ആരോഗ്യരംഗത്ത് മികച്ചുനില്‍ക്കുന്നു എന്ന് കൊട്ടിഘോഷിച്ചതുകൊണ്ട് മാത്രം നമ്മുടെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറാവണം.
ഐക്യകേരളം നിലവില്‍ വന്നതിനു ശേഷം നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയും മുന്‍ഗണനയും നല്‍കിയ രണ്ടു മേഖലകളാണ് ആരോഗ്യരംഗവും വിദ്യാഭ്യാസരംഗവും. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ തൊട്ട് നിലവിലെ ഭരണകൂടം വരെ എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ ഏറിയും കുറഞ്ഞും ഈ രണ്ടു മേഖലയ്ക്കും നല്‍കിയിട്ടുണ്ട്.
ഈ മേഖലകളെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും നമ്മള്‍ സ്വയം വിലയിരുത്തുന്നതും പുകഴ്ത്തുന്നതും. എന്നാല്‍ ഈ രണ്ടു രംഗങ്ങളിലും ഇപ്പോഴും അനവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ആരോഗ്യ സൂചികകളിലെല്ലാം കുറേ കാലങ്ങളായി മികച്ചുനില്‍ക്കുന്ന ആരോഗ്യരംഗമാണ് കേരളത്തിന്റേത്.
ആയുര്‍ദൈര്‍ഘ്യം, ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, പ്രസവമരണനിരക്ക് തുടങ്ങി സൂചികകളിലെല്ലാം മറ്റു സംസ്ഥാനങ്ങളേക്കാളും ദേശീയ ആരോഗ്യരംഗത്തേക്കാളുമൊക്കെ നമ്മള്‍ തന്നെയാണ് മികവ് പുലര്‍ത്തുന്നത്. പല സൂചികകളിലും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന തലത്തിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം വളര്‍ന്നിട്ടുണ്ട്.
ഈ മികവിന് സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഇവിടത്തെ ഭരണാധികാരികള്‍ അടിത്തറ പാകിയിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് വായിക്കാന്‍ കഴിയും. ആരോഗ്യ സൂചികകളിലെ മികവ് യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികളെ കാണാതെ പോകരുത്.
കേരളത്തിന്റെ ആരോഗ്യ രംഗം നേരിടുന്ന പ്രാധാന്യം അര്‍ഹിക്കുന്ന വെല്ലുവിളികളെ അഞ്ചായി തരം തിരിക്കാം: (1). ജീവിതശൈലീ രോഗങ്ങള്‍ (2). പകര്‍ച്ചവ്യാധികള്‍ (3). ഉയര്‍ന്ന ചികിത്സാച്ചെലവ് (4). സര്‍ക്കാര്‍ ആശുപത്രികളുടെ പിന്നാക്കാവസ്ഥ (5). മാനസികാരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികള്‍.
ജീവിതശൈലീ രോഗങ്ങള്‍
ഗള്‍ഫ് പണത്തിന്റെ ഒഴുക്കോടുകൂടി മലയാളികളുടെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം വിവരണാതീതമാണ്. ഭക്ഷണത്തിലും തൊഴിലിലും യാത്രയിലുമെല്ലാം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഈ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യകരമായ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഒരു പഠനത്തിന്റെയും സഹായമില്ലാതെ പറയാം.
ഐസിഎംആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനം ആളുകള്‍ക്കും പ്രമേഹരോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കപ്പുറമാണ്. അശാസ്ത്രീയമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, നിഷ്ഠയില്ലാത്ത ഉറക്കം, പുകവലി, മദ്യപാനം, ലഹരി തുടങ്ങി ജീവിതരീതിയില്‍ സംഭവിച്ച മാറ്റങ്ങളാണ് ഈ രോഗങ്ങളുടെ മൂലകാരണം.

ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടെങ്കിലും അവ കാര്യമായ ഫലം കാണുന്നില്ല. അന്യം നിന്നുപോയ സായാഹ്ന കായിക വിനോദങ്ങള്‍ തിരികെ കൊണ്ടുവരണം. ഓരോ നാട്ടിലും തദ്ദേശ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘങ്ങളുടെയോ സഹായത്തോടെ കളിസ്ഥലം, ഓപണ്‍ ജിം പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പാഠപുസ്തകങ്ങളില്‍ വിഷയം ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണം.
പകര്‍ച്ചവ്യാധികള്‍
ആരോഗ്യ സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും പകര്‍ച്ചവ്യാധികളും അപൂര്‍വ രോഗബാധകളുമൊക്കെ കേരളത്തിന്റെ ആരോഗ്യരംഗത്തിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എച്ച്1 എന്‍1, എലിപ്പനി, മസ്തിഷ്‌ക ജ്വരം, കരിമ്പനി, കുരങ്ങുപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
വികസ്വര രാജ്യങ്ങളില്‍ നിന്ന് ഉന്മൂലനം ചെയ്തുവെന്നു കരുതപ്പെട്ടിരുന്ന രോഗങ്ങളാണ് ഇവയില്‍ പലതും. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിപ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നിരവധി പേരുടെ മരണത്തിനു കാരണമാവുകയും ചെയ്യുന്നു.
ആയുര്‍ദൈര്‍ഘ്യം, ശിശു-മാതൃ-പ്രസവ മരണനിരക്ക് തുടങ്ങിയ സൂചികകളിലെല്ലാം ദേശീയ ശരാശരിയെക്കാള്‍ കേരളമാണ് മികവ് പുലര്‍ത്തുന്നത്. ആരോഗ്യ സൂചികകളിലെ മുന്നേറ്റം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ മേഖല നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോകരുത്.
കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി തിരുവനന്തപുരത്തും ആലപ്പുഴയിലും കോളറ മരണങ്ങളുമുണ്ടായി. പേപ്പട്ടി വിഷബാധയും വര്‍ധിച്ചുവരുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന അമീബ ബാധയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടേണ്ടത് ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകേണ്ടത് അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളത്.
ഉയര്‍ന്ന ചികിത്സാ ചെലവ്
ദേശീയതലത്തില്‍ വ്യക്തിഗത ചികിത്സാ ചെലവ് ശരാശരി 2600 രൂപയാണെങ്കില്‍ കേരളത്തില്‍ 7889 രൂപയാണെന്നാണ് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സിന്റെ (എന്‍എച്ച്എ) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ ഓരോ ബജറ്റിലും പത്തു ശതമാനത്തോളം വിഹിതം ആരോഗ്യമേഖലയ്ക്കു നീക്കിവെക്കുന്നുണ്ട്. എന്നിട്ടും സ്വന്തം കീശയില്‍ നിന്ന് പ്രതിവര്‍ഷം എണ്ണായിരത്തോളം രൂപ ഈയിനത്തില്‍ മലയാളിക്ക് ചെലവിടേണ്ടി വരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ കുടുംബ ചെലവ് കണക്കെടുപ്പ് (ഹൗസ്‌ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) പ്രകാരം കേരളീയ കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സയ്ക്കായി മാറ്റിവെക്കുന്നുണ്ട്. ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കും പ്രതിമാസം ശരാശരി 645 രൂപ ചെലവഴിക്കുന്നു.
ഗ്രാമീണമേഖലയിലുള്ളവരാണ് നഗരവാസികളെക്കാള്‍ ആശുപത്രി ചെലവില്‍ മുന്നില്‍. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ വ്യക്തിഗത ചികിത്സാ ചെലവ് കുറയുകയാണ് വേണ്ടതെങ്കിലും കേരളത്തെ സംബന്ധിച്ച് അത് അങ്ങനെയല്ല. ഉയര്‍ന്ന സാക്ഷരത, ജീവിതശൈലീ രോഗങ്ങളുടെ വര്‍ധന, നിസ്സാര രോഗങ്ങള്‍ക്കു പോലും ചികിത്സ തേടുന്ന പ്രവണത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവയാണ് ചികിത്സാ ചെലവ് വര്‍ധനയ്ക്ക് പ്രധാന കാരണം.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പല ഓപറേഷനുകള്‍ക്കും ചികിത്സാരീതികള്‍ക്കും ലക്ഷങ്ങളാണ് ആശുപത്രികള്‍ ഈടാക്കുന്നത്. രജിസ്‌ട്രേഷനും ക്ലിനിക്കല്‍ കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്കും ഈടാക്കുന്ന ഫീസ് നിരക്ക് ആശുപത്രികളില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാല്‍, ചില ആശുപത്രി ഉടമകള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത് കാരണം ഇത് നടപ്പാക്കാനായില്ല. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാകട്ടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല.
താങ്ങാന്‍ കഴിയാത്ത ചികിത്സാ ചെലവ് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്ന അവസ്ഥയിലേക്ക് സാധാരണക്കാരെ കൊണ്ടെത്തിക്കുന്ന അനുഭവങ്ങളുമുണ്ട്. ചെറിയ രോഗങ്ങള്‍ക്കു പോലും ഉയര്‍ന്ന ആശുപത്രികളിലേക്ക് ഓടുന്ന മനോഭാവവും ചികിത്സാ ചെലവ് കൂടുന്നതിന്റെ മറ്റൊരു കാരണമാണ്. സാധാരണ പനി, തലവേദന തുടങ്ങിയവയ്ക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കാത്തവരുണ്ട്. ദുരഭിമാനം, സൗകര്യക്കുറവ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണിത് സംഭവിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളുടെ പിന്നാക്കാവസ്ഥ
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഭേദപ്പെട്ട നിലയിലാണ്. എന്നാല്‍ മലയാളികളുടെ ജീവിതനിലവാരം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും വേണ്ടത്ര മെച്ചപ്പെട്ട നിലയിലല്ല എന്നു കാണാം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി തലവന്‍ ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയെയും പോരായ്മകളെയുമാണ് വെളിച്ചത്ത് കൊണ്ടുവന്നത്.
മരുന്നില്ലാത്ത ഫാര്‍മസികള്‍, ടെസ്റ്റുകള്‍ നടത്താന്‍ ഉപകരണങ്ങളില്ലാത്ത ലാബുകള്‍, വരാന്തയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട രോഗികള്‍... സ്വകാര്യ ലാബുകള്‍, മരുന്നു ഷോപ്പുകള്‍, മരുന്നു കമ്പനികള്‍ എന്നിവയുമായി ഡോക്ടര്‍മാര്‍ക്ക് വഴിവിട്ട ബന്ധം. ആ ബന്ധത്തിന്റെ ഫലമോ, സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ ചെലവേറിയതാക്കുന്നു. ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാതെ ഹൗസ് സര്‍ജന്‍മാരെയും പിജി ഡോക്ടര്‍മാരെയും വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നത് വേറെ.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയന് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തോട് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട്, കോടികള്‍ മുടക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഉണ്ടാക്കിയ പുതിയ കെട്ടിടം ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്നത് എല്ലാം ഇതിലേക്ക് ചേര്‍ത്തുവെക്കുമ്പോള്‍ ആരോഗ്യ മേഖലയില്‍ നേടിയ എല്ലാ നേട്ടങ്ങളും റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണ് സംജാതമാവുക.
ഈ പറഞ്ഞതിനര്‍ഥം സിസ്റ്റം ഒന്നിനും കൊള്ളാത്തതാണ് എന്നല്ല, മറിച്ച്, കാലാനുസൃതമായ മാറ്റങ്ങള്‍ ഇല്ലാതാകുന്നു എന്നതാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസംഖ്യ, ജനസാന്ദ്രത, തൊഴിലില്ലായ്മ, ജീവിതശൈലീ രോഗങ്ങള്‍, വയോജനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ കഴിയുന്ന ആശുപത്രി സംവിധാനങ്ങളാണ് നമുക്ക് ആവശ്യം.
മാനസികാരോഗ്യം
മാനസിക രോഗങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും ചികിത്സിക്കാന്‍ മുതിരുന്നവരുടെ എണ്ണത്തില്‍ സമാനമായ വര്‍ധനവ് ഉണ്ടാവുന്നില്ല. മനോരോഗം ഉണ്ടെന്നു പറയുന്നതും അതിനു ചികിത്സ തേടുന്നതും അപമാനകരമായി കാണുന്ന സാഹചര്യമുണ്ട്. ഈയിടെ പുറത്തു വന്ന നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം നാലാമതാണ്.
കേരളം പിന്നിലേക്ക് പോകാനുള്ള കാരണങ്ങള്‍ പറയുന്നിടത്ത് 'വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍' സൂചിപ്പിക്കുന്നുണ്ട്. മനോരോഗ ചികിത്സയോടുള്ള സമൂഹത്തിന്റെ വിമുഖത ആത്മഹത്യാ നിരക്കുവര്‍ധനവിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം, മാനസികാരോഗ്യ ചികിത്സ എന്നിവയെ കുറിച്ച ബോധവത്കരണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ ഏറെ ആവശ്യമുള്ള സമൂഹമാണ് കേരളത്തിലേത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം വിഷയത്തില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ആരോഗ്യരംഗത്ത് മികച്ചുനില്‍ക്കുന്നു എന്ന് കൊട്ടിഘോഷിച്ചതുകൊണ്ട് മാത്രം നമ്മുടെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.
പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറാവണം. ആരോഗ്യമേഖലയിലെ പരസ്യങ്ങള്‍ക്ക് ചെലവാക്കുന്ന തുകയുടെ പകുതി ചികിത്സാ സംവിധാനങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചാല്‍ പോലും നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ചെറുതല്ലാത്ത പരിഹാരം ഉണ്ടാക്കാന്‍ കഴിയും.