കേരളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണാലയങ്ങളും യുവതയുടെ ചിറകേറിയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സാന്നിധ്യമറിയിച്ചുതുടങ്ങിയത്.
ഇമാറാത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ എഴുത്തിന്റെയും വായനയുടെയും ഹൃദ്യമായ നിമിഷങ്ങള്‍ തീര്‍ക്കുന്ന മഹത്തായ പ്രവര്‍ത്തനമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. 2025 നവംബര്‍ 5 മുതല്‍ 16 വരെ 'നിങ്ങള്‍ക്കും ഒരു പുസ്തകത്തിനുമിടയില്‍' എന്ന തലക്കെട്ടിലാണ് മേള സംഘടിപ്പിച്ചത്.
25 വര്‍ഷത്തിലധികമായി യുവത ബുക്‌സ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിറസാന്നിധ്യമാണ്. കേരളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണാലയങ്ങളും യുവതയുടെ ചിറകിലേറിയാണ് ഷാര്‍ജയില്‍ സാന്നിധ്യമറിയിച്ചുതുടങ്ങിയതെന്ന് യുവതയുടെ മുന്‍കാല സാരഥികള്‍ ഓര്‍ത്തെടുക്കുന്നു.
യുഎഇ ഇസ്‌ലാഹി സെന്ററിന്റെ നിസ്വാര്‍ഥരായ പ്രവര്‍ത്തകരുടെ സഹായവും കര്‍മശേഷിയുമാണ് ഷാര്‍ജയില്‍ യുവതയുടെ പിന്‍ബലം. സംഘടന പ്രതിസന്ധി നേരിട്ട ഘട്ടത്തിലും യുവതയുടെ യശസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സജീവ സാന്നിധ്യമായി മാറാനും യുവതയ്ക്ക് സാധിച്ചിട്ടുണ്ട്.
ഐഎസ്എമ്മിന്റെ നേതൃപരമായ ഇടപെടലുകളും പ്രയത്നവും ഷാര്‍ജയില്‍ യുവതയുടെ പ്രഭ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതയുടെ 'അക്ഷരം' സുവനീര്‍ അക്ഷരനഗരിയില്‍ പ്രകാശിതമാവുന്നുണ്ട്. യുഎഇയിലെയും കേരളത്തിലെയും പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും രചനകള്‍ അക്ഷരത്തെ സമ്പുഷ്ടമാക്കുന്നു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ലോകത്തെ പ്രമുഖ പുസ്തകമേളകളില്‍ ഒന്നാണ്. ലോകമെമ്പാടുമുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും ഒന്നിച്ച് കൊണ്ടുവരുന്ന മഹോത്സവമാണത്. ഈ മേളയുടെ പ്രധാന ലക്ഷ്യം വായനയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുകയും വിവിധ ഭാഷകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും അറിവ് പങ്കുവെക്കുകയും ചെയ്യുക എന്നതാണ്.
നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍, എഴുത്തുകാര്‍, പുസ്തകപ്രേമികള്‍ എന്നിവര്‍ മേളയെ സജീവമാക്കുന്നു. മലയാള പുസ്തകങ്ങള്‍ക്കും ഈ മേളയില്‍ പ്രത്യേക സ്ഥാനമുണ്ട്. മലയാള പ്രസാധകരും എഴുത്തുകാരും അവരുടെ കൃതികളുമായി പങ്കെടുക്കുകയും, മലയാള സാഹിത്യത്തെ ലോക വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പുസ്തക മേഖലയും വായനാശീലം വളര്‍ത്തുന്ന വിവിധ പരിപാടികളും ഈ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ലോകപ്രശസ്ത എഴുത്തുകാരുടെ ചര്‍ച്ചകളും കവിതാവേദികളും സംസ്‌കാരിക പരിപാടികളും മേളയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
ലോകപ്രശസ്ത എഴുത്തുകാരുടെ ചര്‍ച്ചകളും കവിതാവേദികളും സാംസ്‌കാരിക പരിപാടികളും മേളയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
ഈ വര്‍ഷത്തെ യുവത ബുക്‌സിന്റെ അതിഥികളായി ഐഎസ്എം പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, ചരിത്രകാരന്‍ പരപ്പില്‍ മമ്മത് കോയ, യുവത സിഇഒ ഹാറൂന്‍ കക്കാട് തുടങ്ങിയ പ്രമുഖര്‍ എത്തിച്ചേര്‍ന്നു. അമ്പതോളം പുതിയ പുസ്തകങ്ങള്‍ ഇവിടെ പ്രകാശനം ചെയ്യപ്പെട്ടു.
യുവത അക്ഷരം സുവനീര്‍ 2025 പ്രകാശന ചടങ്ങില്‍ നിദ അന്‍ജൂം, ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്, ബഷീര്‍ തിക്കോടി തുടങ്ങിയവര്‍ പങ്കെടുത്തു. പരപ്പില്‍ മമ്മത് കോയ രചിച്ച 'കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം' എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് ഡോ. കെ കെ എന്‍ കുറുപ്പ് അഡ്വ. അബ്ദുല്‍ കരീം ബിന്‍ ഈദിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
വക്കം മൗലവിയുടെ 'മുസ്‌ലിം', 'വക്കം പി മുഹമ്മദ് മൈതീന്‍: മറഞ്ഞിരിക്കുന്ന മഹാപ്രതിഭ', 'വക്കം മൗലവിയുടെ സമ്പൂര്‍ണ കൃതികള്‍', എ ജമീല ടീച്ചറുടെ 'കഥ പറയുന്ന പാട്ടുകള്‍', കോന്നിയൂര്‍ രാഘവന്‍ നായരുടെ 'ദിവ്യദീപ്തി', അബ്ദുസ്സലാം സുല്ലമിയുടെ 'സഹീഹുല്‍ ബുഖാരി സമ്പൂര്‍ണ പരിഭാഷ', ഹാറൂന്‍ കക്കാടിന്റെ 'ഓര്‍മച്ചെപ്പ്', ഡോ. ജാബിര്‍ അമാനിയുടെ 'മധ്യ നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭകള്‍', ഹാസില്‍ മുട്ടില്‍ എഡിറ്ററായ 'വഖ്ഫ്: മതം രാഷ്ട്രീയം നിയമം' തുടങ്ങിയ പുസ്തകങ്ങള്‍ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
മേളയില്‍ ശ്രദ്ധേയമായ പവലിയന്‍ ഒരുക്കാന്‍ യുവതയ്ക്ക് സാധിച്ചിരിക്കുന്നു. പ്രമുഖരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ പോക്കറാട്ടില്‍ യുവത സ്റ്റാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാഹിത്യ-രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍ യുവത സ്റ്റാള്‍ സന്ദര്‍ശിച്ചു.
പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ പുസ്തകമേള സന്ദര്‍ശിക്കുന്നതും യുവത സ്റ്റാളില്‍ സാധിക്കുന്നത്ര സമയം ചെലവഴിക്കുന്നതും പതിവു കാഴ്ചയായിരുന്നു. സൗഹൃദങ്ങളെ പരസ്പരം കണ്ണി ചേര്‍ക്കാന്‍ സാധിക്കുന്ന മികച്ച സാംസ്‌കാരിക ഇടമായി ഷാര്‍ജ പുസ്തകോത്സവം മാറിയിട്ടുണ്ട്.
