മാനവരില്‍ മഹോന്നതനാണ് പ്രവാചകന്‍. മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിന് ഏതെങ്കിലും തരത്തില്‍ മഹത്വമുള്ളതായി ഇസ്‌ലാമിക പ്രമാണങ്ങളോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ല.
മാനവരില്‍ മഹോന്നതനാണ് പ്രവാചകന്‍ (സ). അദ്ദേഹത്തിന്റെ ജനനവും മരണവും റബീഉല്‍ അവ്വല്‍ എന്ന ഈ മാസത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന് ഏതെങ്കിലും തരത്തില്‍ മഹത്വമുള്ളതായി ഇസ്‌ലാമിക പ്രമാണങ്ങളോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ല.
ലോകത്ത് നിരവധി മഹാന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ പലരുടെയും ജയന്തി ആഘോഷങ്ങള്‍ പല സമൂഹങ്ങളിലും നടക്കാറുണ്ട്. അധികാരം, സമ്പത്ത്, പ്രശസ്തി എന്നിവയില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തില്‍ മഹാന്മാരെ സൃഷ്ടിച്ചിട്ടുള്ളത്. ദേശീയതാബോധമോ സാമ്രാജ്യത്വ മോഹമോ അവരുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ ഗതി നിര്‍ണയിച്ചിട്ടുണ്ട്.
എന്നാല്‍ അത്തരമൊരു അര്‍ഥത്തിലുള്ള ചരിത്ര പുരുഷനല്ല മുഹമ്മദ് നബി. ഇത്തരം വ്യക്തികളില്‍ നിന്ന് മൗലികമായി തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന മുഹമ്മദ് നബിയെ ചരിത്രപുരുഷന്‍ മാത്രമാക്കി മാറ്റുന്നത് മര്യാദകേടാണ്. പ്രവാചകന്(സ) അമാനുഷികതകളും അത്ഭുതങ്ങളും കാണിക്കാന്‍ സാധിച്ചിട്ടുണ്ട്. അതെല്ലാം തന്നെ അല്ലാഹുവിന്റെ അനുമതിയോടെ നടന്നിട്ടുള്ളതാണ്.
പ്രവാചക ഇച്ഛക്ക് വിധേയമായിരുന്നില്ല ഒന്നും. പ്രവാചകന് (സ) ലഭിച്ച ഏറ്റവും വലിയ അമാനുഷികതയാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹുവിന്റെ സംസാരമാണത്. അത് അവതീര്‍ണമായത് മുഹമ്മദ് നബിയിലൂടെയാണ്. അത്ഭുതങ്ങളില്‍ അത്ഭുതമായ വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗദര്‍ശിയായി ഇന്നും നിലനില്‍ക്കുന്നു.
പ്രവാചക സ്‌നേഹത്തിന്റെ ഏറ്റവും പ്രധാന ഘടകം അനുധാവനമാണ്. മക്കളെക്കാളും മാതാപിതാക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും മുഹമ്മദ് നബി ഒരാള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് വരെ അയാള്‍ വിശ്വാസിയാകുന്നില്ല എന്നാണ് ഹദീസില്‍ വന്നത് (മുസ്‌ലിം). ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് പ്രവാചക സ്‌നേഹം.
പ്രവാചകനെ സ്‌നേഹിക്കുക എന്നതിന്റെ പ്രവര്‍ത്തന രൂപം ഇത്തിബാഉര്‍റസൂല്‍ ആണ്. അഥവാ പ്രവാചകചര്യയെ അനുധാവനം ചെയ്യലാണ്. ഇസ്‌ലാമിലെ ഏതൊരു കാര്യവും എങ്ങനെയാണ് അമലായി ചെയ്യേണ്ടത് എന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രവാചക സ്‌നേഹവും അതുപോലെ തന്നെയാണ്.
എന്നാല്‍ ഈ പ്രവാചക സ്‌നേഹത്തിന്റെ മറപറ്റി അതിനോട് പുലബന്ധം പോലുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പുരോഹിത വര്‍ഗം പടച്ചുവിടുന്നത്. കൃത്യമായ ആചാര അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കപ്പെടുന്ന കര്‍മശാസ്ത്രത്തില്‍ എവിടെയും നബിദിനത്തിലെ കര്‍മങ്ങളെ സംബന്ധിച്ച് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും പുതുതായി ആചാരങ്ങള്‍ പടച്ചുവിടുന്നു.
തിരുകേശം വ്യാജമാണോ ഒറിജിനലാണോ എന്നതിനേക്കാള്‍, ഇസ്‌ലാമിന് പരിചിതമില്ലാത്ത ആചാരങ്ങളാണ് 'തിരുകേശ'ത്തിന് പിന്നാലെ കടന്നുവരുന്നത്.
ഇതിനിടയിലാണ് 'തിരുകേശ'മെന്ന പേരില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിന് പുതിയ ഭാവം നല്‍കാന്‍ ഒരു മുസ്ലിയാര്‍ മുതിരുന്നത്. മുഹമ്മദ് നബി കേവലമൊരു ചരിത്രപുരുഷനല്ല, പ്രവാചകനാണ് എന്ന മുസ്‌ലിംകളുടെ വിശ്വാസവും അദ്ദേഹത്തോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന ഘടകവും ചൂഷണം ചെയ്തുകൊണ്ടാണ് തിരുകേശവും ഉമനീരും റൗദയിലെ പൊടിയുമെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് തട്ടിപ്പ് നടത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുകേശമെന്ന പേരില്‍ അവതരിപ്പിച്ച മുടി അര സെന്റിമീറ്റര്‍ വളര്‍ന്നുവെന്നാണ് പുതിയ അവകാശവാദം. നിരവധി വ്യാജങ്ങളില്‍ കെട്ടിപ്പൊക്കിയ അന്ധവിശ്വാസ വ്യാപാരത്തിന് പിന്നാമ്പുറങ്ങളില്‍ പുതിയ തന്ത്രം മെനയുകയാണ്. തിരുകേശം അവതരിപ്പിച്ച കാലത്ത് തന്നെ അതിലെ തട്ടിപ്പിനെക്കുറിച്ചും അത് ലഭിച്ച വഴിയെക്കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.
അത് വ്യാജമാണോ ഒറിജിനലാണോ എന്നതിനേക്കാള്‍, ഇസ്‌ലാമിന് ഒട്ടും പരിചിതമില്ലാത്ത ആചാരങ്ങളാണ് 'തിരുകേശ'ത്തിന് പിന്നാലെ കടന്നുവരുന്നത്. ഇതെല്ലാം വിശ്വസിച്ച് തക്ബീര്‍ ചൊല്ലുന്ന ഒരാള്‍ക്കൂട്ടമാണ് ഈ ബിസിനസ് സ്ട്രാറ്റജിയുടെ വിജയം. പ്രവാചകനോടോ അദ്ദേഹത്തിന്റെ അധ്യാപനങ്ങളോടോ തരിമ്പും സ്‌നേഹമില്ലാത്തവരും പ്രവാചകന് വില കല്‍പ്പിക്കാത്തവരുമാണ് അദ്ദേഹത്തിന്റെ പേരില്‍ കള്ളങ്ങള്‍ പടച്ചുവിടുന്നത്.
ആരെങ്കിലും തന്റെ പേരില്‍ കള്ളം പറയുകയാണെങ്കില്‍ അവര്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിക്കട്ടെ എന്ന പ്രവാചക താക്കീത് ഇവിടെ പ്രസക്തമാണ്. പുരോഹിതരില്‍ നല്ലൊരു വിഭാഗം ജനങ്ങളുടെ ധനം അന്യായമായി കൈക്കലാക്കുന്നവരാണ് എന്ന ഖുര്‍ആനിന്റെ അധ്യാപനം (വി.ഖു. 9:34) പ്രവാചകന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്ക് കൂടിബാധകമാണ്.