ഒ എസ് നമ്പര്‍ 53/1967 കേസിന്റെ വിധിയില്‍ മുനമ്പത്തെ 2115/1950 ആധാരത്തിലുള്ള ഭൂമി വഖഫാണെന്ന് പറവൂര്‍ കോടതി 1971 സപ്തംബര്‍ 12ന് വിധിക്കുകയുണ്ടായി. തുടര്‍ന്ന് സ്വത്തുക്കള്‍ റിസീവര്‍ ഭരണത്തിലേക്ക് മാറ്റുകയായിരുന്നു.
കേരള ഹൈക്കോടതിയും പറവൂര്‍ കോടതിയും വഖഫ് സ്വത്താണെന്ന് അംഗീകരിച്ച, വ്യക്തമായ വഖഫ് ആധാരമുള്ള മുനമ്പത്തെ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥാനത്തില്‍ അഡ്വ. എം വി പോള്‍ പലര്‍ക്കായി മറിച്ചു വില്‍പന നടത്തി എന്നതാണ് നിലവിലുള്ള മുനമ്പം തര്‍ക്കങ്ങളുടെ അടിസ്ഥാനം.
ഒരിക്കല്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ എല്ലാ കാലത്തേക്കുമുള്ള വഖഫ് ആണെന്നത് പൊതുനിയമമാണ്. 1913ലെ മുസല്‍മാന്‍ വഖഫ് വാലിഡേറ്റിംഗ് ആക്ട് മുതല്‍ അതിന് നിയമപരമായ പ്രാബല്യമുണ്ട്. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലും ആധാരത്തിലും വഖഫ് എന്ന് രേഖപ്പെടുത്തിയ ഭൂമിയാണ് മുനമ്പത്തേത്.
എന്നാല്‍ 1998ല്‍ ഫാറൂഖ് കോളെജ് അഡ്വ. എം വി പോളുമായി ഉണ്ടാക്കിയ കരാറില്‍ ഈ ഭൂമി മുഹമ്മദ് സിദ്ദീഖ് സേട്ടില്‍ നിന്ന് ഫാറൂഖ് കോളെജിന് ദാനാധാരം ലഭിച്ചതാണെന്ന തെറ്റായ രേഖയുണ്ടാക്കി. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള, നിലവില്‍ സര്‍ക്കാര്‍ പോക്കുവരവും നികുതിയൊടുക്കലും റദ്ദാക്കിയിട്ടുള്ള ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.
മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളെജ് ഇസ്ലാമിക ആദര്‍ശ പ്രകാരം നടക്കുമെന്ന വിശ്വാസത്തില്‍ തന്റെ ആത്മശാന്തിക്കു വേണ്ടി വഖഫ് ചെയ്ത സ്വത്തുക്കള്‍ നിലവിലെ കമ്മിറ്റി ഭാരവാഹികളില്‍ ചിലര്‍ ചേര്‍ന്ന് വില്‍പന നടത്തിയ നടപടിയെ പക്ഷെ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗീകരിച്ചില്ല എന്നതാണ് വസ്തുത.
2019 മെയ് 20ന് സയ്യിദ് റഷീദലിയുടെ (പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍) അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം വാഖിഫായ സിദ്ദീഖ് സേട്ടിന്റെ മകന്‍ നസീര്‍ സേട്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഇ പി 685/2008 കേസില്‍ ഇങ്ങനെ തീരുമാനമെടുത്തു:
''വഖഫ് ബോര്‍ഡ് ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം വഖഫ് ആക്ടിന്റെ സെക്ഷന്‍ 36 പ്രകാരം ഫാറൂഖ് കോളെജ് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന് അപേക്ഷ നല്‍കേണ്ടതാണ്. അക്കാര്യത്തില്‍ കോളെജ് വീഴ്ച വരുത്തുന്ന പക്ഷം 2115/1950 ആധാര പ്രകാരമുള്ള സ്വത്തുക്കള്‍ കോളെജിനെ മുതവല്ലിയാക്കി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നതാണ്.
വാങ്ങുന്ന ഭൂമിയുടെ ആധാരം ബന്ധപ്പെട്ടവര്‍ വായിച്ചില്ല, രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച കുഴപ്പിള്ളി സബ് രജിസ്ട്രാറും വായിച്ചില്ല എന്നിവ ദുരൂഹതകള്‍ സൃഷ്ടിക്കുന്നു. ബോധപൂര്‍വം വ്യാജരേഖ നിര്‍മിച്ചുള്ള ഭൂമി തട്ടിപ്പാണ് മുനമ്പത്ത് നടന്നത്.
ഫാറൂഖ് കോളെജിന്റെ പക്കല്‍ അവശേഷിക്കുന്ന സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്വീകരിക്കേണ്ടതും, വഖഫ് ബോര്‍ഡിന്റെ അനുമതിയോടു കൂടിയല്ലാതെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ വഖഫ് ആക്ടിന്റെ സെക്ഷന്‍ 52, 54 പ്രകാരം തിരിച്ചെടുക്കേണ്ടതുമാകുന്നു.''

നിയമജ്ഞനും പൊതുപ്രവര്‍ത്തകനുമായിരുന്ന അഡ്വ. എം വി പോള്‍, കരാര്‍ എഴുതിത്തയ്യാറാക്കിയ പി വി പ്രേമചന്ദ്രന്‍ ഫറോക്ക് എന്നിവര്‍ ഫാറൂഖ് കോളെജിന്റെ പേരിലുള്ള വഖഫ് ആധാരം വായിക്കാതെ കരാര്‍ എഴുതിയെന്നത് വിശ്വസിക്കാന്‍ വയ്യ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഫാറൂഖ് കോളെജിന് വേണ്ടി അഡ്വ. എം വി പോള്‍ ഭൂമി വിറ്റ് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭൂമി വാങ്ങിയ ആളുകള്‍ വാങ്ങുന്ന ഭൂമിയുടെ ആധാരം അഥവാ വഖഫ് ആധാരം വായിച്ചില്ല, രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച അന്നത്തെ കുഴപ്പിള്ളി സബ് രജിസ്ട്രാറും അത് വായിച്ചില്ല എന്നിവയെല്ലാം ദുരൂഹതകള്‍ സൃഷ്ടിക്കുന്നതാണ്. അതായത് ബോധപൂര്‍വം വ്യാജരേഖ നിര്‍മിച്ചുള്ള ഭൂമി തട്ടിപ്പാണ് മുനമ്പത്ത് നടന്നിട്ടുള്ളത്.
അതിന് അന്നത്തെ ഫാറൂഖ് കോളെജ് ഭാരവാഹികളില്‍ ചിലരും ഉദ്യോഗസ്ഥരും ഭൂമി വാങ്ങിയ ആളുകളും കൂട്ടു നിന്നു. അങ്ങനെ ഭൂമി വാങ്ങിയ ആളുകള്‍ പലര്‍ക്കായി അത് കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു എന്നതാണ് മുനമ്പത്തെ വസ്തുത. വ്യക്തികളെ കബളിപ്പിച്ച് ഭൂമി വിറ്റത് അഡ്വ. എം വി പോള്‍ ആണ്.
1967ല്‍ പറവൂര്‍ കോടതിയിലുള്ള കേസില്‍ മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വിധിച്ചിട്ടുള്ളതാണ്. അക്കാര്യം ഹൈക്കോടതി ശരിവെച്ചിട്ടുമുണ്ട്. ജുഡിഷ്യല്‍ അധികാരങ്ങളുള്ള 2019ലെ വഖഫ് ബോര്‍ഡിന്റെ ഉത്തരവിലും മുനമ്പം വഖഫ് ഭൂമിയാണ്. കോടതി വിധികളുടെ കൂടി അടിസ്ഥാനത്തിലാണ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിട്ടിട്ടുള്ളത്.