ലക്ഷക്കണക്കിന് ഭൂമിയും സ്വത്തും വഖഫ് ചെയ്യപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ. വഖഫിനെ ബാധിക്കുന്ന ഒരു നിയമഭേദഗതിക്ക് ബഹുവിധ പ്രതിഫലനങ്ങള്‍ ഉണ്ടാകും. അതെല്ലാം ചര്‍ച്ച ചെയ്ത് നിയമം കുറ്റമറ്റതാക്കുക എന്ന ദൗത്യമാണ് ജെ പി സിക്കുണ്ടായിരുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് സെഷനിലാണ് വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്നത്. കനത്ത പ്രതിഷേധമുയര്‍ന്നതോടെ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെ പി സി) പരിഗണനയ്ക്ക് വിടുകയായിരുന്നു. നിശ്ചിത ബില്ലിന്മേല്‍ ക്രിയാത്മകമായ ചര്‍ച്ചകളും വിശകലനങ്ങളും നടക്കുക എന്നതാണ് ജെ പി സിയുടെ ലക്ഷ്യം.