കീം; ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തെടുക്കുകയായിരുന്നു

എഡിറ്റർ

വളരെ ഉത്തവാദിത്തത്തോടെ പൂര്‍ത്തിയാക്കേണ്ട ഒരു നടപടി ലാഘവത്തോടെയും വിദഗ്ധ കൂടിയാലോചനയില്ലാതെയും ചെയ്തതിന്റെ പരിണത ഫലമാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ ഭാവിക്കൊപ്പം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം ചോദ്യം ചെയ്യാന്‍ കൂടി പര്യാപ്തമാണിത്.

തിനൊന്നാം മണിക്കൂറില്‍ സ്വീകരിച്ച നടപടികളിലെ അവധാനതക്കുറവും നിരുത്തരവാദിത്തവും ബാധിച്ചിരിക്കുന്നത് എന്‍ജീനിയറിംഗ് പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയാണ്. പതിനായിരങ്ങള്‍ ആശ്രയിക്കുന്ന ഒരു പ്രവേശന പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങളും പ്രോസ്‌പെക്ടസും എപ്പോഴാണ് തയ്യാറാക്കേണ്ടത് എന്ന കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് യാതൊരു പിടിപാടുമില്ലേ എന്ന ചോദ്യം വലിയ ആശങ്ക തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ന്യായമായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അപ്പീല്‍ നിര്‍ദയം തള്ളിയത്.

സി ബി എസ് ഇ വിദ്യാര്‍ഥികളെ പോലെ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കും കീം പരീക്ഷയില്‍ തുല്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഫോര്‍മുല പരിഷ്‌കരിച്ചതെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദം. ഇതിലൊരു നീതിയുടെയും സമത്വത്തിന്റെയും ഘടകം ഉണ്ടെന്നതു നിഷേധിക്കാനാവില്ല. പക്ഷെ ഒരു സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍, എപ്പോള്‍, എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നതാണ് ഇവിടെ ഉയരുന്ന ഗൗരവപ്പെട്ട ചോദ്യം.

അതേസമയം, കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ആദ്യ 100ല്‍ 43 പേര്‍ കേരള സിലബസ് വിദ്യാര്‍ഥികളായിരുന്നു എങ്കില്‍ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ കേരള സിലബസുകാരുടെ പ്രാതിനിധ്യം 21 ആയി കുറഞ്ഞിരിക്കുന്നു. പുതിയ റാങ്ക്‌ലിസ്റ്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ ആരംഭിച്ചു.

എന്നാല്‍, ഹൈക്കോടതി വിധി ചോദ്യംചെയ്ത് കേരള സിലബസുകാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വാര്‍ത്ത. ഈ വര്‍ഷത്തേക്ക് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കി, പ്രവേശന പരീക്ഷയിലെ മാത്രം മാര്‍ക്കടിസ്ഥാനമാക്കി റാങ്ക് നിര്‍ണയിക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുക. റാങ്ക് പട്ടികയില്‍ കേന്ദ്ര-കേരള സിലബസ് തര്‍ക്കം ഒഴിവാക്കാനും എ.ഐ.സി.ടി.ഇ പ്രവേശനത്തിനായി നിര്‍ദേശിച്ച നിശ്ചിത സമയക്രമം പാലിക്കാനും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുമെന്നറിയുന്നു.

ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ പോകാനില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്, ഇനിയും പ്രവേശന നടപടികള്‍ വൈകാതിരിക്കാനും അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുമെന്നതില്‍ സംശയമില്ല.

ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ പോകാനില്ലെന്ന സര്‍ക്കാര്‍ നിലപാട്, ഇനിയും പ്രവേശന നടപടികള്‍ വൈകാതിരിക്കാനും അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രിം കോടതിയെ ആര്‍ക്കും സമീപിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ പ്രവേശന നടപടികള്‍ വീണ്ടും നീളാം.

വളരെ ഉത്തവാദിത്തത്തോടെ സമയബന്ധിതമായി, എല്ലാ വശങ്ങളും പരിഗണിച്ച് പൂര്‍ത്തിയാക്കേണ്ട ഒരു നടപടി വളരെ ലാഘവത്തോടെ, അവസാന ബെല്ലടിക്കാന്‍ നേരത്ത്, വിദഗ്ധ കൂടിയാലോചനയില്ലാതെ സ്വീകരിച്ചതിന്റെ പരിണത ഫലമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. കുട്ടികളുടെ ഭാവി വെച്ചുള്ള ഈ അലസനടപടി നിരവധി രക്ഷിതാക്കളുടെ ആശങ്ക ഉയര്‍ത്തുക മാത്രമല്ല, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടി ചോദ്യം ചെയ്യാന്‍പര്യാപ്തമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം