ചുരുക്കെഴുത്തിന്റെ സമ്മര്‍ദം വായനക്കാരനിലേക്ക് പ്രസരിപ്പിച്ച സുല്‍ത്താന്‍


മാതൃസ്‌നേഹത്തിന്റെ മഹനീയതയ്ക്ക് വര്‍ഷങ്ങളോളം എന്നും ബഷീറിനായി ഉമ്മ വിളമ്പിവെച്ച് കാത്തിരുന്ന ചോറ് തന്നെ മതി. ഒരു തീപ്പൊരിക്കമ്പ് എട്ടായി ചീന്തി ഉപയോഗിച്ച 'പിശുക്ക്' എഴുത്തിലും പുലര്‍ത്തിയ അന്തമില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍.

പുതിയ തലമുറയ്ക്കും അക്ഷരക്കുടിലുകള്‍ കെട്ടാന്‍ വായനയുടെ മഹാ വന്‍കര തീര്‍ത്ത ഒരു മനീഷിയെയാണ് ബഷീറിലൂടെ കാണാനാവുക. 80 വര്‍ഷം മുമ്പും ഇന്നും ഇനി നാളെയും 'ആരെ വായിക്കാനാണ് ഏറ്റവും ഇഷ്ടം' എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ മിക്കപ്പോഴും ഉണ്ടാവൂ. അതാണ് വൈക്കം മുഹമ്മദ് ബഷീര്‍.

ബഷീറിന്റെ ലോകങ്ങള്‍ക്ക് അന്തമില്ലാത്ത വിസ്താരം ഉണ്ടാക്കിക്കൊടുത്തത് ബഷീര്‍ പറയുന്നതെന്തും മലയാള ഭാഷയായും ജീവിച്ചതെല്ലാം കഥയായും മാറുന്ന മാസ്മരികതയായിരുന്നെന്ന് എം എന്‍ വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ബഷീറിന്റെ പദങ്ങളുടെ സാധാരണത്വവും അതിലുണ്ടാകുന്ന ആകാശങ്ങളുടെ വിശാലതയും അനനുകരണീയമാണ്.

ആറ്റിക്കുറുക്കിയെടുക്കുന്ന ബഷീറിയന്‍ ശൈലിയും (ആദ്യമെഴുതിയപ്പോള്‍ അഞ്ഞൂറു പേജുണ്ടായിരുന്ന ബാല്യകാല സഖി അച്ചടിയിലേക്കെത്തിയപ്പോള്‍ 75 പേജായത് ഓര്‍ക്കുക). വിസ്തരിച്ചെഴുതപ്പെട്ട 'അവകാശികളും' (വിലാസിനി) ഒരു താരതമ്യം തന്നെ അസാധ്യമാണ്. പരിഗണനയുടെ ആഴവും ഭൂമധ്യരേഖയും വരയ്ക്കാന്‍ അദ്ദേഹത്തിന് മുഹമ്മദ് അബ്ദുറഹ്മാന്റെ 'നീ ഭക്ഷണം കഴിച്ചോ' എന്ന ഒറ്റ ചോദ്യമേ ആവശ്യം വന്നുള്ളൂ.

അമ്മിയെന്നാലരക്കല്ല്

അമ്മയെന്നാലമ്മിഞ്ഞക്കല്ല് എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയതില്‍ ആവാഹിക്കപ്പെട്ട മാതൃസ്‌നേഹത്തിന്റെ മഹനീയതയ്ക്ക് വര്‍ഷങ്ങളോളം എന്നും ബഷീറിനായി ഉമ്മ വിളമ്പിവെച്ച് കാത്തിരുന്ന ചോറിന്റെ ഉദാഹരണം മതി. ഒരു തീപ്പൊരിക്കമ്പ് എട്ടായി ചീന്തി ഉപയോഗിച്ച 'പിശുക്ക്' എഴുത്തിലും പുലര്‍ത്തിയ ആളാണ് ബഷീര്‍.

'ഉമ്മാ, ഞാന്‍ കാന്തീനെ തൊട്ടു' എന്ന ഒറ്റ വരിയില്‍ രാജ്യസ്‌നേഹത്തിന്റെ ആവേശം അദ്ദേഹം അനുഭവവേദ്യമാക്കി. കള്ളനിലും മറഞ്ഞുകിടക്കുന്ന മനുഷ്യത്വത്തെ ഊതിക്കാച്ചിയെടുക്കാന്‍ ബഷീറിന്റെ 'ദയ' എന്ന പേരിടല്‍ മതിയാവും. കേരളത്തിലല്ല, ഏതോ അതിര്‍ത്തിപ്രദേശത്തെ ഒരു പോക്കറ്റടിക്കാരനിലാണ് അദ്ദേഹം ഈ പരിവര്‍ത്തനത്തിന്റെ അദ്ഭുതം കാണിക്കുന്നത് എന്നോര്‍ക്കണം.

'ഭൂം' എന്ന ഒറ്റ അക്ഷരത്തിന്റെ ഒച്ചയില്‍ പോലും മാംസസ്‌നേഹത്തിന്റെ പരിഹാസ്യതയും നിരര്‍ഥകതയും നിറയ്ക്കാന്‍ ആ എഴുത്തുകാരന് സാധിച്ചു!

'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന ഏക വാക്യം വ്യാഖ്യാനിക്കാന്‍ എഴുതപ്പെട്ട പേജുകള്‍ എത്രയാണ്! ചുരുക്കെഴുത്തിന്റെ സമ്മര്‍ദം വായനക്കാരനെ അനുഭവിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ബഷീര്‍ ജീവിതത്തിന്റെ ഒരവസ്ഥയിലും കൈയൊഴിക്കാത്ത ഭാവം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം 'സ്‌നേഹം' എന്നായിരിക്കും. ഭ്രാന്തായപ്പോഴും പോക്കിരിയായപ്പോഴും പോക്കറ്റടിക്കാരനായപ്പോഴും സൂഫി ജീവിതത്തിലും ഒരുപോലെ അത് കത്തിനിന്നു. വിശാലമായ മനുഷ്യ സ്‌നേഹത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.

ജീവിതത്തിന്റെ വൈവിധ്യങ്ങളെ, വ്യത്യസ്തതകളെ ബഷീര്‍ അംഗീകരിക്കുകയും അംഗീകരിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. സാറാമ്മയുടെയും കേശവന്‍ നായരുടെയും ചായയും കാപ്പിയും അതുകൂടി സൂചിപ്പിക്കുന്നുണ്ട്. പ്രണയത്തിന്റെ പരിണാമങ്ങളും സ്‌നേഹത്തിന്റെ തത്വശാസ്ത്രവുമെല്ലാം ആ തൂലികയില്‍ ഉരുത്തിരിഞ്ഞു.

ചായ കുടിച്ച് ഗ്ലാസില്‍ ബാക്കിയാകുന്ന ഇത്തിരി തുള്ളിയില്‍ വീണ് ഉറുമ്പുകള്‍ ചാവാതിരിക്കാന്‍ ഗ്ലാസ് കമഴ്ത്തി വെക്കുന്ന, തന്റെ തുടയില്‍ കടിച്ച് ചോര കുടിച്ച അട്ടയെപ്പോലും കൊല്ലാന്‍ പാടില്ലെന്ന് കരുതുന്ന കുഞ്ഞുപാത്തുമ്മയെ സൃഷ്ടിച്ച ബഷീര്‍ ഒരു അദ്ഭുത സ്‌നേഹമാണ്.

പരിപക്വമായ ഒരു തത്വശാസ്ത്രമാണ് ബഷീറിന്റെ സഞ്ചാരങ്ങളെയും വരികളെയും എന്നും ഭരിച്ചത്. എഴുതുമ്പോള്‍ മുസ്‌ലിമാണെന്ന ബോധ്യമുണ്ടായിരിക്കുമെന്ന് ബഷീര്‍ തന്നെ പറഞ്ഞിട്ടുണ്ട്. (എഴുത്തുകാരനായത് എന്തിനെന്ന അദ്ദേഹത്തിന്റെ വിശദീകരണവും ഫറോക്ക് മുജാഹിദ് സമ്മേളന സുവനീറില്‍ വായിക്കാം.) ഓര്‍മയുടെ അറകളിലും അടരുകളിലും ആസ്വാദ്യതയുടെ നിറഞ്ഞ കണങ്ങളോടൊപ്പം തത്വശാസ്ത്രത്തിന്റെ തികഞ്ഞ തിളക്കവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യ ദര്‍ശനത്തിന്റെ 'ഹൗളുല്‍ കൗസര്‍' ഖുര്‍ആനായിരുന്നുവെന്ന് നിരൂപകന്‍ ഇബ്രാഹീം ബേവിഞ്ച വിശേഷിപ്പിച്ചിട്ടുണ്ട്.

അണ്ഡകടാഹങ്ങളുടെയഖിലം പരിപാലകനായ അല്ലാഹുവിന്റെ സൃഷ്ടിവിസ്മയങ്ങള്‍ക്കു മുമ്പില്‍ കൗതുകമുള്ള ഒരു കുട്ടിയായിരുന്നു ആ എഴുത്തുകാരന്‍. പുഴു മുതല്‍ പുലിയും പല്ലിയും തിമിംഗലവുമെല്ലാം ഭൂമിയുടെ അവകാശികളാണ് ആ എഴുത്തുകാരന്റെ കണ്ണില്‍. 'ഭൂമിയുടെ ചോരയാണ് വെള്ളം' തുടങ്ങിയ തുല്യതയില്ലാത്ത തത്വശാസ്ത്രങ്ങള്‍ എമ്പാടുമാണ്.

ഓരോരുത്തരും അവനവന്റെ ഇഷ്ടങ്ങളെ ബലികഴിക്കാതെ പരസ്പരം മനസ്സിലാക്കുമ്പോഴാണ് സൂര്യന്‍ സന്തോഷത്തോടെ ഉദിക്കുന്നതെന്ന് കേശവന്‍ നായര്‍ - സാറാമ്മ പ്രേമകഥയിലൂടെ ബഷീര്‍ പറഞ്ഞുവെച്ചു. നര്‍മവും ധര്‍മവും ചേര്‍ത്തൊട്ടിച്ചതാണാ തൂലിക.

തേന്മാവിന്റെ തേന്‍മധുര ഫലം രുചിക്കുന്നതോടൊപ്പം വാടിത്തളര്‍ന്നുനില്‍ക്കുന്ന ചെടിക്കു വെള്ളമൊഴിക്കുക എന്ന നന്മയും അദ്ദേഹം ഓര്‍മിപ്പിച്ചു. സാഹിത്യവും അനുഭവങ്ങളും ദര്‍ശനവും രസച്ചരടു പൊട്ടാതെ കൂട്ടിയോജിപ്പിച്ച് 'ഇമ്മിണി ബല്യ ഒന്നാകുന്ന' പുതുഗണിതമാണ് ബഷീര്‍ അവതരിപ്പിച്ചത്.

ഇസ്‌ലാം ഓണ്‍ ദ ക്രോസ് റോഡ്‌സ് രചിച്ച മുഹമ്മദ് അസദ്, ജീന്‍ ക്രിസ്റ്റോഫിലൂടെ വിശ്വപ്രസിദ്ധനായ റൊമെയ്ന്‍ റോളണ്ട്, വിഖ്യാതമായ സ്റ്റോറി ഓഫ് സാന്‍ മിഷേല്‍ രചിച്ച ആക്‌സല്‍ മുന്‍തെ, ഷാമി, റൂമി, ഫിര്‍ദൗസി... അങ്ങനെ അനേകം ഗ്രന്ഥങ്ങളെയും എഴുത്തുകാരെയും എഴുത്തിനിടയില്‍ ബഷീര്‍ അനുവാചകരെ പരിചയപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പരന്ന ഇംഗ്ലീഷ് പരിജ്ഞാനവും വായനയും ഉണ്ടായിരുന്ന അദ്ദേഹം തന്റെ വിജ്ഞാനം വിളമ്പുന്ന ഒറ്റ വരിയോ ഡിക്ഷ്ണറിയോ എഴുതിയില്ല. സാധാരണക്കാരനും പ്രാപ്യമായ കൈയകലത്തില്‍ തന്നെ ബഷീറിന്റെ തൂലിക നിന്നു.

സ്‌കൂളുകളിലും സാംസ്‌കാരിക കൂട്ടായ്മകളിലും നാടൊട്ടുക്കും ഇന്നും ബഷീറിന്റെ പാത്തുമ്മയും വിശ്വവിഖ്യാതമായ മൂക്കും ഉണ്ടന്‍ പക്രുവും നാരായണിയും എട്ടുകാലി മമ്മൂഞ്ഞും എന്നുവേണ്ട എല്ലാ കഥാപാത്രങ്ങളും പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നത് തലമുറകളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചുനിര്‍ത്തുന്ന ആ രചനാരീതി കൊണ്ടുതന്നെയാണ്.

'ഞാമ്പെറ്റപ്പഴും ദാക്ത്തരെ കൊണ്ടുവന്നല്ലോ' എന്ന മേനിപറച്ചിലിനെ ഐഷക്കുട്ടിയുടെ പേറ്റുനോവിന്റെ വേവലാതിക്കിടയില്‍ മുഴച്ചുനില്‍ക്കാതെ അദ്ദേഹം കോറിയിടുന്നു. ജയിലഴികള്‍ക്കുള്ളിലെ ജീവിതവും അധികാരക്കുടയുടെ ശൗര്യത്തിന്റെ വെളിയില്‍ കാലുകള്‍ക്കിടയില്‍ വാലുതിരുകുന്ന ഭീതിയും ചില ചോരനക്കികളോടുള്ള പരിഹാസവും ടൈഗറിലുണ്ട്.

'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന ഏക വാക്യം വ്യാഖ്യാനിക്കാന്‍ എഴുതപ്പെട്ട പേജുകള്‍ എത്രയാണ്! ചുരുക്കെഴുത്തിന്റെ സമ്മര്‍ദം വായനക്കാരനെ അനുഭവിപ്പിക്കുകയായിരുന്നു, പച്ചജീവിതങ്ങളുടെ ഉള്ളില്‍ ഉരുകുന്ന മനപ്പതര്‍ച്ചകള്‍ക്ക് ഉത്തരം നല്‍കിയ ബഷീര്‍.

എന്നാല്‍ ഗുണപാഠം ചോദിച്ചപ്പോള്‍ 'ഒന്നുമില്ല, ഒരോര്‍മ മാത്രം' എന്നു പറഞ്ഞു നിര്‍ത്തുന്ന നൈരാശ്യം എന്ന കൊച്ചുകഥയില്‍ സ്‌നേഹനിരാസത്തിന്റെയും കൃത്രിമ സ്‌നേഹത്തിന്റെയും വേദന നിഴലിക്കുന്നു. ബഷീറിന് രചനകള്‍ കൊണ്ട് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.

അദ്ദേഹം തൊടുക്കുന്ന ഓരോ മിസൈലും എവിടെ വീണുപൊട്ടണമെന്ന് കണിശമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു. പച്ചജീവിതങ്ങളുടെ ഉള്ളില്‍ ഉരുകുന്ന മനപ്പതര്‍ച്ചകള്‍ക്ക് ഉത്തരം നല്‍കുന്നവയാണ് ബഷീര്‍ എഴുത്തുകള്‍. മുച്ചീട്ടുകളിക്കാരന്റെയും പൊലീസിന്റെയും വേശ്യയുടെയും ജീവിതാന്തരീക്ഷങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി പകര്‍ത്തി അനശ്വരമാക്കി.

ബഷീറിന് ഒരാനേണ്ടാര്‍ന്നു!

അടഞ്ഞ ജാലകങ്ങള്‍ പുതുയുഗത്തിലേക്ക് തുറന്നിട്ടുകൊണ്ട് വെളിച്ചം പകര്‍ന്നു ബഷീര്‍ കടന്നുപോയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നമ്മളിപ്പോഴും 'ഞങ്ങളുടെ ബഷീറിന്ന് ഒരാനേണ്ടാര്‍ന്നു, വലിയ ഒരു കൊമ്പനാന' എന്ന മേനിപറച്ചിലിന്റെ കുഞ്ഞിതാച്ചുമ്മമാരാവുകയല്ലേ? ബഷീറിനെപ്പോലെ ഇന്നിന്റെ ലഹരികള്‍ക്കെതിരെ തൂലിക കൊണ്ട് കലഹിക്കാന്‍ ആരുണ്ട്?

ഏത് നവോത്ഥാനക്കാര്‍ക്കാവും അതിന്? 'ഹിയാലിലകത്ത് സൈനബ', 'ഖിള്ര്‍ നബിയെ കണ്ട നഫീസ' എന്നീ നോവലുകളെഴുതിയ മുജാഹിദ് പണ്ഡിതശ്രേഷ്ഠനും ഖതീബുമൊക്കെയായിരുന്ന കെ കെ ജമാലുദ്ദീന്‍ മൗലവിയെപ്പോലെ (1809-1965) ഒരു മുജാഹിദ് പ്രസ്ഥാന നേതാവിനെ ഇന്ന് സങ്കല്പിക്കാനാവുമോ?

മലയാള ഭാഷാസാഹിത്യരംഗങ്ങളില്‍ നിന്ന് നാം അകറ്റപ്പെടുന്ന, അപകര്‍ഷത തോന്നി തീരെ അകന്നുനില്‍ക്കുന്ന ഒരു കാലം വിദൂരമല്ല. സാഹിത്യത്തിന്റെ മറവില്‍ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പേരില്‍ ഭൗതിക-നാസ്തിക വാദങ്ങളും പ്രചരിപ്പിക്കുന്ന ആനുകാലികങ്ങള്‍ നാമും വാങ്ങുകയും വായിക്കുകയും അതിലെ ചിന്താവൈകല്യങ്ങള്‍ നമ്മിലേക്ക് പ്രസരിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയകളിലെല്ലാം നിറഞ്ഞാടുന്ന അത്തരം കോപ്രായങ്ങളില്‍ ആസ്വാദ്യതയുടെ പേരില്‍ നാം അഭിരമിച്ചുപോകുന്നുണ്ട്. പരിഹാസവും ലഹരിയും പേക്കൂത്തുകളും അരുതായ്മകളും നാം തോണ്ടിത്തോണ്ടി നമ്മിലേക്ക് എടുത്തിടുന്നുമുണ്ട്. ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും മാര്‍ക്കറ്റ് ചെയ്യുന്ന ടിവി പരിപാടികളില്‍ നാം സമയം കൊല്ലുന്നുമുണ്ട്.

അറിയാതെ ചില ദുഷ്ടലാക്കുകളുടെ ആശയങ്ങള്‍ അങ്ങനെയങ്ങനെ സമുദായത്തില്‍ അരിച്ചിറങ്ങുന്നുണ്ട്. 'ചെവിയോര്‍ക്കുക അന്തിമ കാഹളം', 'യാ ഇലാഹീ', 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' പോലെ ഇസ്‌ലാമിന്റെ നവോത്ഥാന ആശയങ്ങളും ഖുര്‍ആനിന്റെ വായനയും തുടിക്കുന്ന രചനകള്‍ക്ക് എത്ര ഉദാഹരണങ്ങള്‍ വര്‍ത്തമാനകാലത്തുണ്ട്?

'അല്ലാഹു കരുണാമയനായ സര്‍വേശ്വരന്‍, അല്ലാഹു നൂറുസ്സമാവാതി വല്‍ അര്‍ളി, അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമുള്ള സമയം, കണ്ണുകള്‍ അവനെ കാണുകില്ല, അവന്‍ കണ്ണുകളെ കാണുന്നു...' ഖുര്‍ആനിലെ ആശയഖനികളില്‍ നിന്ന് കുഴിച്ചെടുത്ത് പൊതുമണ്ഡലത്തില്‍ എത്തിച്ച് എല്ലാവരെയും വായിപ്പിക്കാന്‍ ഇനി ആരുണ്ട്? 'വായിക്കുക' എന്ന ഖുര്‍ആനിന്റെ ഒന്നാമത്തെ ആശയത്തെ 'വര'യിലെഴുതി വരുതിയിലാക്കിയ ബഷീറിന്റെ പകരക്കാരന്‍? ('വര' എന്ന ബഷീര്‍ രചന, യാ ഇലാഹീ എന്ന കൃതിയില്‍).

ഇന്നും നമ്മള്‍ വെമ്പുന്നു, എന്തായിരുന്നു ഒടുവിലായി അന്ന് സുഹ്‌റ മജീദിനോട് പറയാന്‍ തുടങ്ങിയത് എന്നു കേള്‍ക്കാന്‍! മാങ്കോസ്‌റ്റൈന്‍ പഴം മലയാളി വാങ്ങുമ്പോള്‍ ഇന്നും മലയാളി ആ രചനയെ ഓര്‍ക്കുന്നു. ഒരു മേരുപര്‍വതം പോലെ വിമര്‍ശന കൂമ്പാരങ്ങള്‍ക്കിടയിലും ഉയര്‍ന്നുനിന്നതെന്ന് ടി പത്മനാഭന്‍ വിശേഷിപ്പിച്ച 'സഖി'യെ കൂടെ കൂട്ടാന്‍ നാമിന്നും കൊതിക്കുന്നു.

ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന സാഹിത്യ തറവാടിന്റെ ചാരുകസേരയില്‍ ആരുണ്ട് നീണ്ടുനിവര്‍ന്നു കിടക്കാന്‍? ഒരു ഗ്രാമഫോണ്‍ സംഗീതം ഇന്നും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു:

സോജാ രാജകുമാരീ

ഗുസര്‍ഗയാ വൊ സമാനാ

കൈസാ കൈസാ...