സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകുമെന്ന് ശരീഅത്ത് വ്യക്തമാക്കിയിട്ടുള്ള ഏറ്റവും കുറഞ്ഞ അളവാണ് നിസാബ് എന്നു പറയുന്നത്. ഒരാളുടെ സമ്പത്ത് അതില്‍ കൂടുതലാണെങ്കില്‍ അയാള്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്.
സകാത്ത് വിശ്വാസികളുടെ മേലുള്ള സാമ്പത്തിക ബാധ്യതയാണ്. അതു നിര്‍വഹിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങളുടെ വര്‍ധനവ് അവനുണ്ടാകുന്നു. സമ്പത്ത് ചെലവഴിക്കുന്നതിലൂടെ മനസ്സിന്റെ ശുദ്ധീകരണവും തന്മൂലം ലഭ്യമാകുന്ന സ്വര്‍ഗപ്രാപ്തിയുമാണ് ഈ ഇബാദത്തു കൊണ്ട് ലക്ഷ്യമാക്കപ്പെടുന്നത്.
അല്ലാഹുവിന്റെ പ്രീതിയും അവനില്‍ നിന്നുള്ള പ്രതിഫലവും കാംക്ഷിച്ചുകൊണ്ടായിരിക്കണം സകാത്ത് നല്‍കേണ്ടത്. പ്രായപൂര്‍ത്തി എത്തിയ, സ്വബോധമുള്ള, സ്വതന്ത്രനായ, നിസാബിന്റെ പരിധി എത്തിയ ധനമുള്ള ഏതൊരു മുസ്‌ലിമിനും സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്.
മുആദുബ്‌നു ജബലി(റ)നെ യമനിലെ ഗവര്‍ണറായി നിയോഗിച്ചതിനെ സംബന്ധിച്ച് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ (ബുഖാരി 1395, മുസ്‌ലിം 19) അടിസ്ഥാനത്തില്‍ കുട്ടിയെന്നോ സ്വബോധമില്ലാത്തവനെന്നോ വ്യത്യാസമില്ലാതെ ധനികനായ ഏവര്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. അത്വാഅ്, ജാബിര്‍, മുജാഹിദ്, സുഹ്‌രി, മാലിക്, ശാഫിഈ, അഹ്മദ് മുതലായ ഇമാമുമാര്‍ ഈ വീക്ഷണം ഉള്ളവരാണ് (ഫിഖ്ഹുസ്സകാത്ത് 1:40).
ശരീഅത്ത് വിധിച്ചിട്ടുള്ള നിര്‍ബന്ധ ദാനത്തിന് സകാത്ത് എന്നും സദഖ എന്നും ഖുര്‍ആനില്‍ പ്രസ്താവിച്ചത് കാണാം. ''അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന സദഖ അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുകയും ചെയ്യുക'' (തൗബ 103). ഖുര്‍ആനില്‍ 30 സ്ഥലങ്ങളിലാണ് സകാത്ത് എന്ന പദം വന്നത്. അതില്‍ത്തന്നെ 27 സ്ഥലത്തും അത് നമസ്‌കാരവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പറഞ്ഞത് (മുഅ്ജം അല്‍ മുഫഹറസ് ലി അല്‍ഫാളില്‍ ഖുര്‍ആന്‍, മുഹമ്മദ് ഫുആദ് പേജ് 331).
നിര്‍ബന്ധ ദാനമെന്ന നിലയിലും ഐച്ഛിക ദാനമെന്ന നിലയിലും സദഖ എന്ന പ്രയോഗം 13 ഇടങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. തൗബയിലെ 60,103 ആയത്തുകളില്‍ വന്ന സദഖ എന്ന പ്രയോഗം കൊണ്ട് സകാത്ത് എന്ന അര്‍ഥമാണ് ഉദ്ദേശിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷമാണ് സകാത്ത് നിര്‍ബന്ധമാക്കിയതെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം, എന്നാല്‍ ഫുസ്സിലത് പോലുള്ള മക്കീ സൂറത്തുകളിലും സകാത്തിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
അവകാശികള്‍
സകാത്ത് സ്വീകരിക്കാന്‍ അര്‍ഹരായി എട്ടു വിഭാഗം ആളുകളെയാണ് അല്ലാഹു എണ്ണിയത്. ''ദാനധര്‍മങ്ങള്‍ (അഥവാ സകാത്ത് നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രേ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (തൗബ 60).
ജീവിക്കാന്‍ ആവശ്യമായ വരുമാനം കണ്ടെത്താന്‍ കഴിയാതെ വന്നവരാണ് ദരിദ്രനും അഗതിയും. ജീവിതാവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവനെ ഫഖീര്‍ എന്നു വിളിക്കുന്നു. സഹായിക്കപ്പെട്ടാല്‍ സ്വയംപര്യാപ്തരാകാന്‍ കഴിയുന്ന ദരിദ്രരാണിവര്‍. ജനങ്ങളോട് യാചിക്കുന്നതില്‍ നിന്ന് അകന്നുനില്‍ക്കുന്നവനും അതോടൊപ്പം തന്റെ ദാരിദ്ര്യം ആളുകള്‍ മനസ്സിലാക്കാത്തതിനാല്‍ ദാനം ലഭിക്കാത്തവനുമാണ് മിസ്‌കീന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇരുകൂട്ടരും സകാത്ത് സ്വീകരിക്കാന്‍ അവകാശപ്പെട്ടവരാണ്.

ശൈഖ് ഇബ്‌നു ബാസിന്റെ അഭിപ്രായത്തില്‍, മിസ്‌കീനിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാരന്‍ ഫഖീറാണ്. ഭക്ഷണപാനീയങ്ങള്‍ക്കും വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കും മതിയായ വരുമാനം ഉള്ളവര്‍ ഇവ രണ്ടിന്റെയും പരിധിയില്‍ ഉള്‍പ്പെടുകയില്ല. ഒരുവന്റെയും അവന്റെ സംരക്ഷണ ഉത്തരവാദിത്തം ഉള്ളവരുടെയും അടിസ്ഥാന ആവശ്യം കഴിച്ച് ബാക്കിയുള്ള ധനം സകാത്ത് നല്‍കാനുള്ള നിസാബ് എത്തുന്നുവെങ്കില്‍ അവനെ ഗനിയ്യ് (ധനികന്‍) ആയിട്ടാണ് പരിഗണിക്കുക.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്ത് സംഭരണ-വിതരണരീതി സംഘടിതമായി ചെയ്യേണ്ട ഒന്നാണ്. അതിനാല്‍ സകാത്ത് ശേഖരിക്കുകയും അത് ഭാഗിച്ചുകൊടുക്കുകയും എഴുതിവെക്കുകയും അതിനു കാവല്‍ നില്‍ക്കുകയും ചെയ്യുന്ന ആമിലുകളാണ് സകാത്തിന്റെ അവകാശികളില്‍ പെട്ട മൂന്നാമത്തെ വിഭാഗം. ധനികരാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ വേതനമെന്ന നിലയില്‍ അവര്‍ക്കും സകാത്തില്‍ നിന്ന് ഓഹരി ലഭിക്കും.
ഇസ്‌ലാമുമായി മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതില്‍ മുസ്ലിംകളും അമുസ്‌ലിംകളും ഉള്‍പ്പെടും. വിശ്വാസദൗര്‍ബല്യം ഉള്ളവരോ പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നവരോ ശത്രുക്കളോട് ചേര്‍ന്നുകിടക്കുന്നതും മുസ്‌ലിം സമൂഹത്തിന്റെ സഹായവും പിന്തുണയും ആവശ്യമുള്ളവരുമായ മുസ്‌ലിംകളോ ആണ് ഒന്നാമത്തെ കൂട്ടര്‍. ഇത്തരക്കാരെ ദീനിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ സകാത്തുകൊണ്ട് സാധിക്കുന്നു.
ഹൃദയം കൊണ്ട് ഇണക്കമുണ്ടായിക്കഴിഞ്ഞാല്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അമുസ്‌ലിംകളാണ് രണ്ടാമത്തേത്. ദാനധര്‍മങ്ങള്‍ ലഭിച്ചാല്‍ മുസ്‌ലിംകളെ ദ്രോഹിക്കുന്നതില്‍ നിന്നു പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്ന അമുസ്‌ലിംകള്‍ക്കും മറ്റൊരു പോംവഴി ഉണ്ടാകുന്നതുവരെ ദാനം നല്‍കാവുന്നതാണ്.
ഇസ്‌ലാം സ്വീകരിക്കാന്‍ പോകുന്ന ഒരാള്‍ റസൂലിനോട് എന്തെങ്കിലും ചോദിച്ചാല്‍ അദ്ദേഹം അത് അവര്‍ക്ക് നല്‍കുമായിരുന്നു. തിരുമേനി(സ) ഒരിക്കല്‍ ഒരാള്‍ക്ക് രണ്ട് മലകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന ഒരു ആട്ടിന്‍കൂട്ടത്തെ അപ്പാടെ നല്‍കി. അയാള്‍ തന്റെ ജനതയിലേക്ക് പോയിട്ട് 'എന്റെ ജനങ്ങളേ, ഇസ്‌ലാം സ്വീകരിക്കുക. ദാരിദ്ര്യത്തെ ഭയപ്പെടാത്തതുപോലെ മുഹമ്മദ് വളരെയധികം ദാനധര്‍മങ്ങള്‍ ചെയ്യുന്നു' എന്ന് വിളിച്ചുപറഞ്ഞു.
ഇമാം മുസ്‌ലിം (2312) ഉദ്ധരിക്കുന്ന ഈ ഹദീസില്‍ അനസ്(റ) ഇപ്രകാരം കൂടി പറയുന്നത് കാണാം: 'ഇഹലോകത്തിനു വേണ്ടിയാണ് ആ വ്യക്തി ഇസ്‌ലാം സ്വീകരിച്ചത്; ശേഷം അദ്ദേഹം മുസ്‌ലിമായി. പിന്നീട് അദ്ദേഹത്തിന് ഇഹലോകത്തെക്കാളും അതിലുള്ളതിനേക്കാളും പ്രിയപ്പെട്ടത് ഇസ്‌ലാമായി മാറി.'
ഇസ്‌ലാമിക ഭരണം നിലനില്‍ക്കാത്ത നമ്മുടെ നാടുകളില്‍ മഹല്ല് സംവിധാനങ്ങള്‍ ഒരുക്കി ജുമുഅഃയും പെരുന്നാളും അനാഥക്കുട്ടികളുടെ വിവാഹവും മറ്റും നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവുതന്നെ മതിയാകും സംഘടിതമായി സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും.
മുഹമ്മദ് നബി(സ) ജനിക്കുന്നതിനു മുമ്പുതന്നെ അറേബ്യയില്‍ അടിമത്ത വ്യവസ്ഥിതി നിലനിന്നിരുന്നു. അടിമത്ത സമ്പ്രദായം ഇല്ലാതാക്കാനായി കൈക്കൊണ്ട നടപടികളില്‍ ഒന്നാണ് സകാത്തിലെ വിഹിതം കൊണ്ട് അടിമകളെ മോചിപ്പിക്കുക എന്നത്. സകാത്തിന്റെ അവകാശികളില്‍ പെട്ട കടം കൊണ്ട് വലഞ്ഞവനും അല്ലാഹുവിന്റെ മാര്‍ഗത്തിലെ സമരത്തില്‍ ഏര്‍പ്പെട്ടവനും വഴിയാത്രക്കാരനും ആദ്യം പറഞ്ഞ ദരിദ്രരില്‍ ഉള്‍പ്പെടണം എന്നില്ല.
ഇമാം സുഹ്‌രി പറയുന്നു: ''കടമുള്ളവനും വഴിപോക്കനും അവര്‍ കഴിവുള്ളവരാണെങ്കിലും സകാത്തില്‍ നിന്ന് സഹായിക്കാവുന്നതാണ്'' (തഫ്‌സീറുല്‍ മനാര്‍). സ്വന്തത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ജാമ്യം നിന്നതിനാലോ ഒരാള്‍ കടക്കാരനായി മാറിയേക്കാം. അയാളെ സഹായിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്.
ദീനില്‍ യാചന അനുവദിക്കപ്പെട്ടിട്ടുള്ള മൂന്നു വിഭാഗത്തില്‍ ഒന്ന് കടബാധ്യത കൊണ്ട് വലഞ്ഞവനാണ്. ദീനിന്റെയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും നിലനില്‍പിന് ആവശ്യമായ സൈനികശക്തിക്കു വേണ്ടിയുള്ള ചെലവുകളാണ് 'ഫീ സബീലില്ലാ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ദീനിന്റെ പ്രചാരണത്തിനും ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വിനിയോഗിക്കാവുന്നതാണ്.
നിസാബ്
സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകുമെന്ന് ശരീഅത്ത് വ്യക്തമാക്കിയിട്ടുള്ള ഏറ്റവും കുറഞ്ഞ അളവാണ് നിസാബ് എന്നു പറയുന്നത്. ഒരാളുടെ സമ്പത്ത് അതില്‍ കൂടുതലാണെങ്കില്‍ അയാള്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനായി. ഒരു മനുഷ്യന് യാചന കൂടാതെ ജീവിക്കാന്‍ കഴിയുന്ന പരിധി എന്ന നിലയിലാണ് ഇത് കണക്കാക്കിയിട്ടുള്ളത്. ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു ചന്ദ്രവര്‍ഷത്തില്‍ (354 ദിവസം) അവന്റെ കൈവശം വന്നിരുന്ന ധനം നിസാബ് എത്തുന്നുവെങ്കില്‍ അവന്‍ സകാത്ത് നല്‍കേണ്ടതാണ്.
അബൂസഈദില്‍ നിന്നുള്ള ഹദീസില്‍ റസൂല്‍ (സ) പറഞ്ഞതായി ഇപ്രകാരം കാണാം: ''... അഞ്ച് ഊഖിയയില്‍ താഴെയുള്ള (വെള്ളിക്ക്) സകാത്തില്ല, അഞ്ച് വസ്ഖിനു താഴെയുള്ള (ധാന്യത്തിന്) സകാത്തില്ല'' (ബുഖാരി 1447). ഒരു ഊഖിയ എന്നത് 40 ദിര്‍ഹമാണ്. 200 ദിര്‍ഹം എന്നത് 595 ഗ്രാം വെള്ളിയാണ്. ഇത് ഇന്നത്തെ ഏകദേശം 63,000 രൂപ വരും.
ശമ്പളത്തിന്റെ നിസാബായി കണക്കാക്കേണ്ടത് ഈ തുകയാണ്. അപ്പോള്‍ തന്റെ അടിസ്ഥാന ചെലവുകള്‍ കഴിച്ച് വാര്‍ഷിക വരുമാനമായി 63,000 രൂപയോ അതിനു മുകളിലോ വരുമാനമുള്ളവന്‍ അതില്‍ നിന്നു 2.5% സകാത്ത് നല്‍കേണ്ടതാണ്. അടിസ്ഥാന ചെലവ് കിഴിക്കുക എന്നത് ഒരു ഇളവ് മാത്രമാണ്. അതില്ലാതെത്തന്നെ സകാത്ത് നല്‍കലാണ് സൂക്ഷ്മതയ്ക്ക് നല്ലത്.
വസ്ഖ് (ബഹുവചനം: ഔസഖ്) എന്നത് ഒട്ടകപ്പുറത്ത് ഏറ്റുന്ന ഭാരത്തിന്റെ കണക്കാണ്. ഇത് 122 കിലോയാണ്. അഞ്ച് ഔസഖ് എന്നത് ഏകദേശം ആറ് ക്വിന്റല്‍ വരും. കൃഷിയുടെ സകാത്ത് നല്‍കേണ്ട പരിധിയാണിത്. മഴയോ നദിയോ ഉറവോ ഉയോഗിച്ച് നനച്ചുണ്ടായ വിളകള്‍ക്ക് പത്ത് ശതമാനവും, മൃഗങ്ങളെക്കൊണ്ടോ (ആധുനികകാലത്ത് പമ്പ്‌സെറ്റ് ഉപയോഗിച്ചോ) നനച്ചുണ്ടാക്കിയവയ്ക്ക് അഞ്ചു ശതമാനവുമാണ് സകാത്ത് നല്‍കേണ്ടത് (ബുഖാരി 1483, നസാഈ 2489).
വിളവെടുപ്പുവേളയിലാണ് കൃഷിയുടെ സകാത്ത് നല്‍കേണ്ടത്. അല്ലാഹു പറയുന്നു: ''പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക'' (അന്‍ആം 141).
ഒരു കൊല്ലത്തില്‍ തന്നെ രണ്ടോ മൂന്നോ വിളവുകളിലൂടെയാണ് ഈ പരിധി എത്തുന്നതെങ്കിലും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. ഏലം, ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി, കാപ്പി മുതലായവയ്ക്ക് ആറ് ക്വിന്റല്‍ വിളവ് ഉണ്ടാകണമെന്നില്ല. മറിച്ച് നാട്ടിലെ അടിസ്ഥാന ധാന്യമായ അരിയുടെ ആറ് ക്വിന്റലിന്റെ വിലയ്ക്ക് സമാനമായ വിളവെടുപ്പ് ഉണ്ടായാല്‍ തന്നെ പരിധി എത്തുന്നതാണ്.

18,000 രൂപയുടെ നെല്ല് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്‍ സകാത്ത് കൊടുക്കണം, 16 ലക്ഷം രൂപയുടെ ഏലം ഉല്‍പാദിപ്പിക്കുന്നവന്‍ അത് കൊടുക്കേണ്ടതില്ല എന്ന നിലയിലുള്ള അനീതി ഒഴിവാക്കാനുള്ള സൂക്ഷ്മതയുടെ മാര്‍ഗം അതാണ്. കൃഷിക്ക് നിസാബ് കണക്കാക്കാതെ തന്നെ സകാത്ത് നല്‍കണമെന്ന അഭിപ്രായമുള്ള സഹാബിമാരും മുന്‍ഗാമികളായ പണ്ഡിതന്മാരുമുണ്ട്. പാട്ടം നിശ്ചയിച്ച ഭൂമിക്ക് പാട്ടത്തിന്റെ സകാത്ത് ഭൂവുടമയാണ് നല്‍കേണ്ടത്. കര്‍ഷകന്‍ തന്റെ പങ്കിന്റെ സകാത്ത് മാത്രം നല്‍കിയാല്‍ മതി.
ആടുകളുടെ നിസാബ് 40 ആടുകള്‍ക്ക് ഒരാടും 121 ആടുകള്‍ക്ക് രണ്ടും 201ന് മൂന്നുമാണ് (ബുഖാരി 1454). പശുക്കളുടെ നിസാബ് പറയുന്ന ഹദീസിന് അല്‍പം ദുര്‍ബലതയുണ്ടെങ്കിലും, 30 പശുക്കള്‍ക്ക് ഒരു തബിയും (ഒരു വയസ്സ് പൂര്‍ത്തിയാക്കിയ കാളക്കിടാവോ പശുക്കിടാവോ) 40 എണ്ണത്തിന് ഒരു മുസിന്നയും (രണ്ടു വയസ്സ് പൂര്‍ത്തിയാക്കിയ കന്ന്) ആണ് അതിന്റെ നിസാബായി പരിഗണിച്ചുവരുന്നത് (തിര്‍മിദി 623).
കോഴി ഫാം പോലുള്ളവയുടെ നടത്തിപ്പുകാര്‍ നിസാബായി പരിഗണിക്കേണ്ടത് 595 ഗ്രാം വെള്ളിയുടെ വിലയാണ്. വര്‍ഷാവസാനം, കൈവശം വന്ന പണവും ഫാമിലുള്ളവയുടെ മൂല്യവും കൂട്ടിനോക്കി അവ 595 ഗ്രാം വെള്ളിയുടെ വിലയെക്കാള്‍ കൂടുതലുണ്ടെങ്കില്‍ 2.5% സകാത്ത് നല്‍കേണ്ടതുണ്ട്.
ദാഹിരി മദ്ഹബ് ഒഴിച്ചുള്ള ബഹുഭൂരിപക്ഷം പണ്ഡിതന്മാരും കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരാണ്. കച്ചവടത്തിനായി തയ്യാര്‍ ചെയ്തതില്‍ നിന്നു സദഖ (സകാത്ത്) നല്‍കാന്‍ അല്ലാഹുവിന്റെ ദൂതര്‍ കല്‍പിച്ചു എന്ന് സമുറ ബിന്‍ ജുന്‍ദുബില്‍ നിന്ന് അബൂദാവൂദ് (1562), ബൈഹഖി (4:146) എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.
എന്നാല്‍ ഹുബൈബുബ്‌നു സുലൈമാന്‍, ജഅ്ഫര്‍ ബിന്‍ സഅ്ദ് മുതലായ റാവിമാര്‍ മൂലം പ്രസ്തുത ഹദീസ് ദുര്‍ബലമായതാണ്. അബൂദര്‍റി(റ)ല്‍ നിന്നുദ്ധരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കുള്ള സദഖയെ പറ്റിയുള്ള ഹദീസിനും വിമര്‍ശനമുണ്ട്. എന്നാല്‍ കച്ചവടച്ചരക്കിന് സകാത്ത് നല്‍കാന്‍ ഉമര്‍(റ) കല്‍പിച്ചത് പ്രസിദ്ധമാണ്.
കച്ചവടത്തിന്റെ സകാത്ത് രണ്ടു രീതിയിലാണ് പരിഗണിക്കാറുള്ളത്: ഒന്ന്: വര്‍ഷാവസാനം ലാഭം കണക്കാക്കി അതിന്റെ അഞ്ച് ശതമാനമോ പത്ത് ശതമാനമോ സകാത്ത് നല്‍കുക. ചരക്കിന്റെ വില കൂട്ടേണ്ടതില്ല. രണ്ട്: വര്‍ഷാവസാനം ചരക്കിന്റെ ആകെ വിലയും ആ വര്‍ഷത്തെ ലാഭവും ചേര്‍ത്ത് അത് 595 ഗ്രാം വെള്ളിയുടെ വിലയെക്കാള്‍ കൂടുതലുണ്ടെങ്കില്‍ മുഴുവന്‍ തുകയ്ക്കും രണ്ടര ശതമാനം സകാത്ത് നല്‍കുക.
കെട്ടിടം, പണിയായുധങ്ങള്‍ മുതലായവയുടെ വാടകയ്ക്കും സകാത്ത് നല്‍കേണ്ടതുണ്ട്. വര്‍ഷാവസാനം ലഭിച്ച ആകെ വാടക, അതിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കഴിച്ച് നിസാബ് എത്തുന്നുവെങ്കില്‍ അതിന്റെ 2.5% സകാത്ത് നല്‍കേണ്ടതുണ്ട്. അത്വാഅ് പറയുന്നു: ''നിങ്ങളുടെ ചെലവുകള്‍ കുറച്ച ശേഷം ബാക്കിയുള്ളതിന് സകാത്ത് നല്‍കുക'' (ഫിഖ്ഹുസ്സകാത്ത് 1:247, ഖറദാവി).
ആഭരണമായി ഉപയോഗിക്കുന്നതായാലും അല്ലെങ്കിലും സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ (തൗബ 34-35) പൊതുവായ വിധിയും അതാണ്. ആയിശ(റ)യുടെ കൈകളില്‍ വെള്ളിയുടെ രണ്ട് വളകള്‍ കണ്ടപ്പോള്‍ 'നീ ഇതിന് സകാത്ത് നല്‍കിയോ' എന്ന് തിരുമേനി ചോദിച്ചതായും ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ 'നീ നരകത്തില്‍ പ്രവേശിക്കാന്‍ ഇതുതന്നെ മതി' എന്ന് നബി മറുപടി പറഞ്ഞതായും സഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് (അബൂദാവൂദ് 1565, ദാറഖുത്‌നി 1934).
സമാനമായ മറ്റൊരു സംഭവം സ്വര്‍ണവളകളുടെ കാര്യത്തില്‍ അസ്മാഅ് ബിന്‍ത് യസീദില്‍ നിന്ന് മുസ്‌നദ് അഹ്മദില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇതിന്റെ പരമ്പര നല്ലതാണെന്ന് ഇമാം ഹൈതമി പറയുന്നു. രത്‌നങ്ങള്‍ക്കും കല്ലുകള്‍ക്കും സകാത്ത് ഇല്ലെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നിസാബ് കണക്കാക്കി അവയ്ക്കും സകാത്ത് നല്‍കലാണ് സൂക്ഷ്മതയുള്ളവര്‍ ചെയ്യേണ്ടത്.
24 കാരറ്റ് സ്വര്‍ണം 85 ഗ്രാമോ അതിലധികമോ ഉണ്ടെങ്കില്‍ 2.5% സകാത്ത് നല്‍കേണ്ടതാണ്. ആഭരണം 22 കാരറ്റാണങ്കില്‍ അതിന്റെ തൂക്കത്തെ 0.916 കൊണ്ട് ഗുണിച്ച് സ്വര്‍ണത്തിന്റെ ഭാരം കണക്കാക്കാം. സ്വര്‍ണത്തിന് 595 ഗ്രാം വെള്ളിയുടെ തോതനുസരിച്ച് തന്നെ നിസ്വാബ് കണക്കാക്കണം എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.
ശേഖരണവും വിതരണവും
സംഘടിതമായ സകാത്ത് ശേഖരണ-വിതരണ രൂപമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍ ചിലര്‍ സംഘടിത സകാത്ത് സംവിധാനത്തെ എതിര്‍ക്കുന്നത് കാണാം. എന്നാല്‍ സകാത്തിന്റെ അവകാശികളില്‍ ഒന്ന് ഇതിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നത് അവര്‍ക്കു പോലും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന തെളിവാണുതാനും.
ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അവിടത്തെ ഭരണാധികാരികളാണ് ജുമുഅഃ, പെരുന്നാള്‍ നമസ്‌കാരം, അനാഥക്കുട്ടികളുടെ വിവാഹം, സകാത്ത് ശേഖരണ-വിതരണം മുതലായവയുടെ ചുമതല നിര്‍വഹിക്കേണ്ടത്. ഇസ്‌ലാമിക ഭരണം നിലനില്‍ക്കാത്ത നമ്മുടെ നാടുകളില്‍ മഹല്ല് സംവിധാനങ്ങള്‍ ഒരുക്കി ജുമുഅഃയും പെരുന്നാളും അനാഥക്കുട്ടികളുടെ വിവാഹവും മറ്റും നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവുതന്നെ മതിയാകും സംഘടിതമായി സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും.