കോര്പ്പറേറ്റ് സംഗീതസംരംഭങ്ങള്, സംഗീത സന്ധ്യ, സൂഫിനൃത്തങ്ങള് എന്നിവ വാണിജ്യവത്കരിക്കപ്പെട്ട സൂഫിസത്തിന്റെ ആവിഷ്കാരങ്ങളാണ്.
സമകാലിക സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും ക്യാമ്പസുകളിലും ദൃശ്യമാകുന്ന പ്രമാണവിരുദ്ധ പ്രവണതയാണ് ഇസ്ലാമിക ആത്മീയതയുടെ മുഖംമൂടിയണിഞ്ഞ 'ജനപ്രിയസൂഫിസം' അഥവാ 'വാണിജ്യസൂഫിസം'. പാശ്ചാത്യ നവയുഗ ആത്മീയതയുടെയും ആഗോളവത്കരണത്തിന്റെയും മുതലാളിത്ത കമ്പോളയുക്തിയുടെയും ഫലമായി രൂപപ്പെട്ട ഈ പ്രതിഭാസം ഇസ്ലാമിക പ്രമാണങ്ങളില്നിന്ന് ബഹുദൂരം അകലെയാണ്.
കോക് സ്റ്റുഡിയോ പോലുള്ള കോര്പ്പറേറ്റ് സംഗീതസംരംഭങ്ങള്, ക്യാമ്പസുകളിലെ സൂഫിസംഗീത സന്ധ്യകള്, ദൃശ്യഭംഗിക്കുവേണ്ടി മാത്രം വിനിയോഗിക്കുന്ന സൂഫിനൃത്തങ്ങള് എന്നിവ വാണിജ്യവത്കരിക്കപ്പെട്ട ഇത്തരം സൂഫിസത്തിന്റെ ബാഹ്യാവിഷ്കാരങ്ങളാണ്.
ജലാലുദ്ദീന് റൂമിയെപ്പോലുള്ളവരുടെ രചനകളെ അവയുടെ ജ്ഞാനശാസ്ത്രപരമായ അടിത്തറയില്നിന്ന് വേര്പെടുത്തി മതേതരവത്കരിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവണതയുടെ കാതല്. റൂമിയുടെ കവിതകള് മുഴുവന് ഇസ്ലാമിക ആശയങ്ങളുമായി പൊരുത്തപ്പെടുന്നു എന്നല്ല; മറിച്ച്, അദ്ദേഹത്തിന്റെ കവിതകളിലെ നല്ല ആശയങ്ങളെ തമസ്കരിക്കുകയും കാല്പനിക പ്രണയവുമായി ബന്ധപ്പെട്ട ഏത് ഉദ്ധരണികളും അദ്ദേഹത്തിലേക്ക് ചേര്ത്ത് വെക്കുകയും ചെയ്യുന്ന പ്രവണത ധാരാളമായി സോഷ്യല് മീഡിയകളിലും മറ്റും കാണാന് സാധിക്കും.
ശരീഅത്തിന്റെ ചട്ടക്കൂടുകളില് നിന്നും ഇസ്ലാമിക ബാധ്യതകളില് നിന്നും വേര്പ്പെടുത്തിയ സ്വതന്ത്രാത്മീയതയെ നിര്മിച്ചെടുക്കാനാണ് ഇവര് ശ്രമിക്കുന്നത്.
ആത്മീയലഹരി
ഭൗതികവാദത്തിലും മുതലാളിത്തവ്യവസ്ഥിതിയിലും അധിഷ്ഠിതമായ ആധുനിക ചുറ്റുപാടുകളില് ജീവിക്കുന്ന യുവത, കടുത്ത മാനസികശൂന്യതയും ലക്ഷ്യബോധമില്ലായ്മയും അന്യവത്കരണവും നേരിടുന്നു. തങ്ങളുടെ മാനസികമായ ഈ ശൂന്യതയെ മറികടക്കാന് അവര് ആത്മീയതയെ അന്വേഷിക്കുന്നുവെങ്കിലും വ്യവസ്ഥാപിതമായ ഇസ്ലാമിക നിയമങ്ങളോടും ശരീഅത്തു ബാധ്യതകളോടും അവര്ക്ക് യാതൊരു താല്പര്യവുമില്ല.
ഇത്തരമൊരു സാഹചര്യത്തില്, പലരും കപടാത്മീയതകളിലേക്ക് ആകൃഷ്ടരാകുന്നതിന്റെ മനഃശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങള് സൂക്ഷ്മവിശകലനം അര്ഹിക്കുന്നു. അഞ്ചുനേരത്തെ നിര്ബന്ധ നമസ്കാരമോ ഹിജാബ് പോലുള്ള ഇസ്ലാമിക വസ്ത്രധാരണരീതികളോ ഹലാല്-ഹറാം വ്യവസ്ഥകളോ ഇല്ലാതെ അനുഭവിച്ചറിയാന് കഴിയുന്ന 'ആത്മീയലഹരി' എന്ന വ്യാജവാഗ്ദാനമാണ് പോപ്-സൂഫിസം ഇവര്ക്ക് നല്കുന്നത്. 'മതപരമല്ല, എന്നാല് ആത്മീയമാണ്' (Spiritual but not religious) എന്ന മാനസികാവസ്ഥയെ സമര്ഥമായി ചൂഷണം ചെയ്യുന്ന വാണിജ്യോല്പന്നമായി കച്ചവടസൂഫിസം പരിണമിച്ചിരിക്കുന്നു.
ആത്മീയതയെപ്പോലും വിലകൊടുത്തുവാങ്ങാനും ആസ്വദിക്കാനുമുള്ള ഉപഭോഗവസ്തുവാക്കി തരംതാഴ്ത്തുകയാണ് സൂഫി സംഗീത നിശകളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. കോക് സ്റ്റുഡിയോ പോലുള്ള സംരംഭങ്ങള് 'സൂഫി റോക്' എന്ന പേരില് പുതിയ സംഗീതശാഖകള് രൂപപ്പെടുത്തുകയും യഥാര്ഥ ആത്മീയതയുടെ സ്ഥാനത്ത് കേവലം 'ഹൈപ്പര്-റിയാലിറ്റി' അവതരിപ്പിച്ച് യുവജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നുവെന്ന് സാമൂഹികശാസ്ത്രപഠനങ്ങള് വ്യക്തമാക്കുന്നു.
ഹാര്വാര്ഡ് ഡിവിനിറ്റി ബുള്ളറ്റിനില്; മതപരമല്ല, ആത്മീയം എന്ന അവസ്ഥാവിശേഷത്തെക്കുറിച്ച് ദെറില് കാറ്ററിന് തയാറാക്കിയ പഠനം ഇവിടെ പ്രസ്താവ്യമാണ്.
വഹ്ദത്തുല് വുജൂദ്
ഇബ്നു അറബിയുടെ ദാര്ശനികാടിത്തറയില് നിന്നുള്ള 'വഹ്ദത്തുല് വുജൂദ്' എന്ന സിദ്ധാന്തം തൗഹീദിന്റെ അടിസ്ഥാന ആശയങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഒന്നാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള അസ്തിത്വപരമായ വ്യത്യാസത്തെ നിരാകരിക്കുകയും, രണ്ടും ഒന്നാണെന്ന അദ്വൈതവാദപരമായ (Non Dualism) ആശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ ഇസ്ലാമിക അഖീദയില്നിന്നുള്ള വ്യതിയാനമാണ് സംഭവിക്കുന്നത്. ഈ ആശയത്തിന്റെ കാതല് താഴെപ്പറയുന്ന ഉദ്ധരണിയില് പ്രകടമാണ്:
كل ما سوى الإنسان خلق, إلا الإنسان فإنه خلق وحق
''മനുഷ്യനൊഴികെയുള്ളതെല്ലാം സൃഷ്ടിയാണ്; എന്നാല് മനുഷ്യന് സൃഷ്ടിയും സത്യവും (അല്ലാഹു) ആകുന്നു.''
സ്രഷ്ടാവിനെയും സൃഷ്ടിയെയും വേര്തിരിച്ചുകാണുന്ന ഇസ്ലാമികവിശ്വാസത്തെ തകിടംമറിക്കുന്ന പ്രസ്താവനയാണിത്. മഹ്മൂദ് ഗുറാബ് ക്രോഡീകരിച്ച ഇബ്നു അറബിയുടെ വചനശേഖരത്തില്നിന്ന് ഉദ്ധരിക്കപ്പെടുന്ന ഇത്തരം വാദങ്ങള് ഇസ്ലാമികപ്രമാണങ്ങളുടെ പിന്ബലമില്ലാത്തവയാണ്.
ഇബ്നു അറബിയുടെ 'ഫുതൂഹാത്തുല് മക്കിയ്യ' പോലുള്ള കൃതികളില് വിശദീകരിക്കുന്ന 'അല് ഇന്സാനുല് കാമില്' (സമ്പൂര്ണ മനുഷ്യന്) എന്ന ദാര്ശനികസിദ്ധാന്തം, പ്രസ്തുത അദ്വൈതവാദത്തിന്റെ വിപുലീകരണം മാത്രമാണ്. ഇബ്നു അറബിയുടെ കൃതികളില് ചിതറിക്കിടക്കുന്ന ഇത്തരം അഖീദാവിരുദ്ധമായ ആശയങ്ങളെ പില്ക്കാലത്തെ ചില അനുയായികള് ക്രോഡീകരിച്ച് വിപുലീകരിച്ചതാണ്, ഇന്ന് പല സൂഫിചിന്താധാരകളും മാര്ഗദര്ശനമായി കൊണ്ടുനടക്കുന്നത്.
സൂഫിസാഹിത്യങ്ങളില് ആവര്ത്തിച്ചു പരാമര്ശിക്കപ്പെടുന്ന 'ഹുലൂല്', 'ഇത്തിഹാദ്', 'വഹ്ദത്തുല് വുജൂദ്' എന്നീ സംജ്ഞകള് ഇസ്ലാമിക അഖീദയുമായി യാതൊരു ബന്ധവുമില്ലാത്ത ബാത്വിനി ചിന്താഗതികളാണ്. പുരാതന യവന, ഇന്ത്യന്, ജൂത-ക്രൈസ്തവ ചിന്താധാരകളില്നിന്ന് ഉത്ഭവിച്ച ഈ സങ്കല്പങ്ങള് തൗഹീദിനെ അട്ടിമറിക്കാന് ലക്ഷ്യമിട്ടുള്ളതാണ്.
ഇസ്ലാമിക മതവിധികളില് ളാഹിറിന് (ബാഹ്യം) പുറമെ അതിനേക്കാള് പ്രാധാന്യമുള്ള ബാത്വിന് (ആന്തരികം) ഉണ്ടെന്ന വാദം ഇവര് അഖീദയെ അട്ടിമറിക്കാന് ഉപയോഗിക്കുന്നു. സ്രഷ്ടാവ് സൃഷ്ടികളില് പ്രവേശിക്കുന്നുവെന്ന അബദ്ധ ധാരണയാണ് 'ഹുലൂല്'. അല്ലാഹു സര്വവസ്തുക്കളിലും പ്രവേശിച്ചിരിക്കുന്നു എന്ന ജഹ്മിയ്യവാദവും (പൊതുവായ ഹുലൂല്), പ്രവാചകന്മാരിലോ പുണ്യാത്മാക്കളിലോ ദൈവികത ആവാഹിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന (പ്രത്യേക ഹുലൂല്) വാദങ്ങളും ഇതില് ഉള്പ്പെടുന്നു.
സ്രഷ്ടാവും സൃഷ്ടിയും ഒന്നായിത്തീരുന്നുവെന്ന വിശ്വാസമാണ് 'ഇത്തിഹാദ്'. 'വഹ്ദത്തുല് വുജൂദ്' എന്ന പേരില് പ്രചരിപ്പിക്കപ്പെട്ട ഈ സിദ്ധാന്തം, നിലനില്ക്കുന്നതെല്ലാം അല്ലാഹുവിന്റെ അസ്തിത്വമാണെന്ന് വാദിക്കുന്നു. ഹുലൂല് രണ്ട് അസ്തിത്വങ്ങളെ സങ്കല്പിക്കുമ്പോള്, ഇത്തിഹാദ് ഒരൊറ്റ അസ്തിത്വത്തില് മാത്രം വിശ്വസിക്കുന്നുവെന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
ഹുലൂലും ഇത്തിഹാദും ഇസ്ലാമിക നിയമങ്ങള് പ്രകാരം കുഫ്റും ഇല്ഹാദുമാണ്. അല്ലാഹുവല്ലാത്തവനില് ദൈവികത ആരോപിക്കുന്ന ഇത്തരം സിദ്ധാന്തങ്ങള് ഇസ്ലാമികാധ്യാപനങ്ങളുമായി ഒരുതരത്തിലും ഒത്തുപോകുന്നതല്ല. തൗഹീദിനെ കളങ്കപ്പെടുത്തുന്ന ഇത്തരം ബാത്വിനി ആശയങ്ങളെ അഖീദയുടെ അടിസ്ഥാനത്തില് പൂര്ണമായും നിരാകരിക്കേണ്ടതാണ്.
ഇത്തരം സൂഫിവായനകള് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ഖുര്ആനികദര്ശനങ്ങളെ അട്ടിമറിക്കാന് മാത്രമേ ഉപകരിക്കൂ. ഈ അദ്വൈതവാദപരമായ ആശയം സൂഫിസാഹിത്യത്തെയും കാവ്യധാരകളെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഫരീദുദ്ദീന് അത്താര്, ജലാലുദ്ദീന് റൂമി തുടങ്ങിയവരുടെ രചനകളിലൂടെയും, മലായ് ലോകത്തെ ആദ്യകാല സൂഫികവിയായ ഹംസ ഫാന്സൂരിയുടെ 'ഇകാന് തുംഗല്' (Ikan Tunggal) പോലെയുള്ള കൃതികളിലൂടെയും ഈ ദാര്ശനികാവബോധം വിപുലമായി പ്രചരിച്ചു.
സ്രഷ്ടാവും സൃഷ്ടിയും ഒന്നാണെന്ന വികലധാരണയിലേക്കും, അസ്തിത്വം അല്ലാഹുവിലേക്ക് ലയിച്ചുചേരുന്നുവെന്ന മിഥ്യാധാരണയിലേക്കും സൂഫികളെ നയിക്കുന്നതില് ഈ സിദ്ധാന്തം നിര്ണായക പങ്കുവഹിച്ചു.
പോപ്-സൂഫി ഗാനങ്ങളിലെ വിശ്വാസവൈകല്യങ്ങള്
ആധുനിക പോപ്-സൂഫിഗാനങ്ങള് 'വഹ്ദത്തുല് വുജൂദ്' എന്ന ആശയം വളരെ ആകര്ഷകമായി അവതരിപ്പിക്കുന്നുണ്ട്. ഗാനങ്ങളിലെ വരികളുടെ യഥാര്ഥ അര്ഥം മനസ്സിലാക്കാതെയാണ് പലപ്പോഴും യുവതലമുറ അവ ആസ്വദിക്കുന്നത്. 'റോക്സ്റ്റാര്' എന്ന ചിത്രത്തിന് വേണ്ടി എ ആര് റഹ്മാന് ചിട്ടപ്പെടുത്തിയ 'കുന് ഫയകുന്' എന്ന ഗാനത്തില് അദ്വൈതവാദത്തിന്റെ വ്യക്തമായ സ്വാധീനം കാണാം.
'വൊ ജോ മുഝ് മേ സമായ, വൊ ജോ തുഝ് മേ സമായ, മൗലാ വഹി വഹി മായാ' എന്ന വരികളിലൂടെ, തന്നിലും മറ്റുള്ളവരിലും കുടികൊള്ളുന്നത് ദൈവം മാത്രമാണെന്നും അവന് മാത്രമാണ് യാഥാര്ഥ്യമെന്നും സമര്ഥിക്കുന്നു. െൈദവം സൃഷ്ടികളില് കുടികൊള്ളുന്നുവെന്ന സൂഫിചിന്തയാണിത് പറയുന്നത്. ഭൗതികലോകത്തിന്റെ പരിമിതികളില്നിന്ന് മോചിതനായി ദൈവത്തില് പൂര്ണമായും ലയിച്ചുചേരുക എന്ന ആഗ്രഹമാണ് ഈ ഗാനത്തിലൂടെ പങ്കുവെക്കുന്നത്.
ഖുര്ആന് ഖണ്ഡിതമായി പറഞ്ഞ പല കാര്യങ്ങളും നിരാകരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്നതാണ് സൂഫിവാദങ്ങളുടെ പതിവ്.
പഞ്ചാബി സൂഫി കവിയായ ബുല്ലേ ഷായുടെ 'ബുല്ലഹ് കി ജാനാ മേ കോന്' എന്ന കവിത പോപ്-സൂഫിസത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സ്വന്തം അസ്തിത്വത്തെ ദൈവത്തിന്റെ അസ്തിത്വവുമായി ലയിപ്പിക്കുന്ന ദര്ശനമാണ് ഇതിലുള്ളത്. 'അവ്വല് ആഖിര് ആപ് നു ജാനാ, നാ കോയി ദൂജാ ഹോര് പച്ചാനാ' എന്ന വരികള് ഇതിനു തെളിവാണ്. തുടക്കവും ഒടുക്കവും താനാണെന്നും മറ്റാരെയും തിരിച്ചറിയുന്നില്ലെന്നുമുള്ള പ്രഖ്യാപനമാണ് ഈ കവിതയില്.
ഉത്തരേന്ത്യന് കലാലയങ്ങളില് വലിയതരംഗം സൃഷ്ടിക്കാന് ഈ വരികള്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനപ്രിയ സൂഫിഗാനങ്ങളില് മിക്കവയും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്ക്ക് വിരുദ്ധവും തൗഹീദിനെ വികലമാക്കുന്നതുമാണ്. മതപരമായ ബാധ്യതകളില്നിന്നും ശരീഅത്ത് അധിഷ്ഠിത നിയമങ്ങളില് നിന്നും വിടുതല് നേടിയ ലിബറല് ആത്മീയ മുഖമാണ് ഇവയ്ക്കുള്ളത്.
ദമാ ദം മസ്ത് ഖലന്ദര്
പ്രശസ്തമായ സൂഫിഗാനമാണ് 'ദമാ ദം മസ്ത് ഖലന്ദര്'. സൂഫി സംഗീത നിശകളില് നിരന്തരം ആഘോഷിക്കുന്ന ഈ ഗാനം, മരണപ്പെട്ട സൂഫിസന്യാസിയോടുള്ള പ്രാര്ഥനയാണ്. 'ഓ ചുവന്ന വസ്ത്രമണിഞ്ഞവനേ (സൂഫി സന്യാസിയായ ലാല് ശഹ്ബാസ് ഖലന്ദര്), എന്റെ മാനം കാത്തുരക്ഷിക്കേണമേ... അലിയുടെ നാമം എന്റെ തോണിയെ (ജീവിതത്തെ) അക്കരെ കടത്തുമാറാകട്ടെ' എന്നാണ് ഈ പഞ്ചാബി-ഉര്ദുവരികളുടെ അര്ഥം. മരണപ്പെട്ടയാളോട് മാനം കാക്കാന് അപേക്ഷിക്കുന്നതും, സൃഷ്ടികളുടെ നാമത്തില് ജീവിത പ്രതിസന്ധികളില് നിന്ന് രക്ഷതേടുന്നതും ഇസ്ലാമിലെ തൗഹീദിന്റെ അടിസ്ഥാനത്തെ പൂര്ണമായി ഇല്ലാതാക്കുന്നു.
താജ്ദാര്- എ - ഹറം
സാബ്രി ബ്രദേഴ്സ് പാടിയ 'താജ്ദാര്-എ-ഹറം' എന്ന ഖവ്വാലി, കോക് സ്റ്റുഡിയോയിലൂടെ ആതിഫ് അസ്ലം ആലപിച്ചതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്ക്കിടയില് വന്തരംഗമായി. 'എന്റെ വിധിയില് സമാധാനത്തോടെയുള്ള ജീവിതം എഴുതിത്തരേണമേ, എന്റെ കപ്പല് ഒരിക്കലും മുങ്ങിപ്പോകരുതേ എന്ന് എഴുതേണമേ... ഹറമിന്റെ രാജാവേ (പ്രവാചകനേ), കാരുണ്യത്തിന്റെ നോട്ടം നല്കേണമേ' എന്നതാണ് ഈ ഉര്ദുവരികളുടെ അര്ഥം.
ഇതൊരു വിനോദഗാനമായി പലരും ആസ്വദിക്കുന്നുണ്ടെങ്കിലും, ആശയം ഇസ്ലാമികാടിസ്ഥാനങ്ങള്ക്ക് വിരുദ്ധമാണ്. സ്വന്തം വിധി (ഖദ്ര്) തിരുത്തിയെഴുതാനും ജീവിതത്തില് സമാധാനം നല്കാനും പ്രവാചകനോട് പ്രാര്ഥിക്കുകയാണിതില്. ഒരാളുടെ വിധി നിശ്ചയിക്കുന്നതും മാറ്റുന്നതും സൃഷ്ടാവായ അല്ലാഹു മാത്രമാണ്.
പ്രവാചകനോടുള്ള സ്നേഹത്തിന്റെ പേരില് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കഴിവുകള് സൃഷ്ടികള്ക്ക് വകവെച്ചുനല്കുന്നത് പ്രമാണ വിരുദ്ധമാണ്. ഈ ജനപ്രിയ ഖവ്വാലിയെ ആശയപ്രശ്നങ്ങള് മുന്നിര്ത്തി വിമര്ശിക്കുമ്പോള്, അത് അല്ലാഹുവിനോടുള്ള സഹായതേട്ടമാണെന്ന മറുവാദം ചിലര് ഉന്നയിക്കാറുണ്ട്. ഇത് അല്ലാഹുവിനെ സംബോധന ചെയ്തുള്ളതാണെന്ന വാദം അടിസ്ഥാനരഹിതമാണ്.
ഗാനത്തിലെ വരികള് അതിനുള്ള തെളിവാണ്. വരികള് സൂക്ഷ്മമായി പരിശോധിച്ചാല്, ഇത് പ്രവാചകന് മുഹമ്മദ് നബിയോടുള്ള (സ) നേരിട്ടുള്ള പ്രാര്ഥനയാണെന്ന് അസന്ദിഗ്ദ്ധമായി തെളിയും. ഖുര്ആനില് പ്രവാചകനെ വിശേഷിപ്പിക്കാന് ഉപയോഗിച്ച 'ഉമ്മി' (അക്ഷരാഭ്യാസമില്ലാത്തവന്) എന്ന പദം ഇതില് പ്രയോഗിച്ചിട്ടുണ്ട്. അതുപോലെ, ഈ പാട്ടില് പ്രവാചകനെ സ്നേഹത്തോടെ വിളിക്കാന് ഉപയോഗിക്കുന്ന 'അറേബ്യന് രാജകുമാരന്' എന്ന വിശേഷണം അല്ലാഹുവിന് യോജിക്കാത്തതാണ്. പ്രവാചകന്റെ മേല് ചൊല്ലുന്ന ദറൂദും സലാമും ഈ ഖവ്വാലിയില് നിരന്തരം നേരുന്നുണ്ട്. ഉര്ദുകാവ്യങ്ങളില് പ്രവാചകനെ സൂചിപ്പിക്കാന് ഉപയോഗിക്കുന്ന 'ആഖാ' (യജമാനന്) എന്ന വിളിയും ഈ ഗാനത്തിലുണ്ട്.
സൂഫിവാദങ്ങള് മിക്കതും സംഗീതത്തിന്റെ ലഹരിയിലും സൗന്ദര്യാത്മകതയിലും പൊതിഞ്ഞാണ് അവതരിപ്പിക്കാറുള്ളത്. അതിനാല് പലരും കടുത്ത വിശ്വാസവൈകല്യങ്ങള് തിരിച്ചറിയാതെ പോവുകയും, ഇതിനെ ഒരു 'കൂള്' ആത്മീയതയായി കൊണ്ടുനടക്കുകയും ചെയ്യുന്നു എന്നതാണ് പോപ്-സൂഫിസത്തിന്റെ ഏറ്റവും വലിയ അപകടം.
സര്വമത സത്യവാദം
വഹ്ദത്തുല് വുജൂദ് സിദ്ധാന്തത്തില്നിന്ന് ഉടലെടുക്കുന്നതും യുവജനങ്ങള്ക്കിടയില് വ്യാപകമായി പ്രചരിക്കുന്നതുമായ മറ്റൊരു അപകടകരമായ വാദമാണ് 'വഹ്ദത്തുല് അദ്യാന്' അഥവാ സര്വമത സത്യവാദം. എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള വ്യത്യസ്ത വഴികള് മാത്രമാണെന്നും, ഇസ്ലാം മാത്രമല്ല സത്യമെന്നുമാണ് ഈ ദാര്ശനികവ്യതിയാനം സമര്ഥിക്കുന്നത്.
പശ്ചാത്യ നവയുഗാത്മീയതയുമായി സമ്മിശ്രണം ചെയ്ത ഇത്തരം ആശയങ്ങള് സൂഫി സംഗീത പരിപാടികളിലൂടെ അത്യന്തം ആകര്ഷകമായാണ് അവതരിപ്പിക്കുന്നത്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പേരുപറഞ്ഞ്, ഇസ്ലാമിന്റെ അടിസ്ഥാന അസ്തിത്വത്തെയും പ്രമാണങ്ങളെയും ഇവര് ചോദ്യം ചെയ്യുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം ഈ വാദങ്ങള് ഒരാളെ ഇസ്ലാമില്നിന്ന് പുറത്താക്കുന്ന കടുത്ത വഴികേടാണ്.
മുകളില് പരാമര്ശിച്ച മിക്ക സൂഫി ആശയങ്ങളും അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങളുമായി ബന്ധപ്പെട്ട 'തൗഹീദുല് അസ്മാഇ വസ്സിഫാത്തിനെ' ഖണ്ഡിക്കുന്നതാണ്. അല്ലാഹു തന്റെ സൃഷ്ടികളില്നിന്ന് പൂര്ണമായും വേറിട്ടുനില്ക്കുന്നവനാണെന്ന് ഖുര്ആനും സുന്നത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സ്രഷ്ടാവും സൃഷ്ടിയും ഒന്നാണെന്ന വാദം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അടിസ്ഥാന അര്ഥത്തെ തന്നെ റദ്ദാക്കുന്നു.
ഖുര്ആന് ഖണ്ഡിതമായി പറഞ്ഞ പല കാര്യങ്ങളും നിരാകരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുക എന്നതാണ് സൂഫിവാദങ്ങളുടെ പതിവ്. അതിനെല്ലാം ആന്തരികാര്ഥമുണ്ടെന്ന് വാദിച്ചുകൊണ്ടാണ് ഈ നിരാകരണം ആരംഭിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില് നേര്ക്കുനേര് പറഞ്ഞ കാര്യങ്ങളൊന്നും അങ്ങനെയല്ലെന്നും ചുരുക്കം ചിലര്ക്ക് മാത്രം പ്രാപ്യമായ അറിവിലൂടെയാണ് കാര്യങ്ങളെ മനസ്സിലാക്കേണ്ടതെന്നും അവര് വാദിക്കുന്നു.
എന്നാല് ഈ വാദത്തിന് ഉപോല്ബലകമായ ഒന്നും മുന്നോട്ടുവെക്കാന് അവര്ക്കു സാധിക്കുന്നുമില്ല. അല്ലാഹു ഖുര്ആനില് വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: ''അവന് തുല്യമായി ഒന്നുമില്ല. അവന് എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാണ്'' (ഖുര്ആന് 42:11).
ഇത് പല സന്ദര്ഭങ്ങളിലും പല രൂപത്തില് ഖുര്ആന് ആവര്ത്തിക്കുന്നുണ്ട്. കൂടാതെ, അവന് സിംഹാസനസ്ഥനാണെന്നും (ഇസ്തവാ അലല് അര്ശ്) ഖുര്ആന് (7:54) വ്യക്തമാക്കുന്നു. അതായത്, തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് ഇസ്ലാം സങ്കല്പിക്കുന്നില്ല.
ഇബ്നു തൈമിയ്യ, ഇബ്നുല് ഖയ്യിം തുടങ്ങിയ പണ്ഡിതന്മാര് ഈ വാദത്തെ ശക്തമായി എതിര്ക്കുകയും, ഇതിന്റെ വക്താക്കളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വവും സൃഷ്ടികളുടെ അസ്തിത്വവും ഒന്നാണെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിക്കുന്ന കടുത്ത കുഫ്റാണെന്ന് ഇബ്നു തൈമിയ്യ വ്യക്തമാക്കുന്നു.
