നാമറിയാത്തതും അറിഞ്ഞതുമായ അനുഭൂതിദായകമായ പല തരം സാംസ്‌കാരിക വൈവിധ്യങ്ങളുടെ പടികള്‍ കൂടി കടന്നാണ് പേര്‍ഷ്യന്‍ ഗള്‍ഫ് ഫിത്ര്‍ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്.
വര്‍ണമനോഹരമായ പരമ്പരാഗത വസ്ത്രം ധരിച്ച ചിത്രശലഭങ്ങള്‍ പോലുള്ള കുഞ്ഞുങ്ങള്‍ സന്ധ്യ കഴിഞ്ഞ് അറബ് വീടുകളുടെ ഉമ്മറപ്പടിയിലേക്ക് വരിവരിയായി നീങ്ങുന്നു. കൈയില്‍ പ്രത്യേകമായി നെയ്ത കുട്ടകളോ ചിത്രത്തുന്നലുള്ള സഞ്ചികളോ കാണും. 'ഗരന്‍ഗാവോ ഗിര്‍ഗാ ഓ... അതൂനല്ലാ യാതീകും...' അവര്‍ ഉച്ചത്തില്‍ പാടുന്നുണ്ടാകും.