തൃതീയ ആരോഗ്യമേഖല എന്നറിയപ്പെടുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും വിദഗ്ധ ചികിത്സയും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ കേരളം പിന്നിലാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടത്തിന് സാധിക്കൂ.
കേരള വികസന മാതൃക എന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. കേരള മോഡല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വികസന പദ്ധതിക്ക് പ്രധാനമായും രണ്ട് അടിത്തറയാണുള്ളത്. ആരോഗ്യവും വിദ്യാഭ്യാസ രംഗവും.
ഈ രണ്ട് മേഖലകളിലും കേരളം കൈവരിച്ച നേട്ടമാണ് വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിന് യോജ്യമായ വിധം കേരളത്തെ ബ്രാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. എന്നാല്‍, ഈ രണ്ട് മേഖലകളിലും നമ്പര്‍ വണ്‍ എന്ന പ്രചാരണത്തിന്റെ യഥാര്‍ഥ വശം എന്തെന്ന് കൂടി നാം അറിയേണ്ടതുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ട് മേഖലകളിലും പ്രാഥമിക തലത്തിലാണ് നാം ഏറെ മുന്നേറിയിട്ടുള്ളത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഘടകങ്ങളായ കൊഴിഞ്ഞുപോക്ക് തടയല്‍, എന്റോള്‍മെന്റ്, ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ ആശാവഹമായ പുരോഗതിയും സ്ഥാനവും കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നാം പിറകിലാണ്. സമാനമായ അനുഭവം തന്നെയാണ് ആരോഗ്യരംഗത്തും നമ്മുടെ മുമ്പിലുള്ളത്. ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, ആശുപത്രി പ്രസവം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യരംഗത്ത് നാം ഏറെ മുന്നിലാണ്.
ഈ പുരോഗതിയൊക്കെ സാധ്യമാക്കുന്നതിലും ആരോഗ്യ രംഗത്ത് മാതൃക സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുള്ളത് കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത വിധമുള്ള പ്രാഥമിക ആരോഗ്യ ശൃംഖല കേരളത്തിലുണ്ട്.
കിടത്തി ചികിത്സ വരെ ലഭ്യമായിട്ടുള്ള ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ ഗ്രാമീണ തലങ്ങളിലുള്ളവര്‍ക്ക് പോലും എളുപ്പത്തില്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, തൃതീയ ആരോഗ്യമേഖല എന്ന് വിളിക്കപ്പെടുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും വിദഗ്ധ ചികിത്സയും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ കേരളം പിറകിലാണ്. ഈയൊരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് മാത്രമേ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടത്തിന് സാധിക്കൂ.
ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും കോട്ടയം മെഡിക്കല്‍ കോളെജിലെ കെട്ടിടം തകര്‍ച്ചയും കേരളത്തിന്റെ തൃതീയ ആരോഗ്യമേഖലയിലെ ദൗര്‍ബല്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
ലക്ഷങ്ങള്‍ ചെലവ് വരുന്ന മേഖലയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍. ഇവിടത്തെ ചെലവും ചൂഷണവും താങ്ങാനാവാത്ത മധ്യവര്‍ഗവും സാധാരണക്കാരുമാണ് മെഡിക്കല്‍ കോളേജിന്റെ ഉപഭോക്താക്കള്‍. അവര്‍ ചികിത്സ തേടിയെത്തുമ്പോള്‍ മതിയായ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ കൃത്യസമയത്ത് ചികിത്സ കൊടുക്കാന്‍ സാധിക്കുന്നില്ല.
കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളെജുകളിലെ കെട്ടിടങ്ങളുടെ പഴക്കം പരിശോധിച്ചാലും കോട്ടയത്ത് നടന്നതിന്റെ തനിയാവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പല ഉപകരണങ്ങളും രോഗിയെക്കൊണ്ട് വാങ്ങിപ്പിക്കുന്ന ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പോസ്റ്റ് സര്‍ജറി കെയറില്‍ ആവശ്യമായ ബെഡ്ഡുകളോ ഇന്‍ഫെക്ഷന്‍ നിയന്ത്രിത പരിചരണമോ നല്‍കാന്‍ ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് സാധിക്കുന്നില്ല.
ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ഡോക്ടര്‍ -രോഗി അനുപാതം 1: 1000 എന്നതാണ്. എന്നാല്‍ കേരളത്തില്‍ പൊതുമേഖലയിലെ ഡോക്ടര്‍ രോഗി അനുപാതം 1: 5670 എന്നതാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മാതൃകയുടെ പിന്നാമ്പുറ യാഥാര്‍ഥ്യമാണിത്.
ഡോക്ടര്‍മാരുടെ ലഭ്യതയില്‍ മാത്രമല്ല, ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണത്തിലും ആശുപത്രിയുടെ ദൂരപരിധിയുടെ കാര്യത്തിലും നാം ഏറെ പിറകിലാണ്. ഉന്നത ചികിത്സാ രംഗത്ത് ഉത്തര- ദക്ഷിണ വിവേചനവും നിലനില്‍ക്കുന്നുണ്ട്.
വയനാട്, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്ക് നല്ലൊരു ചികിത്സ ലഭ്യമാവണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികളൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.
ഇനി, കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളെജുകളിലെ കെട്ടിടങ്ങളുടെ പഴക്കം പരിശോധിച്ചാലും കോട്ടയത്ത് നടന്നതിന്റെ തനിയാവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ആരോഗ്യരംഗത്തെ ഐ സി യുവില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഭരണകൂടം അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.