സൊഹ്‌റാന്‍ മംദാനിയുടെ നെറ്റിയില്‍ പതിയാതെ പോയ 'തീവ്രവാദി' സ്റ്റിക്കര്‍


ന്യൂയോര്‍ക്കിലെ സൊഹ്‌റാന്‍ മംദാനിയുടെ തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തില്‍ ഒരു പുതിയ വ്യാകരണം കൊണ്ടുവരുന്നുണ്ട്.

ഭീകരവാദത്തിന്റെ യഥാര്‍ഥ വേരുകള്‍ മതത്തിലല്ല, മറിച്ച് ആധുനിക രാഷ്ട്രീയ ചിന്തയിലും ഭൗമരാഷ്ട്ര തന്ത്രത്തിലുമാണ് എന്ന് എഴുതിയത് പ്രമുഖ നരവംശ ശാസ്ത്രജ്ഞനും ലോക പ്രശസ്ത രാഷ്ട്രതന്ത്രജ്ഞനുമായ മഹ്മൂദ് മംദാനിയാണ്. 9/11ന്റെ പശ്ചാത്തലത്തില്‍ എഴുതി, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പരിഭാഷ പുറത്തിറങ്ങിയ 'Good Muslim, Bad Muslim: Islam, the USA and the Global War against Terror' എന്ന ഗ്രന്ഥം ഈ ആശയത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല ഇസ്ലാമിന്റെ രാഷ്ട്രീയം സംസാരിക്കുകയും പല അമേരിക്കക്കാരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.

ഈ രചന പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം 'നല്ല മുസ്ലിം' ആരെന്നും 'ചീത്ത മുസ്ലിം' ആരെന്നും അന്വേഷിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ ഗോദയില്‍ തന്റെ മുസ്ലിമായ മകന്‍ വരിച്ച വിജയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വീണ്ടും വിലയിരുത്തലിന് വിധേയമാവുകയാണ് മഹ്മൂദ് മംദാനിയുടെ ഈ ഗ്രന്ഥവും അതിലുള്ളടങ്ങിയ ആശയങ്ങളും.

''9/11 ആക്രമണത്തിനുശേഷം മഹ്മൂദ് മംദാനി 'ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം' എന്ന പുസ്തകമെഴുതിയപ്പോള്‍, അദ്ദേഹം വിമര്‍ശിച്ച രാഷ്ട്രീയ ബൈനറികള്‍ ഒരു ദിവസം സ്വന്തം കുടുംബത്തില്‍ തന്നെ വന്നുചേരുമെന്ന് അദ്ദേഹം സ്വപ്‌നേപി നിനച്ചിട്ടുണ്ടാവില്ല. രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം, ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന്റെ മകന്‍ സൊഹ്റാന്‍ മംദാനി നേടിയ വന്‍ വിജയം 'നല്ല' മുസ്ലിംകള്‍ എന്നതിന്റെ അര്‍ഥം പുനര്‍നിര്‍മിച്ചതായി തോന്നുന്നു.

മഹ്മൂദ് മംദാനിയെ സംബന്ധിച്ചിടത്തോളം, ഒരു 'നല്ല മുസ്ലിം' എന്നതിനര്‍ഥം ഒരിക്കലും ധാര്‍മികമായി നേരുള്ളവരായിരിക്കുക എന്നല്ല. അധികാരമായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. അത് 'സാംസ്‌കാരിക സംവാദം' എന്ന പദമായിരുന്നു, പാശ്ചാത്യര്‍ തന്നെ മുസ്‌ലിംകളെ വിശ്വസ്തതയുടെയും ഭീഷണിയുടെയും വിഭാഗങ്ങളായി എങ്ങനെ വിഭജിക്കുന്നുവെന്ന് ചിത്രീകരിക്കാന്‍ അദ്ദേഹം കൊണ്ടുവന്ന പദം.

മഹ്മൂദ് മാംദാനി കുടുംബത്തോടൊപ്പം

'നല്ലവര്‍' എന്നത് പാശ്ചാത്യരുടെ യുക്തിയോടും ചട്ടക്കൂടിനോടും ചേര്‍ന്നു നിന്നവരാണ്. പല കാരണങ്ങളാല്‍ വിട്ടുവീഴ്ച ചെയ്യുന്നവരാണവര്‍.'' സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മുവില്‍ അധ്യാപകനായ റാഷിദ് അലി 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍' 2025 നവംബര്‍ ഏഴിന് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

''ന്യൂയോര്‍ക്കിലെ സൊഹ്്‌റാന്‍ മംദാനിയുടെ തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തില്‍ ഒരു പുതിയ വ്യാകരണം കൊണ്ടുവരുമ്പോള്‍, 'നല്ല', 'ചീത്ത' മുസ്ലിംകള്‍ എന്ന പഴയ വിഭജനത്തിന് കുറഞ്ഞത് അമേരിക്കയിലെങ്കിലും സ്ഥാനം നഷ്ടപ്പെടുകയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ വിജയിക്കുകയും അതിന്റെ നിര്‍ണിത മാനദണ്ഡ ചട്ടക്കൂട് പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം ആണ് ഇപ്പോഴുണ്ടായിരിക്കുന്നത്. റാഷിദ് അലി വിശദീകരിക്കുന്നു.

'ഇസ്ലാംഭീതി' നിറച്ച വ്യാജ സന്ദേശങ്ങള്‍

രാഷ്ട്രീയം സംസാരിക്കുന്ന, അമേരിക്കന്‍ കണ്ണിലെ 'മോശം മുസ്ലിം' ആണ് സൊഹ്‌റാന്‍ എന്ന് മേയര്‍ തെരഞ്ഞെടുപ്പിലെ ഓരോ നിമിഷങ്ങളും വ്യക്തമാക്കുകയായിരുന്നു. ഇസ്ലാംഭീതി ജനിപ്പിക്കുന്നതോ അല്ലെങ്കില്‍ വിദേശി വിദ്വേഷപരത ജനിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളാല്‍ വ്യാപകമായിരുന്നു പ്രചാരണങ്ങള്‍. അത് സമൂഹ മാധ്യമങ്ങളിലും മുഖ്യധാരയിലും നിറഞ്ഞു നിന്നു.

150 കോടി ജനങ്ങളിലേക്ക് (1.5 ബില്യണ്‍) ആണ് സൊഹ്‌റാന്‍ മംദാനിക്കെതിരെയുള്ള വ്യാജ സന്ദേശങ്ങള്‍ എത്തിയതെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് (സി എസ് ഒ എച്ച്) ഈയിടെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തുകയുണ്ടായി. 2025 ലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പിനോടനൂബന്ധിച്ചുള്ള വിദ്വേഷ ചര്‍ച്ചകളുടെ വ്യാപ്തിയും തീവ്രതയും രേഖപ്പെടുത്താനായി 'ഇസ്ലാമോഫോബിയ ആന്‍ഡ് ദി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍' എന്ന പേരിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

''2025 ജൂണ്‍ 24നും ഒക്ടോബര്‍ 31നുമിടയില്‍ എക്‌സില്‍ 17,752 യഥാര്‍ഥ അക്കൗണ്ട് ഹാന്‍ഡിലുകളില്‍ നിന്നായി എഴുതിത്തയ്യാറാക്കിയ 35,522 യഥാര്‍ഥ ഇസ്ലാമോഫോബിക്, സെനോഫോബിക് പോസ്റ്റുകള്‍ സി എസ് ഒ എച്ച് കണ്ടെത്തി. യഥാര്‍ഥ പോസ്റ്റുകള്‍ക്ക് മൊത്തത്തില്‍ 7.37 ദശലക്ഷം ലൈക്കുകളും 2.01 ദശലക്ഷം റീപോസ്റ്റുകളും ലഭിച്ചു.

മാത്രമല്ല ഇത് ഏകദേശം 1.5 ബില്യണ്‍ റീപോസ്റ്റുകള്‍ സൃഷ്ടിക്കാനും കാരണമായി. പത്തില്‍ നാല് അക്കൗണ്ടുകള്‍ (39 ശതമാനം) ഇസ്ലാംഭീതിയോ അല്ലെങ്കില്‍ വിദേശിവിദ്വേഷം ഉള്ളതോ ആയ ഉള്ളടക്കം ആണ് പ്രചരിപ്പിച്ചത്. മാത്രമല്ല അത് വെരിഫൈഡ് ബ്ലൂ ബാഡ്ജ് ഉപയോക്താക്കളായിരുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധേയം. ഇത്തരത്തില്‍ വംശീയമായ യഥാര്‍ഥ പോസ്റ്റുകള്‍ ഏകദേശം 45 ശതമാനമായിരുന്നു.''- റിപ്പോര്‍ട്ട് വിശദീകരിച്ചു.

രാജ്യദ്രോഹിയായ സൊഹ്‌റാന്‍

പലതരം ആരോപണങ്ങളുമായാണ് സോഷ്യല്‍ മീഡിയ രംഗം കൊഴുപ്പിച്ചത്. തീവ്രവാദ ആരോപണങ്ങളും തീവ്രവാദ ലേബലിംഗും പോസ്റ്റുകളില്‍ ആധിപത്യം സ്ഥാപിച്ചു. പോസ്റ്റുകളില്‍ ഏകദേശം 72 ശതമാനത്തിലും സൊഹ്‌റാന്‍ മംദാനിയെ തീവ്രവാദി എന്ന് ചിത്രീകരിക്കുകയോ അല്ലെങ്കില്‍ തീവ്രവാദമുയര്‍ത്തുന്ന ഭീഷണിയായോ അവതരിപ്പിക്കുകയാണ് ചെയ്തത്.

2,868 പോസ്റ്റുകള്‍ക്ക് (8 ശതമാനം) ഇസ്ലാമികവത്കരണ ഗൂഢാലോചനാ ആരോപണവുമുണ്ട്. 'ശരീഅത്ത് നിയമം', 'മുസ്ലിം ഏറ്റെടുക്കല്‍' എന്നിവ അവതരിപ്പിച്ച് മുസ്ലിം ഭീതി ജനിപ്പിക്കാന്‍ മറ്റ് ഭയാധിഷ്ഠിത വിവരണങ്ങളും പോസ്റ്റുകള്‍ മുന്നോട്ടുവെച്ചു. മംദാനിയുടെ നാടുകടത്തലിനും പൗരത്വം റദ്ദാക്കലിനും വേണ്ടിയുള്ള ആഹ്വാനങ്ങളുമായി 4,055 (11 ശതമാനം) പോസ്റ്റുകളാണ് വന്നത്.

ദേശസ്‌നേഹത്തെയും വിശ്വസ്തതയെയും ചോദ്യം ചെയ്തും കടന്നാക്രമിച്ചും 2,293 പേരില്‍ നിന്നുള്ള 3,085 പോസ്റ്റുകള്‍ (9 ശതമാനം) എത്തി. ഇവയില്‍ 'രാജ്യദ്രോഹി' എന്ന പരാമര്‍ശത്തിന് മുന്‍കൈയുണ്ട്. 'ഉള്ളിലെ ശത്രു' എന്ന വിളിയും 'അമേരിക്കന്‍ വിരുദ്ധന്‍' തുടങ്ങിയ ആക്ഷേപ പദങ്ങളും ധാരാളമായി ഉപയോഗിച്ചു.

മുസ്ലിമായ മഹ്മൂദ്/ഹിന്ദുവായ മീര/ മുസ്ലിമായ സൊഹ്‌റാന്‍

മുംബൈയില്‍ ജനിച്ച് ടാന്‍സാനിയയിലേക്കും ഉഗാണ്ടയിലേക്കും കുടിയേറിയ വ്യാപാര ഖോജ ശിയാ മുസ്ലിം കുടുംബത്തിലെ അംഗമാണ് മഹ്മൂദ് മംദാനി. കമ്പാലയിലാണ് വളര്‍ന്നത്. ഇസ്ലാമിന്റെ യാഥാസ്ഥിതിക വ്യാഖ്യാനങ്ങളില്‍, ഖോജകള്‍ (നിസാരി ഇസ്മാഈലികള്‍) പലപ്പോഴും 'നല്ല' ഇസ്ലാമിന്റെ കൂട്ടത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.

നമ്മുടെ കാലത്തെ ഏറ്റവും സ്വാധീനമുള്ള പോസ്റ്റ് കൊളോണിയല്‍ ചിന്തകരില്‍ ഒരാളാണ് മഹ്മൂദ് മംദാനി. പിറ്റ്‌സ്ബര്‍ഗ്, ടഫ്ട്‌സ് സര്‍വകലാശാലകളിലും ഹാര്‍വാഡിലും പഠിച്ച അദ്ദേഹം ദാറുസ്സലാം സര്‍വകലാശാലയിലും കേപ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്ത ശേഷം കൊളംബിയ സര്‍വകലാശാലയില്‍ ആന്ത്രപ്പോളജി- പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറായി ജോലി നോക്കി.

കൂടാതെ ഉഗാണ്ടയിലെ കംപാല യൂണിവേഴ്‌സിറ്റി ചാന്‍സലറായും നിയമിതനായി. ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ രചനകളില്‍ ഗുഡ് മുസ്ലിം, ബാഡ് മുസ്ലിമിനു പുറമെ Neither Settler nor Native: The Making and Unmaking of Permanent Minorities, Citizen and Subject: Contemporary Africa and the Legacy of Colonialsim, When Victims become Killers എന്നീ ഗ്രന്ഥങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയും പല അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയുമാണ്. ഇന്ത്യന്‍ ബന്ധം എക്കാലത്തും നിലനിര്‍ത്താന്‍ ശ്രമിച്ച മഹ്മൂദ് മംദാനി The Myth of population Control; Family, Class and Caste in an Indian Village എന്ന ഇന്ത്യന്‍ പശ്ചാത്തലമുള്ള ഗ്രന്ഥമെഴുതിയത് 1972-ലാണ്.

പഞ്ചാബി ഹൈന്ദവ മാതാപിതാക്കളുടെ മകളായി ജനിച്ച ലോക പ്രശസ്ത ഇന്ത്യന്‍-അമേരിക്കന്‍ സംവിധായിക മീരാ നായരാണ് സൊഹ്റാന്‍ മംദാനിയുടെ മാതാവ്. ഒഡീഷയിലെ റൂര്‍ക്കലയില്‍ ആണ് ജനനം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ അമൃത്‌ലാല്‍ നായരും സാമൂഹിക പ്രവര്‍ത്തകയായ പ്രവീണ്‍ നായരുമാണ് മാതാപിതാക്കള്‍.

ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡ ഹൗസിലും ഹാര്‍വാഡിലുമായി പഠനം പൂര്‍ത്തിയാക്കിയ മീര നായരുടെ സിനിമകള്‍ പലതും ഇന്ത്യന്‍ പശ്ചാത്തലമുള്ളവയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതല്‍ അഭിനയരംഗത്ത് സജീവമായ മീര ഇന്ത്യന്‍ നാടകരംഗത്തെ ശ്രദ്ധേയനായ ബാദല്‍ സര്‍ക്കാരിനൊപ്പം വരെ രാഷ്ട്രീയ തെരുവുനാടകം ചെയ്ത ധീരയായ നാടക പ്രവര്‍ത്തക കൂടിയാണ്.

സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ്, മിസ്സിസ്സിപ്പി മസാല, കാമസൂത്ര-ദ ടെയില്‍ ഓഫ് ലവ്, ജമാ സ്ട്രീറ്റ് മസ്ജിദ് ജേണല്‍, സോ ഫാര്‍ ഫ്രം ഇന്ത്യ... ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അവര്‍ക്ക് കാന്‍ ചലച്ചിത്രമേളയില്‍ സലാം ബോംബെ എന്ന ചിത്രത്തിന് ഗോള്‍ഡന്‍ ക്യാമറ പുരസ്‌കാരം നേടാന്‍ കഴിഞ്ഞു.

ഓസ്‌കാര്‍ നോമിനേഷന്‍ വരെ ലഭിച്ച മീര സിനിമയില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സലാം ബാലക് ട്രസ്റ്റ് എന്ന തെരുവുകുട്ടികളുടെ ക്ഷേമത്തിനായുള്ള സന്നദ്ധ സംഘടന രൂപീകരിക്കുകയുണ്ടായി. അന്താരാഷ്ട്ര തലത്തിലും രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി വെളിപ്പെടുത്തിയ വ്യക്തിത്വമാണ് മീര. 2013-ല്‍ ഇസ്രായേലിലെ ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അവര്‍ വിസമ്മതിക്കുകയുണ്ടായി.

ചുരുക്കിപ്പറഞ്ഞാല്‍ ഗവേഷണവും പഠനവും സിനിമയും കലയും അധ്യാപനവുമെല്ലാം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നൊരു ആണ്‍കുട്ടി അയാളുടെ മാത്രം സ്വകാര്യ തെരഞ്ഞെടുപ്പായി ഇസ്ലാം എന്ന മതത്തെ വരിച്ചതാണ് സൊഹ്‌റാന്‍ മംദാനിയില്‍ കണ്ടത്. അത് വിശ്വസിക്കാനും ആചരിക്കാനും ഉറക്കെപ്പറയാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കെ തന്നെയാണ് വ്യാജ ഫാക്ടറികളില്‍ ആ ചെറുപ്പക്കാരനു നേരെ ഉന്മാദദേശീയതയും മതവൈകാരികതയും സമം ചേര്‍ത്ത് വിഷം ചീറ്റാന്‍ ശ്രമം നടന്നത്.

ഇന്ത്യയിലും ലോകത്ത് പലയിടങ്ങളിലും തീവ്ര വലതുപക്ഷം വിജയിപ്പിച്ച ഈ തന്ത്രം ന്യൂയോര്‍ക്ക് സിറ്റിയില്‍ വിലപ്പോയില്ല എന്നതാണ് മേയര്‍ തെരഞ്ഞെടുപ്പു വേദിയില്‍ കണ്ടത് എന്നത് ലോക ബദല്‍ രാഷ്ട്രീയത്തിന് വരെ ഏറെ ആശ്വാസത്തിന് വക നല്‍കുന്നു.

മഹ്മൂദ് മംദാനി 'ഗുഡ് മുസ്ലിം ബാഡ് മുസ്ലിം' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് തന്റെ രചനക്ക് ഏറ്റവും പ്രചോദനമേകിയ, സ്്‌നേഹിക്കാനും സത്യത്തിനൊപ്പം അടിയുറച്ചു നില്‍ക്കാനും പഠിപ്പിച്ച 'അമ്മി' എന്ന തന്റെ മാതാവിനും പിന്നെ അന്നത്തെ കുഞ്ഞുപ്രായത്തിലുള്ള മകന്‍ സൊഹ്‌റാനും 26 കൂട്ടുകാര്‍ക്കുമാണ്.

ഇവരുടെ പേരെടുത്ത് പറയുന്ന അദ്ദേഹം 'അവരുടേതായ ലോകം സൃഷ്ടിക്കുന്ന ലോകത്തെ എല്ലാ കുട്ടികള്‍ക്കും' എന്ന വാക്യം കൂടി അതില്‍ ചേര്‍ക്കുന്നുണ്ട്. ഒരുപക്ഷെ സൊഹ്‌റാന്റെ രാഷ്ട്രീയ ലോകം തീര്‍ത്തത് അതില്‍ പേരെടുത്ത് പരാമര്‍ശിച്ച ആ കുട്ടികള്‍ അഥവാ ഇന്നത്തെ യുവാക്കള്‍ കൂടി ചേര്‍ന്നാവാം.

നുണ വ്യവസായം പുതിയ കപ്പില്‍

പാശ്ചാത്യര്‍ രാഷ്ട്രീയമില്ലാത്ത ഇസ്ലാം ആഗ്രഹിക്കുന്നതിനാല്‍, മതം തന്നെ ഒരു അരാഷ്ട്രീയ വിഷയമായി മാറി. ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ സ്വാഭാവികമായും ഇസ്ലാം മതത്തിലെ ചെറുത്തുനില്‍പ്പിനെ പോലും 'മതഭ്രാന്ത്' എന്ന് എളുപ്പത്തില്‍ മുദ്രകുത്താനാവും. അമേരിക്കന്‍, മുതലാളിത്ത ഉപഭോക്തൃ സംസ്‌കാരത്തില്‍ ലയിച്ചുചേരുമ്പോള്‍, 'നല്ല മുസ്ലിം' ഉന്നതിയിലെത്തുന്നു.

ഇറാഖിലെ യുഎസ് അധിനിവേശകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുസ്ലിംകളുടെ ഇത്തരത്തിലുള്ള സ്വീകാര്യതയുടെ ഒരു ശ്രേണി വികസിപ്പിച്ചെടുത്തത് അങ്ങനെയാണ്. ഇതിന് അക്കാലത്ത് വ്യാജ വാര്‍ത്തകളുടെ പെരുമഴക്കാലം തന്നെ സൃഷ്ടിച്ച് ഭരണാധികാരികള്‍ക്കൊപ്പം നിറഞ്ഞ പിന്തുണയുമായി അമേരിക്കയുടെ സഖ്യകക്ഷികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുമുണ്ടായിരുന്നു.

ഇന്ത്യയിലും ലോകത്ത് പലയിടങ്ങളിലും തീവ്ര വലതുപക്ഷം വിജയിപ്പിച്ച വ്യാജ- വിദ്വേഷ പ്രചാരണ തന്ത്രം ന്യൂയോര്‍ക്കില്‍ വിലപ്പോയില്ല.

സാംസ്‌കാരിക സാമൂഹിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറുമായ ഹാമിദ് ദബാഷി 'Islamic Liberation Theology' എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ: ''അഫ്ഗാന്‍ ആക്രമണം മുന്നേറുകയും സാധാരണ ജനങ്ങളുടെ സംഹാരത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് 2003 മാര്‍ച്ച് 20-ന് ഇറാഖ് എന്ന പരമാധികാര രാഷ്ട്രത്തിനെതിരെ മറ്റൊരു യുദ്ധത്തിനു കൂടി തുടക്കമിട്ടു.

ഇത്തവണ അതിനു പറഞ്ഞ ന്യായം പ്രസിഡന്റ് സദ്ദാം ഹുസൈന്റെ 9-11ലെ സംഭവങ്ങളുമായുള്ള ബന്ധവും അദ്ദേഹം കൂട്ട നശീകരണായുധങ്ങള്‍ കുന്നുകൂട്ടുകയായിരുന്നുവെന്നുമായിരുന്നു. പ്രസിഡന്റ് ബുഷ് മുതല്‍ ആഭ്യന്തര സെക്രട്ടറി കോളിന്‍ പവലും പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്‌ഫെല്‍ഡും വരെയുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ഓരോ അംഗവും സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്‌സ് ന്യൂസ് എന്നിവയുടെ സഹായത്തോടെ ആസൂത്രിതമായി നുണ പറയുകയും, അമേരിക്കക്കാരേയും അവരോടൊപ്പം ലോക ജനതയേയും സദ്ദാം ഹുസൈന്‍ വിനാശകാരിയായ ആയുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന് വിശ്വസിപ്പിക്കാന്‍ വഞ്ചിക്കുകയും ചെയ്തു.'' (ഇസ്ലാമിക വിമോചന ദൈവ ശാസ്ത്രം, പേജ് 30).

ഹിംസാത്മക ലേബല്‍

ഉഗാണ്ടയില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ കുറച്ചു കാലം ജീവിച്ച് ഏഴാം വയസ്സില്‍ സകുടുംബം അമേരിക്കയില്‍ എത്തിയ സൊഹ്‌റാന്‍ ന്യൂയോര്‍ക്കിന്റെ ഭാഗമായിട്ട് മൂന്നുപതിറ്റാണ്ട് ആവുകയാണ്. ബ്രോങ്ക്‌സ് ഹൈസ്‌കൂള്‍ ഓഫ് സയന്‍സില്‍ പഠിച്ച മംദാനി 2014ല്‍ ബൗഡോയിന്‍ കോളേജില്‍ നിന്ന് ആഫ്രിക്കാന പഠനത്തില്‍ ബിരുദം നേടി പൊതുജീവിതത്തിലെത്തി. ഹൗസിംഗ് കൗണ്‍സിലറായും സംഗീതജ്ഞനായും പേരെടുത്തു.

ന്യൂയോര്‍ക്ക് സിറ്റിയുടെ രാഷ്ട്രീയത്തില്‍ ഖാദര്‍ അല്‍യതീമിന്റെയും റോസ് ബാര്‍ക്കന്റെയും പ്രചാരണ മാനേജരായി എത്തുകയും പിന്നീട് സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്തു. മാത്രമല്ല ഡെമോക്രാറ്റിക് പ്രൈമറിയില്‍ അഞ്ച് തവണ അധികാരത്തിലിരുന്ന അരവെല്ല സിമോട്ടാസിനെ പരാജയപ്പെടുത്തി പുതിയ അധ്യായം രചിച്ചു.

2020ല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് ആദ്യമായി എത്തി. പിന്നീട് എതിരില്ലാതെ 2022ലും 2024ലും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തരം ഒരു ജനപ്രതിനിധിയെ അയാളുടെ രാഷ്ട്രീയം വെച്ച് ചോദ്യം ചെയ്യുന്നതിന് പകരം ഹിംസാത്മകമായ ലേബലുകളും മത നിന്ദയുമുപയോഗിച്ച് ആക്രമിക്കുക എന്ന അജണ്ടയാണ് എതിരാളികള്‍ പ്രയോഗിച്ചത്.

സൊഹ്‌റാന്‍ മംദാനിയെ 'ജിഹാദിസ്റ്റ്' സ്ഥാനാര്‍ഥി എന്ന് വ്യക്തമായി മുദ്രകുത്തിയുള്ള പ്രചാരണം പല കോണുകളില്‍ നിന്നുമുണ്ടായപ്പോള്‍ അതിനു കൂടി നിക്ഷേപമിറക്കിയത് ശതകോടീശ്വരന്മാരുടെ സംഘം കൂടിയായിരുന്നു. ഇവര്‍ ചെലവിട്ട പണത്തിന്റെ കണക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മെഹ്ദി ഹസ്സന്‍ അദ്ദേഹത്തിന്റെ സെറ്റോ ന്യൂസിലൂടെ ഫോര്‍ച്യൂണ്‍ എന്ന ഏജന്‍സിയെ ഉദ്ധരിച്ച് പുറത്തുവിടുകയുണ്ടായി.

ബ്ലൂംബര്‍ഗിന്റെ ഉടമ മിഖായേല്‍ ബ്ലൂംബെര്‍ഗ് 8.3 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചപ്പോള്‍ ജോസഫ് ഗെബ്ബിയ മൂന്ന് മില്യണ്‍ ഡോളറാണ് മുടക്കിയത്. ലൗഡര്‍ കുടുംബം 2.6 മില്യണ്‍, ബില്‍ ആക്മാന്‍ 1.75 മില്യണ്‍, ടിഷ് ഫാമിലി 1.2 മില്യണ്‍ ഡോളര്‍... അങ്ങനെ പോകുന്നു ഒഴുക്കിയ കോടിക്കണക്കുകള്‍.

''സൊഹ്‌റാന്‍ മംദാനിയെ ലക്ഷ്യം വച്ചുള്ള ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരണത്തിന്റെ ആഴം നാം മനസ്സിലാക്കേണ്ടതുണ്ട്. അത് ഒരൊറ്റ പ്രചാരണമായി കാണാനാവില്ല. അനുദിനം വ്യാപിക്കുന്ന മുസ്ലിം വിരുദ്ധ വികാരത്തിന്റെ വിശാലമായ ലോകമാണിത് തുറന്നുകാട്ടുന്നത്. മാത്രമല്ല ഇസ്ലാംഭീതിയുടെ സാധാരണവത്കരണം കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്.''

സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് (സി എസ് ഒ എച്ച്) എന്ന സ്ഥാപനത്തിന്റെ റിസര്‍ച്ച് ആന്‍ഡ് ഔട്ട്‌റീച്ച് ഡയറക്ടര്‍ എവിയാന്‍ ലീഡിഗ് ചൂണ്ടിക്കാട്ടുന്നത് പുതിയ കാലം ആവശ്യപ്പെടുന്ന ജാഗ്രത കൂടിയാണ്.