ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിക്കല്ല് തെരഞ്ഞെടുപ്പാണ്. അതിലൂടെയാണ് പ്രയോഗികമായി എല്ലാ സംവിധാനങ്ങളും ചലിപ്പിക്കപ്പെടുന്നത്. അത് സുതാര്യവും സ്വതന്ത്രവുമായി നടക്കണം.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോക്കുകുത്തിയായെന്നും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും പലരും നേരത്തെ ആരോപണം ഉന്നയിച്ചതാണ്.
പരമ്പരാഗത വോട്ടിംഗ് രീതിയില്‍ നിന്ന് മാറിയതിന് ശേഷം പല തവണ ഇ വി എമ്മിനെ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് വിശ്വാസ്യത നേടിയെടുക്കാന്‍ വി വി പാറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നത്.
എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇ വി എമ്മിന്റെ സാങ്കേതിക വശങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആരോപണത്തെ തള്ളിക്കളയുകയും വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് കോടതിയില്‍ മറുപടി നല്‍കാറുള്ളത്. പേപ്പര്‍ ബാലറ്റിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് കമ്മിഷന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു.
കമ്മിഷന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുത്താല്‍ തന്നെ, രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഏറ്റവും പുതുതായി അദ്ദേഹം ഉന്നയിച്ച ഒരു കാര്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറോളം സീറ്റുകളില്‍ അട്ടിമറി നടന്നു എന്നതാണ്.
ഇലക്ഷന്‍ കമ്മിഷന്‍ മരിച്ചു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. അത് വളരെ ഗുരുതരമായ ഒരു ആരോപണമാണ്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിക്കല്ല് എന്ന് പറയുന്നത് തെരഞ്ഞെടുപ്പാണ്. അതിലൂടെയാണ് പ്രയോഗികമായി എല്ലാ സംവിധാനങ്ങളും ചലിപ്പിക്കപ്പെടുന്നത്. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്ത് ജനാധിപത്യം ജീവിക്കില്ല.
രാഹുല്‍ തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഒരു അസംബ്ലി മണ്ഡലത്തില്‍ 6.5 ലക്ഷം പേര്‍ വോട്ട് ചെയ്തിട്ടുള്ളതില്‍ 1.5 ലക്ഷം വ്യാജവോട്ടുകളാണ് എന്നാണ് ആരോപിക്കപ്പെട്ടത്. ഈ ആരോപണത്തെ സാധൂകരിക്കുന്ന വോട്ടേഴ്‌സ് ഡാറ്റ അദ്ദേഹത്തിന്റെ കൈവശമുണ്ട് എന്നാണ് അവകാശം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നാല് മാസത്തെ വ്യത്യാസത്തിലാണ് നടന്നത്. ലോക്‌സഭയില്‍ ഇന്‍ഡ്യ മുന്നണി മികച്ച പ്രകടനം കാഴ്ചവെക്കുകയും നിയമസഭയിലേക്ക് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഈ നാല് മാസത്തിനിടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാര്‍ ലിസ്റ്റില്‍ വര്‍ധിക്കുകയുണ്ടായി. ആ വോട്ടുകളെല്ലാം ബി ജെ പിയിലേക്കാണ് പോവുകയും ചെയ്തത്.
ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന് പ്രാഥമികമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കറിയാം. ഇതിനു ശേഷം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശദമായി വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി വോട്ടര്‍ പട്ടികയുടെ ഇ ഫയല്‍ ആവശ്യപ്പെട്ടെങ്കിലും പേപ്പറില്‍ പ്രിന്റ് നല്‍കുകയാണ് ചെയ്തത്.
ആ ഫിസിക്കല്‍ ഡോക്യുമെന്റ് ഉപയോഗിച്ച് ഏറെ സമയമെടുത്താണ് ഓരോ ഫോട്ടോകളും താരതമ്യം ചെയ്ത് വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിശദാംശങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്നും അതൊരു ആറ്റംബോംബായിരിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്.
പ്രലോഭനങ്ങളോ ഭീഷണിയോ ഇല്ലാതെ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇവിടെ സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ജനാഭിലാഷത്തോടെയുള്ള ഭരണകൂടവും നിലവില്‍ വരൂ.
ഇലക്ഷന്‍ കമ്മിഷന്റെ സുതാര്യത സംബന്ധിച്ച് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിഹാറില്‍ നടക്കുന്ന സ്‌പെഷ്യന്‍ ഇന്റന്‍സീവ് റിവിഷന്‍ ആസൂത്രിതമായ പുറത്താക്കലിലൂടെയാണ് മുന്നോട്ടു പോകുന്നത്. അക്കാര്യത്തില്‍ സുപ്രീംകോടതി നടത്തിയ പരമാര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. പരമാവധി വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ പോലെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിഗണിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ ലക്ഷക്കണക്കിന് പേര്‍ പുറത്താകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന, നിരവധി പാര്‍ട്ടികള്‍ മത്സരിക്കുന്ന ഇത്തരം സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ ലക്ഷം വോട്ടുകള്‍ തന്നെ വളരെ നിര്‍ണായകമാണ്. അതുകൊണ്ട്, ബിഹാറിലെ എസ് ഐ ആര്‍ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുതാര്യവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനമാണ്. പ്രലോഭനങ്ങളോ ഭീഷണിയോ ഇല്ലാതെ അത് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇവിടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പും ജനാഭിലാഷത്തോടെയുള്ള ഭരണകൂടവും നിലവില്‍ വരൂ. അതിനാല്‍ തന്നെ കമ്മിഷന്റെ മരണമെന്നത് ജനാധിപത്യത്തിന്റെ കൂടി മരണമാണ്.