ഇലക്ഷന്‍ കമ്മിഷന്റെ 'നിഷ്പക്ഷ' ശുദ്ധീകരണം കോടികളെ വെട്ടിമാറ്റുമ്പോള്‍

സോയ ഹസന്‍

ബിഹാറിലെ വോട്ടര്‍ പട്ടികകളുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പതിവ് അപ്‌ഡേറ്റായി തോന്നുമെങ്കിലും പ്രായോഗികമായി ഏതാണ്ട് 4.74 കോടി പേര്‍ക്ക് (വോട്ടര്‍മാരുടെ 60%ത്തോളം) പുതിയ രേഖകള്‍ വഴി യോഗ്യത തെളിയിക്കേണ്ടിവരുന്നു. കമ്മിഷന്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണ്.

മീപ വര്‍ഷങ്ങളില്‍, പൗരത്വവും ദേശീയതയും എങ്ങനെ നിര്‍വചിക്കപ്പെടുന്നു എന്നതിലും വോട്ടവകാശങ്ങള്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു എന്നതിലും ഇന്ത്യയില്‍ സൂക്ഷ്മവും എന്നാല്‍ പ്രാധാന്യമര്‍ഹിക്കുന്നതുമായ മാറ്റം ഉണ്ടായിട്ടുണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ അവശേഷിക്കെ ബിഹാറില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) നടത്തുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്.

തിടുക്കപ്പെട്ട് നടത്തപ്പെടുന്ന ഈ പ്രക്രിയയിലെ അവ്യക്തത ലക്ഷക്കണക്കിന് യോഗ്യരായ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുന്നതില്‍ കൊണ്ടെത്തിച്ചേക്കും. ഇത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സമഗ്രതയ്ക്ക് മാത്രമല്ല, സമത്വം, സാഹോദര്യം, നീതി എന്നീ ഭരണഘടനാ മൂല്യങ്ങള്‍ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു.

ബിഹാറിലെ വോട്ടര്‍ പട്ടികകളുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഒരു പതിവ് അപ്‌ഡേറ്റായി തോന്നുമെങ്കിലും പ്രായോഗികമായി ഏകദേശം 4.74 കോടി വോട്ടര്‍മാര്‍ക്ക് (ബിഹാറിലെ വോട്ടര്‍മാരുടെ 60%ത്തോളം) പുതിയ രേഖകള്‍ വഴി തങ്ങളുടെ യോഗ്യത തെളിയിക്കേണ്ടതായി വരുന്നു. യോഗ്യതാ മാനദണ്ഡങ്ങളില്‍ ഗണ്യമായി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, 2003ലെ പട്ടികയില്‍ ഇല്ലാത്ത ഏതൊരു വോട്ടറും പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നല്‍കണം. ഇതില്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ വിടുന്ന രേഖകള്‍, ഭൂമി രേഖകള്‍, അല്ലെങ്കില്‍ ഔദ്യോഗിക പൗരത്വ രേഖകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബിഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗര കേന്ദ്രങ്ങളില്‍ പോലും ഹാജരാക്കാന്‍ പ്രയാസമുള്ള രേഖകളാണിവ. ഈ രേഖകളില്‍ പലതും, പ്രത്യേകിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവ വിതരണം ചെയ്യുന്നതില്‍ സംസ്ഥാനം വന്‍പരാജയമായി എന്ന് മാത്രമല്ല അവ നേടുന്നതിനും ഹാജരാക്കുന്നതിനുമുള്ള ബുദ്ധിമുട്ട് വ്യക്തികളുടെ മേല്‍ ചുമത്തുകയും ചെയ്യുന്നു.

വോട്ടര്‍ പട്ടികയുടെ നിഷ്പക്ഷമായ 'ശുദ്ധീകരണം' എന്ന നിലയില്‍ നടത്തപ്പെടുന്ന ഈ പ്രക്രിയ ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടും എന്ന വലിയ അപകടസാധ്യത ഉയര്‍ത്തുന്നുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ പ്രധാന ഭാഗമാകുന്ന ദരിദ്രര്‍, മുസ്‌ലിംകള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരെ ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇതില്‍ കുടിയേറ്റക്കാര്‍ മാത്രം ഏകദേശം 20% വരും. കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും പുരുഷന്മാരെ, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും ഇന്ത്യന്‍ സുപ്രിം കോടതിയും പിന്തുണയ്ക്കുന്ന സ്വയം പ്രഖ്യാപനം (self declaration) എന്ന മുന്‍ രീതിയില്‍ നിന്നും നിബന്ധനകള്‍ മാറിയിരിക്കുന്നു.

സംസ്ഥാനവും പൗരന്മാരും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലുള്ള പുനഃക്രമീകരണമാണ് ഇതു സൂചിപ്പിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ (ഇരട്ടിപ്പ്) ഇല്ലാതാക്കുക, മരിച്ച വോട്ടര്‍മാരെ നീക്കം ചെയ്യുക, യോഗ്യതയില്ലാത്ത വോട്ടര്‍മാരെ വേര്‍തിരിച്ചെടുക്കുക, പുതുതായി യോഗ്യരായവരെ ഉള്‍പ്പെടുത്തുക എന്നിവയാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്നാണ് ഇസിഐ അവകാശപ്പെടുന്നത്.

നിയമപരമായി, കമ്മിഷന് പട്ടിക കുറ്റമറ്റതാക്കാന്‍ അധികാരമുണ്ട്. എന്നാല്‍ നിലവിലെ പ്രക്രിയയുടെ സ്‌കെയില്‍, സമയം, രീതി എന്നിവ വളരെയേറെ ഗൗരവതരമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത്രയും വലിയ ഒരു പരിഷ്‌കരണം നടപ്പിലാക്കുക പ്രായോഗികമല്ല. പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള പല വോട്ടര്‍മാരുടെയും കൈവശമില്ലാത്ത രേഖകള്‍ ആവശ്യപ്പെടുന്നതും ന്യായയുക്തമല്ല.

അത്തരം വോട്ടര്‍മാരില്‍ പലരും ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ലേബര്‍ കാര്‍ഡുകള്‍, എംജിഎന്‍ആര്‍ഇജിഎ കാര്‍ഡുകള്‍ തുടങ്ങിയ സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും യോഗ്യതയുടെ മതിയായ തെളിവായി അംഗീകരിക്കപ്പെടുന്നുമില്ല.

കമ്മിഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പോലും അപര്യാപ്തമാണെന്നത് ഇവിടെ വലിയ വിരോധാഭാസമാണ്. തങ്ങളുടെ തിരിച്ചറിയല്‍ രേഖ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ ഇസിഐ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുക മാത്രമല്ല സ്ഥാപനപരമായ വിശ്വാസ്യതയെ ഇല്ലാതാക്കുക കൂടെ ആണ് ചെയ്യുന്നത്.

ഇലക്ട്രല്‍ ഐഡി വിശ്വസനീയ രേഖയല്ലെങ്കില്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെയും മുന്‍കാല തിരഞ്ഞെടുപ്പുകളുടെ നിയമസാധുതയെയും കുറിച്ച് എന്താണ് അര്‍ഥമാക്കുന്നത്? നിയമവിരുദ്ധ കടന്നുകയറ്റങ്ങളെ ഇല്ലാതാക്കുക മാത്രല്ല ഓരോ പൗരനും വോട്ട് ചെയ്യാന്‍ അവസരം ഉറപ്പാക്കലും കൂടെയാണ് തിരഞ്ഞെടുപ്പ് സമഗ്രത.

ഇസിഐയുടെ ദൗത്യം പങ്കാളിത്തം സുഗമമാക്കുക എന്നതാണ്. അല്ലാതെ ഔദ്യോഗിക തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നതല്ല. പൗരത്വ പരിശോധന മാനദണ്ഡമാക്കുന്നതിലൂടെ ജുഡീഷ്യറിയുടെയും നിയുക്ത ട്രിബ്യൂണലുകളുടെയും പരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഇസിഐ നടത്തുന്നത്.

വിദേശ പൗരന്മാരായി സംശയിക്കപ്പെടുന്ന വ്യക്തികളെ പൗരത്വ അധികാരികള്‍ക്ക് റഫര്‍ ചെയ്യാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഇആര്‍ഒഎസ്) അധികാരം നല്‍കണമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്. മുമ്പ് കമ്മിഷന്റെ അധികാരപരിധിക്ക് പുറത്തുള്ള ഒരു ജോലിയായിരുന്നു അത്.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത വ്യക്തികളുടെ മേല്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യപ്പെടുന്നതില്‍ നേരത്തെ ജുഡീഷ്യറി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് തന്നെ മതിയായ പരിശോധന ഇതിനകം നടന്നിട്ടുണ്ട് എന്നാണല്ലോ സൂചിപ്പിക്കുന്നത്.

2005ലെ അസം റോള്‍ റിവിഷന്‍ സമയത്ത് പട്ടികയില്‍ നിന്ന് നീക്കം ചെയ്യല്‍ നേരിടുന്ന ആളുകള്‍ക്ക് നോട്ടീസ് അയക്കേണ്ടതുണ്ടെന്നും പ്രതികരിക്കാനുള്ള അവസരം നല്‍കി അവരുടെ പ്രശ്നങ്ങളെ അധികാരികള്‍ ഉചിതമായി പരിഹരിക്കാന്‍ സഹായിക്കണം എന്നും കോടതി പറഞ്ഞിരുന്നു. ബിഹാറിലെ നിലവിലെ പ്രക്രിയ അതിന്റെ കനത്ത ഡോക്യുമെന്റേഷന്‍ ആവശ്യകതയും ചുരുങ്ങിയ സമയപരിധിയും കണക്കിലെടുത്താല്‍ യാതൊരു നിയമനിര്‍മ്മാണ അടിസ്ഥാനമോ ജുഡീഷ്യല്‍ മേല്‍നോട്ടമോ ഇല്ലാതെയുള്ള ഒരു ദേശീയ പൗരത്വ രജിസ്റ്ററിനെ (NRC) പോലെയാകുന്നുണ്ട്.

പൗരത്വ ഓഡിറ്റുകളുടെ യുക്തിയെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് അവതരിപ്പിക്കുമ്പോള്‍ ഒരു ജനാധിപത്യ നടപടിക്രമത്തെ ഒഴിവാക്കല്‍ ഉപകരണമാക്കി മാറ്റുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ സമയത്തിന് പിന്നില്‍ ആഴത്തിലുള്ള ഒരു രാഷ്ട്രീയ യുക്തിയുണ്ട്. ഓരോ വോട്ടും പ്രാധാന്യമുള്ള, കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇതിന്റെ സമാരംഭം പ്രത്യേകിച്ചും പ്രധാനമാണ്.

നിലവിലെ പ്രക്രിയ നിയന്ത്രിക്കാതെ തുടര്‍ന്നാല്‍ രണ്ട് കോടി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍ ഇതിനുപിന്നിലെ രാഷ്ട്രീയ പ്രചോദനങ്ങള്‍ അവഗണിക്കുക പ്രയാസമാണ്.

ബിഹാറിലെ ജനസംഖ്യയുടെ പ്രധാന ഭാഗമായ ദരിദ്രര്‍, മുസ്‌ലിംകള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരെ ഇത് കാര്യമായി ബാധിക്കും. നിലവിലെ പ്രക്രിയ തുടര്‍ന്നാല്‍ രണ്ട് കോടി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടാം. ആയതിനാല്‍ പിന്നിലെ രാഷ്ട്രീയ പ്രചോദനങ്ങള്‍ അവഗണിക്കുക പ്രയാസമാണ്.

ബിഹാര്‍ പോലുള്ള സംസ്ഥാനത്ത് ലക്ഷം പേരുകള്‍ ഇല്ലാതാക്കുന്നത് പോലും കടുത്ത മത്സരം കാഴ്ചവെക്കാന്‍ പോകുന്ന മണ്ഡലങ്ങളിലെ ഫലങ്ങളെ നിര്‍ണായകമായി സ്വാധീനിക്കും എന്നതില്‍ സംശയമില്ല. ശക്തമായ ഭരണവിരുദ്ധ വികാരവും ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) ബ്ലോക്കില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന വെല്ലുവിളിയും നേരിടുന്ന ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി (എന്‍ഡിഎ) ന് ഇത്തരം പരിഷ്‌കരണങ്ങള്‍ വഴി നേട്ടമുണ്ടാക്കാം.

പൗരത്വപരിശോധന ആരംഭിച്ചത് ബിഹാറില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള മണ്‍സൂണില്‍ ആണ്. മിക്ക അതിഥി തൊഴിലാളികളും സ്ഥലത്ത് ഇല്ലാത്ത ഈ സമയത്ത് 30 ദിവസത്തെ കാലാവധിയാണ് പ്രക്രിയ പൂര്‍ത്തീകരണത്തിനായി നല്‍കിയതും.

ബിഹാറിൽ വോട്ടർ പട്ടിക പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ

ഭരണപരമായ സങ്കീര്‍ണതയുടെയും പാരിസ്ഥിതിക പ്രക്ഷുബ്ധതയുടെയും ഈ സംഗമം അവകാശനിഷേധത്തിന്റെ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഒരു സ്ഥാപനം ജനാധിപത്യ പങ്കാളിത്തത്തിന്റെ കാവല്‍ക്കാരാകുന്നതിന് പകരം അതിന് വെല്ലുവിളി ഉയര്‍ത്തുന്ന സംവിധാനമാവുകയാണ് ചെയ്യുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയും ബിഹാറില്‍ നിന്ന് ദേശമാകെ വ്യാപിക്കാന്‍ ഇടവരികയും ചെയ്യും.

ബഹുസ്വരതയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ പ്രക്രിയ. പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിശ്വസ്തതയെയും സ്വത്വത്തെയും സംശയിക്കുന്ന ഭൂരിപക്ഷ ആഖ്യാനങ്ങളുമായി ഇത് യോജിക്കുന്നു. കൂടാതെ അവരുടെ പ്രാതിനിധ്യത്തെയും വോട്ടവകാശത്തെയും ദുര്‍ബലപ്പെടുത്തി അവരുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ബിഹാറില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയായി വര്‍ത്തിച്ചേക്കാം. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സമാനമായ പ്രത്യേക പരിഷ്‌കാരങ്ങള്‍ക്കുള്ള പദ്ധതികള്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ മാതൃക ആവര്‍ത്തിക്കുകയാണെങ്കില്‍, ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായി പതിറ്റാണ്ടുകളായി നടപ്പിലാക്കി വരുന്ന നടപടികളെ ഇതു തച്ചുടച്ചേക്കാം.

വോട്ടവകാശം, നിയമത്തിന് മുന്നിലെ തുല്യത, വിവേചനമില്ലായ്മ, അന്തസ്സ് എന്നിവയുള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചതിന് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേസിലാണ്. ഇത് റദ്ദാക്കിയില്ലെങ്കില്‍, ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ വളച്ചൊടിക്കാനും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാകാനും സാധ്യതയുണ്ട്.

കേവലം പങ്കാളിത്തം ചോദ്യം ചെയ്യുന്നു എന്നതിലുപരി ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങളും നീതിയുക്തമായി നടപ്പിലാക്കേണ്ട തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

വിവ. അഫീഫ ഷെറിന്‍

(കടപ്പാട്: ദി ഹിന്ദു)