എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത പരസ്യമായി പറഞ്ഞിട്ടും സിപിഎമ്മില്‍ നിന്നോ ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നോ കാര്യമായ പ്രതികരണമുണ്ടായില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സ്തുതിഗീതം തുടരുകയാണ്.
മനുഷ്യര്‍ സാമാന്യം ഹൃദ്യമായി മുന്നോട്ടുപോവുന്ന കേരളീയ സാമൂഹിക പരിസരം മലീമസമാക്കാന്‍ വീണ്ടും വെള്ളാപ്പള്ളി നടേശന്‍ പ്രത്യക്ഷമായിരിക്കുന്നു. തനി കള്ളം വര്‍ഗീയതയുടെ ഉള്ളടക്കം ചേര്‍ത്ത് തുടരെ തുടരെ വിളമ്പുകയാണ്. നാരായണഗുരുവുള്‍പ്പെടെ മഹത്തുക്കള്‍ നയിച്ച ഒരു വലിയ ഈഴവ കൂട്ടായ്മയുടെ തലപ്പത്തിരുന്നാണ് ഈ വ്യാജപ്രചാരണമെന്നത് ഏറെ ദു:ഖകരം.
കേരളീയ സോഷ്യല്‍ ഫാബ്രികിനെ ഏതൊക്കെ തരത്തില്‍ വര്‍ഗീയവത്കരിക്കാമെന്നും വിഷലിപ്തമാക്കാമെന്നുമുള്ള സംഘ്പരിവാര്‍- ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണ് ഇത് എന്നത് ചൂണ്ടിക്കാട്ടാന്‍ പല രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും അമാന്തം കാണിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു.
തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വമോ അറിയാതെയോ (മിസ് ഇന്‍ഫര്‍മേഷനും ഡിസ് ഇന്‍ഫര്‍മേഷനും) സമൂഹ മാധ്യമങ്ങളിലും അല്ലാതെയും റോക്കറ്റ് വേഗത്തില്‍ പറന്നുനടക്കുന്ന കാലത്ത് അതിനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കേണ്ടവര്‍ വെറുപ്പ് പടര്‍ത്തുന്ന പ്രസംഗത്തെ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല വാഹകരാകുന്ന നടുക്കുന്ന കാഴ്ചയുമുണ്ട്.
എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി പദത്തില്‍ മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ കേരളം മുഴുക്കെ സംഘടനയുടെ സ്വീകരണമേറ്റുവാങ്ങിയും മറ്റു ചടങ്ങുകളില്‍ പങ്കെടുത്തും വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടേയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ഇതെഴുതുന്ന 2025 ആഗസ്ത് മൂന്നിനും ഒരു പ്രസ്താവന അച്ചടിച്ചു വന്നു. എസ്എന്‍ഡിപി യോഗം ആലപ്പുഴ, ചേപ്പാട് യൂണിയന്‍ ശാഖ നേതൃസംഗമം മുട്ടം ശ്രീരാമകൃഷ്ണ ആശ്രമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് അത്.
മാധ്യമങ്ങള്‍ എസ്എന്‍ഡിപി യോഗത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞു തുടങ്ങിയ വെള്ളാപ്പള്ളി മലപ്പുറത്തെ അധിക്ഷേപിച്ചാണ് പ്രസംഗത്തിന് കൊഴുപ്പുകൂട്ടിയത്. ആര്‍എസ്എസ്- സംഘ്പരിവാര്‍ അജണ്ടയുടെ വക്താവായി നിരന്തരം മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്ന വെള്ളാപ്പള്ളി, ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അദ്ദേഹത്തോട് പോലും ചോദിക്കാതെ മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചുവെന്നും കോണ്‍ഗ്രസ് അടിമപ്പെട്ട് നിന്നതല്ലാതെ ഒരക്ഷരവും പറഞ്ഞില്ലെന്നും ആക്ഷേപിച്ചു.
യൂത്ത്‌ലീഗ് മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കും എന്ന് പറഞ്ഞുവെന്നും മതേതര ആളുകള്‍ ആരെങ്കിലും മിണ്ടിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളം ഭരിക്കേണ്ടത് ആരെന്ന് മലപ്പുറത്ത് നിന്ന് പറയേണ്ട. തന്റെ കോലമല്ല, എന്നെ തന്നെ കത്തിച്ചാലും പറഞ്ഞ വാക്കില്‍ നിന്നു പിന്നോട്ടില്ല എന്നു ആവര്‍ത്തിക്കുകയാണ് അദ്ദേഹം.

മകനും സംഘടനയുടെ വൈസ് പ്രസിഡന്റും ബിജെപി സഖ്യത്തിന്റെ ഭാഗവുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ കൂടിയാണ് നടേശന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതിപക്ഷത്ത് നിന്ന് നടേശനെതിരെ രംഗത്തെത്തിയപ്പോള്‍, പച്ചക്ക് വര്‍ഗീയത വിളിച്ചുപറഞ്ഞിട്ടും സിപിഎമ്മില്‍ നിന്നോ ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നോ കാര്യമായ പ്രതികരണമുണ്ടായില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സ്തുതിഗീതം തുടരുകയായിരുന്നു.
എം സ്വരാജ് മാത്രമാണ് വെള്ളാപ്പള്ളിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചത്. സ്വരാജിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങിനെ: 'വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും.'
ആവര്‍ത്തിക്കുന്ന മുസ്‌ലിം-മലപ്പുറം വിരുദ്ധത
2025 ജൂലൈ 19ന് കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമത്തിലാണ് ഒരിടവേളക്ക് ശേഷം വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷംതുപ്പിയ പ്രസ്താവനയുമായി വീണ്ടുമെത്തിയത്. 'കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകും. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം.
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ മതനേതാക്കള്‍ ഭരണത്തില്‍ ഇടപെടുന്നു. മലപ്പുറത്തോട് ചോദിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്.'
കൊച്ചിയില്‍ എസ്എന്‍ഡിപി യൂണിയന്‍ ആഭിമുഖ്യത്തില്‍ തന്റെ മുപ്പതുവര്‍ഷത്തെ ജനറല്‍സെക്രട്ടറി സ്ഥാനത്തിന്റെ ആദരവ് ചടങ്ങില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു: ''കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. എനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി സംസാരിക്കുക എന്റെ കടമയാണ്.''
ജൂലൈ 20ന് ആലുവ അദ്വൈതാശ്രമത്തില്‍ നടത്തിയ എസ്എന്‍ഡിപി യൂണിയന്‍ ശാഖാ നേതൃസംഗമത്തില്‍ വീണ്ടും മുസ്‌ലിംലീഗിനെ മുന്നില്‍ നിര്‍ത്തി വര്‍ഗീയത പറഞ്ഞു: ''മുസ്‌ലിംലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നു. മുസ്‌ലിം ലീഗ് ചത്ത കുതിരയെന്നാണ് നെഹ്‌റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഭരിക്കുന്ന അവസ്ഥയിലെത്തി. ഇടതുപക്ഷ സര്‍ക്കാര്‍ പോലും മുസ്‌ലിംലീഗിന് മുമ്പില്‍ മുട്ടിലിഴയേണ്ട സ്ഥിതിയാണ്.''
മകന് അധികാരം നിലനിര്‍ത്താനെന്ന്
പലരുടെയും പ്രസ്താവനകള്‍ വെള്ളാപ്പള്ളിക്കെതിരെ വന്നുവെങ്കിലും 'കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതുമാണ്' എന്ന് ശക്തമായി പറഞ്ഞവരില്‍ പ്രമുഖ സംഘടന ശ്രീനാരായണ സേവാ സംഘമായിരുന്നു. അവര്‍ വാര്‍ത്താസമ്മേളനം നടത്തിത്തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഒപ്പം തുഷാര്‍ വെള്ളാപ്പള്ളിയെ അധികാരപദവിയിലെത്തിക്കാനാണ് ഈ അതിസാഹസമെന്നും അവര്‍ എടുത്തുപറഞ്ഞു.
''മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കുടില തന്ത്രത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്.
സാമൂഹിക നീതിയുടെ കാവല്‍ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും മുസ്‌ലിം ലീഗിനുമുള്ളത്. എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം മെഡിക്കല്‍ കോളെജും എഞ്ചിനീയറിംഗ് കോളെജും അനുവദിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഒരപേക്ഷ പോലും നല്‍കാതെ കുടിപ്പള്ളിക്കൂടം പോലും നല്‍കിയില്ലെന്ന് പറയുന്നത് കാപട്യമാണ്.

മുസ്‌ലിം സമുദായം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് നിരവധി എഞ്ചിനീയറിംഗ് കോളെജുകളും മെഡിക്കല്‍ കോളെജുകളും തുടങ്ങി തലമുറകളുടെ സുരക്ഷിതഭാവി ഉറപ്പുവരുത്തി...'' -സേവാസംഘം ഭാരവാഹികളായ അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍, സെക്രട്ടറി പി പി രാജന്‍ എന്നിവര്‍ വിശദീകരിക്കുന്നു.
ഈഴവന്റെ അവകാശ നിഷേധം
തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വസ്തുതാപരവുമായ വാര്‍ത്തകളെക്കാള്‍ വേഗത്തില്‍ പ്രചരിക്കുകയാണ്. യഥാര്‍ത്ഥ വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ ഇമേജ് തുടങ്ങിയവ ആവശ്യാനുസരണം എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന 'ഡീപ് ഫെയ്ക്കു'കളുടെ കാലം. നിര്‍മ്മിത ബുദ്ധി(എഐ) കൂടി വന്നതോടെ കൂടുതല്‍ എളുപ്പത്തില്‍ ഇത്തരം വ്യാജനിര്‍മിതികള്‍ സാധ്യമാവുന്നുവെന്ന് മാത്രമല്ല, പലപ്പോഴും ഇതേക്കുറിച്ച് ജ്ഞാനമില്ലാത്ത സാധാരണക്കാര്‍ അതൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു.
ഡീപ് ഫെയ്ക്ക് ഉള്‍പ്പെടെ വ്യാജന്മാരെ വ്യാപകമായി ഉപയോഗിച്ചും വിദ്വേഷ പ്രസംഗം കാട്ടുതീ പോലെ പടര്‍ത്തിയുമാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍- ആര്‍എസ്എസ് സംഘടനകള്‍ അധികാരം നിലനിര്‍ത്തുന്നതും അധികാര വഴികള്‍ സൃഷ്ടിച്ചെടുക്കുന്നതും. വംശീയ ഉന്മൂലനത്തിനുള്ള ഉപാധിയാക്കുന്നതും ഈ വഴി തന്നെ.
വെറുപ്പുത്പാദന പ്രസംഗങ്ങളിലൂടെ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന് നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലുണ്ട്. പക്ഷെ, അത്തരം അപകടാവസ്ഥയിലേക്ക് വഴുതാതെ നിന്നിരുന്ന കേരളത്തെക്കൂടി ആ ഗര്‍ത്തത്തിലേക്ക് തള്ളിയിടാനുള്ള പദ്ധതിയുടെ ഭാഗമാണ് നടേശന്റെ പ്രസ്താവനകള്‍.
വെള്ളം പരമാവധി കലങ്ങിക്കോട്ടെ, തങ്ങള്‍ക്കു മീന്‍ കിട്ടിയാല്‍ മതിയല്ലോ എന്ന ചിന്ത എത്രമാത്രം നിരുത്തരവാദിത്തമാണ്. ഉദാസീന രാഷ്ട്രീയത്തിന്റെ പ്രതിഫലനം ഭീകരമായിരിക്കും.
നടേശന്‍ എന്ന വ്യക്തി മാത്രമല്ല അതിന്റെ പിന്നിലുള്ളത്. അതൊരു ഗൂഢവിശാലപദ്ധതിയുടെ തുടര്‍ച്ചയാണ്. അതേസമയം തന്റെ ജാതിയും ജാതിയുടെ അവകാശങ്ങളുമാണ് ഇത്തരം തെളിവില്ലാ ആരോപണങ്ങളും കടുത്തവര്‍ഗീയതയും പറയാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വാദത്തിന് വേണ്ടി പോലും സമ്മതിക്കാനാവില്ല. ഇനി സമ്മതിച്ചാല്‍ തന്നെ, ശരിയായ അവകാശ നിഷേധങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു പോലുമില്ലെന്ന് കാണാനുമാവും.
ഒരു സമുദായത്തിന് മാത്രം സീറ്റ് കൊടുത്തുവെന്ന് ആരോപണമുന്നയിക്കുന്നയാളിന് അത് എവിടെ, എങ്ങനെയെന്ന് ഡാറ്റയോ രേഖയോ വെച്ചു പറയാന്‍ കഴിയുമോ? കേരളാ പബ്ലിക് സര്‍വിസ് കമ്മിഷനിലെ സംവരണ അട്ടിമറി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്ന ഈഴവ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെ ഉള്‍പ്പെടെ അദ്ദേഹം ഒരിക്കലും അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല.
വെറുപ്പിന് തണലൊരുക്കുന്ന ഭരണം
മലപ്പുറം വിദ്വേഷ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ ഉണ്ടായ ആക്രണം തടുത്തുനിര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ പരസ്യമായി പറഞ്ഞത് നാം കണ്ടു. ''മലപ്പുറത്ത് ഞാനൊരു സത്യം പറഞ്ഞുപോയി. തീവ്രവാദികളും ഇടത്- വലതുപക്ഷ ആളുകളും കാന്തപുരം മുതല്‍ കുഞ്ഞാലിക്കുട്ടി വരെയും എന്നെ ആക്രമിച്ചു. പിണറായി വിജയന്‍ ചേര്‍ത്തലയിലെ സമ്മേളനത്തില്‍ ഇതേപ്പറ്റി പറഞ്ഞതോടെ എല്ലാവരുടേയും വായടഞ്ഞു'' എന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
മന്ത്രി വിഎന്‍ വാസവനും നടേശന്‍ ആശാനെ വലിയ വായില്‍ പുകഴ്ത്തി. വര്‍ഗീയത ചീറ്റുന്നതിനെ നിര്‍ഭയ നിലപാടായാണ് വാസവന്‍ വ്യാഖ്യാനിച്ചത്. വാസവന്റെ വാക്കുകള്‍: ''വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ ഉത്തരവാദിത്തത്തോടെ പറയുന്ന ആളുമാണ്.''
നിയമപ്രകാരം ഒറ്റത്തവണ വെറുപ്പു പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയാല്‍ മാത്രം മൂന്നു വര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്ന നാട്ടിലാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന ജാതി സംഘടനാ നേതാവ് നിരന്തരം, പച്ചയായ വര്‍ഗീയത വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണകൂടം ഒരു പോറല്‍ പോലുമേല്‍ക്കാതെ അദ്ദേഹത്തിന് തണല്‍ വിരിച്ചുകൊടുക്കുന്നു. എത്ര വര്‍ഗീയത പറഞ്ഞാലും സംരക്ഷിക്കാന്‍ ഒരു 'കമ്യൂണിസ്റ്റ്' മുഖ്യമന്ത്രിയുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതും നാം കാണേണ്ടിവരുന്നു.
ശശികല, സുരേന്ദ്രന്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് നേരത്തെ നല്‍കിയ ആനുകൂല്യത്തിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നിശ്ശബ്ദതയെ ജനങ്ങള്‍ കാണുന്നത്. വര്‍ഗീയതയും മലപ്പുറം വിരുദ്ധതയും നിരന്തരം പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നതും അനുകൂല വാഴ്ത്തുകളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തിയതും സാധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്ന സന്ദേഹം വലുതാണ്.
വര്‍ഗീയതയുടെ പേരില്‍ അനുകൂലമായ മണ്ണൊരുക്കുന്ന കൊടിയ അനീതിയില്ലാതെ മറ്റൊന്നുമല്ല അത്. വെള്ളം പരമാവധി കലങ്ങിക്കോട്ടെ, തങ്ങള്‍ക്കു മീന്‍ കിട്ടിയാല്‍ മതിയല്ലോ എന്ന ചിന്ത എത്രമാത്രം നിരുത്തരവാദിത്തമാണ്, തെരഞ്ഞെടുപ്പു കഴിഞ്ഞും കേരളം ബാക്കിയാവണമെന്ന ദീര്‍ഘദൃഷ്ടി വേണ്ടത് ആര്‍ക്കാണ് എന്ന് പൊതുജനം ആശങ്കപ്പെടുന്നുണ്ട്. ആ ഉദാസീന രാഷ്ട്രീയത്തിന്റെ അപകടകരമായ പ്രതിഫലനം അതിഭീതിതമായിരിക്കും. കാലുഷ്യത്തില്‍ നിന്ന് വിരിയുന്ന പൂക്കള്‍ക്ക് നമ്മള്‍ വളമിട്ടു കൊടുത്തുകൂടാ.