തനിക്കറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. എന്നാല്‍, ഇസ്‌ലാമിക പ്രബോധനത്തിന്റെ ശീലും ശൈലിയും ഗുണകാംക്ഷയില്‍ അധിഷ്ഠിതമായിരിക്കണം.
നന്മ ചെയ്യുക, തിന്മ വെടിയുക എന്നതുപോലെ പ്രധാനമാണ് നന്മ കല്പിക്കലും തിന്മ തടയലും. ഒരു സമുദായം എന്ന നിലയ്ക്ക് ഇത് മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തവും അനിവാര്യ ബാധ്യതയുമായി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ''മനുഷ്യവംശത്തിനു വേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (3:110).
''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി'' (2:143). അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കും ഒഴിവാക്കുന്ന നന്മകള്‍ക്കും ശിക്ഷയില്ല.
പക്ഷേ, തനിക്കറിയുന്ന കാര്യങ്ങള്‍ താനറിയുന്നവര്‍ക്ക് എത്തിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. എന്നിരിക്കെ ആ കാര്യത്തില്‍ ജാഗ്രത്താവേണ്ടത് അനിവാര്യമാണ്. ഇത് ബാധ്യതാനിര്‍വഹണം എന്നതില്‍ കവിഞ്ഞ് അപരിമേയമായ പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മം കൂടിയാണെന്നു വരുമ്പോള്‍ ഒരു വിശ്വാസിയും വിട്ടുകളയാന്‍ പാടില്ലാത്ത നന്മ കൂടിയാവുകയാണ് പ്രബോധനം.
ഇസ്‌ലാം മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ സ്വസ്ഥതയ്ക്കും സമ്പൂര്‍ണമായ മോക്ഷത്തിനും നിര്‍ണയിക്കപ്പെട്ട ആദര്‍ശമാണ്. അത് ഓരോ മനുഷ്യരും തിരിച്ചറിഞ്ഞ് മനസാ വാചാ കര്‍മണാ സംതൃപ്തിയോടെ സ്വീകരിക്കുമ്പോഴാണ് ഈ പറയപ്പെട്ട നന്മകള്‍ ലഭ്യമാവുക. ഒരാള്‍ക്കു മുമ്പില്‍ വാദിച്ചു ജയിക്കുക എന്നതല്ല, മറിച്ച് പ്രബോധിതനെ സത്യം ബോധ്യപ്പെടുത്തി അതിന്റെ വക്താവും പ്രയോക്താവുമാക്കുക എന്നതാണ് ഒരു ഇസ്‌ലാമിക പ്രബോധകന്റെ ഉത്തരവാദിത്തം.

അതിനാല്‍, ഇസ്‌ലാമിക പ്രബോധനത്തിന്റെ ശീലും ശൈലിയും ഗുണകാംക്ഷയില്‍ അധിഷ്ഠിതമായിരിക്കണം എന്നത് നിര്‍ബന്ധമാണ്. പ്രബോധനരംഗത്ത് ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. ഇസ്‌ലാമിക പ്രബോധനത്തില്‍ മുസ്‌ലിമിനു മാതൃക മുഹമ്മദ് നബി(സ) അടക്കമുള്ള പ്രവാചകന്‍മാരാണ്. പ്രബോധനത്തിന്റെ രീതിശാസ്ത്രവും മുന്‍ഗണനാക്രമവുമെല്ലാം അവരിലൂടെയാണ് നാം സ്വീകരിക്കേണ്ടത്.
അപരന്‍ ശരിയാവാന്‍ പാടില്ലെന്നും അവന്റെ ശരികള്‍ അംഗീകരിക്കില്ലെന്നും തന്റെ സംഘടനയ്ക്ക് അത് ക്ഷീണമാകുമെന്നും വിലയിരുത്തുന്ന അസഹിഷ്ണുതാധിഷ്ഠിത സങ്കുചിതത്വത്തിലേക്ക് നീങ്ങുകയാണ് സമൂഹം.
പ്രബോധകന്റെ പെരുമാറ്റം വശ്യമായിരിക്കണം. മുഹമ്മദ് നബി(സ)യുടെ അനുചരര്‍ എല്ലാ പ്രതിസന്ധികളിലും അദ്ദേഹത്തോടും ആദര്‍ശത്തോടും ഒട്ടിനില്‍ക്കാനുള്ള പ്രധാന കാരണമായി ഖുര്‍ആന്‍ വിലയിരുത്തുന്നത് റസൂലിന്റെ സൗമ്യസാന്നിധ്യമാണ്.
ഖുര്‍ആന്‍ 3:159ല്‍ ഇങ്ങനെ പറയുന്നു: ''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നു അവര്‍ പിരിഞ്ഞുപോവുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.''
ഏറ്റവും ഉദാത്ത ശൈലിയിലാകണം പ്രബോധനം. ''യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രേ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രേ'' (16:125).
ഭാഷ ഏറെ സ്‌നേഹവും കരുതലും സ്ഫുരിക്കുന്നതും ഗുണകാംക്ഷാ നിര്‍ഭരവുമാകണം. അക്രമിയും ധിക്കാരിയുമായ ഫിര്‍ഔനിനോടു പോലും മൃദുവായി പെരുമാറാനാണ് മൂസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ നിര്‍ദേശം: ''നിങ്ങള്‍ രണ്ടു പേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോവുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരുവേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്നു വരാം'' (20:43,44).
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പ്രബോധിത സമൂഹത്തിലെ ശത്രുക്കളോടുപോലും സംവദിക്കുന്നത് മാന്യമായ ഭാഷയിലും ശൈലിയിലുമാണ്. ഉരുളക്കുപ്പേരി മറുപടികള്‍ നല്‍കുന്നതില്‍ ഒട്ടും പിശുക്കു കാണിക്കാത്ത, കര്‍ശന നിഷ്ഠ പാലിക്കുന്ന അവയില്‍ പക്ഷേ അശ്ലീലമോ അസഭ്യമോ കാണുക സാധ്യമല്ല. അപമാനിക്കലോ ആക്രോശിക്കലോ ഇല്ല.
തനിക്കും ആദര്‍ശത്തിനുമെതിരെ നിരന്തരം നിരങ്കുശമായ അവഹേളനം ചൊരിഞ്ഞ കവി കഅ്ബിന് ജീവസുരക്ഷക്കായി തന്റെ ഉത്തരീയം സമ്മാനിക്കുന്നു നബി(സ). പ്രിയ പിതൃവ്യന്‍ ഹംസ(റ)യെ നിഷ്ഠൂരമായി കൊന്ന ഹിന്ദിനും വഹ്ശിക്കും നല്‍കുന്ന മാനുഷിക പരിഗണനയും സമുദായത്തിനകത്ത് ഛിദ്രതയ്ക്കായി കച്ചകെട്ടിയ കപടവിശ്വാസികള്‍ക്ക് നേതൃത്വം നല്‍കിയ അബ്ദുല്ലാഹിബ്‌നു സബഇന് കഫന്‍പുടവയാക്കാന്‍ തന്റെ വസ്ത്രം ആവശ്യപ്പെട്ടപ്പോള്‍ ഗുണകാംക്ഷികള്‍ എതിര്‍ത്തിട്ടും അദ്ദേഹം അതു നല്‍കുന്നു.
അവസാനം അയാള്‍ മരണപ്പെടുമ്പോള്‍, അല്ലാഹു വിലക്കുന്നതുവരെ അയാള്‍ക്കു വേണ്ടി പാപമോചന പ്രാര്‍ഥന നടത്താന്‍ വരെ സന്നദ്ധനാകുന്ന നബി(സ)യെയും നാം കാണുന്നു. പ്രബോധിതരായ ക്രൈസ്തവ സംഘത്തെ സ്വന്തം പള്ളിയില്‍ സ്വീകരിച്ച് ആതിഥ്യം നല്‍കുകയും അവര്‍ക്ക് ആരാധനാസ്ഥലം അനുവദിക്കുകയും ചെയ്യുന്ന പ്രവാചകന്‍ നല്‍കുന്ന പാഠം വിശാലതയുടേതാണ്.
തന്റെ ആദര്‍ശത്തിലേക്ക് ക്ഷണിച്ച് മുഖൗഖിസ് രാജാവിന് കത്തയച്ചു റസൂല്‍. എന്നാല്‍ അദ്ദേഹം ആ ക്ഷണം സ്വീകരിക്കാതെ ദൂതനെ മാന്യമായി സ്വീകരിച്ച് സമ്മാനങ്ങള്‍ കൊടുത്തയച്ചപ്പോള്‍ അത് സ്‌നേഹാദരം ഏറ്റുവാങ്ങുന്ന റസൂലിലും പ്രബോധകര്‍ക്ക് വലിയ പാഠമുണ്ട്.

'പറയുന്നതെല്ലാം അനുസരിക്കാം, പക്ഷേ, വ്യഭിചാരം നിര്‍ത്താന്‍ മാത്രം നിര്‍ദേശിക്കരുതെ'ന്ന് പറയുന്ന നിഷ്‌കളങ്കനായ നാടന്‍ മനുഷ്യനെ റസൂല്‍ തിരുത്തിയ രീതി പ്രസിദ്ധമാണ്. 'നിന്റെ ഉമ്മയുടെ, ഭാര്യയുടെ, മകളുടെ അടുത്താണ് ജാരനെങ്കില്‍ എന്തായിരിക്കും പ്രതികരണ'മെന്ന ചോദ്യമെറിഞ്ഞ് പ്രവാചകന്‍ മാനസിക ചികിത്സ നടത്തിയപ്പോള്‍, ജീവിതത്തില്‍ ഇനി താന്‍ വ്യഭിചരിക്കില്ലെന്ന് അയാളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാന്‍ അധികസമയം വേണ്ടിവന്നില്ല.
നമസ്‌കാരത്തിനു വരുന്ന വഴിയില്‍ കാമുകിയെ ചുംബിച്ചുപോയെന്നും ശിക്ഷ നല്‍കി മാപ്പാക്കണമെന്നും അപേക്ഷിച്ച അനുചരനെയും, തന്റെ മുമ്പില്‍ വ്യഭിചാരക്കുറ്റം സ്വയം സമ്മതിച്ചെത്തുന്ന അനുചരനെയും നബി(സ) കൈകാര്യം ചെയ്ത രീതിയും, പവിത്രമായ പ്രവാചക പള്ളിയില്‍ വിസര്‍ജനം നടത്തിയ മനുഷ്യനെ ശിക്ഷിക്കാന്‍ മുതിര്‍ന്ന അനുചരന്മാരോട് അരുതെന്നു പറയുന്ന പ്രവാചക നിലപാടും പ്രബോധന മേഖലയിലെ തെറ്റു തിരുത്തല്‍ ശൈലിയുടെ നേര്‍പാഠമാണ്.
കൂട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പാത്രം മുഴുവന്‍ കൈയിട്ട് വാരി തനിക്ക് ഇഷ്ടമുള്ളതെല്ലാം വാരിത്തിന്നുന്ന കുട്ടിയെ തിരുത്തുന്ന റസൂലിന്റെ മാതൃക ശിക്ഷണരംഗത്തെ അടിസ്ഥാന പാഠമാകേണ്ടതാണ്.
ഇസ്‌ലാമിനെ ശരിയായി അറിയാനും അനുഷ്ഠിക്കാനും പറയാനും പ്രചരിപ്പിക്കാനും പൊതുസമൂഹത്തില്‍ അഭിമാനത്തോടെ തനിമ ചോരാതെ നിലനില്‍ക്കാനുമാണ് നാം സംഘടനകള്‍ ഉണ്ടാക്കിയത്. എന്നാല്‍ ആദര്‍ശം അവനവന്റെ സംഘടനാ മൂശക്കൊപ്പിച്ച് വാര്‍ത്തെടുത്ത് അതു മാത്രം ശരിയെന്ന കടുംപിടിത്തവുമായി നില്‍ക്കുമ്പോള്‍ ആദര്‍ശ സാഹോദര്യത്തിന്റെ ഇസ്‌ലാമിക പാഠങ്ങളെല്ലാം നാം മറക്കുന്നു.
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പ്രബോധിത സമൂഹത്തിലെ എതിരാളികളോടുപോലും സംവദിക്കുന്നത് മാന്യമായ ഭാഷയിലും ശൈലിയിലുമാണ്. അവയില്‍ അശ്ലീലമോ അസഭ്യമോ അപമാനിക്കലോ ആക്രോശിക്കലോ ഇല്ല.
അപരന്‍ ശരിയാവാന്‍ പാടില്ലെന്നും അവന്റെ ശരികള്‍ അംഗീകരിക്കില്ലെന്നും തന്റെ സംഘടനയ്ക്ക് അത് ക്ഷീണമാകുമെന്നും വിലയിരുത്തുന്ന അസഹിഷ്ണുതാധിഷ്ഠിത സങ്കുചിതത്വത്തിലേക്ക് നീങ്ങുന്നതാണ് നേര്‍ക്കാഴ്ച. അതിനാല്‍ തന്നെ ഇസ്‌ലാമിക പ്രബോധനത്തിനായി സംവിധാനിക്കുന്ന പേജുകളും സ്റ്റേജുകളുമെല്ലാം പലപ്പോഴും ദുര്‍ഗന്ധപൂരിതമാവുകയും സാമൂഹികാന്തരീക്ഷത്തെ മലിനമാക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ എല്ലാവരും ഐക്യപ്പെടുന്ന നന്മകള്‍ പോലും വിസ്മരിക്കപ്പെടുകയും തിന്മകള്‍ വ്യാപിക്കുകയും ചെയ്യുന്ന ദുരവസ്ഥ സംജാതമാകുന്നു. തിരുത്തുന്നവരുടെ അനാവശ്യ കാര്‍ക്കശ്യത്താല്‍ സ്വസ്ഥമായി ചിന്തിക്കാനും പഠിക്കാനും കഴിയാതെ, 99 പേരെ കൊന്നവര്‍ പശ്ചാത്താപവഴിയില്‍ നിരാശരായി നൂറുപേരെ കൊല്ലുന്ന മഹാപാപത്തില്‍ വഴിതെറ്റിവീഴുന്നു.
മതപ്രചാരകരും പ്രബോധകരുമായി അയച്ച അനുചരന്‍ മുആദി(റ)നോടും കൂട്ടുകാരനോടും നബി(സ) പറയുന്നത് ''നിങ്ങള്‍ എളുപ്പമാക്കുക, പ്രയാസമാക്കരുത്' എന്നാണ്.'' 'മതം ഗുണകാംക്ഷയാണെ'ന്നും റസൂല്‍ പഠിപ്പിക്കുന്നുണ്ട്. പ്രബോധകന്‍ മറക്കാതെ ഓര്‍ക്കേണ്ട അടിസ്ഥാന പാഠങ്ങളാണ്ഇവ.