പാലത്തായി; ആശ്വാസമാണ്, പ്രതീക്ഷയാണ് കോടതി വിധി

എഡിറ്റർ

പ്രതിയെ അറസ്റ്റ് ചെയ്യാനോ തെളിവുകള്‍ ശേഖരിക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. കേരള പൊലീസിലെ സംഘപരിവാര്‍ വിധേയത്വം പ്രകടമായ സംഭവങ്ങളില്‍ ഒന്നായിരുന്നു കേസ്.

ണ്ണൂര്‍ ജില്ലയിലെ പാലത്തായി യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോവിഡ് കാലം പിടിമുറുക്കിയ 2020-ലാണ് കേസിനാസ്പദമായ സംഭവം. തുടക്കത്തില്‍ ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തെങ്കിലും സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സജീവമായിരുന്നു.

പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂളിലെ അധ്യാപകനും ബി ജെ പി നേതാവുമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനോ തെളിവുകള്‍ ശേഖരിക്കാനോ അന്വേഷണ സംഘം തയ്യാറായില്ല. കേരള പോലീസിലെ സംഘപരിവാര്‍ വിധേയത്വം പ്രകടമായി പുറത്ത് വന്ന സംഭവങ്ങളില്‍ ഒന്നുകുടിയായിരുന്നു ഈ കേസ്.

ജനകീയ പ്രക്ഷോഭങ്ങളും ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നത്. അതിന് മുമ്പ് ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. ഇരയായ വിദ്യാര്‍ഥിനി കളവ് പറയുന്നു എന്ന് സ്ഥാപിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതി ഗൗരവത്തിലെടുക്കാന്‍ അന്നത്തെ വനിതാ ശിശുക്ഷേമ മന്ത്രി പോലും തയ്യാറായില്ല.

എന്നാല്‍, ഡി വൈ എസ് പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഴുതുകളില്ലാത്ത അന്വേഷണത്തിന് തുടക്കമിടുകയും സംഭവത്തിലെ നെല്ലും പതിരും വേര്‍തിരിക്കുകയും ചെയ്തു. മുമ്പ് പോക്‌സോ ഒഴിവാക്കിയും കുറ്റപത്രം വൈകി സമര്‍പ്പിച്ചും പ്രതിക്ക് ജാമ്യം നേടാന്‍ അവസരം ലഭിച്ചിരുന്നു. തലശ്ശേരി അതിവേഗ പ്രത്യേക കോടതിയുടെ ഈ കേസിലെ വിധി ഏറെ ആശ്വസം നല്‍കുന്നതാണ്.

ജീവപര്യന്തം വരെ തടവ് അനുഭവിക്കാനാണ് കോടതിവിധി. പ്രതിയെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും പോലീസിലെ ഒരു വിഭാഗം തന്നെ ശ്രമിച്ചിരുന്ന അവസരത്തില്‍ ജനകീയ പ്രക്ഷോഭങ്ങളാണ് കേസിനെ ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ഇടയാക്കിയത്. ഈ കേസ് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്.

പല സന്ദര്‍ഭങ്ങളിലും ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വകുപ്പാണ് പോക്‌സോ എന്നത് നിയമവൃത്തങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. എന്നാല്‍, ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആനുകൂല്യം മറയാക്കി യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും ചില ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ് ഈ വിധി.

അനാഥയായ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ ദുരനുഭവം ഉണ്ടാവുകയും, ശേഷം പ്രതിയായ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തത് അധ്യാപക സമൂഹത്തിന് അപമാനമാണ്.

രാഷ്ട്രീയ ഇടപെടലുകള്‍ സംബന്ധിച്ച് പല വാദങ്ങളും അഭിഭാഷകര്‍ ഉന്നയിച്ചെങ്കിലും കേസിന്റെ മെറിറ്റ് മാത്രമാണ് പരിശോധിച്ചത് എന്ന കാര്യത്തില്‍ കോടതി ഉറച്ചുനിന്നു. മാത്രമല്ല, ഇത്തരം അധ്യാപകര്‍ക്ക് താക്കീതാകുന്ന വിധം തന്നെ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാനും കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്.

ഈ കേസില്‍ അധ്യാപകനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി പല വേഷത്തില്‍ പ്രത്യക്ഷപ്പെട്ടവരുണ്ട്. പ്രത്യേകിച്ച് അതേ സ്‌കൂളിലെ തന്നെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഈ അധ്യാപകന് വേണ്ടി കള്ളസാക്ഷ്യം പറയാന്‍ രംഗത്തുവന്നു എന്നത് അധ്യാപക സമൂഹത്തിന് അപമാനമാണ്. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയും അധ്യാപകനെ പിന്തുണച്ചും പല വിധേനെ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമമുണ്ടായി.

ഓരോ രക്ഷിതാവും തന്റെ കുഞ്ഞുങ്ങളെ അധ്യാപകരെ വിശ്വസിച്ചാണ് സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കും എന്ന പ്രതീക്ഷയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന സവിശേഷത.

അത്തരം ഒരിടത്ത് നിന്ന് തന്നെ അനാഥയായ ഒരു പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടാവുകയും അതിന് ശേഷം പ്രതിയായ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമമുണ്ടാവകയും ചെയ്തുവെന്നത് സ്‌കൂള്‍ സംവിധാനത്തിന് തന്നെ നാണക്കേടാണ്.

മറ്റൊന്ന്, ജനകീയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനമാണ്. ഒരു സിസ്റ്റം ഒന്നിച്ച് നിന്ന് കേസ് അട്ടിമറിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമങ്ങളുണ്ടായെങ്കിലും ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. സിവില്‍ സമൂഹത്തിന്റെ ജാഗ്രതയുണ്ടായിട്ടും അട്ടിമറിക്കപ്പെടുന്ന നിരവധി കേസുകള്‍ ഉണ്ട്.

അവിടെയാണ് പാലത്തായി കേസ് നേരായ ദിശയില്‍ തീര്‍പ്പാക്കപ്പെടുന്നു എന്നതിന്റെ സവിശേഷത. പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രതയും ഇരയായ കുട്ടിയുടെയും കുടംബത്തിന്റെയും തളരാത്ത നിയമപോരാട്ടവുമാണ് ഈ കേസിന്റെ വിജയത്തിന് കാരണമെന്ന് പറയാനാവും.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം