മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വായനയും എഴുത്തും സൂചിപ്പിച്ചത് യഥാര്‍ഥ മനുഷ്യനാവാന്‍ വേണ്ടിയാണെന്ന ബോധ്യം വിശ്വാസികള്‍ക്ക് ഉണ്ടാവണം.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമാണ് നിങ്ങള്‍ക്കും ഒരു പുസ്തകത്തിനും ഇടയില്‍ എന്നത്. മുഹമ്മദ് നബി(സ)ക്ക് ആദ്യമായി അവതരിച്ച വചനങ്ങള്‍ വായനയെക്കുറിച്ചാണ്. യാതൊരു അറിവും നല്‍കപ്പെടാതെയാണല്ലോ മനുഷ്യന്‍ ഭൂമിയില്‍ പിറന്നുവീഴുന്നത്.
കണ്ണും കാതും ഹൃദയവും നല്‍കി അറിവും ജ്ഞാനവും നേടാന്‍ സൗകര്യപ്പെടുത്തിയത് സ്രഷ്ടാവ് തന്നെയാണ്. എഴുത്തും വായനയും നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആദ്യമായി അവതീര്‍ണമായ വചനങ്ങളില്‍ വായനയുടെ കൂടെത്തന്നെ പേനയെപ്പറ്റി പറയുന്നതിന്റെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയണം.
മനുഷ്യന്റെ ബുദ്ധിപരമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന വായന കേവലം മാനസിക ഉല്ലാസത്തിനു മാത്രമല്ല, മനുഷ്യന്റെ ധാര്‍മിക മൂല്യങ്ങളെ തിരിച്ചറിഞ്ഞ് സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെ മനസ്സിലാക്കി ഭൂമിയിലുള്ള ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞു സ്രഷ്ടാവിനോട് വഴിപ്പെടാനും അവനെ ആരാധിക്കാനും അനുസരിക്കാനും വേണ്ടിയാണ്.
മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വായനയും എഴുത്തും സൂചിപ്പിച്ചത് യഥാര്‍ഥ മനുഷ്യനായിത്തീരാന്‍ വേണ്ടിയാണെന്ന ബോധ്യം വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ഖുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേരു തന്നെ പേന എന്നാണ്. പേന കൊണ്ട് സത്യം ചെയ്താണ് ആ അധ്യായം ആരംഭിക്കുന്നത്.
മനുഷ്യനെ അവന്‍ പഠിപ്പിച്ചത് പേന കൊണ്ടാണ്. അറിവിന്റെ ആഴത്തിനനുസരിച്ചാണ് മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ മാറുന്നത്. ഖുര്‍ആനില്‍ 'അറിവുള്ളവനും അറിവില്ലാത്തവനും സമമാവുകയില്ല' എന്നു പറയുന്നുണ്ട്. അറിവ് നേടാനുള്ള ഒരുപാധി വായനയെ കൂട്ടുപിടിക്കലാണ്. മനുഷ്യ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വികാസത്തിനു പിന്നില്‍ വായനയ്ക്ക് വലിയ പങ്കുണ്ട്.
വായനയും തിരിച്ചറിവുമില്ലാത്ത മനുഷ്യന്റെ ചിന്തയും കാഴ്ചപ്പാടും നിഷേധാത്മക പ്രവണത വെളിവാക്കും. യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇത്തരം ആളുകള്‍ക്ക് മടിയാകും. കേവല വായന കൊണ്ട് നിഷേധാത്മക ചിന്തകളെ മറികടക്കാനാവില്ല, മറിച്ച്, ആഴത്തിലുള്ള മനനത്തില്‍ ഊന്നിയ വായനയാണ് വേണ്ടത്.
ചിന്തയ്ക്ക് സ്ഥാനം കൊടുക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ പഠിക്കാനും ചിന്തിക്കാനും തയ്യാറാകാത്തതുകൊണ്ടാണ് പലരും ഇസ്‌ലാമിക വിശ്വാസത്തെ ആക്രമിക്കാന്‍ മുതിരുന്നത്. ജാഹിലിയ്യാ കാലം എന്നറിയപ്പെട്ട ആറാം നൂറ്റാണ്ടിന്റെ തുടക്കം വരെ മനുഷ്യത്വത്തിന് വില കല്‍പിക്കാത്ത, കാടന്‍ നിയമവുമായി ആളുകളെ അടിച്ചമര്‍ത്തുന്ന, സ്ത്രീസമൂഹത്തിന് യാതൊരു വിലയും കല്‍പിക്കാത്ത സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിച്ചത് വിശുദ്ധ ഖുര്‍ആന്‍ അവരില്‍ നേടിയ സ്വാധീനം കൊണ്ടാണ്. അത് ആ വചനങ്ങളെ മനസ്സിലാക്കിയെടുത്തതിലൂടെ മാത്രം സംഭവിച്ചതുമാണ്.
ലോകത്ത്, കരുത്തുറ്റ ഒരുപാട് സ്വഭാവവിശേഷങ്ങളുള്ള, മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകം കഴിവുകളുള്ള ജീവജാലങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യന്‍ നേടിയെടുക്കുന്നത് എഴുത്തിന്റെയും വായനയുടെയും സഹായത്താലാണ്. കാതും കണ്ണും ഹൃദയവും വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ആളുകള്‍ മൃഗത്തേക്കാള്‍ അധഃപതിച്ചവരാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.
കഥകള്‍ പങ്കുവെക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പുസ്തകങ്ങള്‍ ചെയ്യുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഈ പ്രമേയം.
ഒരു മനുഷ്യനായി മാറണമെങ്കില്‍ അവന്റെ ജീവിതത്തില്‍ എപ്പോഴും എഴുത്തും വായനയും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറണം. ഷാര്‍ജ ഭരണാധികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 44 വര്‍ഷമായി സംഘടിപ്പിച്ചുവരുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്‌ഫെയര്‍ സമാപിച്ചത് വലിയൊരു വായനാലോകം തുറന്നിട്ടായിരുന്നു.
Between You and a Book എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയമായി സ്വീകരിച്ചത്. വായനക്കാരനും പുസ്തകവും തമ്മിലുള്ള ആഴമേറിയതും വ്യക്തിപരവുമായ ബന്ധത്തെയാണ് ഈ സന്ദേശം അടിവരയിടുന്നത്.
ഷാര്‍ജ ബുക് അതോറിറ്റി സിഇഒ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു: 'എഴുതിയ വാക്കുമായുള്ള ഓരോ വായനക്കാരന്റെയും ഇടപെടല്‍ അവരുടെ സ്വന്തം ജീവിതകഥയുടെ ഭാഗമായിത്തീരുന്നു. അവര്‍ ആരാണെന്നും അവര്‍ വഹിക്കുന്ന ലോകത്തെയും വെളിപ്പെടുത്തുന്നു.'
കഥകള്‍ പങ്കുവെക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പുസ്തകങ്ങള്‍ ചെയ്യുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് ഈ പ്രമേയം. വായനക്കാര്‍ക്ക് സ്വന്തത്തെ കണ്ടെത്താന്‍ അത് സഹായിക്കുന്നു. 118 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 2350 പ്രസാധകര്‍ ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുത്തു. യുവത ബുക് ഹൗസ് വര്‍ഷങ്ങളായി ഷാര്‍ജ പുസ്തകോത്സവത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
