തെളിവും സത്യവാങ്മൂലവും ആവശ്യപ്പെടുമ്പോഴും പറഞ്ഞത് കളവാണെന്നോ അടിസ്ഥാനരഹിതമാണെന്നോ പറയാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറായിട്ടില്ല. മാധ്യമപ്രവര്‍ത്തകരും അന്വേഷിച്ചെങ്കിലും മറിച്ചൊരു വിവരം ലഭിച്ചിട്ടില്ല.
രാജ്യത്തു സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനവുമായി ബന്ധപ്പെട്ട അസാധാരണവും ദുരൂഹവുമായ കണക്കുകളും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് പോളിങ് 58.22 ശതമാനം. അന്ന് രാത്രി 11 മണിക്ക് 66.05 ശതമാനം. അസാധാരണായ പോളിംഗാണ് അവസാന മിനിറ്റുകളില്‍ നടക്കുന്നത്!
ഏതൊരു വോട്ടെടുപ്പിലും പോളിങ് അവസാനിക്കുന്ന സമയത്ത് കമ്മീഷന്‍ പുറത്തുവിടുന്ന പോളിങ് ശതമാനം, അന്തിമ കണക്കുകള്‍ വരുമ്പോള്‍ നേരിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറുണ്ട്. ഇ വി എമ്മുകളുടെ കാലത്ത് ഇതിനുള്ള സാധ്യത തുലോം കുറവാണ്. എങ്കില്‍ തന്നെ ഒരു ശതമാനത്തിനടുത്താണ് മാറ്റം വരാറുള്ളത്.
എന്നാല്‍ മഹാരാഷ്ട്രയിലെ അന്തിമ പോളിങ് കണക്കില്‍ വന്ന വര്‍ധനവ് 7.83 ശതമാനം! പോളിങിന്റെ അവസാന മണിക്കൂറില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യപ്പെട്ടുവെന്നോ, അല്ലെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ നടന്ന തിരിമറിക്ക് ആനുപാതികമായി പോളിങ് ശതമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്രിമം കാണിച്ചുവെന്നോ ഉള്ള സംശയങ്ങളെ ബലപ്പെടുത്തുന്നു ഈ കണക്ക്.
ബോധ്യപ്പെടുന്ന സത്യങ്ങള്‍
രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് കേവലം ആരോപണങ്ങളല്ലെന്നും സത്യങ്ങള്‍ തന്നെയാണെന്നും തിരഞ്ഞെുടപ്പ് കമ്മീഷനും ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനയായിരുന്നു രാഹുലിന്റെ വാദങ്ങളെയൊന്നും നിഷേധിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല എന്നത്.

തെളിവും സത്യവാങ്മൂലവും ആവശ്യപ്പെടുമ്പോഴും പറഞ്ഞതൊന്നും കളവാണെന്നോ അടിസ്ഥാനരഹിതമാണെന്നോ പറയാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. രാഹുല്‍ തെളിവായി ഉദ്ധരിച്ച ബെംഗളൂരു സെന്‍ട്രലിലെ ചില വീടുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ വെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ തിരക്കിയത്.
80-ലധികം വോട്ടുകളുണ്ടെന്ന് പറയുന്ന 5-ാം നമ്പര്‍ ക്രോസ്‌റോഡ്, മുനി റെഡ്ഡി ഗാര്‍ഡന്‍, വീട്ടു നമ്പര്‍ 35 എന്ന വിലാസത്തില്‍ ഒരു വോട്ടര്‍ പോലുമില്ലെന്ന് ബി എല്‍ ഒ നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഇവിടെ ആകെയുള്ളത് അടുക്കളയും ബാത്‌റൂമും ഉള്ള ഒരു കെട്ടിടമാണ്. പശ്ചിമബംഗാള്‍ സ്വദേശിയായ ഒരു ഡെലിവറി തൊഴിലാളിയും കുടുംബവുമാണ് ഇവിടെ വാടകക്കു താമസിക്കുന്നത്.
തുള്‍സി ടാക്കീസിനു സമീപം 46 വോട്ടുകളുള്ള ബ്രൂവറിയുടെ വിലാസം തേടിയും ബി എല്‍ ഒ ചെന്നു. ഇവിടെയും ഒരു വോട്ടര്‍ പോലും താമസിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി അന്വേഷിച്ചെങ്കിലും മറിച്ചൊരു വിശദീകരണം ലഭിച്ചിട്ടില്ല.
കണ്ണുരുട്ടുന്ന കമ്മീഷന്‍
വോട്ടു മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ഇക്കാര്യം സത്യപ്രസ്താവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയോട് കര്‍ണാടകയും രാജസ്ഥാനും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. എന്നാല്‍ താന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത എം പിയാണെന്നും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ വാക്കുകള്‍ തന്നെയാണ് തന്റെ സത്യപ്രസ്താവന എന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.
ഡസന്‍ കണക്കിന് മാധ്യമങ്ങളെ മുന്നില്‍ വിളിച്ചിരിത്തുന്ന രാജ്യത്തെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിജസ്ഥിതിയാണോ എന്ന് അന്വേഷിക്കാന്‍ കമ്മീഷന് ഒരു സത്യപ്രസ്താവനയുടെ ആവശ്യമുണ്ടോ. കയ്യിലുള്ള രേഖകള്‍ പരിശോധിച്ചാല്‍ പോരേ!

രണ്ട് കാര്യങ്ങള്‍ ഇതില്‍ നിന്ന് വായിച്ചെടുക്കാം. ഒന്ന്, ആത്മാര്‍ഥമായ അന്വേഷണത്തിനോ തിരുത്തല്‍ നടപടികള്‍ക്കോ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ കൂടി അറിവോടെയാണ് ഈ ക്രമക്കേടുകളെല്ലാം നടന്നിരിക്കുന്നത് എന്നത് മറ്റൊന്ന്.
ഒരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇത്രയേറെ ക്രമക്കേട് എന്നത് യാദൃച്ഛികമായി സംഭവിക്കുമോ. കമ്മീഷന്‍ കണ്ണടച്ചാല്‍ മാത്രം സംഭവിക്കുന്നതാണ്. അല്ലെങ്കില്‍ കണ്ണു തുറന്നുവെച്ചിട്ടും കമ്മീഷന്‍ അന്ധത നടിച്ചാല്‍ മാത്രം സംഭവിക്കുന്നതാണ്.
എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍
ഇത്ര വലിയ ക്രമക്കേട് നടന്നിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാതെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വാര്‍ത്താ സമ്മേളനം നടത്തി എന്നത് സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമാണ്. വ്യവസ്ഥിതികള്‍ കറപ്റ്റഡ് ആണ് എന്ന് അദ്ദേഹത്തിന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം അങ്ങനെ ചെയ്തത്.
ഇതേ കമ്മീഷനെയാണ് കോണ്‍ഗ്രസ് നേതൃത്വം വോട്ടര്‍ പട്ടികകളുടെ ഇലക്ട്രോണിക് വേര്‍ഷന്‍ ആവശ്യപ്പെട്ട് നാലു തവണ സമീപിച്ചത്. അതിനു തയ്യാറാകാതിരുന്ന കമ്മീഷന് ഈ ക്രമക്കേടില്‍ പങ്കുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചത്.
തെളിവു ചോദിക്കുമോ എന്ന ഭയത്തിന്റെ പേരില്‍ വോട്ടിങ് നടപടികളുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കുന്ന തിരക്കിലാണ് കമ്മീഷന്‍ ഇപ്പോള്‍. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചല്ല, അതിനായി ഭേദഗതികള്‍ കൊണ്ടുവന്നാണ് 45 ദിവസത്തില്‍ കൂടുതല്‍ ഇവ സൂക്ഷിക്കേണ്ടതില്ലെന്ന് പറഞ്ഞ് നശിപ്പിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തെളിവു നശിപ്പിക്കാന്‍ ധൃതിപ്പെടുന്നവരുടെ മുന്നിലേക്ക് പരാതിയുമായി എത്തുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്.
രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ നാം കരുതുന്ന പോലെ അത്ര സുതാര്യമല്ലെന്നും അപകട സൂചനകള്‍ ഉണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള ജാഗ്രത ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം വഴിയൊരുക്കും.
കോടതികള്‍ക്കു മുന്നില്‍ പരാതിയായി എത്തിയാല്‍ എത്രത്തോളം ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാകും എന്ന കാര്യം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സംശയമുണ്ടായിരിക്കാം. പ്രത്യേകിച്ച് കോടതികളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധി എന്ന വ്യക്തിക്കും എതിരെ നടക്കുന്ന നീക്കങ്ങള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്ന കാലത്ത്.

മോദിയേയും അമിത് ഷായേയും ആര്‍ എസ് എസിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം എത്ര കേസുകളാണ് പ്രതിപക്ഷ നേതാവിനെതിരെ നിലവുള്ളത്. ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈന കൈയേറിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ അടിസ്ഥാനമാക്കി കോടതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍ ആയിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു'.
രാഹുല്‍ പറഞ്ഞതെല്ലാം ഭരണകൂടത്തിനെതിരാണെന്നും സൈന്യത്തിനെതിരല്ലെന്നും പകല്‍പോലെ വ്യക്തമായ കാര്യമാണ്. എന്നിട്ടും കോടതികള്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് എന്താണ് വായിച്ചെടുക്കേണ്ടത്. മാത്രമല്ല നടപടിക്രമങ്ങളുടെ കാലതാമസവും മറ്റൊരു കാരണമാകും
പ്രതീക്ഷകള്‍ക്ക് സാധ്യതയുണ്ടോ?
ഈ വെളിപ്പെടുത്തലുകളിലെല്ലാം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെറ്റിപ്പോയ സംവിധാനങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഭരണഘടനാദത്തമായ അധികാരം നല്‍കപ്പെട്ടിരിക്കുന്നത് കമ്മീഷനു മാത്രമാണ്. അതിനു കമ്മീഷന്‍ മുതിരുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
രാഹുലിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് പോരാട്ടം ശക്തിപ്പെടുത്താന്‍ ഇന്‍ഡ്യാ മുന്നണി രംഗത്തിറങ്ങിക്കഴിഞ്ഞു. ബിഹാര്‍ എസ് ഐ ആര്‍ വിഷയത്തിനൊപ്പം വോട്ടു മോഷണവും ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യാ മുന്നണി മാര്‍ച്ച് നടത്തുന്നുണ്ട്. തിരുത്തല്‍ ശക്തിയായി മാറാന്‍ പ്രതിപക്ഷത്തിനു കഴിയുമോ എന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല.
പക്ഷേ ഒന്നുറപ്പാണ്. രാജ്യത്തിന്റെ ജനായത്ത സംവിധാനങ്ങള്‍ നാം കരുതുന്ന പോലെ അത്ര സുതാര്യമല്ലെന്നും അപകട സൂചനകള്‍ ഉണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള ജാഗ്രത ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം വഴിയൊരുക്കുമെന്നുറപ്പ്. അതുതന്നെയാവണം ഒരു പക്ഷേ രാഹുല്‍ലക്ഷ്യമിട്ടതും.