മതസംജ്ഞകള്‍; പ്രസാരണ നഷ്ടം കൂടാതെ വിവര്‍ത്തനം സാധ്യമാണോ?


സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഭാഷയ്ക്കും പരിഭാഷകള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഖുര്‍ആനിക സംജ്ഞകളുടെ പരിഭാഷ രണ്ടു വിധമാണ്; പദാനുപദ വിവര്‍ത്തനവും ആശയവിവര്‍ത്തനവും.

സ്‌ലാമിന്റെ ലിഖിത പ്രമാണങ്ങളായ ഖുര്‍ആനും തിരുനബി(സ)യുടെ സുന്നത്തും അറബി ഭാഷയിലാണല്ലോ. ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അറബി വിദേശ ഭാഷയാണ്. അന്യദേശ ഭാഷയാണ്. ഖുര്‍ആനിലെയോ തിരുസുന്നത്തിലെയോ പദങ്ങളെയോ സാങ്കേതിക സംജ്ഞയെയോ മനസ്സിലാക്കാന്‍ അതിന്റെ പരിഭാഷയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

ലോകത്തെ ഏതെങ്കിലും ഒരു ഭാഷയില്‍ നിന്നു മറ്റൊരു ഭാഷയിലേക്ക് പ്രസാരണ നഷ്ടം കൂടാതെ പരിഭാഷയോ ലിപ്യന്തരണമോ സാധ്യമല്ല എന്നതാണ് വസ്തുത. അറബിയിലെ 'തര്‍ജമാ' എന്ന പദം പോലും കൃത്യമായി തര്‍ജമ ചെയ്യാന്‍ സാധ്യമല്ല. പരിഭാഷ, വിവര്‍ത്തനം, ഭാഷാന്തരണം, മൊഴിമാറ്റം എന്നൊക്കെയാണ് തര്‍ജമയ്ക്ക് നല്‍കിവരുന്ന സാധാരണ അര്‍ഥം.

ഇനി ലിപ്യന്തരണം എന്നു പറഞ്ഞാല്‍ എന്താണ്? അത് ഒരു ഭാഷയിലെ ലിപിയെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയാണ്. ട്രാന്‍സ്‌ലേഷനും ട്രാന്‍സ്‌ലിറ്ററേഷനും അജഗജാന്തരമുണ്ട്. ലിപ്യന്തരണം എന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ വായനയ്ക്ക് സഹായകമാവുമെങ്കില്‍ സൂചിതാര്‍ഥം അതില്‍ നിന്ന് ലഭിക്കില്ല. ട്രാന്‍സ്‌ലേഷന്‍ എന്ന പരിഭാഷയാണ് ആശയം വായിച്ചെടുക്കുന്നതിന് സഹായകമാവുന്നത്.

ഒരു ഭാഷയിലെ ആശയം മറ്റൊരു ഭാഷയിലേക്ക് മാറ്റുന്നതിനാണ് പരിഭാഷ എന്നു പറയുന്നത്. ഉറവിട ഭാഷയില്‍ നിന്നും ലക്ഷ്യഭാഷ (ഉദ്ദേശിത ഭാഷ)യിലേക്ക് നടക്കുന്ന ആശയങ്ങളുടെ മൊഴിമാറ്റമാണ് തര്‍ജമയില്‍ നടക്കുന്നത്. ഖുര്‍ആന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഖുര്‍ആനിന്റെ ഭാഷ അറബി ഉറവിട ഭാഷയും മലയാളം ലക്ഷ്യഭാഷയുമായിരിക്കും.

'ദാര്‍' എന്ന വാക്കിന് ഭവനം എന്ന അര്‍ഥം വായിക്കുന്നതാണ് പരിഭാഷ. എന്നാല്‍ ദാര്‍ എന്ന അറബി പദത്തെ ദാര്‍ എന്ന് മലയാള ലിപിയാക്കുന്നതാണ് ലിപ്യന്തരണം. ഉറവിട ഭാഷയിലെ ലിപിയുടെ ശബ്ദത്തിനു പകരമായി ലക്ഷ്യഭാഷയിലെ സമാന ശബ്ദലിപി വെക്കുക മാത്രമാണ് ട്രാന്‍സ്‌ലിറ്ററേഷനില്‍ സംഭവിക്കുന്നത്.

ഇസ്‌ലാമിക പദാവലിയുടെയും ഖുര്‍ആനിക സംജ്ഞകളുടെയും വിവര്‍ത്തനം പ്രധാനമായും രണ്ടു വിധമാണ്. പദാനുപദ വിവര്‍ത്തനമാണ് ഒന്നാമത്തേത്. ഖുര്‍ആനിലെ അറബി വാക്കുകളെ പദാനുപദം ഭാഷാന്തരണം ചെയ്യുന്നതാണീ പ്രക്രിയ. ഖുര്‍ആനില്‍ സമതുല്യാര്‍ഥമുള്ള പര്യായപദങ്ങളില്ല. അറബിയില്‍ ഉപയോഗിക്കുന്ന പര്യായപദങ്ങള്‍ക്ക് മലയാളത്തില്‍ തുല്യാര്‍ഥമുള്ള വാക്കുകളില്ല. അതിനാല്‍ ആശയഗ്രാഹ്യതയ്ക്ക് ഈ രീതി പലപ്പോഴും തടസ്സമാവാറുണ്ട്.

ആശയവിവര്‍ത്തനമാണ് രണ്ടാമത്തെ ഒരിനം. ഖുര്‍ആന്‍ പറയുന്ന ആശയങ്ങള്‍ പരിപൂര്‍ണമായും ഗ്രഹിച്ച് അവ ലക്ഷ്യഭാഷയില്‍ അവതരിപ്പിക്കുന്ന പ്രക്രിയയാണ് ആശയവിവര്‍ത്തനം. ഉറവിട ഭാഷയിലെ ആശയം പരിഭാഷകന് മനസ്സിലായില്ലെങ്കില്‍ ആശയച്ചോര്‍ച്ച സംഭവിക്കുകയും ഉദ്ദേശിച്ച ആശയം ലക്ഷ്യഭാഷയിലേക്ക് എത്താതെപോവുകയും ചെയ്യും.

സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഭാഷയ്ക്കും പരിഭാഷകള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഇസ്‌ലാമിക പ്രചാരണത്തിനും വ്യാപനത്തിനും പരിഭാഷ വലിയ പങ്കാണ് നിര്‍വഹിക്കുന്നത്. ഖുര്‍ആനിക ഭാഷയും ഖുര്‍ആനില്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരവും ലോകരിലേക്ക് എത്തിക്കാനാണ് ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഉടലെടുത്തത്.

ഖുര്‍ആന്‍ ഇതിവൃത്തങ്ങള്‍ അല്ലാഹു വ്യക്തമാക്കിയതിനേക്കാള്‍ മെച്ചപ്പെട്ട വിധത്തില്‍ തര്‍ജമ ചെയ്യാന്‍ ഒരു വിവര്‍ത്തകനുമാവില്ല.

ഖുര്‍ആന്‍ ഇതിവൃത്തങ്ങള്‍ അല്ലാഹു വ്യക്തമാക്കിയതിനേക്കാള്‍ മെച്ചപ്പെട്ട വിധത്തില്‍ തര്‍ജമ ചെയ്യാന്‍ ഒരു വിവര്‍ത്തകനുമാവില്ല എന്നതാണ് പരമസത്യം. മാത്രമല്ല, ഒരു ഭാഷയും അത് പ്രതിനിധാനം ചെയ്യുന്ന ഇതിവൃത്തങ്ങളും വൈകാരിക ഭാവങ്ങളും സംസ്‌കൃതിയും ചൈതന്യവും സമഗ്രവും സമ്പൂര്‍ണവുമായ വിധം മറ്റൊരു ഭാഷയിലേക്ക് പരിഭാഷ ചെയ്യാന്‍ ആവശ്യമായ വൈവിധ്യമാര്‍ന്ന പ്രയോഗങ്ങളുടെയും പദാവലിയുടെയും അഭാവവും ഘടനയുടെ അന്തരവും കാര്യക്ഷമമായ തര്‍ജമയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.

ഖുര്‍ആനിലെ ഒരു സാങ്കേതിക സംജ്ഞ (ഇസ്തിലാഹ്) വിവര്‍ത്തനം നടത്തുമ്പോള്‍ ആശയനഷ്ടത്തിനുള്ള സാധ്യത ഏറെയാണ്. ശ്രോതാക്കള്‍ക്ക് അപരിചിതമായ ചില സാങ്കേതിക പദങ്ങള്‍ക്ക് അതാതിടങ്ങളില്‍ തന്നെ അതിന്റെ നിര്‍വചനമോ ആശയമോ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കും. അല്‍ഹുത്വമ, അല്‍ഖാരിഅ, ഹാവിയ, അഖബ, അത്ത്വാരിഖ്, സിജ്ജീന്‍, ഇല്ലിയ്യൂന്‍, സഖര്‍, യൗമുദ്ദീന്‍, യൗമുല്‍ ഫസ്വ്ല്‍, ലൈലതുല്‍ ഖദ്ര്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

വമാ അദ്‌റാക്ക/ 'നിന്നെ അറിയിച്ചുതരുന്ന കാര്യമെന്താണ്' എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട് ഖുര്‍ആനില്‍ വന്ന ഈ സാങ്കേതിക പദങ്ങളുടെ സൂചിതാശയം വിവിധ ഖുര്‍ആനിക വചനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനിക പദാവലികളെ മൊഴിമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട രീതിശാസ്ത്രമുണ്ട്. അത് തെറ്റിയാല്‍ ഖുര്‍ആനിക ആശയം തെറ്റായ രൂപത്തിലായിരിക്കും പരിഭാഷയില്‍ എത്തിച്ചേരുക.

ഖുര്‍ആന്‍ സ്വയം വിശദീകരിക്കുന്നു

ഖുര്‍ആന്‍ വിശദമാക്കുന്ന ദൗത്യം അല്ലാഹുവിന്റേതാണ്. ഖുര്‍ആനിനെ അല്ലാഹു വ്യക്തമാക്കുന്നു: ''ധൃതിപ്പെട്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനായി അതും കൊണ്ട് നിന്റെ നാവിനെ നീ ചലിപ്പിക്കരുത്. അതിന്റെ സമാഹരണവും അതിന്റെ വായനയും നമ്മുടെ ബാധ്യതയാണ്. അത് നാം വായന നടത്തിയാല്‍ ആ വായന നീ പിന്തുടരുക. അത് വിശദീകരിക്കലും നമ്മുടെ ബാധ്യതയാണ്. പക്ഷേ, അന്ത്യനാളിനെ നിങ്ങള്‍ ഒഴിവാക്കുന്നു, ക്ഷണിക ജീവിതത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു'' (75: 1621).

ഖുര്‍ആനിലെ ചില ആയത്തുകളെ ചില ആയത്തുകള്‍ വിശദീകരിക്കുന്നു എന്നത് ഒരു ഖുര്‍ആന്‍ വ്യാഖ്യാനരംഗത്തെ അംഗീകൃത തത്വങ്ങളില്‍ ഒന്നാണ്. ഉദാഹരണത്തിന് 'ചിന്നിച്ചിതറിയ പാറ്റകളെപ്പോലെ മനുഷ്യര്‍ ആകുന്ന നാള്‍' (101:4) എന്ന ഖുര്‍ആനിക വചനത്തിലെ 'ഫറാശ്' ഏതിനം പാറ്റയെന്ന് വ്യക്തമല്ല. എന്നാല്‍ മറ്റൊരു ഖുര്‍ആനിക സന്ദര്‍ഭത്തില്‍ നിന്ന് അത് 'ജറാദ്' എന്ന വെട്ടുകിളിയാണെന്ന് മനസ്സിലാക്കാം: ''ദൃഷ്ടികള്‍ താഴ്ന്നവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്നും പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ടുവരും'' (54:7).

പാഠത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തരുത്

'തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് ശ്രദ്ധയില്ലാത്തവര്‍' (107:5) എന്ന പാഠസന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് 'നമസ്‌കാരക്കാര്‍ക്ക് നാശം' (107:4) എന്ന ഖുര്‍ആനിക പാഠം എടുത്തുദ്ധരിച്ചാല്‍ വിപരീത ആശയമാണ് ശ്രോതാക്കള്‍ക്ക് ലഭിക്കുക എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

ഖുര്‍ആനിലെ പത്ത് അധ്യായങ്ങളില്‍ നിന്നുള്ള 24 ആയത്തുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശിലെ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത് കോടതി തള്ളിക്കളഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കാതെ പാഠസന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തായിരുന്നു ഈ പ്രവൃത്തി. പലപ്പോഴും രീതിയോ ഭാഷാശൈലിയോ മനസ്സിലാക്കാന്‍ കഴിയാത്ത ഏവരും ഇതില്‍ പെട്ടുപോകും.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ സ്വാധീനിക്കരുത്

ഖുര്‍ആനിലെ ചില സാങ്കേതിക പദങ്ങളെ സ്ഥാപിത താല്പര്യക്കാര്‍ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കാറുണ്ട്. അതിന് ഉദാഹരണമാണ് 'ജിഹാദ്' എന്ന സംജ്ഞാനാമം. ഈ പദം തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ച് അര്‍ഥമാറ്റം സംഭവിച്ചു. ഖുര്‍ആനിലെ ജിഹാദ് എന്ന പദം 'കര്‍മകുശലത'യെ സൂചിപ്പിക്കുന്നു. വലിയ ജിഹാദ് എന്താണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

''സമ്പൂര്‍ണ സത്യത്തെ നിഷേധിക്കുന്നവരെ നിങ്ങള്‍ അനുസരിക്കരുത്. ഈ ഖുര്‍ആന്‍ കൊണ്ട് അവരോട് നീ വലിയ ജിഹാദ് നടത്തുക'' (25:52). സത്യനിഷേധികളുടെ തെറ്റിദ്ധാരണ നീക്കിക്കൊടുക്കാന്‍ സമ്പൂര്‍ണ സത്യമാകുന്ന (ഹഖ്) ഖുര്‍ആന്‍ ഉപയോഗിച്ച് കര്‍മകുശലതയോടെ പരിശ്രമിക്കുക എന്നതാണ് ഈ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. അധ്വാന പരിശ്രമം, കഠിന പ്രയത്‌നം എന്നീ അര്‍ഥ പരികല്പനയുള്ള 'ജിഹാദ്' എന്ന പദത്തെ ആളുകള്‍ എത്ര വ്യക്തമായാണ് പരിഭാഷ ചെയ്യുന്നത്. ജിഹാദിന് പകരം വെക്കാവുന്ന പദമാണ് മുജാഹദാ. രണ്ടിനും തുല്യഅര്‍ഥമാണുള്ളത്.

അല്‍ മുന്‍ജിദ് എന്ന അറബീ നിഘണ്ടുവിന്റെ കര്‍ത്താവ് ലൂയീസ് മഉലൂഫ് (1867-1946) നിര്‍ബന്ധപൂര്‍വം ഇസ്‌ലാമില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്ന അര്‍ഥമാണ് തുലഖാഉ് എന്ന പദത്തിന് നല്‍കിയത്. എന്നാല്‍ നബി(സ) പറഞ്ഞു, 'ഇദ്ഹബൂ അന്‍തുമുത്തുലഖാഉ്' എന്ന വാചകത്തിന്റെ അര്‍ഥം നിങ്ങള്‍ പൊയ്‌ക്കൊള്ളുക, നിങ്ങളാണ് സ്വതന്ത്രര്‍ എന്നാണ്. സ്വതന്ത്രര്‍ എന്നതിനാണ് അദ്ദേഹം നേര്‍വിപരീത ആശയം നല്‍കിയത്.

ഖുര്‍ആനിലെ 'ഇഖാമതുദ്ദീന്‍' എന്ന സാങ്കേതിക സംജ്ഞയുടെ തെറ്റായ രീതിയില്‍ ഉപയോഗിച്ച് വരുന്നതിന് പിന്നിലും സ്വാര്‍ഥമായ താല്പര്യമുണ്ട്. ഖുര്‍ആനിന്റെ മൂന്ന് അര്‍ഥങ്ങളിലാണ് ദീന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. നാള്‍ എന്നര്‍ഥമുള്ള യൗം എന്ന വാക്കുമായി ചേര്‍ന്ന് യൗമുദ്ദീന്‍ എന്നു വന്നയിടങ്ങളില്‍ അതിന്റെ അര്‍ഥം പ്രതിഫല നടപടി എന്നാണ്. ഉദാഹരണം: 'പ്രതിഫല നടപടി നാളിന്റെ അധിപന്‍'(1-3), രണ്ടാമതായി മതസംഹിത, മതദര്‍ശനം എന്നീ അര്‍ഥമാണുള്ളത്. ദീനുല്ലാഹ് എന്ന് പറഞ്ഞയിടങ്ങളില്‍ അല്ലാഹുവിന്റെ മതസംഹിതയായ ഇസ്്‌ലാമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഉദാഹരണം: 'അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതസംഹിത ഇസ്‌ലാമാകുന്നു'(3:19).

മൂന്നാമതായുള്ള അര്‍ഥം കീഴൊതുക്കം എന്നതാണ്. ഉദാഹരണം: 'കീഴൊതുക്കം (ദീന്‍) അല്ലാഹുവിന് മാത്രം അര്‍പ്പിച്ച് ഋജുമനസ്‌കരായി അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും മാത്രമേ അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളൂ. അതാണ് ചൊവ്വുള്ള മതദര്‍ശനം (ദീനുല്‍ ഖയ്യിമാ)' (98:5).

ഇനി ഇഖാമതുദ്ദീന്‍ എന്ന സാങ്കേതിക പദമെടുത്ത് പരിശോധിച്ചാല്‍ 'ശരിയായ രീതിയില്‍ മതപ്രബോധനം' നടത്തലാണതെന്ന് മനസ്സിലാക്കാം. ഭരണം ഇഖാമതുദ്ദീന്‍ എന്നതില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഖുര്‍ആനിക പരിസരത്ത് നിന്ന് വായിച്ചെടുക്കാം. തൗഹീദ് പ്രബോധനത്തിന് ത്യാഗം സഹിച്ച നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ(അ) എന്നീ ഉലുല്‍ അസ്മ് പ്രവാചകരോട് ഇഖാമതുദ്ദീനിന് നിര്‍ദേശമുണ്ടായിട്ട് പോലും അവര്‍ക്ക് ഭരണം അല്ലാഹു പ്രദാനം ചെയ്തില്ല. ദാവൂദ്, സുലൈമാന്‍(അ), മുഹമ്മദ് നബി(സ) എന്നീ പ്രവാചകര്‍ക്കാണ് ഭരണമുണ്ടായിരുന്നത്.

ഖുര്‍ആന്‍ പറയുന്നു: ''നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസ, ഈസ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം- അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു (42:13).


ഡോ. പി എം മുസ്തഫാ കൊച്ചിന്‍ പ്രൊഫസർ, അകാദമിഷ്യൻ, പരിശീലകൻ, ഗവേഷകൻ. എറണാകുളം മഹാജാസ് കോളെജിൽ അറബി ഗവേഷണ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. പ്രഥമ പുസ്തകം അസൂയയുടെ മതശാസ്ത്രം.