വഖ്ഫ് നിയമം; പാര്‍ലമെന്റിന്റെ അധികാരത്തിനു പുറത്തുള്ള ഇടപെടല്‍


മൗലികാവകാശങ്ങളെ ലംഘിക്കാത്ത ഒരു ആചാരത്തിലും നിയമനിര്‍മാണസഭകള്‍ ഇടപെടാന്‍ പാടില്ല. രാജ്യത്ത് മതപരമായ ആരാധനയില്‍ പാര്‍ലമെന്റ് ഇടപെട്ട ആദ്യത്തെ സംഭവമാണ് 2025ലെ വഖ്ഫ് ഭേദഗതി നിയമം.

ഖ്ഫ് മതപരമല്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ ഹിന്ദു റിലീജിയന്‍ എന്‍ഡോവ്‌മെന്റുകള്‍ മതപരമാണ്. അതുകൊണ്ടാണ് അവിടെ ഹിന്ദുക്കള്‍ മാത്രം മതിയെന്നു പറയുന്നത്. വഖ്ഫ് എന്നത് മതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു സെക്യുലര്‍ ആക്ടിവിറ്റിയാണ് എന്നാണ് കേന്ദ്രത്തിന്റെ വാദം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13, 29 എന്നിവയ്ക്ക് വിരുദ്ധമാണ് പുതിയ വഖ്ഫ് ഭേദഗതി നിയമം (2025). ആര്‍ട്ടിക്കിള്‍ 29 ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 29 പറയുന്നത്.

ആര്‍ട്ടിക്കിള്‍ 13 പ്രകാരം ഭരണഘടന രൂപപ്പെടുന്നതിനു മുമ്പ് ഇന്ത്യയിലുള്ള നിയമങ്ങള്‍ മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമല്ലെങ്കില്‍ നിയമപരമായി രാജ്യത്ത് തുടരും. വഖ്ഫ് നിയമങ്ങള്‍ രാജ്യത്ത് 1913 മുതല്‍ നിലനില്‍ക്കുന്നതാണ്. വഖ്ഫും അതിനെ സംരക്ഷിക്കുന്ന നിയമങ്ങളും 1913ലെ വഖ്ഫ് വാലിഡേഷന്‍ ആക്ട് വരുന്നതിനു മുമ്പേ രാജ്യത്ത് നിലവിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ 13 പ്രകാരം വഖ്ഫിനെ സംരക്ഷിക്കേണ്ടത് ബാധ്യതയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ നടക്കുന്ന വഖ്ഫ് ഭേദഗതി ആക്ടിന് എതിരായ ഹരജികളെ വിലയിരുത്തേണ്ടത്. വഖ്ഫ് ഒരു ചാരിറ്റി, എന്‍ഡോവ്‌മെന്റ്, ട്രസ്റ്റ് ആണ് എന്നാണ് ബിജെപി പറയുന്നത്.

മനുഷ്യനോ മനുഷ്യര്‍ നിയന്ത്രിക്കുന്ന ഒരു സംഘടനയ്‌ക്കോ നല്‍കുന്നതാണ് എന്‍ഡോവ്‌മെന്റ്. ദയാപൂര്‍വവും സഹായമായും മനുഷ്യനു നല്‍കുന്നതാണ് ചാരിറ്റി. ട്രസ്റ്റ് എന്നു പറഞ്ഞാല്‍ ഒരു സ്വത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിക്കോ സംഘത്തിനോ വിശ്വസിച്ച് ഏല്‍പിക്കുന്നതാണ്.

എന്നാല്‍ വഖ്ഫ് സമാനതകളില്ലാത്ത ഒരു സ്ഥാപനമാണ്. അത് ദൈവത്തിന് സമര്‍പ്പിക്കുന്നതാണ്. ഇസ്‌ലാമിക നിയമത്തിലല്ലാതെ മറ്റൊരു നിയമത്തിലും അത്തരം ഒരു ആശയമില്ല. ദൈവത്തിന് നല്‍കിയത് തിരിച്ചെടുക്കാന്‍ പറ്റില്ല. Once a waqf, always a waqf എന്ന് അതുകൊണ്ടാണ് പറയുന്നത്.

ഈ ആശയത്തെ പാശ്ചാത്യ രാജ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമത്തിലൂടെ Once a waqf, always a waqf എന്ന ആശയത്തെ ചോദ്യം ചെയ്യുകയാണ്. ദൈവത്തിന് സമര്‍പ്പിച്ച സ്വത്തുക്കള്‍ തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വഖ്ഫ് കേവലമായ ചാരിറ്റിയോ എന്‍ഡോവ്‌മെന്റോ ട്രസ്‌റ്റോ അല്ല, അത് വഖ്ഫാണ്. തിരിച്ചെടുക്കാന്‍ കഴിയാത്ത ദാനം.

അമേരിക്കയിലും ഇംഗ്ലണ്ടിലുമെല്ലാം വഖ്ഫ് നിലനില്‍ക്കുന്നുണ്ട്. ഇവിടെയെല്ലാം വഖ്ഫിന്റെ നാല് പൊതുസവിശേഷതകള്‍ കാണാനാവും. നബിയുടെ ചര്യയില്‍ പെട്ടതാണ് വഖ്ഫ്. അതൊരു ആരാധനയാണ്. സകാത്ത് നിര്‍ബന്ധിത ദാനമാണ്. വഖ്ഫ് ഐച്ഛിക ദാനമാണ്. അതിന്റെ ആദ്യത്തെ സവിശേഷത സമര്‍പ്പണമാണ്.

സമര്‍പ്പണം നടത്തുന്നവന്റെ യോഗ്യതയെപ്പറ്റി പ്രവാചകന്‍ ഒന്നും പറഞ്ഞിട്ടില്ല. ഏതൊരു മനുഷ്യനും സമര്‍പ്പണം നടത്താവുന്നതാണ്. അത് തിരിച്ചെടുക്കാനാവില്ല, അത് അന്യാധീനപ്പെടുത്താനാവില്ല, അതിനെ സംരക്ഷിച്ചുകൊണ്ട് അതില്‍ നിന്ന് ആദായം ഉണ്ടാക്കാന്‍ കഴിയണം.

കൊടുക്കുന്ന ആളുടെ ആവശ്യത്തിനു വേണ്ടിയും വഖ്ഫില്‍ നിന്നുള്ള ആദായം ഉപയോഗിക്കാം. കാരണം, കൊടുത്തുകഴിഞ്ഞതിനു ശേഷം അയാള്‍ വഴിയാധാരമാകരുത്. കൊടുക്കുന്നയാളുടെയും ബന്ധുക്കളുടെയും ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാം. മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാം. പാവപ്പെട്ടവര്‍ക്കു വേണ്ടി ഉപയോഗിക്കാം. ഇതെല്ലാം ദൈവമാര്‍ഗത്തിലാണ്. എത്ര മഹത്തരമായ ആശയമാണിത്! ഈ സവിശേഷതകള്‍ ചേരുന്നതാണ് വഖ്ഫ്.

ഒരു സ്വത്ത് വഖ്ഫ് ചെയ്യുന്നതോടെ സ്വകാര്യ സ്വത്ത് (property) എന്ന സങ്കല്പം അവസാനിക്കുകയാണ്. നമ്മുടെ വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് സ്വകാര്യസ്വത്ത് എന്ന സങ്കല്പം ഇല്ലല്ലോ. അവര്‍ക്ക് മരം മരമാണ്. വഖ്ഫ് എന്ന ആശയം നമ്മുടെ ആദിവാസികള്‍ക്ക് വേഗത്തില്‍ മനസ്സിലാകും.

വഖ്ഫ് പൊതുസ്വത്തോ സര്‍ക്കാര്‍ സ്വത്തോ അല്ല, അത് ദൈവത്തിന്റെ സ്വത്താണ്. ത്യാഗവും പൊതുനന്മയും തമ്മില്‍ ബന്ധപ്പെടുത്തുന്നുവെന്നതും വഖ്ഫിന്റെ പ്രത്യേകതയാണ്. 40 ദിവസം വ്രതമെടുക്കുന്നത് ത്യാഗമാണ്. എന്നാല്‍ അതിനൊരു പ്രത്യക്ഷ സാമൂഹിക നന്മയില്ല. ഇസ്‌ലാം ത്യാഗവും സമൂഹനന്മയും തമ്മില്‍ വഖ്ഫിലൂടെ ബന്ധിപ്പിക്കുന്നു. ദൈവത്തിനുള്ള ആരാധനയിലൂടെ സമൂഹനന്മ ഉറപ്പാക്കുന്നു.

മതസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വരുമാനവും വഖ്ഫിലൂടെ ലഭിക്കുന്നു. സമുദായം അവരുടെ മതപരമായ അനുഷ്ഠാനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് മതപരമായ ത്യാഗത്തിലൂടെ കണ്ടെത്തുകയാണ്. മുസ്‌ലിംകള്‍ മാത്രമല്ല, പാവപ്പെട്ട അമുസ്‌ലിംകളും ഇതര മനുഷ്യരും വഖ്ഫിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നുണ്ട്.

1400 വര്‍ഷമായി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രധാന സ്ഥാപനമായി ലോകത്ത് വഖ്ഫ് നിലനില്‍ക്കുകയാണ്. യൂനിവേഴ്‌സിറ്റികള്‍, ലൈബ്രറികള്‍, ശാസ്ത്രവിജ്ഞാനം, സ്‌കോളര്‍ഷിപ്പുകള്‍ എല്ലാം വഖ്ഫിലൂടെ ഉണ്ടായി. ലോകം മുഴുവന്‍ അതിന്റെ ഗുണം അനുഭവിച്ചു.

മതത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി നിലകൊള്ളുന്ന സമാനതകളില്ലാത്ത സ്ഥാപനമാണ് വഖ്ഫ്. അതിനെയാണ് ഇന്ത്യയില്‍ നിയമ ഭേദഗതിയിലൂടെ ഇല്ലാതാക്കാന്‍ നോക്കുന്നത്. വഖ്ഫ് നിയമത്തെ ഭേദഗതി ചെയ്തിരിക്കുകയല്ല ഇപ്പോള്‍ പാര്‍ലമെന്റ് ചെയ്തിരിക്കുന്നത്; വഖ്ഫിനെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.

Once a Waqf always a Waqf എന്ന ആശയം അവസാനിച്ചാല്‍ പിന്നെ വഖ്ഫ് ഇല്ല. അത് കേന്ദ്രം പറയുന്ന 'ഉമീദ്' ആയിരിക്കാം, വഖ്ഫ് ആയിരിക്കില്ല. അഞ്ച് വര്‍ഷം ഹിന്ദു മതം ആചരിച്ചവരേ ശബരിമലയില്‍ പോകാന്‍ പാടുള്ളൂ എന്ന് കേന്ദ്രം പറയുമോ? നാല്പത് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോവുക എന്നത് ആചാരമാണ്. അതിനെ പാര്‍ലമെന്റ് നിയമം വഴി തിരുത്തുമോ?

എന്നാല്‍ വഖ്ഫില്‍ പാര്‍ലമെന്റ് ഇടപെട്ടിരിക്കുകയാണ്. പാര്‍ലമെന്റ് വഖ്ഫിനെ ഇല്ലാതാക്കി മുസ്‌ലിം ചാരിറ്റിക്ക് പുതിയൊരു സ്‌കീം ഉണ്ടാക്കിയിരിക്കുകയാണ്. അതിന് പാര്‍ലമെന്റ് പുതിയൊരു പേരും നല്‍കി. 'ഉമീദ് ആക്ട്.' ഇത് പാര്‍ലമെന്റ് അതിന്റെ അവകാശത്തിനു പുറത്തുള്ള കാര്യത്തില്‍ ഇടപെടല്‍ നടത്തിയതാണ്.

മൗലികാവകാശങ്ങളെ ലംഘിക്കാത്ത ഒരു ആചാരത്തിലും നിയമനിര്‍മാണസഭകള്‍ ഇടപെടാന്‍ പാടില്ലാത്തതാണ്. രാജ്യത്ത് മതപരമായ ആരാധനയില്‍ പാര്‍ലമെന്റ് ഇടപെട്ട ആദ്യത്തെ സംഭവമാണ് 2025ലെ വഖ്ഫ് ഭേദഗതി നിയമം. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളിലേക്ക് ഇതുപോലെ ഇടപെടല്‍ നടത്താനുള്ള തുടക്കമായിരിക്കും വഖ്ഫ് ഭേദഗതി നിയമം.

വഖ്ഫ് ബോര്‍ഡുകളില്‍ അമുസ്‌ലിംകള്‍ വന്നാല്‍ എന്താണ് പ്രശ്‌നം എന്നൊക്കെ ചില നിയമജ്ഞര്‍ പോലും ചോദിക്കുന്നുണ്ട്. വഖ്ഫ് സ്വത്തുക്കളുടെ പരിപാലനവും ആരാധനയാണ് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വിശ്വാസികളാണ് ആരാധന നിര്‍വഹിക്കേണ്ടത്. വിശ്വസിക്കാത്തവരും ഗൗരവത്തില്‍ കാണാത്തവരും വഖ്ഫിനെ പരിപാലിച്ചാല്‍ അത് നശിക്കുകയായിരിക്കും ഫലം.

ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പാവപ്പെട്ട മുസ്‌ലിംകളോട് സംസാരിക്കുമ്പോള്‍ അവരില്‍ പലരും അതിജീവിക്കുന്നത് വഖ്ഫ് ഉള്ളതുകൊണ്ടാണ്. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും കിട്ടുന്നില്ല. പാവപ്പെട്ട മുസ്‌ലിം സമുദായം അവരുടെ തന്നെ സ്വത്തുക്കള്‍ മാറ്റിവെച്ച് അവരിലെ പാവപ്പെട്ടവരെ വഖ്ഫിലൂടെ പിന്തുണയ്ക്കുകയാണ്.

അത് മുടക്കിയാല്‍ പിന്നെ പാവപ്പെട്ട മുസ്‌ലിംകളെ ആര് സംരക്ഷിക്കും? മുസ്‌ലിംകളുടെ സാമ്പത്തിക ഉറവിടങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. പ്രാദേശികതലത്തിലുള്ള ആചാരങ്ങളുടെ ഭാഗമായി മുസ്‌ലിംകള്‍ അല്ലാത്തവരും പള്ളികളിലേക്കും ഖബര്‍സ്ഥാനുകളിലേക്കും സംഭാവന ചെയ്യാറുണ്ട്. അതിനെ ബ്രിട്ടീഷ് കാലത്തെ വഖ്ഫ് നിയമം അംഗീകരിച്ചതാണ്.

അതിനെ 2025ലെ നിയമം ഇല്ലാതാക്കി. അഞ്ച് വര്‍ഷം ഇസ്‌ലാംമതം പ്രാക്ടീസ് ചെയ്തവര്‍ക്കേ വഖ്ഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ വഖ്ഫിനെ ചുരുക്കിക്കളയുകയാണ്. 'വഖ്ഫ് ബൈ യൂസര്‍' ഇല്ലാതാക്കി. ഏതൊരു വഖ്ഫ് സ്വത്തിന്റെ പേരിലും തര്‍ക്കം ഉണ്ടായാല്‍ അതില്‍ കേസ് തീര്‍പ്പാകുന്നതുവരെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും എന്നു പറയുന്നു. നിയമം സങ്കീര്‍ണമാക്കി രാജ്യത്ത് പുതിയ വഖ്ഫ് ഉണ്ടാകുന്നത് സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

ദൈവത്തിന് സമര്‍പ്പിച്ച സ്വത്തുക്കള്‍ തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വഖ്ഫ് കേവലമായ ചാരിറ്റിയോ എന്‍ഡോവ്‌മെന്റോ ട്രസ്‌റ്റോ അല്ല, അത് വഖ്ഫാണ്. ദൈവ വഴിയിലുള്ള തിരിച്ചെടുക്കാന്‍ കഴിയാത്ത ദാനം.

ഇന്ത്യ-പാകിസ്താന്‍ വിഭജനം ഉണ്ടായപ്പോള്‍ ഒരുപാട് പേര്‍ വഖ്ഫ് സ്വത്തുക്കള്‍ ഉപേക്ഷിച്ചുപോയി. വഖ്ഫ് സ്വത്തുക്കള്‍ പലതും അനാഥമായിപ്പോയി. അങ്ങനെയാണ് വ്യാപകമായ വഖ്ഫ് സ്വത്ത് കൈയേറ്റങ്ങള്‍ ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് 1954ലെ ആക്ടിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് കമ്മീഷണര്‍മാര്‍ വഖ്ഫ് സ്വത്തുക്കളുടെ സര്‍വേ നടത്തിയത്.

വഖ്ഫ് കമ്മീഷണറുടെ റിപ്പോര്‍ട്ടാണ് വഖ്ഫ് ബോര്‍ഡുകള്‍ക്ക് കൈമാറിയത്. ഒരുപാട് വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെട്ടതിനാല്‍ അതിന്റെ തെളിവോടുകൂടി വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചെടുക്കാനാണ് വഖ്ഫ് ആക്ടില്‍ വകുപ്പ് 40 ചേര്‍ത്തത്. വഖ്ഫ് ആക്ടിന്റെ 40ാം വകുപ്പ് ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല എന്ന കള്ളക്കഥ വ്യാപകമായി പ്രചരിപ്പിച്ചു.

വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിലും അവകാശവാദം ഉന്നയിക്കാം എന്ന നുണ പറഞ്ഞു പരത്തി. വഖ്ഫ് ബോര്‍ഡിന്റെ തീരുമാനത്തെ ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യാന്‍ അവസരമുണ്ടായിരുന്നു എന്ന കാര്യം മറച്ചുവെച്ചു.

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോയാല്‍ മുസ്‌ലിംകള്‍ക്ക് അതിജീവിക്കാനുള്ള വകയില്ല, അതിനാല്‍ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കണം എന്നായിരുന്നു നാളിതുവരെയുള്ള പാര്‍ലമെന്റ് കമ്മിറ്റികള്‍ അഭിപ്രായപ്പെട്ടത്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന നിലപാടിനെ ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പിന്തുണച്ചിട്ടുണ്ടായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് റഹ്മാന്‍ ഖാന്റെ നേതൃത്വത്തിലുണ്ടായിരുന്ന പാര്‍ലമെന്റ് കമ്മിറ്റിയുടെ തീരുമാനങ്ങളെ ഒറ്റ ബിജെപി അംഗവും എതിര്‍ത്തിട്ടില്ല. അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. വഖ്ഫ് മറ്റ് സ്വകാര്യ സ്വത്തുക്കള്‍ കൈയേറുന്നു എന്ന് 2024 വരെ ആരും പറഞ്ഞിട്ടില്ല.

എന്നാല്‍ വഖ്ഫ് സ്വത്തുക്കള്‍ കൈയേറുന്നവരെ പിന്തുണയ്ക്കാനാണ് പുതിയ ഭേദഗതി നിയമം. കൈയേറ്റക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൊടുക്കുകയാണ്. വഖ്ഫിനു മേല്‍ ലിമിറ്റേഷന്‍ ആക്ട് നടപ്പാക്കുകയാണ്. പാവപ്പെട്ട മുസ്‌ലിം സമുദായത്തിന് ഇസ്‌ലാം മതം അനുഷ്ഠിക്കാനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് പുതിയ നിയമം.

വിദേശ സംഭാവനകള്‍ മുസ്‌ലിംകള്‍ക്ക് കിട്ടുന്നത് ബിജെപി നേരത്തെ തന്നെ ഇല്ലാതാക്കിയതാണ്. ഇപ്പോള്‍ രാജ്യത്തിന്റെ അകത്തു നിന്നു കിട്ടുന്ന സാമ്പത്തിക സ്രോതസ്സുകളെയും ഇല്ലാതാക്കുകയാണ്. മുസ്‌ലിം മതവിഭാഗത്തെ ദുര്‍ബലപ്പെടുത്തി അരുക്കാക്കുന്നു. ഇത് മാനവരാശിക്കു നേരെയുള്ള കുറ്റകൃത്യമാണ്.

ഇന്ത്യയിലെ ഇസ്‌ലാമിന്റെ സാമ്പത്തിക അടിത്തറയെയാണ് ഇവര്‍ അക്രമിക്കുന്നത്. അത് പഴയ കെട്ടകാലത്തേക്കുള്ള തിരിച്ചുപോക്കാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ ഇതിനെ എതിര്‍ക്കുന്നത്. ഗുരു പഠിപ്പിച്ചത് നമ്മള്‍ നമ്മള്‍ക്കു വേണ്ടി പൊരുതുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്കു വേണ്ടി പൊരുതണമെന്നാണ്.

ലോകത്ത് എല്ലാം പരസ്പരബന്ധിതമാണ്. ആര്‍ക്കും ഒറ്റയ്ക്ക് സുഖം പ്രാപിക്കാനൊക്കില്ല. 'അവനവനാത്മസുഖത്തിനായാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം' എന്ന് ഗുരു പഠിപ്പിച്ചത് യാഥാര്‍ഥ്യമാണ്. ശക്തരായ മുസ്‌ലിം സമുദായം രാജ്യത്ത് ഇല്ലാതായാല്‍ പിന്നെ രാജ്യത്തിന് നിലനില്‍പുണ്ടാവില്ല.

എഴുത്ത്: ടി റിയാസ്‌മോന്‍