സ്വാതന്ത്ര്യസമരത്തിലോ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലോ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ വെളുപ്പിക്കാനുള്ള തത്രപ്പാട് മാത്രമാണ് പ്രധാനമന്ത്രി കാണിക്കുന്നത്.
ആര്‍ എസ് എസ് രൂപീകരണത്തിന് നൂറു വര്‍ഷം തികയുന്ന വേളയില്‍ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നതായിരുന്നു ഫാസിസ്റ്റുകളുടെ ആദ്യത്തെ ശ്രമം. 2024 തെരഞ്ഞെടുപ്പില്‍ പൊതുജനം വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി. 400-ലധികം സീറ്റുകളുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന തിരുത്തുമെന്ന് വമ്പു പറഞ്ഞവര്‍ ജനാധിപത്യ പ്രക്രിയയിലെ യഥാര്‍ഥ ശക്തിക്ക് മുമ്പില്‍ കീഴൊതുങ്ങി.
ഭരണഘടനാ ഭേദഗതിയും രാഷ്ട്ര പ്രഖ്യാപനവും അത്ര പെട്ടെന്ന് സാധ്യമല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേന്ദ്രത്തിനുണ്ട്. അതിന്റെ നിരാശ തീര്‍ക്കാനുള്ള തത്രപ്പാടിലാണ് ചെങ്കോട്ടയിലെ ആര്‍ എസ് എസ് പ്രകീര്‍ത്തനം. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിലാണ് മോദി യാതൊരു മറയുമില്ലാതെ ആര്‍ എസ് എസിനെ മഹത്വവത്കരിച്ചത്.
100 വര്‍ഷമായി തുടരുന്ന ലോകത്തിലെ ഏറ്റവും വലിയ എന്‍ ജി ഒയുടെ സമര്‍പ്പിത ജീവിതമാണത്രെ ഈ രാജ്യത്തെ പുഷ്ടിപ്പെടുത്തിയതെന്നും അത് അധികാരത്തിലിരിക്കാന്‍ പ്രചോദനം നല്‍കുന്നുവെന്നുമാണ് മോദിയുടെ വളച്ചുകെട്ടില്ലാത്ത പ്രസ്താവന. സ്വാതന്ത്ര്യസമരത്തിലോ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നതിലോ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ വെളുപ്പിക്കാനുള്ള തത്രപ്പാട് മാത്രമാണ് പ്രധാനമന്ത്രി കാണിക്കുന്നതെന്ന് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസത്തെ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയവത്കരിക്കുകയും അതേ ചരിത്രത്തെക്കുറിച്ചുള്ള അംനേഷ്യ വെളിപ്പെടുത്തുകയും ചെയ്യുകയാണിത്. ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്തതോ അറിയാത്തതോ അല്ല യഥാര്‍ഥ കാരണം. നൂറ് വര്‍ഷം തികയുന്ന ഈ വേളയില്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും ധനാത്മകമായ നിര്‍മാണത്തിലും കാര്യമായ റോള്‍ വഹിക്കാന്‍ കഴിയാത്ത സംഘത്തിന്റെ നിരാശയാണ് പ്രകടമാവുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമുള്ള, രാഷ്ട്രപിതാവിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ഒരു സംഘടനയെ വെളുപ്പിക്കുവാന്‍ ഔദ്യോഗിക വേദി ഉപയോഗിച്ചുവെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ആര്‍ എസ് എസിനെ മഹത്വവത്കരിക്കുക എന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണ്. മോദിയുടെ ഈ ശ്രമം ആദ്യത്തേതല്ല. പക്ഷെ, സ്വാതന്ത്ര്യദിന ചടങ്ങില്‍ ചെങ്കോട്ടയില്‍ നിര്‍വഹിക്കുന്ന പ്രസംഗം ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണ്.
ലോകരാഷ്ട്രങ്ങളും ഇന്ത്യന്‍ ജനതയും ഉറ്റുനോക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഇവ്വിധം പരാമര്‍ശങ്ങളുണ്ടാകുന്നത് ആദ്യമായാണ്. ഒരുപക്ഷെ, സംഘടനയുടെ ശതാബ്ദി ആഘോഷത്തില്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന് സാധിക്കാതിരുന്നതിന്റെ നൈരാശ്യം തീര്‍ക്കുന്നതുമാവാം. 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വലിയ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ കത്തിനില്‍ക്കുന്ന വേളയില്‍ തന്നെയാണ് ഈ വെളുപ്പിക്കല്‍ ശ്രമമെന്നതും നാം കാണേണ്ടതുണ്ട്.
ഒരു നൂറ്റാണ്ട് കാലമായി സവര്‍ണ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ചെറുത്ത് നില്‍ക്കുന്ന മതനിരപേക്ഷ ബോധമുള്ള സാമാന്യ ജനത ഇത്തരം പ്രസ്താവനകളെയും തള്ളിക്കളയുമെന്ന് പ്രത്യാശിക്കാം.
ഫാസിസം സൈനിക അട്ടിമറിയിലൂടെയല്ല അധികാരത്തിലേക്ക് വരികയെന്നതിന് ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്. നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെ തന്നെ വക്രീകരിച്ചുകൊണ്ടോ നിശ്ശബ്ദമാക്കിയോ അധികാരം നേടാനാണ് ഫാസിസം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ലജ്ജം തള്ളിക്കളഞ്ഞാലും പൊതുജനം അതേറ്റു പിടിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യത.
വോട്ട് കൊള്ളയും വോട്ട് തടയുന്നതും രാജ്യത്ത് നിര്‍ബാധം തുടരുകയാണ്. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരണപ്പെട്ടവരുടെ ലിസ്റ്റിലേക്ക് മാറ്റിയവരുടെ കൂടെ ചായ കുടിച്ചാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇപ്പോഴാവട്ടെ, ബിഹാറിലുടെ സമ്മതിദാനവകാശ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതായിരുന്നാലും, എല്ലാ അധികാര കേന്ദ്രങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിധേയപ്പെട്ട് കഴിയുന്ന ഈ കാലത്ത് ഫാസിസ്റ്റ് ശക്തികളോട് ഏറ്റുമുട്ടുക എന്നത് ജനകീയ പോരാട്ടം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്.
രാജ്യം ഭരിക്കുന്നവര്‍ സവര്‍ണ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വിധേയരാണ് എന്ന് പലവട്ടം പ്രഖ്യാപിച്ചതാണ്. ഭരണഘടനയെക്കാള്‍ മറ്റു ചില സ്മൃതികള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ഈ മുന്‍ഗണനയുടെ നേര്‍ക്കാഴ്ചയാണ് ആര്‍ എസ് എസിനെ മഹത്വപ്പെടുത്താനുള്ള ശ്രമം. പക്ഷെ, ഒരു നൂറ്റാണ്ട് കാലമായി അതിനെ ചെറുത്ത് നില്‍ക്കുന്ന മതനിരപേക്ഷ ബോധമുള്ള സാമാന്യ ജനത ഇത്തരം പ്രസ്താവനകളെയും തള്ളിക്കളയുമെന്ന് നമുക്ക് പ്രത്യാശിക്കാം.