം കൈകൊണ്ട് സുരക്ഷിതമായി മാറ്റാമെന്നും അതിനായി ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നും ജില്ലാ കലക്ടര്‍ രോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. മിനാരവും സ്ലാബും തകര്‍ന്നുവീണ് പള്ളിയുടെ രണ്ടു നിലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തകര്‍ന്ന ഭാഗങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയുമാണ്.

സ്വന്തം ജീവന്‍ നല്‍കിയും ആരാധനാലയം സംരക്ഷിക്കുമെന്ന ദൃഢനിശ്ചയത്തില്‍ പ്രദേശവാസികള്‍ രാത്രി മുഴുവന്‍ പള്ളിക്കുള്ളില്‍ പ്രാര്‍ഥനകളോടെ കാവലിരുന്നത്, ഉജ്ജയിനിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ച് മതപരവും ചരിത്രപരവുമായ ഷാഹി മസ്ജിദിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി നടക്കുന്ന സിംഹസ്ഥ കുംഭമേളകളില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പള്ളികളിലും മദ്റസകളിലും താമസസൗകര്യമൊരുക്കിയവരാണ് ഉജ്ജയിനിലെ മുസ്ലിം സമൂഹം. തീര്‍ഥാടകര്‍ക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും നല്‍കി സഹായിച്ചവരാണവര്‍.

ഭരണകൂടത്തിന്റെ വികസന പദ്ധതികള്‍ക്കുവേണ്ടി പലതവണ ഭൂമിയും കടകളും വിട്ടുനല്‍കിയ ചരിത്രവുമുണ്ട് ഈ പ്രദേശവാസികള്‍ക്ക്. അത്രയും പാരമ്പര്യവും ജനാധിപത്യബോധവുമുള്ള വിശ്വാസികളുടെ വികാരങ്ങളും താല്‍പര്യങ്ങളും ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചാണ് അധികൃതര്‍ പള്ളിയുടെ ഭാഗം പൊളിച്ചുമാറ്റിയത്.

രാജ്യത്തിന്റെ പൈതൃകത്തോടും ചരിത്രത്തോടും ഭരണകൂടം പുലര്‍ത്തുന്ന സമീപനത്തിന്റെ വ്യക്തമായ ചിത്രമാണിത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 2014-നു ശേഷം നിരവധി പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍, റോഡ് വീതികൂട്ടല്‍, നിയമപരമായ അനുമതിയുടെ അഭാവം തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് ഈ പൊളിക്കലുകള്‍ നടന്നത്.

സര്‍ക്കാര്‍-മുനിസിപ്പല്‍ അധികൃതര്‍, വികസന അതോറിറ്റികള്‍ എന്നിവയാണ് പൊളിച്ചുനീക്കലിന് നേതൃത്വം കൊടുക്കുന്നത്. പലപ്പോഴും ഈ നടപടികളൊക്കെയും ഏകപക്ഷീയമാണെന്നു കാണാം.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ചരിത്രപ്രാധാന്യമുള്ള പല പൈതൃകങ്ങളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റിയതെന്ന് പ്രാദേശിക സമൂഹങ്ങളും ഇസ്ലാമിക സംഘടനകളും വഖഫ് ബോര്‍ഡുകളും വ്യക്തമാക്കിയിട്ടുണ്ട്.

ഷാഹി മസ്ജിദിനുനേരെയുള്ള പുതിയ കയ്യേറ്റം ഉയര്‍ത്തുന്നത് കേവലം റോഡ് വീതികൂട്ടലിന്റെ പ്രശ്‌നമല്ല. രാജ്യത്ത് ന്യൂനപക്ഷ ആരാധനാലയങ്ങളുടെ പൈതൃകവും നിലനില്‍പും ഭരണഘടനാപരമായ അവകാശങ്ങളും എങ്ങനെ ആസൂത്രിതമായി ചോദ്യംചെയ്യപ്പെടുന്നു എന്നതിന്റെ കൃത്യമായ പ്രതിഫലനമാണിത്.

രാജ്യത്തിന്റെ പൈതൃകത്തോടും ചരിത്രത്തോടും ഭരണകൂടം പുലര്‍ത്തുന്ന സമീപനത്തിന്റെ വ്യക്തമായ ചിത്രമാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന നിയമത്തിനു മുന്നിലെ തുല്യത, മതസ്വാതന്ത്ര്യം, മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്.

പൗരന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിനു വിലകല്‍പിക്കാതെ ഭരണകൂടം എന്തുമാത്രം വിഭാഗീയമാകുന്നു എന്നതിന് ഇതില്‍പരം എന്തു തെളിവുവേണം. രാജ്യത്തെ പൗരന്മാരെ ഒരുപോലെ കാണാനുള്ള ഭരണകൂടത്തിന്റെ യോഗ്യതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം