സമകാലിക 'ഭാരത'ത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവി


ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് ഫാഷിസത്തിന്റെ മഹാമാരിക്കെതിരെ വിറങ്ങലിച്ചു നില്‍ക്കേണ്ടി വരുന്നതിന് ഒരേയൊരു കാരണമേയുള്ളൂ. അധികാരത്തില്‍ പങ്കാളിത്തമില്ലായ്മ.

മകാലിക ഇന്ത്യയില്‍ അരികുവത്കരണത്തിന്റെ രാഷ്ട്രീയം ഭൂരിപക്ഷം നിര്‍ബാധം പ്രയോഗിച്ചുകൊണ്ടിരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്രീമിലെയര്‍ സ്റ്റേറ്റിനെ ഒന്നാകെ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ ഈ അപ്രമാദിത്വം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

തീവ്രവലതുപക്ഷം ഇന്ത്യയെ ഹിന്ദുത്വവത്കരിക്കുന്ന പ്രക്രിയ തുടരുകയാണ്. ലോകത്ത് ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതിയുണ്ടായിട്ടും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് ഫാഷിസത്തിന്റെ മഹാമാരിക്കെതിരെ വിറങ്ങലിച്ചു നില്‍ക്കേണ്ടി വരുന്നതിന് ഒരേയൊരു കാരണമേയുള്ളൂ. അധികാരത്തില്‍ പങ്കാളിത്തമില്ലായ്മ.

ഏതൊരു ജനതയെയും അരികുവത്കരിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ കഴിയുന്നത് അധികാരത്തിലെ പങ്കാളിത്തം ഇല്ലാതിരിക്കുമ്പോഴാണ്. ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വത്തെ അവര്‍ ഇല്ലാതാക്കുന്നത് അധികാരത്തില്‍ അവര്‍ക്ക് കാര്യമായ റോളില്ലാത്തതുകൊണ്ടാണ്.

സിയാഉല്‍ ഇസ്‌ലാമിന്റെ 'ബീയിങ് മുസ്ലിം ഇന്‍ ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തില്‍ ഈ നേര്‍ക്കാഴ്ചകളെ വൃത്തിയായി അവതരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വ ഇന്ത്യയില്‍ മുസ്‌ലിമിന് സംഭവിക്കുന്നത് ഫാഷിസ്റ്റ് ഐഡിയോളജി സ്വീകരിച്ച ഏതൊരു രാജ്യത്തും സംഭവിക്കുന്ന സ്വാഭാവിക കാര്യങ്ങളാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതുവരെ ഈ അരുക്കാക്കല്‍ സംഭവിക്കുന്നു.

ബുള്‍ഡോസര്‍ ഉപയോഗിച്ച് അവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നു. ചേരികളിലേക്ക് തള്ളപ്പെടുന്ന മനുഷ്യര്‍ക്ക് പിന്നെ വോട്ടര്‍ പട്ടികയില്‍ ഇടമുണ്ടാകില്ല. വോട്ടര്‍ പട്ടികയില്‍ ഇടമില്ലാത്തവന് ഒരു രാജ്യത്ത് എന്തു വില! ഏറ്റവുമൊടുവില്‍ അസമിലാണ് ഈ ദുരവസ്ഥ കണ്ടത്. അതിനു മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി സര്‍ക്കാരുകളുടെ ബുള്‍ഡോസറുകള്‍ മുസ്‌ലിം നെഞ്ചകങ്ങളെ വലിച്ചുകീറി.

മുസ്‌ലിം മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മീതെ അവകാശവാദം ഉന്നയിക്കുന്നത് തുടരുകയാണ്. ഗ്യാന്‍വാപിയിലും അജ്മീറിലും സംഭവിക്കുന്നത് ഇതര ദേശങ്ങളിലേക്ക് പടരും. ലൗജിഹാദിന്റെ പേരു പറഞ്ഞ് മുസ്‌ലിം ഭീതി വിതച്ച ഒരു സിനിമയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. പ്രൊപ്പഗണ്ടകളുണ്ടാക്കി ഇന്ത്യയെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയവര്‍ തന്നെയാണ് ഒരു പ്രൊപഗണ്ട സിനിമയ്ക്ക് അംഗീകാരം നല്‍കുന്നത്.

ഹിജാബും ഹലാലും ഇവര്‍ക്ക് വെറുപ്പ് ഉല്‍പാദനത്തിന്റെ രൂപകങ്ങളാണ്. മുസ്‌ലിം ന്യൂനപക്ഷം മാത്രമല്ല, ക്രിസ്തീയ ന്യൂനപക്ഷവും ഈ വേട്ടയുടെ ഇരകളാണ്. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. മതവേഷം ധരിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത് എന്നാണ് ഈ കന്യാസ്ത്രീകള്‍ തന്നെ വെളിപ്പെടുത്തിയത്.

ഭൂരിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ന്യൂനപക്ഷ ശ്രമങ്ങളാണ് നിലവിലെ മുസ്‌ലിം രാഷ്ട്രീയം. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ മാത്രമാണ് ചെറുതായെങ്കിലും ഈ രാഷ്ട്രീയത്തിന് വിജയിക്കാനായത്.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം എന്ന നിലയിലും സ്വയം ശാക്തീകരണം ലക്ഷ്യമിട്ടുമാണ് ഇന്ത്യയിലെ മുസ്‌ലിം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ബിജെപിയെ ജയിപ്പിക്കുന്ന ടൂളായി ചിലയിടത്തെങ്കിലും ഇത്തരം പാര്‍ട്ടികള്‍ മാറുന്നുണ്ട്. ബിജെപിക്കെതിരെ പൊരുതുന്ന കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ക്ക് ഇത്തരം ചെറു പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

എന്നാല്‍, മതേതര പട്ടം പോകുമെന്ന ഭയം കൊണ്ട് ഇത്തരം കക്ഷികളുമായി നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതെ വരുന്നു. ബിജെപി ജയിക്കുന്നു എന്നതാണ് ഫലം. മതേതരത്വം തകര്‍ക്കുന്നത് മുസ്‌ലിം പാര്‍ട്ടികളാണെന്ന അബദ്ധ ധാരണയില്‍ നിന്നാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ഭൂരിപക്ഷ ആധിപത്യത്തെ ചെറുക്കാനും സ്വന്തം ശബ്ദമുയര്‍ത്താനുമുള്ള ചെറിയ ശ്രമം മാത്രമാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം.

രാജ്യം ഫാഷിസത്തിന്റെ സ്വഭാവങ്ങളെ ശക്തമായി പ്രകാശിപ്പിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ദലിത്-മുസ്‌ലിം മുന്നേറ്റമെന്ന ആശയത്തിന് കൂടുതല്‍ പ്രസക്തി കൈവന്നിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രീയം പഴയതിനേക്കാള്‍ അനിവാര്യമായ കാലമാണിത്.

നിലവിലെ പ്രാതിനിധ്യ രീതികള്‍ അനുസരിച്ച് മുസ്‌ലിം പാര്‍ട്ടിക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവില്ല. എന്നാല്‍ ഭൂരിപക്ഷ വോട്ടുബാങ്കിന്റെ പിന്തുണയുള്ള ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അത് സാധ്യമാണ്.

പിന്നാക്ക സമുദായമെന്ന നിലയിലും ന്യൂനപക്ഷമെന്ന നിലയിലും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ലഭിക്കുന്ന സംവരണത്തിന്റെ ആനുകൂല്യം പാര്‍ലമെന്ററി രംഗത്തും വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തേണ്ട സമയമാണിത്. മുസ്‌ലിം അപരവത്കരണത്തിന്റെ തോത് കുറയ്ക്കാനും പരിഗണനയുടെ രാഷ്ട്രീയം സംജാതമാകാനും ഈയൊരു പരിഹാരം അനിവാര്യമാണ്.

നിലവിലെ പ്രാതിനിധ്യ രീതികള്‍ അനുസരിച്ച് മുസ്‌ലിം പാര്‍ട്ടിക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവില്ല. എന്നാല്‍ ഭൂരിപക്ഷ വോട്ടുബാങ്കിന്റെ പിന്തുണയുള്ള ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അത് സാധ്യമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ ശരീരം മുസ്‌ലിം പാര്‍ട്ടികള്‍ക്ക് ഉണ്ടാകണം. വിശ്വാസവും സ്വത്വവും സംരക്ഷിച്ചുകൊണ്ടുതന്നെ മതേതര ഇടങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.

മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളെ പ്രതിനിധീകരിക്കാന്‍ യുഡിഎഫിന് സാധിച്ചതാണ് കേരളത്തിലെ രാഷ്ട്രീയ വിജയം. ഈ മോഡല്‍ ഇതര സംസ്ഥാനങ്ങളിലും പരീക്ഷിക്കണം. ഇതേ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ എല്‍ഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയിതര രാഷ്ട്രീയം എന്നത് ഹിന്ദുയിതര രാഷ്ട്രീയമല്ല. അത് ഹിന്ദു വിശ്വാസത്തെയും വിശ്വാസികളെയും ചേര്‍ത്തുനിര്‍ത്തി തന്നെ സംഭവിക്കേണ്ട ഒന്നാണ്.

കത്തോലിക്കാ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് ഗോവയില്‍ ബിജെപി സോഷ്യല്‍ എന്‍ജിനീയറിങ് നടത്തിയത്. വലിയൊരു ശതമാനം കത്തോലിക്കാ വോട്ടുകള്‍ നേടാന്‍ ഇതുവഴി ബിജെപിക്ക് സാധിച്ചു. ഇന്ത്യയിലാകെ ക്രിസ്ത്യന്‍ വോട്ടുബാങ്ക് സ്വന്തമാക്കാനുള്ള ചരടുവലികള്‍ ബിജെപി ശക്തമാക്കുന്നുണ്ട്. അതോടൊപ്പം മുസ്‌ലിംകളെ കൂടെ നിര്‍ത്താനുള്ള പദ്ധതികളും അവര്‍ക്കുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ശിഖ്‌വ-ഇ-ഹിന്ദ്: ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവി' എന്ന പുസ്തകത്തില്‍ മുജീബ് റഹ്മാന്‍ എഴുതിയ വാക്കുകളോടെ ഈ ലേഖനം അവസാനിപ്പിക്കുകയാണ്.

അദ്ദേഹം പറയുന്നു: ''രാഷ്ട്രീയ ഭാവി ഉറപ്പാക്കപ്പെടുമ്പോള്‍ മാത്രമേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ സാമ്പത്തിക അല്ലെങ്കില്‍ സാംസ്‌കാരിക ഭാവി വിലപേശാനും ചര്‍ച്ച ചെയ്യാനും അധികാരം ലഭിക്കൂ. രാഷ്ട്രീയ ഭാവിയെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്തുന്നത് ഇന്ത്യന്‍ മുസ്ലിംകളെ ദാരിദ്ര്യത്തിലേക്കും സ്ഥിരമായ ദുരിതാവസ്ഥയിലേക്കും അവകാശങ്ങളില്ലാത്ത ജീവിതത്തിലേക്കും അനന്തമായ പീഡനത്തിലേക്കുംനയിക്കും.''

ആദ്യഭാഗം വായിക്കാന്‍: മതേതര ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ ഇല്ലാതാകുന്നത്


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ