തബ്‌ലീഗ് വിധി; കോവിഡ് നിഴലിലെ ആസൂത്രിത ഇസ്‌ലാം ഭീതി പൊളിച്ചടുക്കുന്നു


കോവിഡ് കാലത്ത് തബ്‌ലീഗ് ജമാഅത്തുകാരായ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി ഒരു നിയമപരിഹാരത്തിനപ്പുറം, ഇന്ത്യന്‍ ജനാധിപത്യത്തിനകത്തെ ഘടനാപരമായ ഇസ്ലാംഭീതിയെ നേരിടുന്ന ജ്ഞാനപരമായ ആയുധമാണ്.

കോവിഡ് കാലത്ത് തബ്‌ലീഗ് ജമാഅത്തുകാരായ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതിയുടെ വിധി നിയമപരമായ തിരുത്തലിനപ്പുറം പ്രാധാന്യമുള്ളതാണ്. കോവിഡ്-19 പ്രതിസന്ധിസമയത്ത് ഇന്ത്യയില്‍ വളര്‍ന്നു പടര്‍ന്ന ഘടനാപരമായ ഇസ്ലാമോഫോബിയക്ക് ഈ വിധി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2020ല്‍, ഒരു മതപരിപാടിയെ 'കൊറോണ വൈറസിന്റെ ഉറവിടം' എന്ന് അഭിസംബോധന ചെയ്തതോടെ, ഭൂരിപക്ഷാധിപത്യ രാഷ്ട്രീയവും മാധ്യമ സങ്കേതങ്ങളും സാമൂഹിക മനഃശാസ്ത്രവും തമ്മില്‍ അപായകരമായ ഇടപെടലുകള്‍ ഉരുത്തിരിയുകയായിരുന്നു. ഈ പ്രതിസന്ധിയുടെ ഉത്ഭവം 2020 മാര്‍ച്ച് തുടക്കത്തിലാണ്.

കോവിഡ്-19 അതിര്‍ത്തികള്‍ കടന്ന് പടരുമ്പോള്‍, വ്യക്തിപരമായ ഭക്തിയിലും ആത്മീയ പുനരുജ്ജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അരാഷ്ട്രീയ സ്വഭാവവുള്ള ഒരു മുസ്‌ലിം പുനരുജ്ജീവന പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്ത് ഡല്‍ഹിയിലെ പ്രധാന കേന്ദ്രത്തില്‍ വാര്‍ഷിക സമ്മേളനം നടത്തി. ആയിരക്കണക്കിന് ആളുകള്‍, വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ അവിടെ പങ്കെടുത്തു. മാര്‍ച്ച് 24ന് അപ്രതീക്ഷിതമായി രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് മുന്‍പ് സമ്മേളനം പൂര്‍ത്തിയാവുകയുണ്ടായി.

എന്നിരുന്നാലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരിച്ചു പോകാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ നല്‍കിയുള്ളൂ. ഭരണ-മാധ്യമ സംവിധാനം ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ ഏക 'സൂപ്പര്‍ സ്‌പ്രെഡര്‍' സംഭവമാണിതെന്ന് നിര്‍മിച്ചെടുക്കുന്നതില്‍ വിജയിച്ചു.

തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകള്‍ ആദ്യകാല ഇന്ത്യന്‍ കൊറോണ വ്യാപനത്തിന്റെ 29.8% (14,378 കേസുകളില്‍ 4,291) ആണെന്ന് സര്‍ക്കാര്‍ വിശദീകരണങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു. മാധ്യമങ്ങള്‍ ഈ കണക്കുകള്‍ കണ്ണുംപൂട്ടി ആവര്‍ത്തിച്ചു.

എന്നാല്‍ ഈ വാദത്തിന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. കോവിഡ് ടെസ്റ്റു ചെയ്യുന്നതിലെ 'സാമ്പിള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗൗരവമായ പക്ഷപാതം' ചൂണ്ടിക്കാട്ടി പല എപ്പിഡെമിയോളജിസ്റ്റുകളും രംഗത്ത് വന്നു. തബ്‌ലീഗ് ജമാഅത്തുകാരെ, പ്രേത്യേകിച്ച് അതില്‍ പങ്കെടുത്തവരെ, അവരുടെ ദൃശ്യതയും ദുഷ്പ്രചാരവും കാരണം വിടാതെ പിന്തുടര്‍ന്ന് പരിശോധിക്കുകയാണുണ്ടായതെന്ന വിമര്‍ശനം ഉയര്‍ന്നു.

മാര്‍ച്ച് 13ന്, മര്‍കസ് സംഭവം അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, ആരോഗ്യ മന്ത്രാലയം കോവിഡ്-19 'ആരോഗ്യ അടിയന്തരാവസ്ഥയല്ല' എന്ന് പ്രസ്താവിച്ചത് പ്രത്യേകം പറയേണ്ടതാണ്. പാന്‍ഡെമിക് ആസൂത്രണത്തിലും ലോക്ഡൗണ്‍ നടപ്പാക്കലിലും ഭരണകൂടം അത്യന്തം പരാജയമായിരുന്നു. ഇതു മറച്ചുവെക്കാന്‍ മര്‍കസ് സമ്മേളനം സൗകര്യപ്രദമായ ബലിയാടായി സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ബിജെപിയുടെ പല ഉന്നത നേതാക്കളും സംഭവത്തെ 'കൊറോണ ജിഹാദ്' എന്ന് വിളിച്ചു. സംപിത് പത്ര പോലെയുള്ള ബി ജെ പി അനുകൂല സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ തബ്‌ലീഗ് ജമാഅത്ത് 'ഇന്ത്യയെ ഒറ്റയ്ക്ക് തകര്‍ത്തു കളഞ്ഞുവെന്നും' (single-handedly destroyed India), അവരെ 'ഒരിക്കലും പൊറുപ്പിക്കരുത്' എന്നും ട്വീറ്റുകള്‍ ചെയ്തു.

കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി 'താലിബാന്‍ കുറ്റകൃത്യം' എന്നണ് ഇതിനെ വിശേഷിപ്പിച്ചത്. മാധ്യമങ്ങളകട്ടെ ആഴ്ചകളോളം തബ്‌ലീഗ് ജമാഅത്ത് സമ്മേളനം ലോക്ഡൗണ്‍ കാലത്ത് നടന്ന ഒരു മഹാ വിപത്താണെന്ന് അലറി. അതില്‍ പങ്കെടുത്തവരെ 'മനുഷ്യ ബോംബുകള്‍' എന്നും ജൈവ തീവ്രവാദികളെന്നും അതുവഴി മനപൂര്‍വം 'കൊറോണ ജിഹാദില്‍' ഏര്‍പ്പെട്ടവരെന്നും ബ്രാന്‍ഡ് ചെയ്തു.

അര്‍ണബ് ഗോസ്വാമിയെ പോലെയുള്ള തീവ്ര വലതുപക്ഷ മാധ്യമ നടത്തിപ്പുകാര്‍ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ 'ഡോക്ടര്‍മാരുടെ മേല്‍ തുപ്പുകയും' 'വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും' ചെയ്തു എന്ന നിര്‍മിത കഥകള്‍ പ്രചരിപ്പിച്ചു. ഇന്ത്യ ടുഡേ മദ്‌റസകളെ 'ഹോട്ട് സ്‌പോട്ടുകള്‍' എന്ന് മാര്‍ക്കിട്ട് 'വിചാരണകള്‍' നടത്തി.

മുസ്‌ലിം വസ്ത്രങ്ങള്‍ ധരിച്ച വൈറസിന്റെ കാര്‍ട്ടൂണുകള്‍ വഴി ഈ ഹീനകൃത്യം വ്യാപകമായി പ്രചരിപ്പിച്ചു. ദ ഹിന്ദു അത്തരത്തില്‍ ഉള്ള ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധികരിക്കുകയും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു. ഈ പ്രചാരം സമ്മേളനത്തില്‍ പങ്കെടുത്തവരെ പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതില്‍ അദ്വിതീയരായും ഉത്തരവാദിത്തരഹിതരായും, ക്രിമിനല്‍ മനോഭാവമുള്ളവരായും ചിത്രീകരിച്ചു.

കോവിഡ്- 19 കാലത്ത് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മുസ്ലിം വിരുദ്ധ കാർട്ടൂണുകൾ

മനപ്പൂര്‍വമായ വൈറല്‍ വ്യാപനത്തിനോ ക്രിമിനല്‍ കുതന്ത്രത്തിനോ ആവശ്യമായ തെളിവുകളൊന്നും ഉയര്‍ന്നുവരികയുണ്ടായിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളെ രോഗവാഹകരായി ഫ്രെയിം ചെയ്തു.

ആരോഗ്യപരമായ അപായം ഉണ്ടായിട്ടും രാം നവമി മേള പോലുള്ള മത സമ്മേളനങ്ങള്‍ക്ക് രാഷ്ട്രീയ ആശീര്‍വാദങ്ങളോടെ മുന്നോട്ട് പോകാന്‍ അനുവാദം നല്‍കിയപ്പോള്‍, തബ്‌ലീഗ് ജമാഅത്ത് പങ്കാളികള്‍ പകര്‍ച്ചവ്യാധി നിയമങ്ങള്‍ പ്രകാരം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നേരിടേണ്ടി വന്നു. തബ്‌ലീഗ് അംഗങ്ങള്‍ക്കെതിരായി 35-ലധികം കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. അവരുടെ സാന്നിധ്യം ബോധപൂര്‍വകമായ വൈറല്‍ ആക്രമണമായി ചിത്രീകരിച്ചു. വിവാദ സിറ്റിസണ്‍ഷിപ് ഭേദഗതി നിയമം (CAA), ദേശീയ പൗര രജിസ്റ്റര്‍ (NRC) എന്നിവയുള്‍പ്പെടെ വിവേചനപരമായ മുസ്ലിം വിരുദ്ധ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രചാരണം കൊടുമ്പിരി കൊണ്ടത് എന്നത് പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തബ്‌ലീഗ് ജമാഅത്ത് സംഭവം, സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രതികരണങ്ങളിലൂടെ പ്രതിസന്ധി ഘട്ടങ്ങളില്‍, മറഞ്ഞിരിക്കുന്ന മുന്‍വിധികളെ എങ്ങനെ സജീവമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. ഡാനിഷ് ഭാഷാശാസ്ത്ര പണ്ഡിതരായ ടീന്‍ വാന്‍ ഡൈക്ക് (Teun A van Dijk), നോര്‍മന്‍ ഫെയര്‍ക്ലോ (Norman Fairclough), സാമൂഹ്യാരോഗ്യത്തിന് ഭീഷണിയായി ന്യൂനപക്ഷങ്ങളെ ചിത്രീകരിക്കുന്ന രാഷ്ട്രീയാധികാരപ്രവണതക്ക് ശക്തി പകരുന്നതിലെ മാധ്യമ പങ്ക് എടുത്ത് പറയുന്നുണ്ട്. തബ്‌ലീഗ് ജമാഅത്ത് റിപ്പോര്‍ട്ടിംഗ് മുസ്‌ലിംകളെ പൗരത്വത്തില്‍ നിന്ന് രാജ്യദ്രോഹികളായും ജിഹാദികളായും രൂപാന്തരണം ചെയ്തു.

ഈ 'അന്യവത്കരണ പ്രക്രിയ' അവരെ ആന്തരിക ശത്രുക്കളായി കാണുന്ന പ്രവണത ശക്തിപ്പെടുത്തി. സ്റ്റാന്‍ലി കോഹന്റെ 'നൈതിക പരിഭ്രാന്തി' (Moral panic) സിദ്ധാന്തം തബ്‌ലീഗ് ജമാഅത്തിനെ 'സാമൂഹ്യ മൂല്യങ്ങള്‍ക്ക് ഭീഷണി' ആയി എങ്ങനെ അവതരിപ്പിച്ചു എന്ന് വെളിപ്പെടുത്തുന്നുണ്ട്.

സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് ഭീഷണിയായി ഒരു വിഭാഗത്തെ കാണുകയും, മാധ്യമങ്ങളുടെ അതിശയോക്തികള്‍ പൊതുഭയത്തിന് വിത്തിടുകയും, അതുവഴി അനുപാതരഹിതമായ സാമൂഹ്യ നിയന്ത്രണം അവര്‍ക്കെതിരെ ഉണ്ടാകുകയും ചെയ്യുന്ന പ്രക്രിയയെ ആണ് അദ്ദേഹം നൈതിക പരിഭ്രാന്തിയായി വിശേഷിപ്പിക്കുന്നത്.

'ശൈലീപരവും സ്റ്റീരിയോടൈപ്പുകളുമായ' മാധ്യമ ചിത്രീകരണങ്ങളിലൂടെ, മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നതിലൂടെ, സമൂഹത്തിന് ഭയവും അനിശ്ചിതത്വവും പ്രകടമാക്കാന്‍ കഴിഞ്ഞു. സങ്കീര്‍ണമായ പ്രതിസന്ധികള്‍ക്ക് ലളിതമായ കാരണമന്വേഷിക്കുന്ന മനഃശാസ്ത്രപരമായ ആവശ്യകതയായാണ് വിക്ടോറിയ എസ്സസും സഹപ്രവര്‍ത്തകരും ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്.

തബ്ലീഗ് ജമാഅത്തിനെ ബലിയാടാക്കുക വഴി അപര്യാപ്തമായ പരിശോധനാ സൗകര്യങ്ങള്‍, വെന്റിലേറ്റര്‍ കുറവ്, നയപരമായ പാളിച്ച തുടങ്ങി കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വ്യവസ്ഥാപരമായ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സാധിച്ചു.

ഹിന്ദുക്കളെ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷമായും മുസ്‌ലിംകളെ ആക്രമണകാരികളായും, അവര്‍ക്കെതിരെ 'തിരുത്തല്‍' നയങ്ങള്‍ ആവശ്യമുള്ളവതായും ചിത്രീകരിക്കുന്ന ഏര്‍പ്പാട് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് സ്വാതന്ത്ര്യത്തിന് മുന്‍പെ ഉള്ള ഏര്‍പ്പാടാണ്.

നിര്‍മിതമായ ഈ 'ഭൂരിപക്ഷ-ന്യൂനപക്ഷ സങ്കീര്‍ണത' സമൂഹശാസ്ത്രജ്ഞന്‍ ഉപാധ്യായ വിളിക്കുന്ന 'അപരവത്കരത്തിന്റെ സാധാരണവത്കരണത്തിന് (normalizing stigmatization)' വേണ്ടിയുള്ള ഒരു വാചിക ഉപകരണമായി തബ്‌ലീഗ് ജമാഅത്ത് സംഭവം മാറി. പുരോഗമന ഇടത്- ലിബറല്‍ മുസ്ലിം ഇടങ്ങളില്‍ ഈ അപരവത്കരണം 'പുരോഗമന' യുക്തിയില്‍ നിന്നു കൊണ്ടായിരുന്നു.

ഈ വെറുപ്പുല്പാദനത്തിലൂടെ തബ്ലീഗ് ജമാഅത്തുകാരും മാറ്റ് മുസ്ലിംകളും സാമൂഹ്യപരമായി അനുഭവിക്കേണ്ടിവന്ന ദാരുണമായ പരിണതഫലങ്ങള്‍ കൂടെ അറിയേണ്ടത് അനിവാര്യമാണ്. മുസ്‌ലിം വ്യാപാരികള്‍ വ്യാപകമായ നിരാകരണത്തിനിരയായി. ഹിന്ദുത്വവാദികള്‍ ഹിന്ദുക്കളോട് മുസ്ലിം ബിസിനസുകള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തു.

മഹാമാരിക്കു മുന്‍പുണ്ടായിരുന്ന 'സാമ്പത്തിക അസ്പൃശ്യതാ' പ്രചാരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ വിപുലമാക്കി. മുസ്‌ലിംകള്‍ക്ക് കോവിഡ് പരിശോധനയോ ചികിത്സയോ നിഷേധിച്ചു. ആശുപത്രികള്‍ മതം അടിസ്ഥാനമാക്കി രോഗികളെ വേര്‍തിരിച്ചു. ഈ വേര്‍തിരിവ് വാക്കാലുള്ള വെറുപ്പുല്പദാനം എങ്ങനെ ഭൗതികമായ ബഹിഷ്‌കരണത്തിന് വഴിയൊരുക്കി എന്ന് വെളിപ്പെടുത്തി.

വൈറസ് മനപൂര്‍വം പടര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലെ CORONA JIHAD ഹാഷ്ടാഗുകള്‍ അതിനപ്പുറത്ത് ആള്‍ക്കൂട്ടങ്ങള്‍ മുസ്‌ലിം പുരുഷന്മാരെ ആക്രമിക്കുന്നതിലേക്ക് നയിച്ചു. ഡിജിറ്റല്‍ വിദ്വേഷവും സാമൂഹ്യ ആക്രമണവും തമ്മിലുള്ള ബന്ധത്തിന്റെ ഭീകരമായ പകടനം ഇവിടെ വെളിവാക്കപ്പെട്ടു.

ഹൈക്കോടതിയും കൗണ്ടര്‍ ആഖ്യാനവും

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ, കോവിഡ്-19 ലോക്ഡൗണ്‍ കാലത്ത് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 70 ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 16 എഫ്.ഐ.ആറുകളും തുടര്‍നടപടികളും റദ്ദാക്കിയിരിക്കുന്നു. നിസാമുദ്ദീന്‍ മര്‍കസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ വിവിധ വകുപ്പുകള്‍ (188 - ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിന് വിധേയമാകാതിരിക്കല്‍, 269 & 270 - അപായകരമായ രോഗം പടരാന്‍ സാധ്യതയുള്ള അശ്രദ്ധ/ദുഷ്പ്രവൃത്തികള്‍, 271- ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കല്‍), എപിഡെമിക് ഡിസീസസ് ആക്റ്റ് 1897, ദുരന്ത നിവാരണ ആക്റ്റ് 2005 എന്നിവ പ്രകാരമായിരുന്നു പൊലീസ് കേസുകള്‍ എടുത്തിരുന്നത്.

ആരോപിത കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ടെത്തി. കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സമ്മേളനം നടന്നതെന്നും, തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അവിടെ നിന്ന് പുറത്തുപോകാന്‍ സാധിക്കാത്ത സ്ഥിതിക്ക് അവര്‍ മര്‍കസില്‍ കുടുങ്ങിപ്പോയെന്നും കോടതി നിരീക്ഷിച്ചു. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കാതെ അവര്‍ക്ക് അവിടെ നിന്ന് പോകാന്‍ കഴിയില്ലായിരുന്നു.

കേസ് നടപടികള്‍ തുടരുന്നത് 'നടപടിക്രമത്തിന്റെ ദുരുപയോഗം' ആയിരിക്കുമെന്നും അത് നീതിക്ക് അനുകൂലമല്ലെന്നും കണ്ടതിനാല്‍ എല്ലാ കുറ്റാരോപണങ്ങളും നിയമ നടപടികളും റദ്ദാക്കുകയും ഹര്‍ജിക്കാരെ കുറ്റവിമുക്തരാക്കുകയും ചെയ്യുകയായിരുന്നു.

അവിടെ താമസിച്ചു എന്നത് നിശ്ചിത നിര്‍ദ്ദേശങ്ങളുടെ ലംഘനമോ ക്രിമിനല്‍ പെരുമാറ്റമോ ആയി വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. വിജ്ഞാപനം 144ന്റെ ആവശ്യമായ അറിയിപ്പ് (പ്രൊമല്‍ഗേഷന്‍) ശരിയായി നല്‍കിയിട്ടില്ലെന്നും അത് പ്രതികളുടെ അറിവില്‍ എത്തിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കൂടാതെ, കുറ്റപത്രങ്ങളില്‍ ഒരു പ്രതിയെങ്കിലും കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നോ, ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം അശ്രദ്ധയോടെയോ നിയമവിരുദ്ധമായോ സഞ്ചരിച്ച് രോഗം പടരാന്‍ ഉദ്ദേശ്യമുള്ളവരായിരുന്നുവെന്നോ, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയെന്നോ, ദുരന്ത നിയന്ത്രണ നിയമ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നോ തെളിക്കുന്ന ഒന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല.

കേസ് നടപടികള്‍ തുടരുന്നത് 'നടപടിക്രമത്തിന്റെ അധികാര ദുരുപയോഗം' (abuse of the process) ആയിരിക്കുമെന്നും അത് നീതിക്ക് അനുകൂലമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേറ്റ് ഓഫ് ഹരിയാന/ വി.എസ് ഭജന്‍ലാല്‍ സുപ്രീം കോടതി വിധികള്‍ ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടി. തല്‍ഫലമായി, എല്ലാ കുറ്റാരോപണങ്ങളും നിയമ നടപടികളും റദ്ദാക്കുകയും ഹര്‍ജിക്കാരെ (പ്രതികളെ) കുറ്റവിമുക്തരാക്കുകയും ചെയ്യുകയായിരുന്നു.

ഈ വിധി ഒരു നിയമപരിഹാരത്തിനപ്പുറം, ഇന്ത്യന്‍ ജനാധിപത്യത്തിനകത്തെ ഘടനാപരമായ ഇസ്ലാംഭീതിയെ നേരിടുന്ന ജ്ഞാനപരമായ ആയുധം (epistemic weapon) ആണ്. രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ മഹ്മൂദ് മംദാനി ചൂണ്ടിക്കാട്ടുന്ന 'അടിയന്തരാവസ്ഥയുടെ സംസ്‌കാരം' (culture of emergency) എന്ന ആശയത്തെ ഈ വിധി തകര്‍ക്കുന്നു.

പ്രതിസന്ധികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അപവാദപരമായ വിവേചനങ്ങള്‍ക്ക് ന്യായീകരണമൊരുക്കുന്ന രീതിയെ ഹൈക്കോടതി വിധി നിരാകരിക്കുന്നു. കോവിഡ് എന്ന 'അടിയന്തരം' ഹിന്ദുത്വ രാഷ്ട്രീയത്തിന് മുസ്‌ലിംകളെ 'ജൈവ-ശത്രുക്കളായി' രൂപാന്തരപ്പെടുത്താന്‍ സൗകര്യപ്പെടുത്തിയതിനെ വിധി വിമര്‍ശിക്കുന്നു.

രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എങ്ങനെ ജനവിഭാഗങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ഫ്രഞ്ച് തത്ത്വചിന്തകന്‍ മിഷേല്‍ ഫൂക്കോയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.


ഡോ. ആഷിക്ക് ഷൗക്കത്ത് പി അരീക്കോട് സുല്ലമുസ്സലം അറബിക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ആണ് ലേഖകന്‍.