ഒരു പ്രതിഷേധത്തെ, അല്ലെങ്കില്‍ സംഘത്തെ അരുക്കാക്കാന്‍ പ്രയോഗിക്കാവുന്ന അനുചിതവും നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ ആരോപണമാണ് പേരിനോടു കാണിക്കുന്ന അസഹിഷ്ണുത.
എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂര്‍ണ രൂപം പറഞ്ഞാല്‍ മാത്രം മതിയെന്നും മറ്റ് ആയുധങ്ങളൊന്നും ആവശ്യമില്ലെന്നുമാണ് എസ് എഫ് ഐ സംസ്ഥാന നേതാവിന്റെ പ്രതികരണം. കമ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ അവര്‍ വിയര്‍ക്കും. എം എസ് എഫിനെ നേരിടാന്‍ എസ് എഫ് ഐക്ക് വേറെ ആയുധമൊന്നും വേണ്ട എന്നായിരുന്നു ആ പ്രതിഭാഷണം.
യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കാലുഷ്യം നിറഞ്ഞ ഈ സ്റ്റേറ്റ്‌മെന്റ് വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് പുറത്തുവന്നത്. വസ്ത്രം കണ്ടാല്‍ അറിയാം പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് എന്നൊരു ഭരണാധികാരി പറഞ്ഞ പോലെ തികച്ചും വിഷലിപ്തമായ പ്രതികരണം.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്തുയര്‍ന്ന പ്രതിഷേധത്തെ പ്രധാനമന്ത്രി അഡ്രസ് ചെയ്തതിനു സമാനമാണ് ഇടതു ലേബലില്‍ അറിയപ്പെടുന്ന വിദ്യാര്‍ഥി നേതാവിന്റെ പ്രതികരണവും.
ഒരു പ്രതിഷേധത്തെ, അല്ലെങ്കില്‍ സംഘത്തെ അരുക്കാക്കാന്‍ പ്രയോഗിക്കാവുന്ന പൊളിറ്റിക്കലി അനുചിതവും നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ പ്രയോഗമാണ് അത്.
ആ പേരില്‍ എന്താണ് പ്രശ്‌നം? മുമ്പില്‍ മുസ്‌ലിം എന്നുള്ളതാണോ? അല്ലെങ്കില്‍ അപ്പേരുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വം കൈയാളാനുള്ള കപ്പാസിറ്റി ഇല്ലെന്ന സവര്‍ണ ബോധമാണോ? ഒരു സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കുന്നത് അതിന്റെ പേരോ അവരുടെ വേഷമോ ആണോ?
രാജ്യത്ത് വര്‍ഗീയത പരത്തുകയും അതിനു വേണ്ടി കര്‍ട്ടനു പിന്നിലും മുന്നിലും പണിയെടുക്കുകയും ചെയ്യുന്ന നല്ല മതേതര പേരുള്ള എത്ര പാര്‍ട്ടികള്‍ രാജ്യത്തുണ്ട് എന്ന് ഇവര്‍ മറന്നുപോയോ? ഒരു സമുദായത്തിന്റെയും പേര് പറയാതെ തന്നെ, വര്‍ഗീയ ഉള്ളടക്കമുള്ള നിരവധി സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉദാഹരണം ചൂണ്ടിക്കാണിക്കാതെ തന്നെ നമുക്കറിയാം. പേരല്ല, പ്രവര്‍ത്തനങ്ങളാണ് ഒരു സംഘം വര്‍ഗീയമാണോ അല്ലയോ എന്നു നിര്‍ണയിക്കുന്നത്.

പേര് കേട്ടാല്‍ തന്നെ മനസ്സിലാകും എന്നത് സാമുദായിക സംഘാടനത്തെ മുഴുവന്‍ വര്‍ഗീയ ചാപ്പ കുത്തുന്നതിന് തത്തുല്യമായ പ്രയോഗമാണ്. സാമുദായിക സംഘാടനം എന്നാല്‍ സ്വത്വ രാഷ്ട്രീയമാണ്. സ്വത്വം മുന്നില്‍ വെച്ചുള്ള രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ എന്തു അപലക്ഷണമാണ് ഇടതു നാട്യമുള്ള ഇവര്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ കണ്ടത് എന്ന് പൊതുസമൂഹത്തോടു തുറന്നുപറയട്ടെ.
ജമാഅത്തെ ഇസ്‌ലാമിയോടു കൂട്ടിക്കെട്ടാനാണെങ്കില്‍, ആ പ്രസ്ഥാനം രൂപീകരിക്കപ്പെടുന്നതിനും മുമ്പെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പും ശേഷവും മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലീഗിനെ ജമാഅത്തുമായി സമീകരിക്കുന്നത് ചരിത്രത്തെ തമസ്‌കരിക്കലാണ്. രണ്ടും രണ്ടായതു കൊണ്ടു തന്നെയാണല്ലോ വേറിട്ടു പ്രവര്‍ത്തിച്ചുവരുന്നത്.
ഇതര സമുദായങ്ങളുടെ അവകാശങ്ങള്‍ ഒരു തുണ്ടും കവര്‍ന്നെടുക്കാതെ സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ നയനിലപാട് എന്നാണ് മുസ്‌ലിം ലീഗ് വ്യക്തമാക്കിയത്. അത്തരത്തിലുള്ള അവരുടെ പ്രവര്‍ത്തനത്തിന് കേരളവും രാജ്യവും സാക്ഷിയാണ്. തിന്മയിലും അനീതിയിലും സഹകരിക്കരുതെന്നും നീതിരഹിതമായി സ്വന്തം സമുദായത്തെയോ വിഭാഗത്തെയോ പിന്തുണയ്ക്കുന്നതാണ് വര്‍ഗീയത എന്നുമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്.
തിന്മയിലും അനീതിയിലും സഹകരിക്കരുതെന്നും നീതിരഹിതമായി സ്വന്തം സമുദായത്തെയോ വിഭാഗത്തെയോ പിന്തുണയ്ക്കുന്നതാണ് വര്‍ഗീയത എന്നുമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്.
ആ ആശയത്തിന്റെ പിന്‍ബലത്തില്‍ നിന്നു വഴിമാറാതെ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആശയാടിത്തറ രൂപപ്പെടുത്തിയത് ഐക്യസംഘവും ആദ്യകാല മുജാഹിദ് നേതൃത്വവുമാണ് എന്നതും ചരിത്ര വസ്തുതയാണ്. ഇസ്മാഈല്‍ സാഹിബും കെ എം മൗലവിയും സീതി സാഹിബും തുടങ്ങിയവര്‍ മുസ്‌ലിം രാഷ്ട്രീയത്തിന് പരിപക്വവും സുതാര്യവുമായ ആശയാടിത്തറ രൂപപ്പെടുത്തിയവരാണ്. സ്വാതന്ത്ര്യസമര നേതാക്കളായ അവരുടെ സുചിന്തിതവും ഋജുവുമായ രാഷ്ട്രീയ നിലപാടുകള്‍ കൂടി നിഷേധിക്കാനാണ് പുതിയ വെളിപാടുകാര്‍ ശ്രമിക്കുന്നത്.
കേരളം വഴുതിവീഴാന്‍ ഏറെ സാധ്യതയുള്ള ഒരു സാമൂഹിക സന്ധിയിലൂടെ കടന്നു പോകുമ്പോള്‍, ഭരണപക്ഷത്തു നിന്നുള്ള ഒരു വിദ്യാര്‍ഥി സംഘടന കുറെക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. ആടിനെ പട്ടിയാക്കുകയും അതിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന പഴകിപ്പുളിച്ച വിദ്യ തന്നെയാണല്ലോ ഈ കാലത്തും ഈ ചെറുപ്പക്കാര്‍ പയറ്റുന്നത്?
അരാഷ്ട്രീയതയും നവലിബറല്‍ നാട്യങ്ങളും ആഘോഷിക്കപ്പെടുന്ന, ജനാധിപത്യബോധം കൈമോശം വന്ന ക്യാംപസ് ഉല്പന്നങ്ങളില്‍ നിന്നുയരുന്ന ഇത്തരം ചരിത്ര ബോധവും സാമൂഹിക വിചാരവുമില്ലാത്ത വിലാപങ്ങളെ നിയന്ത്രിച്ചേ മതിയാകൂ.