സകാത്തിന്റെ സാമ്പത്തികശാസ്ത്രം; ഇസ്‌ലാം ലോകത്ത് ഒരു സാധ്യതയാണ്

കെ പി ഖാലിദ്

ആവശ്യങ്ങള്‍ക്ക് വരുമാനം ഉയരാതിരിക്കുന്ന സാധാരണക്കാരുടെ പരിമിതികളിലേക്ക്, ഉയര്‍ന്നുവരുന്ന വരുമാനമുള്ളവരില്‍ നിന്ന് നിശ്ചിത അളവില്‍ ചെറിയൊരു വിഹിതം ചെലവഴിക്കപ്പെടേണ്ടത് നിര്‍ബന്ധമാണ് എന്നതാണ് സകാത്തിനു പിന്നിലെ സാമ്പത്തിക പ്രത്യയശാസ്ത്രം.

പ്രശസ്ത ചിന്തകന്‍ ഹസനുല്‍ ബസ്വരി പറഞ്ഞു: ''വിടപറഞ്ഞു പോകുമ്പോള്‍ മനുഷ്യനെ ഏറ്റവും സന്തോഷിപ്പിച്ചു കൊണ്ടുപോകുന്ന ഒന്നാണ് പണം.'' ധനം ക്രയവിക്രയം ചെയ്യുമ്പോഴാണ് അത് കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായി മാറുന്നത്. മനുഷ്യന്റെ ജീവിതത്തില്‍ പണത്തിന് ആത്യന്തം പ്രാധാന്യം വരുന്നതും അതിന്റെ ക്രയവിക്രയത്തിലൂടെ അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതുകൊണ്ടാണ്.

മനുഷ്യന്റെ ആവശ്യങ്ങള്‍ നിര്‍ബന്ധിതം, സൗകര്യപ്രദം, ആഡംബരം എന്നീ മൂന്നു തലങ്ങളില്‍ അധിഷ്ഠിതമാണ്. ചിലരുടെ നിര്‍ബന്ധിത ആവശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ആഡംബരമായി മാറാം. വിവിധ ദേശങ്ങളില്‍ വിവിധ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്ന, തിരക്കുപിടിച്ച ഷെഡ്യൂളുള്ള ഒരു ബിസിനസുകാരന് വരുമാനമനുസരിച്ച് ഹെലികോപ്റ്റര്‍ ചിലപ്പോള്‍ നിര്‍ബന്ധിതമായ ആവശ്യമാകുമ്പോള്‍ സാധാരണ ഒരു ചെറിയ കച്ചവടക്കാരന് അത് ആഡംബരമാകുന്നു.

പണം സമ്പാദിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും നിര്‍ബന്ധിതമാക്കുന്നതും അവന്റെ ആവശ്യങ്ങള്‍ക്ക് അത് ഒഴിവാക്കാനാവാത്ത ഘടകമായതിനാലാണ്. എന്നാല്‍ അത് സമ്പാദിക്കുന്നിടത്ത് മനുഷ്യര്‍ക്കിടയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ഈ ഏറ്റക്കുറച്ചിലുകളാണ് സമൂഹത്തിന്റെ നിലനില്‍പിന് ആധാരമായി മാറുന്നത്.

ധനികരും ദരിദ്രരും കൂലിക്കാരുമെല്ലാം സമൂഹത്തിന്റെ നിര്‍ണായകമായ ചലനങ്ങള്‍ക്ക് നിദാനമാകുന്നു. എല്ലാവരും ദരിദ്രരാവുകയോ അതല്ലെങ്കില്‍ എല്ലാവരും ധനികരാവുകയോ ചെയ്യുന്ന ഒരവസ്ഥ സാമൂഹിക ഘടനയെ കീഴ്‌മേല്‍ മറിക്കുക തന്നെ ചെയ്യും. ധനികര്‍ മാത്രമാകുന്ന ഒരു സമൂഹത്തില്‍ ഉത്പാദനമുണ്ടാവില്ല.

തൊഴിലിന് ആളില്ലാതെ എന്ത് ഉത്പാദനമാണുണ്ടാവുക? തൊഴിലാളികള്‍ മാത്രമാവുന്ന കമ്യൂണിസ്റ്റ് സാമൂഹിക വ്യവസ്ഥിതി തകര്‍ന്നുപോയത് (മാവോ സേതുങിന്റെ സാംസ്‌കാരിക വിപ്ലവം ഉദാഹരണം) അവിടെ തൊഴിലുടമയുടെ രൂപം ഭരണാധികാരി എടുത്തണിഞ്ഞതിനാലാണ്. കടുത്ത ഏകാധിപത്യ ഭരണാധികാരികളെ സൃഷ്ടിക്കാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂ.

മനുഷ്യന്റെ സാമ്പത്തിക നില ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാക്കിയത് സ്രഷ്ടാവാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യന്റെ നിലനില്‍പ് ഈ ഏറ്റക്കുറച്ചിലുകള്‍ക്കു പിന്നില്‍ അല്ലാഹു താങ്ങിനിര്‍ത്തിയിരിക്കുന്നു.

സാമ്പത്തിക ആവശ്യങ്ങള്‍ കുറവുള്ള ആളുകള്‍ സമ്പാദനത്തിനായി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ ഉത്പാദനവും സേവനവും ലഭ്യമാവുന്നു. ധനപരിമിതിയുള്ളവനും ധനസമൃദ്ധിയുള്ളവനും എങ്ങനെയാണ് സമൂഹത്തില്‍ അവന്റെ സാന്നിധ്യം അറിയിക്കുന്നത് എന്നത് ദൈവിക വിശകലനത്തിനു വിധേയമാകുന്നു എന്നതാണ് ഇസ്‌ലാമിക വിശ്വാസം.

ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുന്ന മനുഷ്യര്‍ വലിയൊരു വിഭാഗം വരുമാനവും ചെലവും ഒത്തുപിടിച്ചുപോകുന്നവരാണ്. ഇവരുടെ അധ്വാനം സമ്പദ്‌വ്യവസ്ഥയില്‍ ഉത്പാദനമായും സേവനമായും പരിവര്‍ത്തിക്കപ്പെടുമ്പോള്‍ സാമ്പത്തിക മേഖല പുഷ്‌കലമാവുകയും സംരംഭകനും കര്‍ഷകനുമൊക്കെ നല്ല വരുമാനത്തിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു.

ആവശ്യങ്ങള്‍ക്ക് അപ്പുറത്ത് വരുമാനം ഉയരാതിരിക്കുന്ന സാധാരണക്കാരുടെ പരിമിതികളിലേക്ക്, ഉയര്‍ന്നുവരുന്ന വരുമാനമുള്ളവരില്‍ നിന്ന് നിശ്ചിത അളവില്‍ ചെറിയൊരു വിഹിതം ചെലവഴിക്കപ്പെടേണ്ടത് നിര്‍ബന്ധമാണ് എന്നതാണ് സകാത്തിനു പിന്നിലെ സാമ്പത്തിക പ്രത്യയശാസ്ത്രം. കൃത്യമായി ഇതു നിര്‍വഹിക്കുന്ന ഈ ഭൂമിയിലെ ഏക മതം ഇസ്‌ലാമാണ്. അതുകൊണ്ടുതന്നെ സകാത്തിന്റെ സാമ്പത്തിക സൗകുമാര്യതകള്‍ ധനതത്വശാസ്ത്രത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തി തനിക്കു ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് സകാത്ത് നിര്‍വഹിക്കാന്‍ തുടങ്ങുമ്പോള്‍ അര്‍ഹരായവരെ കണ്ടെത്തുക എന്നത് ദുഷ്‌കരമായ പ്രവൃത്തിയാണ്. ഇസ്‌ലാമിക ഭരണകൂടങ്ങള്‍ അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ രൂപത്തില്‍ ഭരണമേഖലയില്‍ തന്നെ സകാത്ത് പിരിച്ചെടുക്കുകയും അര്‍ഹരായവരെ കണ്ടെത്തി വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

നമ്മുടെ നാടുകളില്‍ മഹല്ല് സംവിധാനങ്ങള്‍, സംഘടനാ സംവിധാനങ്ങള്‍ വഴിയൊക്കെ സകാത്തിന്റെ വിതരണം നടന്നുവരുന്നു. ഇതുവഴി നാടിന്റെ സാമ്പത്തിക മേഖലകള്‍ക്ക് അദൃശ്യമായ ചലനാത്മകതയാണ് സകാത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാന മാര്‍ഗങ്ങള്‍, പാര്‍പ്പിടങ്ങള്‍, തൊഴില്‍പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ സകാത്ത് അദൃശ്യമായ പുഷ്ടീകരണമാണ് നടത്തിയിട്ടുള്ളതും നടത്തിക്കൊണ്ടിരിക്കുന്നതും.

ക്രയവിക്രയം

ധനികരില്‍ നിന്ന് ദരിദ്രരിലേക്ക് എത്തുന്ന സകാത്ത് സമ്പദ്ഘടനയുടെ തായ്‌വേരിലാണ് വളം നല്‍കുന്നത്. പണം ലഭിക്കുന്നവര്‍ വിവിധ മേഖലകളില്‍ വീണ്ടും നടത്തുന്ന ചെലവുകളും നിക്ഷേപങ്ങളും സമ്പദ്ഘടനയെ സക്രിയമാക്കുകയും ഡിമാന്റ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വിപണികളും കമ്പോളങ്ങളും ഡയനാമിക് ഇക്കോണമിയായി പരിവര്‍ത്തിക്കപ്പെടുകയും സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ലാഭകരമായ കണക്കുപുസ്തകങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. ഈ ലാഭം വീണ്ടും സകാത്തിനെ സൃഷ്ടിച്ചെടുക്കുന്നു.

ദാരിദ്ര്യം കൊണ്ട് ജീവിതം വഴിമുട്ടിപ്പോകുന്ന ആരും പ്രവാചകാനന്തരം മദീനയില്‍ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ചരിത്രം പറയുന്നുണ്ട്. സകാത്ത് വാങ്ങിയിരുന്നവര്‍ സകാത്ത് നല്‍കുന്ന ഒരു സാമൂഹിക ഘടനയിലേക്ക് ഒരു രാജ്യം നടന്നടുത്ത അനിതരസാധാരണമായ പരിവര്‍ത്തനമായിരുന്നു അത്.

ലോകത്തിന്റെ വികസനത്തിന്റെ സാധ്യതകളും സൗകര്യങ്ങളും അനുഭവിക്കുന്ന ഓരോ മനുഷ്യനും അവന്‍ സമ്പാദിക്കുന്നതില്‍ നിന്നൊക്കെ സഹജീവികളുടെ അവശതകളിലേക്ക് സ്വന്തം സമ്പത്തിന്റെ ഓഹരികള്‍ നല്‍കേണ്ടതുണ്ട്.

സകാത്ത് കൃത്യമായ രീതിയിലും സംഘടിതമായും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഒരു ഭരണസംവിധാനത്തില്‍ നിന്നാണ് ഇത്തരമൊരു സാമൂഹിക സുരക്ഷ സംജാതമായത്. അതുകൊണ്ടുതന്നെ സകാത്തിന്റെ ശേഖരണവും വിതരണവും ഒരു സംഘടിത ശേഷിയുടെ പിന്നില്‍ ഒരുക്കിനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ഒരു വ്യക്തിക്കു നേരിട്ടു നല്‍കാന്‍ കഴിയാത്ത പലതും രണ്ടോ മൂന്നോ വ്യക്തികളുടെ സകാത്തുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒരു സംഘടിത സംവിധാനത്തിന് സാധ്യമാകുന്നു.

ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കാന്‍ ചിലപ്പോള്‍ ഒരു വ്യക്തിയുടെ സകാത്തിന് സാധിച്ചെന്നു വരില്ല. എന്നാല്‍ രണ്ടോ മൂന്നോ വ്യക്തികളുടെ സകാത്ത് ഒരു കുടുംബത്തിന്റെ ജീവിതായോധനത്തിന് ഹേതുവാകുന്നു എന്നതാണ് ഇതിലെ മെച്ചം.

സകാത്ത് സാമ്പത്തിക മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള നിരവധി സാധ്യതകളെ നമുക്കു മുന്നില്‍ തുറന്നിട്ടുണ്ട്. സ്വയംതൊഴില്‍ സംരംഭം മുതല്‍ തൊഴില്‍ദായകരെ വരെ അത് സൃഷ്ടിച്ചെടുക്കുന്നു. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകള്‍ സകാത്തിന്റെ തണലില്‍ ലോകത്ത് സ്വന്തം പാര്‍പ്പിടങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറിയിട്ടുണ്ട്.

ഭവനനിര്‍മാണം

നമ്മുടെ നാടുകളില്‍ സര്‍ക്കാരുകള്‍ നടത്തിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികളില്‍ സകാത്തിന്റെ സാന്നിധ്യമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ നിരവധി ഗുണഭോക്താക്കള്‍ക്ക് അത് ആശ്വാസമാകുമെന്ന് ഉറപ്പാണ്. ഉദാഹരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിര്‍മാണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം നിര്‍മാണങ്ങളില്‍ ഭൂമിയും നിര്‍മാണത്തിന്റെ നാലിലൊന്നും ഉടമസ്ഥര്‍ ചെലവഴിക്കുകയാണെങ്കില്‍ ബാക്കി തുകയുടെ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.

ഇത്തരം പദ്ധതികളില്‍ ചുരുങ്ങിയ അളവിലുള്ള ഭൂമിക്കും വീടുകളുടെ അടിത്തറ പാകാനും മാത്രമായി സകാത്ത് ഫണ്ടുകള്‍ സംഘടിത മഹല്ലുകളില്‍ നിന്നോ സംസ്ഥാനതലങ്ങളിലോ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ചെറിയ വീടുകളുടെ നിര്‍മാണത്തിനു ബാക്കി തുക നിര്‍മാണത്തിനിടയില്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ ഗുണഭോക്താവിനു നല്‍കുന്നതാണ്. വലിയൊരു സാമൂഹിക ഉത്തരവാദിത്തത്തിന്റെ അനിതരസാധാരണമായ പൂര്‍ത്തീകരണം ഇതിലൂടെ സകാത്ത് സാധിച്ചെടുക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

ചികിത്സാമേഖല

ആതുരചികിത്സയുടെ മേഖല അതികഠിനമായ ജീവിതപ്രശ്‌നങ്ങളും വായ്പാബാധ്യതകളുമാണ് നമ്മുടെ നാടുകളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംഘടിത സകാത്തിന്റെ വിതരണം ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയില്‍ വിതരണം ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. വൃക്കയോ കരളോ മാറ്റിവെക്കേണ്ടിവരുന്ന രോഗികള്‍ക്ക് രോഗം സൃഷ്ടിക്കുന്നത് വലിയൊരു കടമാണ്. ചികിത്സയ്ക്കു ശേഷം രോഗിയുടെ കുടുംബം പലപ്പോഴും ഭവനരഹിതരോ നിസ്സഹായരോ ആയി മാറുന്നു.

മാറ്റിവയ്ക്കാനുള്ള അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ക്കും ആശുപത്രികളില്‍ അടയ്‌ക്കേണ്ട തുക വലിയൊരു പ്രശ്‌നമാണ്. ഒരു വ്യക്തിയുടെ സകാത്തില്‍ നിന്ന് പലപ്പോഴും ഒരു ചികിത്സ സാധ്യമാവാത്ത അവസ്ഥയാണ്. ഇങ്ങനെ വരുന്ന അവസരങ്ങള്‍ സംസ്ഥാനതലത്തില്‍ ഒരു സകാത്ത് ഫണ്ടിന് ആശുപത്രികളുമായി ചേര്‍ന്ന് ഒരു വിനിയോഗരീതി സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ചില മുസ്‌ലിം സംഘടനകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഇസ്ലാമിനോടുള്ള സംശയങ്ങളും വിദ്വേഷവും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ ആശ്ലേഷിക്കുന്നതില്‍ നിന്ന് ഇപ്പോഴും പടിഞ്ഞാറിനെയും ലോകശക്തികളെയും അകറ്റിനിര്‍ത്തുന്നുണ്ട്.

ദാരിദ്ര്യവും കഷ്ടതകളും സ്രഷ്ടാവ് മനുഷ്യന് നല്‍കിയിരിക്കുന്നത് നിയതമായ ഒരു സാമൂഹിക ചലനത്തിലൂടെ ജീവിതം ഭൂമിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ്. ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ അധ്വാനിക്കുന്ന മനുഷ്യനാണ് ആകാശസീമകളെ പോലും കടന്നുചെല്ലുന്ന സ്‌പേസ് ഷട്ടിലുകള്‍ പോലും സൃഷ്ടിച്ചെടുക്കാന്‍ അവനെ പ്രാപ്തനാക്കിയത്. ലോകത്തിന്റെ വികസനത്തിന്റെ സാധ്യതകളും സൗകര്യങ്ങളും അനുഭവിക്കുന്ന ഓരോ മനുഷ്യനും അവന്‍ സമ്പാദിക്കുന്നതില്‍ നിന്നൊക്കെ സഹജീവികളുടെ അവശതകളിലേക്ക് സ്വന്തം സമ്പത്തിന്റെ ഓഹരികള്‍ നല്‍കേണ്ടതുണ്ട്.

ചൈനയിലെ മാവോ സേതുങ് ഭരണകൂടം 1966ല്‍ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം സമ്പത്തിന്റെ ഏകീകരണമായിരുന്നു ഉദ്ദേശിച്ചത്. സ്വകാര്യ സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാരിനു നല്‍കി സര്‍ക്കാര്‍ നല്‍കുന്ന പാര്‍പ്പിടങ്ങളിലേക്ക് ജനങ്ങള്‍ മാറേണ്ടതായി വന്നു. പണമുള്ളവനും പണമില്ലാത്തവനും ഭവനങ്ങള്‍ ഉണ്ടായി. എല്ലാവരും തൊഴിലെടുക്കുന്നവരായി. എന്നാല്‍ പണിയെടുപ്പിക്കുന്ന മറ്റൊരു വിഭാഗം ഉയര്‍ന്നുവന്നു. കമ്യൂണിസം വിഭാവനം ചെയ്യുന്ന ഏകമുഖമുള്ള സമ്പദ്‌വ്യവസ്ഥ ചൈനീസ് സമൂഹത്തെ ഭയാനകമായ ആന്തരിക സംഘര്‍ഷത്തിലേക്കാണ് എത്തിച്ചത്.

വളരെ പാടുപെട്ടാണ് ചൈന അതില്‍ നിന്നു കരകയറിയത്. ഇന്ന് ചൈനയില്‍ മുതലാളിയും തൊഴിലാളിയും ഉള്ള സമൂഹമാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പലിശയടക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യവും സ്തംഭനങ്ങളും മനുഷ്യന്റെ വികലമായ കാഴ്ചപ്പാടുകളുടെ ഭവിഷ്യത്താണ്. ഇസ്‌ലാം വ്യക്തവും ആരോഗ്യകരവുമായ സമ്പദ്‌വ്യവസ്ഥ ലോകത്തിന് വിഭാവനം ചെയ്യുന്നു.

ഓഹരിവിപണികളിലെ ഡേ ട്രേഡിങുകളിലെ ചൂതും ഊഹക്കച്ചവടവും ലോക സമ്പദ്‌വ്യവസ്ഥയെ ഇന്ന് വിറപ്പിച്ചുനിര്‍ത്തുന്നു. പണം വെച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന യാതൊന്നും ലോക സാമ്പത്തിക ഘടനയ്ക്ക് അനുകൂലമല്ല. ഇസ്ലാമിനോടുള്ള സംശയങ്ങളും വിദ്വേഷങ്ങളും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ ആശ്ലേഷിക്കുന്നതില്‍ നിന്ന് ഇപ്പോഴും പടിഞ്ഞാറിനെയും ലോകശക്തികളെയും മാറ്റിനിര്‍ത്തുന്നുണ്ട്.