ചൂരല്‍മല ഉഴുതുമറിക്കപ്പെട്ടിട്ട് ഒരാണ്ട്; ദുരന്തബാധിതര്‍ ദുരിതപ്പെയ്ത്തില്‍ തന്നെ

കെ കെ മുസ്തഫ

ഇന്ത്യാ മഹാരാജ്യം നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച, മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം സംഭവിച്ച് ഒരാണ്ട് പിന്നിടുമ്പോഴും ദുരിത ബാധിതര്‍ കൊടും ദുരന്തത്തിന്റെ കയ്പുനീര്‍ കുടിച്ചു കൊണ്ടിരിക്കുകയാണ്.

യനാടിന്റെ നെഞ്ചകം പിളര്‍ത്തിയ, മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് മരണത്തിന്റെ മഴ പെയ്തിറങ്ങിയ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്. 2024 ജൂലായ് 30ന് രാജ്യം തന്നെ ഞെട്ടിയ ദുരന്തമാണ് മേപ്പാടിക്കടുത്ത പ്രകൃതി മനോഹരമായ പ്രദേശത്തുണ്ടായത്. 298 ജീവനുകള്‍ മണ്ണിനടിയിലായി. പലരേയും ഇനിയും കണ്ടുകിട്ടിയിട്ടില്ല.

കുതിച്ചുപാഞ്ഞ മഴവെള്ള പാച്ചിലിലില്‍ അനേകം മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലെത്തി. വനിതകളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും പൊലീസുമാണ് ഇവിടെ നിന്നു മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കിയെടുത്തത്. ഇന്ത്യാ മഹാരാജ്യം നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിലാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തവും ഇടം പിടിച്ചത്.

ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും ദുരിത ബാധിതര്‍ കൊടും ദുരിതത്തിന്റെ കയത്തില്‍ തന്നെയാണ്. സര്‍ക്കാര്‍ തലത്തിലും അല്ലാതെയും അനേകം സഹായ ഹസ്തങ്ങള്‍ മുണ്ടക്കൈ, ചുരല്‍മലയിലേക്ക് എത്തിയെങ്കിലും കൊടും ദുരന്തത്തിന്റെ ഞെട്ടല്‍ അടങ്ങിയിട്ടില്ല. കണ്ണീര്‍ ചാലുകള്‍ അതേപടി തുടരുന്നു. പുനരധിവാസത്തിന്റെ പെരുമ്പറ മുഴങ്ങിയെങ്കിലും അനുഭവത്തിലാകാന്‍ ഇനിയും മാസങ്ങളെടുക്കും.

435 വീടുകള്‍ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. തോട്ടവും വീടുകളും പീടിക മുറികളും വാഹനങ്ങളും വിദ്യാലയങ്ങളുമെല്ലാം ദുരന്തത്തിന്റെ കൊടും കയത്തില്‍ ആണ്ടുപോയി. ഇപ്പോള്‍ ചികിത്സക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന അനുഭവവും നിരവധി. ചുരുങ്ങിയത് നൂറോളം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ന്ന് തരിപ്പണമായി.

സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു.

കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പടെ നിരവധി പേര്‍ ആ രാത്രി മരണത്തിലേക്ക് ഒഴുകിപ്പോയി. മണ്ണും മരവും കല്ലുകളും ഉഴുതുമറിക്കപ്പെട്ട കാഴ്ച. അനേകം സന്നദ്ധ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കൂടാതെ നമ്മുടെ സൈനികരും സഹായ ഹസ്തവുമായി എത്തി. മന്ത്രിമാരും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ഉറക്കമൊഴിഞ്ഞ് വയനാട്ടില്‍ ക്യാംപ് ചെയ്തു.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തില്‍ 128 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരുടെ തുടര്‍ ചികിത്സയും വഴിമുട്ടി നില്‍ക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ആസൂത്രണം ഫലപ്രദമല്ല എന്ന ആക്ഷേപം മുഴച്ചുനില്‍ക്കുന്നു.

പുത്തുമലയുടെ ചരിവിലിപ്പോഴും കൂട്ടമായി അടക്കം ചെയ്ത മനുഷ്യരുടെ കുഴിമാടങ്ങള്‍ കാണാം. ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞവരുടെ കുഴിമാടങ്ങളുമുണ്ടിവിടെ. ബന്ധുക്കള്‍ പലപ്പോഴായി ഇവിടെ വന്ന് കണ്ണീരുമായി മടങ്ങുന്നു. ദുരന്ത ഭൂമി കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശകരായി എത്തുന്നവരും നിരവധി.

പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയാണിത്. അവിടെയെല്ലാം പച്ചപ്പിന്റെ പുതുനാമ്പുകള്‍ തളിര്‍ത്തിട്ടുണ്ടെങ്കിലും ഒറ്റരാത്രി കൊണ്ട് പിച്ചിച്ചീന്തപ്പെട്ട മനുഷ്യ ജീവനുകളുടെ ഗദ്ഗദം ഈ കാറ്റില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

കുടുംബത്തിലെ പത്തും പതിനഞ്ചും അംഗങ്ങള്‍ വരെ ഒരു നിലവിളി പോലും പുറത്തറിയാതെ ഒഴുകിപ്പോയി. ദുര സ്ഥലങ്ങളില്‍ ജോലിക്ക് പോയ അപൂര്‍വം പേരാണ് രക്ഷപ്പെട്ടത്.

ആ ആഴ്ചയില്‍ മഴ തിമിര്‍ത്തു പെയ്തിരുന്നു. ഒഴിഞ്ഞുപോകാന്‍ പലരും തീരുമാനം എടുത്തിരുന്നുവെങ്കിലും ഓരോ കാരണങ്ങളാല്‍ അത് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. അതിനിടയിലാണ് മരണത്തിന്റെ പെരുമഴയായി ജൂലായ് 30 എത്തിയത്. ഉറങ്ങിക്കിടന്ന ഗ്രാമവും അങ്ങാടിയും വീടുകളുമെല്ലാം മണ്ണില്‍ മറഞ്ഞുപോയി. ഒരു പ്രദേശമാകെ എടുത്തെറിയപ്പെട്ടത് പോലെ ചിതറിപ്പോയി.

വൈകുന്ന വാഗ്ദാനങ്ങള്‍

ടൗണ്‍ഷിപ്പടക്കമുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വൈകുന്നതില്‍ ദുരന്തബാധിതര്‍ക്ക് കടുത്ത ആശങ്കയും പ്രതിഷേധവുമുണ്ട്. ചൂരല്‍മലയുടെ പേരില്‍ എത്രയോ സമരങ്ങളും കോലാഹലങ്ങളും വയനാട് കണ്ടുകഴിഞ്ഞു. എത്ര മറക്കാന്‍ ശ്രമിച്ചാലും മുണ്ടക്കൈ- ചൂരല്‍മല ദുരന്തം തലമുറകളുടെ മനസ്സില്‍ മാഞ്ഞുപോകാത്ത തേങ്ങലായുണ്ടാകും.

പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി അനേകം സംഘടനകളും ഉദാരമതികളും നല്‍കിയ സഹായങ്ങള്‍ പോലും വേണ്ടവിധം ഉപയോഗിക്കപ്പെട്ടില്ല. വാടക വീടുകളില്‍ മാറിക്കഴിയുന്ന നിരവധി പേരെ ഇവിടെയിപ്പോഴും കാണാം.

ജീവന്‍ തലനാരിഴയ്ക്ക് ബാക്കിയായെങ്കിലും ദുരന്തത്തിന് ഇരയായ മുണ്ടക്കൈയിലെ പൂക്കാട്ടില്‍ അബുവെന്ന വയോധികന്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസസ് ചെയ്താണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിന് പോകാന്‍ ഓട്ടോകൂലിക്ക് വകയില്ല.

കച്ചവടവും വ്യാപാര സ്ഥാപനങ്ങളും വാടകയും മറ്റുമായി സമ്പന്നനായിരുന്ന അബുവിന് എല്ലാം നഷ്ടപ്പെട്ടു. ആ രാത്രിയുടെ ഓര്‍മകള്‍ വേട്ടയാടുന്ന ഇതുപോലെ അനേകം മനുഷ്യരെ കാണാം. പലര്‍ക്കും പലവിധത്തിലാണ് ദുരന്തത്തിന്റെ ആഘാതം ഉണ്ടായത്.

ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം ഒരു ചോദ്യചിഹ്നമായപ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥത പ്രതിഷേധാഗ്‌നി പടര്‍ത്തിയപ്പോഴും ദുരന്ത ബാധിതര്‍ പ്രതീക്ഷയോടെ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി കാത്തിരിപ്പ് തുടരുകയാണ്.

ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍, വീട് പോയവര്‍, ജീവിതോപാധി ഇല്ലാതായവര്‍, ആരോഗ്യം നഷ്ടപ്പെട്ടവര്‍, കൃഷിഭൂമി ഇനി സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാത്തവര്‍, പഠനവും മോഹങ്ങളും നഷ്ടപ്പെട്ടുപോയവര്‍ ഇങ്ങനെ നിരവധി.

ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം ഒരു ചോദ്യചിഹ്നമായപ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥത പ്രതിഷേധാഗ്‌നി പടര്‍ത്തിയപ്പോഴും ദുരന്ത ബാധിതര്‍ പ്രതീക്ഷയോടെ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി കാത്തിരിപ്പ് തുടരുകയാണ്. അടുത്തിടെ കേന്ദ്രം കോടികളുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര സഹായത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഉദാരമതികള്‍ കോടികള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിനിയോഗം ഇനിയെപ്പോള്‍ പൂര്‍ത്തിയാകും എന്നാണ് ഇവിടെ നിന്നുയരുന്ന ചോദ്യം. ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി നാം ചോദിക്കേണ്ട ചോദ്യം.