വഖ്ഫ് കൈകാര്യം ചെയ്യുന്നിടത്ത് സൂക്ഷ്മതയും മതനിഷ്ഠയും പാലിക്കാത്തതുവഴി പൊതുസമൂഹത്തിനാണ് നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പൊതുകാര്യങ്ങള്‍ക്കു വേണ്ടി നീക്കിവെച്ച ഭൂമിയോ മറ്റു വസ്തുക്കളോ സ്വകാര്യ സ്വത്തായി മാറുന്നത് അത്യന്തം ഗുരുതരമാണ്.
വഖ്ഫ് പരിപാലനം ഒരേസമയം മതനിയമങ്ങളെക്കുറിച്ച് ധാരണയും മാനേജ്‌മെന്റ് വൈദഗ്ധ്യവും ആവശ്യമായ ഒരു മേഖലയാണ്. ഒരു രാജ്യത്ത് വഖ്ഫുകള്‍ വര്‍ധിക്കുന്നതോടെ അതൊക്കെയും മാനേജ് ചെയ്യാവുന്ന വിദഗ്ധര്‍ കൂടി മുസ്‌ലിം സമുദായത്തിനുള്ളില്‍ ഉണ്ടാവുക എന്നത് അനിവാര്യമാണ്.
വഖ്ഫ് കൈകാര്യം ചെയ്യുന്നിടത്ത് സൂക്ഷ്മതയും മതനിഷ്ഠയും പാലിക്കാത്തതുവഴി പൊതുസമൂഹത്തിനാണ് നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. എന്തെങ്കിലും പൊതുകാര്യങ്ങള്‍ക്കു വേണ്ടി നീക്കിവെച്ച ഭൂമിയോ മറ്റു വസ്തുക്കളോ സ്വകാര്യ സ്വത്തായി മാറുന്ന സ്ഥിതി അത്യന്തം ഗുരുതരമാണ്.
വഖ്ഫ് മാനേജ്‌മെന്റ്
വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ ചരിത്രവും സാമൂഹികതലവും പരിശോധിച്ചാല്‍ വഖ്ഫ് മാനേജ്‌മെന്റിന്റെ പ്രത്യേകതകള്‍ കാണാന്‍ സാധിക്കും. മറ്റ് പൊതു സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിഭിന്നമായി സ്വതന്ത്ര പരിവേഷവും പ്രാദേശിക അധികാരവും വഖ്ഫ് സ്വത്തുക്കളില്‍ ഉണ്ടായിരുന്നു.
ഒരു വസ്തു വഖ്ഫ് ചെയ്യപ്പെട്ടതിന്റെ സൂക്ഷ്മമായ ഉദ്ദേശ്യങ്ങള്‍ അറിയുന്നവരും അത് അതേ അര്‍ഥത്തില്‍ വിനിയോഗിക്കുന്നവരും പ്രാദേശിക തലത്തിലുള്ളവരാകും. എന്നാല്‍, ഇസ്‌ലാമിക ഖിലാഫത്തിന്റെ വ്യാപനം വഖ്ഫ് മാനേജ്‌മെന്റിന്റെ വികേന്ദ്രീകൃത സ്വഭാവത്തെ ഇല്ലാതാക്കുകയും ഭരണകൂട കേന്ദ്രിതമായ നടത്തിപ്പിലേക്ക് വരികയും ചെയ്തു.
പ്രശ്‌നങ്ങളില്‍ വിധി പറയുക എന്ന ദൗത്യം നിര്‍വഹിച്ചിരുന്ന കോടതികള്‍, വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച ഏജന്‍സിയായി ആദ്യമായി മാറുന്നത് ഈജിപ്തിലാണ്. പിന്നീട് 17ാം നൂറ്റാണ്ടില്‍ തുര്‍ക്കി ഖിലാഫത്ത് ഔഖാഫ് മന്ത്രാലയം സ്ഥാപിക്കുന്നതോടെ വഖ്ഫ് സ്വത്തുക്കള്‍ കേന്ദ്രീകൃത നടത്തിപ്പിലേക്ക് മാറുന്നു.
ഈ രണ്ട് മാറ്റങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് മുസ്‌ലിം രാജ്യങ്ങളിലെ ഔഖാഫ് മിനിസ്ട്രിയെയും അല്ലാത്തിടത്തുള്ള വഖ്ഫ് നിയമങ്ങളെയും ബോര്‍ഡുകളെയും മനസ്സിലാക്കേണ്ടത്.

മറ്റ് സ്വത്തുക്കളുടെ നടത്തിപ്പില്‍ നിന്ന് ഭിന്നമായി, വഖ്ഫ് സ്വത്തുക്കളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ നടത്തിപ്പിലാണ്. ക്ലാസിക് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ പൊതുസ്വത്തായി മാറുന്ന ഒരു സ്വകാര്യ സ്വത്ത്, പിന്നീട് അത് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മാത്രം കൈകാര്യം ചെയ്യുക എന്നത് ഒരേസമയം അമാനത്തും മാനേജ്‌മെന്റ് വൈദഗ്ധ്യവും സന്നിഹിതമാകേണ്ട ഒന്നാണ്. പുതിയ കാലത്ത് വഖ്ഫ് നേരിടുന്ന ഒരു വെല്ലുവിളിയും അതുതന്നെയാണ്.
മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം, വികാരം, സഹജഭാവം, അസ്തിത്വം എന്നിവയെല്ലാം പ്രതിനിധീകരിക്കപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍, കേവല എടുപ്പുകളല്ല എന്ന് ജനങ്ങളും ഭരണകൂടവും മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യ, നിയമപരമായ വഖ്ഫ് ബോര്‍ഡുകളും വഖ്ഫ് നിയമങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ്. എന്നാല്‍, പ്രാദേശികമായ നടത്തിപ്പ് സംവിധാനമാണ് എല്ലാ വഖ്ഫ് സ്വത്തുക്കള്‍ക്കും നിശ്ചയിച്ചത്. ഇത് വാഖിഫുകളുടെ ഉദ്ദേശ്യത്തെയും വഖ്ഫിന്റെ ലക്ഷ്യത്തെയും സാധൂകരിക്കാന്‍ സഹായിക്കുന്നു.
എന്നാല്‍, അനാവശ്യമായ നിയമവ്യവഹാരങ്ങളിലേക്ക് വഖ്ഫ് സ്വത്തുക്കള്‍ വിധേയമാക്കപ്പെടുന്നതോടെ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തഴയപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി വഖ്ഫ് സ്വത്തുക്കളാണ് അന്യാധീനപ്പെടുകയും കോടതിനടപടികള്‍ കാത്ത് മരവിച്ചുകിടക്കുകയും ചെയ്തത്.
ദേശരാഷ്ട്രങ്ങളുടെ ഉദയവും മുസ്‌ലിം സമുദായത്തിന്റെ വൈജ്ഞാനിക പുരോഗതിയും ജനസാമാന്യത്തിനുണ്ടായ സാമൂഹികമാറ്റവും ഉള്‍ക്കൊണ്ട് പുതിയ വഖ്ഫ് സംസ്‌കാരം രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കണം. പള്ളിയും അനുബന്ധ സംവിധാനങ്ങള്‍ക്കും വേണ്ടിയാണ് മുസ്‌ലിം ചരിത്രത്തില്‍ വഖ്ഫുകള്‍ എമ്പാടും ഉണ്ടായത്.
പുതിയ വഖ്ഫുകള്‍ മുമ്പേ പാലിച്ചുപോരുന്ന നിര്‍ണിതമായ ലക്ഷ്യങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതില്ല. വൈജ്ഞാനിക പുരോഗതി ലക്ഷ്യം വെക്കുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്ര ലാബുകളും പരീക്ഷണനിലയങ്ങളും ഉന്നത സര്‍വകലാശാലകളും പുതിയ വഖ്ഫുകളില്‍ വരേണ്ടതുണ്ട്.
ഒരാള്‍ക്ക് ഒറ്റയ്‌ക്കോ ഒരു സംഘത്തിനോ വഖ്ഫ് ചെയ്യാമെന്നതുകൊണ്ടുതന്നെ സംഘടിത വഖ്ഫുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു കാലമാണിത്. ഭൂമിയുടെ ലഭ്യത കുറയുന്ന ഒരു കാലമായതിനാല്‍ ഭൂമിയിതര വസ്തുക്കള്‍ സംഘടിതമായ രൂപത്തില്‍ വഖ്ഫ് ചെയ്യാന്‍ സാധിക്കും.
കേവല എടുപ്പുകളല്ല
വഖ്ഫിനെ കേവലം ഒരു എടുപ്പോ കോണ്‍ക്രീറ്റ് കെട്ടിടമോ ആയി കണക്കാക്കാന്‍ കഴയില്ല. മുസ്‌ലിം സമുദായത്തിനുള്ളില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കുന്ന ഒന്നാണത്. മറ്റൊരു മതസമുദായത്തിനും ഈ രൂപത്തില്‍ സ്ഥാവര ജംഗമവസ്തുക്കള്‍ കണ്ടെത്തുക സാധ്യമല്ല.
അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി മുസ്ലിം സമൂഹത്തിന്റെ സാംസ്‌കാരിക മൂലധനമായി വര്‍ത്തിക്കുന്നതും ഉന്നതിയിലേക്ക് പിടിച്ചുയര്‍ത്തുന്നതും ഈ സംസ്‌കാരമാണ്. എന്തുകൊണ്ട് വഖ്ഫ് എന്നത് സാമൂഹികമായി അന്വേഷിക്കേണ്ട ഒരു വിഷയമാണ്.
മറ്റൊരു സമൂഹത്തിലും കാണാത്ത രൂപത്തില്‍ മുസ്‌ലിം സമൂഹത്തില്‍ മാത്രം വലിയ തോതില്‍ വഖ്ഫ് സംസ്‌കാരം നിലനില്‍ക്കുന്നു എന്നത് പാശ്ചാത്യ അക്കാദമിക പണ്ഡിതന്മാരും സോഷ്യോളജിസ്റ്റുകളും ഏറെ അന്വേഷിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്ത് രൂപംകൊണ്ട ട്രസ്റ്റുകള്‍ എന്ന ആശയത്തിന്റെ ബീജാവാപം വഖ്ഫ് സംസ്‌കാരമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വഖ്ഫ് മുഖേനയാണ് മുസ്‌ലിം സമൂഹത്തിന് പബ്ലിക് പ്രോപ്പര്‍ട്ടി ഉണ്ടാകുന്നത്. ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാനായി സ്വകാര്യ സ്വത്ത് എന്ന ആശയത്തിനു പകരം പൊതുസ്വത്ത് ഉണ്ടാവുക എന്നത് നിലനില്‍ക്കുന്ന എല്ലാ മൂലധന സിദ്ധാന്തങ്ങളെയും അട്ടിമറിക്കുന്നതാണ്.
ഉസ്മാനിയ്യാ ഖിലാഫത്ത് വരെ ഇത്രയും നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അധികാരകേന്ദ്രിതമായ നിലനില്‍പ് മുസ്‌ലിംകള്‍ക്ക് എങ്ങനെയാണ് സാധ്യമായതെന്ന് പാശ്ചാത്യ ചരിത്രകാരന്മാര്‍ അന്വേഷിക്കുമ്പോള്‍ അതില്‍ കണ്ടെത്തുന്ന പ്രധാനപ്പെട്ട ഒരു വരുമാന മാര്‍ഗം വഖ്ഫ് ആയിരുന്നു എന്നതാണ്.
സമൂഹത്തിന്റെ പൊതുസ്വത്തായി മാറുന്ന ഒരു സ്വകാര്യ സ്വത്ത്, പിന്നീട് അത് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മാത്രം കൈകാര്യം ചെയ്യുക എന്നത് ഒരേസമയം അമാനത്തും മാനേജ്‌മെന്റ് വൈദഗ്ധ്യവും സന്നിഹിതമാകേണ്ട ഒന്നാണ്.
ഭരണാധികാരികളും ഭരണസിരാകേന്ദ്രങ്ങളും മാറിമറിഞ്ഞിട്ടും അതത് പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ക്ഷേമം മുടങ്ങാതെ നിലനിന്നുപോകുന്നതില്‍ വഖ്ഫിന് വലിയ പങ്കുണ്ട്. കുടിവെള്ളവും ആശുപത്രിയും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഭോജനശാലകളും അങ്ങനെ പലതും വഖ്ഫായി നിലനില്‍ക്കുമ്പോള്‍ മാനവ വികസനത്തിനായി പുതിയ നിക്ഷേപങ്ങള്‍ ആവശ്യമില്ലാത്തവിധം പ്രവര്‍ത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചു.
വഖ്ഫിനു പിന്നില്‍ ആത്മീയമായ പ്രചോദനവും പരലോക മോക്ഷവുമുണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്. പരലോകം ഉദ്ദേശിച്ചുകൊണ്ട് നല്‍കപ്പെടുന്ന സംഭാവനകളും വസ്തുക്കളുമാണ് വഖ്ഫായി മാറുന്നത്. പിന്നീട് അത്തരം വസ്തുക്കള്‍ ഭരണകൂട ഭാഷ്യത്തില്‍ രേഖകളായി മാറുമ്പോള്‍ വാഖിഫിന്റെ എല്ലാ ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും രേഖപ്പെടുത്തിക്കൊള്ളണമെന്നില്ല.

നല്‍കപ്പെടുന്ന വസ്തുവിന്റെ സ്വഭാവവും വിശ്വസിച്ച് ഏല്‍പിക്കുന്ന സംഘത്തിന്റെ പ്രത്യേകതയും അനുസരിച്ച് പലപ്പോഴും മുഴുവന്‍ ലക്ഷ്യങ്ങളും രേഖപ്പെടുത്താറില്ല. സമുദായം വഖ്ഫ് ലക്ഷ്യങ്ങളെ ആന്തരികമായി സ്വാംശീകരിക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ വ്യവഹാരത്തിലൂടെയും പ്രക്രിയകളിലൂടെയും പൂര്‍ത്തീകരിക്കപ്പെടുന്ന ലക്ഷ്യങ്ങളിലാണ് ഒരോ വഖ്ഫ് സ്വത്തുക്കളും നിലനില്‍ക്കുന്നത്.
മസ്വാലിഹുല്‍ ഉമ്മ, ഉര്‍ഫ് തുടങ്ങിയ നിയമ സ്രോതസ്സുകളിലൂടെ മുസ്‌ലിം സമൂഹം ആന്തരികവത്കരിക്കുകയും സഹജഭാവത്തില്‍ ഉള്ളടങ്ങുകയും ചെയ്യുന്ന നടത്തിപ്പ് സംവിധാനത്തിലൂടെയാണ് വഖ്ഫിന്റെ എല്ലാ തലത്തിലുമുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.
കാരണം, പൂര്‍ണാര്‍ഥത്തില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ലല്ലോ ആത്മീയ ചോദനകള്‍ എന്നു പറയുന്നത്. അത്തരത്തിലുള്ള വൈകാരിക അംശം കൂടി ചേര്‍ന്ന എടുപ്പുകളാണ് വഖ്ഫ് സ്വത്തുക്കള്‍. അതായത്, അത് കേവലമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ഓരോ വഖ്ഫിനും ഒരു ചരിത്രം കൂടിയുണ്ട്. ആ ചരിത്രത്തിലെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അടരുകളിലാണ് അതിന്റെ നിലനില്‍പ്.
തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു പ്രഖ്യാപനമാണ് വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ചുള്ളത്. വിവിധ സര്‍വേകള്‍ പ്രകാരം നിരവധി വഖ്ഫ് സ്വത്തുക്കളാണ് അന്യാധീനപ്പെട്ടിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം, വികാരം, സഹജഭാവം, അസ്തിത്വം എന്നിവയെല്ലാം പ്രതിനിധീകരിക്കപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍, കേവല എടുപ്പുകളല്ല എന്ന് ഭരണകൂടവും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് മുസ്‌ലിം സമുദായം കേരളത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂലധനത്തില്‍ വഖ്ഫിന് വലിയ പങ്കുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
പൂര്‍വികരുടെ വഖ്ഫിന്റെ പിന്‍ബലത്തിലാണ് നാം ജീവിക്കുന്നത്. പുതിയ കാലത്ത് അവയെ ക്രിയാത്മകമായി ഉപയോഗിക്കാനോ പുതിയ വഖ്ഫുകള്‍ രൂപപ്പെടുത്താനോ നമുക്ക് സാധിക്കുന്നുണ്ടോ?