നാലായിരം ഹെക്ടര്‍ വനസമൃദ്ധിയില്‍ പരന്നുകിടക്കുന്ന ധര്‍മസ്ഥല ഇന്ത്യന്‍ 'ഭരണപ്രദേശ'ത്തു നിന്ന് വേറിട്ട് നിലകൊള്ളുന്ന നിഗൂഢമായ മറ്റൊരു അധികാര കേന്ദ്രമായി വളരുന്നു എന്ന് മുമ്പേ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദക്ഷിണ കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള വഴിയില്‍ പ്രകൃതിരമണീയമായ നേത്രാവതി പുഴയോട് ചേര്‍ന്ന് ധര്‍മസ്ഥല എന്ന ക്ഷേത്രനഗരം നിലകൊള്ളുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ധാരാളം ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്ന നിബിഢമായ വനപ്രദേശമാണിവിടം.
കാശി പോലെ ജീവിതത്തിന്റെ സായംകാലങ്ങളില്‍ ഇവിടെ കിടന്ന് ജീവന്‍ ത്യജിക്കുക എന്ന ആഗ്രഹവുമായി എത്രയോ ഹൈന്ദവ വൃദ്ധജനങ്ങള്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ താണ്ടി ഇങ്ങോട്ടു വന്നുചേരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രത്തോട് ചേര്‍ന്നൊഴുകുന്ന നേത്രാവതിയുടെ തീരങ്ങളില്‍ ഇടയ്ക്കിടെ മൃതദേഹങ്ങള്‍ കാണുക പതിവായിരുന്നു.
എട്ടാം നൂറ്റാണ്ടില്‍ കുടിയിരുത്തിയ ശൈവ പ്രതിഷ്ഠയ്ക്കു ശേഷമാണ് ഇവിടം മഞ്ജുനാഥക്ഷേത്രം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ജൈന തീര്‍ഥങ്കരന്മാരുടെ വലിയ പ്രതിഷ്ഠകളും പര്‍ണശാലകളും സ്തൂപങ്ങളും ഇവിടെയുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇതൊരു ജൈനവിഹാരമായിരുന്നു എന്നതിന്റെ സാക്ഷ്യമാവണം ഇതൊക്കെ.

മരണാനന്തര മോക്ഷത്തിനു പുറമേ സന്താനസൗഭാഗ്യത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്‌നത്തിനും ഇവിടെ വന്ന് ആളുകള്‍ തൊട്ടില്‍ കെട്ടുകയും കൊച്ചു കല്ലുകള്‍ അടുക്കിവെച്ച് സ്വപ്‌നസൗധം പണിഞ്ഞ് പ്രാര്‍ഥനാനിരതരാവുകയും ചെയ്യുന്നത് കാണാം. ദിവസവും അമ്പതിനായിരം പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന അന്നപൂര്‍ണ എന്ന സൗജന്യ ഊട്ടുപുര ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. കോടികളാണ് ഇവിടത്തെ ഭണ്ഡാരപ്പെട്ടികളില്‍ കുമിഞ്ഞുകൂടുന്നത്. വരുമാനമെല്ലാം ഹെഗ്‌ഡെ കുടുംബത്തിന്റെ കൈകളിലാണ് ചെന്നുചേരുന്നത്.
ജൈന തീര്‍ഥങ്കരന്മാരായിരിക്കണം ആദ്യമായി ഈ കന്യാവനത്തിലേക്ക് കടന്നുവന്നത് എന്നതിന്, ഇതിനകത്തെ പൗരാണിക നിര്‍മിതികള്‍ സാക്ഷ്യം പറയുന്നു. അഥവാ ശൈവക്ഷേത്രമായി ഇന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അത് 12-ാം നൂറ്റാണ്ടില്‍ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടതാണ് എന്ന് ഐതിഹ്യമുണ്ട്. അങ്ങനെയായിരിക്കണം ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് പരമ്പരാഗതമായി കര്‍ണാടകയിലെ ജൈന രാജകുടുംബാംഗങ്ങളായ ഹെഗ്‌ഡേ വിഭാഗത്തിന്റെ കൈകളില്‍ വന്നുചേര്‍ന്നത്. 1979 മുതല്‍ വീരേന്ദ്ര ഹെഗ്‌ഡേ എന്ന, അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള പിന്‍മുറക്കാരനിലാണ് ക്ഷേത്രനടത്തിപ്പിന്റെ കടിഞ്ഞാണ്‍.
നാലായിരം ഹെക്ടര്‍ വനസമൃദ്ധിയില്‍ പരന്നുകിടക്കുന്ന ഈ സ്ഥലം ഇന്ത്യന്‍ 'ഭരണപ്രദേശ'ത്തു നിന്ന് വേറിട്ട് നിലകൊള്ളുന്ന നിഗൂഢമായ മറ്റൊരു അധികാര കേന്ദ്രമായി വളരുന്നു എന്ന് മുമ്പേ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവെക്കുന്ന മട്ടിലാണ് ഈയിടെ ഇവിടെ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. ക്ഷേത്ര ട്രസ്റ്റികളായ ഹെഗ്‌ഡേയുടെ ആശ്രിതരും സില്‍ബന്തികളും തങ്ങളെ ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുന്ന ഒരു സമാന്തര അധികാര കേന്ദ്രമായി വളര്‍ന്നുവന്നിരിക്കുന്നു.
2025 ജൂണ്‍ ആദ്യം ബീമ എന്ന ഇവിടത്തെ മുന്‍ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടു കൂടിയാണ് അര നൂറ്റാണ്ടായി ഇവിടെ നടക്കുന്ന നിഗൂഢതകളുടെ ചുരുളുകള്‍ അഴിയുന്നത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ജനിച്ച ദലിത് വിഭാഗക്കാരനായ ബീമയെ 1996ല്‍ ഇവിടേക്ക് തൊഴിലാളിയായി കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ജേ്യഷ്ഠന്‍ മഞ്ജുനാഥയായിരുന്നു.
അന്നു തൊട്ട് 2014 വരെ ക്ഷേത്ര ഭാരവാഹികള്‍ക്കു വേണ്ടി ബീമ നടത്തിയ അനവധി ശവസംസ്‌കാരങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. കേവലം 250 രൂപ ശമ്പളവും താമസിക്കാന്‍ നേത്രാവതി തീരത്ത് ഒരു വീടും നല്‍കപ്പെട്ട ഈ ശുചീകരണ തൊഴിലാളി ഇവിടെ ജോലിയില്‍ പ്രവേശിച്ചതില്‍ പിന്നെ ക്ഷേത്ര അധികാരികളുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി നൂറുകണക്കിന് മൃതശരീരങ്ങളാണ് നേത്രാവതി പുഴയുടെ തീരങ്ങളില്‍ കുഴിച്ചുമൂടിയത്. ഇതില്‍ പലതും യുവതികളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മൃതശരീരങ്ങളായിരുന്നു എന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.
2014ല്‍ ക്ഷേത്രം അധികാരികളാല്‍ സ്വന്തം മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബീമയും കുടുംബവും ഗത്യന്തരമില്ലാതെ മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തില്‍ ഒളിജീവിതം നയിച്ചുവരികയായിരുന്നു. സ്വന്തം മനഃസാക്ഷിയെ ഈ സംഭവം നിരന്തരം വേട്ടയാടുന്നതുകൊണ്ടാണ് താനീ സത്യം വിളിച്ചുപറയുന്നത് എന്ന് അദ്ദേഹം പറയുന്നു.
മാത്രമല്ല, തന്റെ മരണത്തോടെ ഈ സംഭവങ്ങള്‍ കുഴിച്ചുമൂടപ്പെടരുത് എന്നും അദ്ദേഹം ആഗ്രഹിക്കുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ സചിന്‍ ദേശ്പാണ്ഡേ, ഓജസ്സി ഗൗഢ എന്നീ രണ്ട് അഭിഭാഷകര്‍ക്കു മുന്നിലാണ് ബീമ മൊഴി നല്‍കിയത്. തന്റെ ജീവനു നിരന്തരം ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.
ബീമയുടെ ആരോപണത്തിന്റെ മുനകള്‍ നീണ്ടുപോകുന്നത് 1979 മുതല്‍ ഈ സ്ഥാപനങ്ങളുടെ പരമാധികാരിയായി വാഴുന്ന വീരേന്ദ്ര ഹെഗ്‌ഡേക്കും കുടുംബത്തിനും നേരെ തന്നെയാണ്. ഇയാളാകട്ടെ ചില്ലറക്കാരനല്ല; പൊതുരംഗത്തെ സേവനം കണക്കിലെടുത്ത് രാജ്യസഭയിലേക്ക് നേരിട്ട് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത എംപിയാണ്. കര്‍ണാടക സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്കു പുറമേ പത്മഭൂഷണും പത്മശ്രീയും കരസ്ഥമാക്കിയ വീരേന്ദ്ര ഹെഗ്‌ഡേ ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും വേണ്ടപ്പെട്ടയാളാണ്.
കോടതിയെയും പൊലീസിനെയും വിലയ്‌ക്കെടുക്കാന്‍ കെല്‍പുള്ള ഇയാളും കുടുബവും കര്‍ണാടകയില്‍ മൈക്രോഫിനാന്‍സ് അടക്കമുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നു. ധര്‍മസ്ഥലയ്ക്കും പരിസരത്തുമായി ഇന്ന് കാണുന്ന ലോ കോളജും ആര്‍ട്‌സ് കോളജും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വന്തം ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഇയാള്‍ കയ്യൂക്ക് കൊണ്ട് വെട്ടിപ്പിടിച്ചതാണ്. ഇതിനൊക്കെ പുറമേ അനേകം ക്വാറികളും ക്രഷറുകളും ഖനികളുമായി വലിയൊരു സാമ്രാജ്യം തന്നെ ഹെഗ്‌ഡേ കുടുംബം കെട്ടിപ്പടുത്തിട്ടുണ്ട്.
ഇവര്‍ക്കെതിരെ മലയാളികളില്‍ നിന്ന് അടക്കം ഭൂമി തട്ടിയെടുത്തതിന്റെയും നിഷ്ഠുര കൊലപാതകങ്ങളുടെയും നിരവധി ആരോപണങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ദേശീയ മാധ്യമങ്ങളും കര്‍ണാടകയിലെ മാധ്യമങ്ങളും ഇത് കണ്ട മട്ട് നടിക്കുന്നില്ല. എന്നല്ല, ഈ കേസ് തേച്ചുമായ്ച്ചുകളയാനാണ് അവര്‍ ശ്രമിക്കുന്നത്.

1981ലാണ് ഇതുസംബന്ധിച്ച് ആദ്യമായി ഒരു കേസ് ഈ നാടിനെ പിടിച്ചുലച്ചത്. ധര്‍മസ്ഥല എസ്ഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വേദവല്ലി ടീച്ചര്‍ സ്വന്തം വീട്ടിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവമായിരുന്നു അത്. ഈ സ്‌കൂളിലെ ഹെഡ്മിസ്ട്രസിന്റെ കാലാവധി അവസാനിച്ച വേളയില്‍ പ്രധാനാധ്യാപികയായി ചുമതല ഏല്‍ക്കേണ്ടിയിരുന്നത് വേദവല്ലി ടീച്ചറായിരുന്നു. പക്ഷേ, ഹെഗ്‌ഡേയുടെ കീഴിലുള്ള ഈ കോളജിലേക്ക് മുന്‍ഗണന മറികടന്ന് അവര്‍ മറ്റൊരു പ്രധാനാധ്യാപികയെ തിരുകിക്കയറ്റി.
രണ്ടു മാസത്തിനു ശേഷം അസ്ഥിത്തുണ്ടുകള്‍ മാത്രമായി പത്മലതയുടെ ശരീരം നേത്രാവതി തീരത്ത് കണ്ടെത്തി. കൈയില്‍ കെട്ടിയ റിസ്റ്റ് വാച്ച് മാത്രമായിരുന്നു പ്രിയ പുത്രിയെ തിരിച്ചറിയാനുള്ള രക്ഷിതാക്കളുടെ ഏക അടയാളം.
വേദവല്ലിയും ഭര്‍ത്താവ് ഡോ. ഹരാലേയും ഇതിനെതിരെ കേസ് ഫയല്‍ ചെയ്തു. കോടതി ആ പോസ്റ്റ് വേദവല്ലി ടീച്ചര്‍ക്ക് അവകാശപ്പെട്ടതാണെന്നു വിധിച്ചു. വൈകിയില്ല, ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു ദിവസം കുറേ ഗുണ്ടകള്‍ വീട്ടിലേക്ക് ഇരച്ചുകയറി. അവര്‍ വേദവല്ലി ടീച്ചറെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഹരാലേയെ പ്രതിയാക്കി പൊലീസ് കേസ് ഫയല്‍ ചെയ്തു. വര്‍ഷങ്ങളുടെ വിചാരണയ്ക്കു ശേഷം ഡോ. ഹരാലേ നിരപരാധിയാണെന്ന് കോടതി വിധിച്ചു. പിന്നീട് ഹരാലേ ധര്‍മസ്ഥലയില്‍ നിന്നില്ല. അയാള്‍ ബംഗളൂരുവിലേക്ക് താമസം മാറ്റി.
2012ലാണ് സൗജന്യ എന്ന വിദ്യാര്‍ഥിനി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു അവള്‍. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പുറപ്പെട്ട അവളെ ആരോ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ഈ സംഭവത്തെ തുടര്‍ന്ന് ജനം ഇളകി. അന്ന് സൗജന്യയ്ക്ക് നിയമസഹായത്തിനായി ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ആരംഭത്തിലുള്ള ഉശിര് എതിരാളികളുടെ ശക്തിക്കു മുന്നില്‍ പത്തി മടക്കി. എങ്കിലും ആ വീട്ടുകാര്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ടേയിരുന്നു. സൗജന്യയുടെ പ്രശ്‌നം ഒരു തലവേദനയായി മാറിയപ്പോള്‍ അഞ്ചു മാസം മുമ്പാണ് അവളുടെ അച്ഛനെ സ്ലോ പോയ്‌സന്‍ നല്‍കി ആരോ കൊലപ്പെടുത്തിയത്. എങ്കിലും ബീമയുടെ മൊഴിക്കു പിറകെ ഇന്ന് ഈ പ്രശ്‌നത്തിന് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
ഈ നാടിനെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു അനന്യ ഭട്ടിന്റേത്. അനന്യ മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ആയിരുന്നു. അവള്‍ ധര്‍മസ്ഥലയിലുള്ള സഹപാഠികളുടെ കൂടെ ക്ഷേത്രത്തില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ വന്നതായിരുന്നു. വൈകുന്നേരം കൂടെയുള്ളവര്‍ വസ്ത്രം മാറാന്‍ സ്വന്തം വീട്ടിലേക്ക് പോയപ്പോള്‍ അവള്‍ ക്ഷേത്രത്തിലിരുന്നു. പക്ഷേ, അവര്‍ തിരിച്ചുവന്നപ്പോള്‍ അവളെ കണ്ടില്ല. ഇന്നും അനന്യ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
സംഭവമറിഞ്ഞ് ഓടിയെത്തിയ അവളുടെ അമ്മ സുജാത ഭട്ട് ക്ഷേത്രാധികാരികളാല്‍ ക്രൂരമായി മര്‍ദിക്കപ്പെട്ട് നാലു മാസത്തോളം കോമയില്‍ ആയിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോഴേക്കും അമ്മയുടെ കൈയിലുള്ള സകല രേഖകളും നഷ്ടപ്പെട്ടിരുന്നു. സിബിഐയില്‍ സ്റ്റെനോഗ്രാഫറായിരുന്ന സുജാത ഭട്ട് കുറ്റക്കാരെ ശിക്ഷിക്കണമെന്നോ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നോ ആവശ്യപ്പെടാന്‍ അശക്തയാണ്. മകളുടെ ഒരു അസ്ഥിക്കഷണമെങ്കിലും കണ്ടെത്തി അവള്‍ക്ക് മരണാനന്തര ശുശ്രൂഷ നല്‍കുക എന്നതു മാത്രമാണ് ആ അമ്മയുടെ ആഗ്രഹം.

രണ്ടു നൂറ്റാണ്ടു മുമ്പ് ധര്‍മസ്ഥലയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ കഥ വേറെയുണ്ട്. ആ കുടുംബത്തിലെ അവസാന കണ്ണികളായിരുന്നു നാരായണനും യമുനയും. മുന്‍ഗാമികള്‍ കുടില്‍ കെട്ടി പാര്‍ത്ത രണ്ടേക്കര്‍ വനഭൂമിയില്‍ അവര്‍ അധ്വാനിച്ച് പൊന്ന് വിളയിച്ചു. കാലം കൊണ്ട് ഈ സ്ഥലത്തിന് നാരായണന്‍ പട്ടയവും സമ്പാദിച്ചിരുന്നു. ക്ഷേത്രത്തിലെ ആനകളെ പരിചരിക്കുന്ന പാപ്പാന്മാരായിരുന്നു അവര്‍. അതിനിടയ്ക്കാണ് ഈ ഭൂമിയിലൂടെ ബൈപാസ് റോഡിന് സ്ഥലം അക്വയര്‍ ചെയ്തത്.
ഈ പറമ്പ് നില്‍ക്കുന്ന സ്ഥലം അതോടെ കോടികള്‍ വിലമതിക്കുന്ന ഭൂമിയായി മാറി. ഹെഗ്‌ഡേ കുടുംബം ഇതില്‍ കണ്ണുവെച്ചു. അവര്‍ സ്വത്ത് തട്ടിയെടുക്കാനുള്ള ചതുരുപായങ്ങള്‍ മെനഞ്ഞു. നാരായണന്‍ വഴങ്ങിയില്ല. ഒടുവില്‍ 1994ല്‍ ഒരു രാത്രി നാരായണനെയും യമുനയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തി ഭൂമിയുടെ രേഖകള്‍ തട്ടിയെടുത്ത് അവിടെ ഒരു വമ്പന്‍ ഹോട്ടല്‍ പണിതു. ഇന്ന് ധര്‍മസ്ഥലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അയോധ്യ ഹോട്ടല്‍ ഈ ഭൂമിയിലാണ്.
നിരവധി മലയാളികളും ഇവരുടെ ആക്രമണങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. അതിലൊന്നാണ് കെ.ജെ ജോയിയുടെ കേസ്. അറുപത് വര്‍ഷം മുമ്പ് കേരളത്തിലെ കട്ടപ്പനയില്‍ നിന്ന് കുടിയേറിയതാണ് ജോയിയുടെ അച്ഛന്‍. അവര്‍ വര്‍ഷങ്ങളിലൂടെ അധ്വാനിച്ച് ആ മണ്ണില്‍ റബറും മറ്റ് കൃഷികളും വിളയിച്ചു. അവരുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം വിജയിക്കാതായപ്പോള്‍ 2018നു മുന്‍കൂട്ടി ക്രിയേറ്റ് ചെയ്ത ഒരു ആക്‌സിഡന്റിലൂടെ അയാളെ കൊലപ്പെടുത്തിയതാണ് കേസ്.
ജോയിക്കും കുടുംബത്തിനും ഇവിടെയുള്ള 50 ഏക്കര്‍ ഭൂമിയില്‍ 22 ഏക്കറിന് പട്ടയം ലഭിച്ചപ്പോള്‍, കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിക്ക് കേവലം 18 ലക്ഷം രൂപ മാത്രം വില നിശ്ചയിച്ച് ഭീഷണിപ്പെടുത്തി ഹെഗ്‌ഡേയുടെ ആളുകള്‍ എഴുതി വാങ്ങിച്ചു. വൈകാതെ ബാക്കി ഭൂമിക്കു കൂടി പട്ടയം ലഭിച്ചു. ഈ വിവരമറിഞ്ഞ് ഹെഗ്‌ഡേ ആളുകളെ വിട്ട്, ബാക്കി ഭൂമി തനിക്ക് അവകാശപ്പെട്ടതാണ്, രജിസ്റ്റര്‍ ചെയ്തുതരണം എന്നു ഭീഷണി മുഴക്കി. അതിന് വഴങ്ങില്ല എന്നു ബോധ്യപ്പെട്ടപ്പോഴാണ് ജോയി സഞ്ചരിച്ച മോട്ടോര്‍ ബൈക്കിനു പിറകില്‍ ട്രക്ക് ഇടിപ്പിച്ച് ഇദ്ദേഹത്തെ കൊന്നുകളഞ്ഞത്.
ജോയിയുടെ മകന്‍ ബാക്കി 28 ഏക്കര്‍ ഭൂമിയുടെ ഡോക്യുമെന്റുകള്‍ കൈയില്‍ പിടിച്ച് ധര്‍മസ്ഥലയിലെ പുതിയ പോരാട്ടവേദികളില്‍ സജീവമാണ്. കാസര്‍കോട്ടെ പത്മലത എന്ന കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത് 2014ലാണ്. പത്മലതയുടെ അച്ഛന്‍ ധര്‍മസ്ഥലയിലെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഹെഗ്‌ഡേയുടെ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനായി പത്രിക നല്‍കിയ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് മകള്‍ പത്മലതയെ വനത്തിലിട്ട് നിഷ്ഠുരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രണ്ടു മാസത്തിനു ശേഷം ഏതാനും അസ്ഥിത്തുണ്ടുകള്‍ മാത്രമായി പത്മലതയുടെ ശരീരം നേത്രാവതി തീരത്ത് കണ്ടെത്തി. കൈയില്‍ കെട്ടിയ റിസ്റ്റ് വാച്ച് മാത്രമായിരുന്നു പ്രിയ പുത്രിയെ തിരിച്ചറിയാനുള്ള രക്ഷിതാക്കളുടെ ഏക അടയാളം.
ഇതുപോലെ ആയിരത്തിലധികം വരുന്ന സമാന കൊലപാതകങ്ങള്‍. ഈ കൊലപാതകങ്ങളുടെ ചുരുളഴിയുമെന്ന് ആരും കരുതുന്നില്ല. നീതിയും നിയമവും കക്ഷത്തു വെച്ച് ഒരു നാട് അടക്കിവാഴുന്ന സമാന്തര അധികാരികളെ തളയ്ക്കാന്‍ ആര് ശ്രമിച്ചാലും അത് എത്രമാത്രം വിജയിക്കും എന്നതിന് ഒരു ഉറപ്പുമില്ല. കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) മാത്രമാണ് നേരിയ പ്രതീക്ഷ.