ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദ്യാര്‍ഥികേന്ദ്രിത പഠനരീതിയും മത്സരാധിഷ്ഠിതമായ മനുഷ്യവിഭവശേഷി വളര്‍ച്ചയുമാണ് എന്‍.ഇ.പിയുടെ മുഖ്യ ലക്ഷ്യങ്ങള്‍.
ആധുനിക കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി വിദ്യാഭ്യാസരംഗത്തെ സമഗ്രമായ മാറ്റത്തിനു നിര്‍ദേശം നല്‍കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടാണ് 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം (NEP 2020). ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദ്യാര്‍ഥികേന്ദ്രിത പഠനരീതിയും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ മനുഷ്യവിഭവശേഷി വളര്‍ത്തലുമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന SDG4 (Sustainable Development Goal 4) 'സമഗ്രവും ഉള്‍ക്കൊള്ളുന്നതുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന ലക്ഷ്യത്തെയാണ് ദേശീയ വിദ്യാഭ്യാസ നയം ഉള്‍ക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥികളെ തൊഴില്‍ക്ഷമതയും ജീവിതപാടവങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവുമുള്ള വ്യക്തികളായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നയം മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ ഒരു നല്ല അധ്യാപകന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും, അവരെ എങ്ങനെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാമെന്നും ഈ നയം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വിദ്യാര്‍ഥികേന്ദ്രിത സമീപനം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് വിദ്യാര്‍ഥികേന്ദ്രിതമായ പഠനരീതിയാണ്. അതിനാല്‍ ഓരോ കുട്ടിയുടെയും കഴിവുകള്‍, താല്പര്യങ്ങള്‍, പഠനരീതികള്‍ എന്നിവ മനസ്സിലാക്കി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയണം.
വൈവിധ്യമാര്‍ന്ന അറിവ്: അക്കാദമിക വിഷയങ്ങളില്‍ മാത്രമല്ല, കല, കായികം, തൊഴില്‍പരമായ കാര്യങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ എന്നിവയിലും അധ്യാപകര്‍ക്ക് അടിസ്ഥാനപരമായ അറിവ് ഉണ്ടായിരിക്കണം. ഇത് വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് സഹായകമാകും.

ഡിജിറ്റല്‍ സാക്ഷരത: ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പഠനം കൂടുതല്‍ രസകരമാക്കാനും, പഠന പ്രക്രിയയില്‍ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അധ്യാപകര്‍ക്ക് സാധിക്കണം.
പ്രൊഫഷണല്‍ വികസനം: വിദ്യാഭ്യാസ പ്രക്രിയയും പഠന പ്രക്രിയയും നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ അധ്യാപകരും തൊഴില്‍പരമായ നൈപുണി വികസനത്തിന് സാധ്യത നല്‍കുന്ന പരിശീലനങ്ങള്‍ക്ക് വിധേയരാകണം. പ്രാദേശിക-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ വര്‍ക്‌ഷോപ്പുകള്‍, ഓണ്‍ലൈന്‍ അധ്യാപന പരിശീലനം ഉള്‍പ്പെടെ ഒന്നിലധികം രീതികള്‍ ഈ അവസരങ്ങള്‍ ലഭ്യമാക്കും.
ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയും രാജ്യത്തിന്റെ വളര്‍ച്ചയും മാനുഷിക വിഭവശേഷി വികസനവുമാണ് പ്രത്യക്ഷത്തില്‍ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്.
അധ്യാപകര്‍ക്ക് അവരുടെ ആശയങ്ങളും മികച്ച പരിശീലന മാതൃകകളും പങ്കുവെക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കും. ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത് 50 മണിക്കൂറെങ്കിലും ഓരോ അധ്യാപകനും തുടര്‍ച്ചയായ പരിശീലനത്തിനും തൊഴില്‍പരമായ വികസനത്തിനും വേണ്ടി നീക്കിവെക്കണം എന്ന് NEP 2020 നിര്‍ദേശിക്കുന്നു.
അധ്യാപക പരിശീലനം
വിദ്യാഭ്യാസ പ്രക്രിയയുടെ ചാലകശക്തിയാണ് അധ്യാപകന്‍ എന്ന നിലയില്‍ അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനും അവരില്‍ നിന്ന് മികച്ച ഫലങ്ങള്‍ ഉണ്ടാക്കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം വ്യത്യസ്തമായ പരിശീലന പരിപാടികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില പദ്ധതികളാണ് ഇവിടെ വിശദമാക്കുന്നത്:
ITEP: 2030ഓടെ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാല് വര്‍ഷത്തെ ITEP (ITEP (Integrated Teacher Education Program) കോഴ്‌സ് നിര്‍ബന്ധമാക്കും. ഇത് അധ്യാപക പരിശീലനത്തെ കൂടുതല്‍ ആഴത്തിലുള്ളതും സമഗ്രവുമാക്കും. നിലവിലുള്ള നിലവാരമില്ലാത്ത അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലകളുടെ ഭാഗമാക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.
ദേശീയ പ്രൊഫഷണല്‍ നിലവാര സൂചിക (NPST): ഓരോ ഘട്ടത്തിലെയും അധ്യാപകര്‍ ഉള്‍ക്കൊള്ളേണ്ട യോഗ്യതകളും, അതത് ഘട്ടത്തില്‍ സ്വാംശീകരിക്കേണ്ട കാര്യക്ഷമതയെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്നതുമായിരിക്കും നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് എന്നത്. ഇത് അധ്യാപകരുടെ കഴിവുകള്‍, പ്രൊഫഷണല്‍ പെരുമാറ്റം, വിലയിരുത്തല്‍ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കും.
ഓരോ ഘട്ടത്തിലും ആവശ്യമായ പ്രകടനത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിലയിരുത്തലും അധ്യാപക പഠന പരിപാടികളും രൂപകല്‍പന ചെയ്യുക ഈ സമിതിയായിരിക്കും. അധ്യാപകരുടെ പ്രമോഷന്‍, ശമ്പള വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങളാണ് പരിശോധിക്കേണ്ടതെന്ന് നയം നിര്‍ദേശിക്കുന്നു.
മെന്ററിങ്: പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് യുവ അധ്യാപകരെ നയിക്കാനും പിന്തുണ നല്‍കാനും കഴിയുന്ന ഒരു മെന്ററിങ് സംവിധാനം സ്ഥാപിക്കും.'
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍: DIKSHA (Digital Infrastructure for Knowledge Sharing) പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
വെല്ലുവിളികള്‍
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളെയും യാഥാര്‍ഥ്യങ്ങളെയും അടിസ്ഥാനപ്പെടുത്തി ഈയൊരു വിദ്യാഭ്യാസ നയത്തെ വിശകലനം ചെയ്യുമ്പോള്‍ ഏറെ വെല്ലുവിളികള്‍ നമുക്ക് കാണാന്‍ സാധിക്കും. ഏതാനും ചില മേഖലകള്‍ ഇവിടെ പ്രതിപാദിക്കുന്നു:
അധ്യാപകരും അധ്യാപക പരിശീലനവും നേരിടുന്ന വെല്ലുവിളികള്‍: അധ്യാപക പരിശീലനരംഗത്ത് വന്നുകൊണ്ടിരിക്കുന്ന നിലവാര വ്യത്യാസം വലിയൊരു പ്രയാസമായിരിക്കും. പ്രായോഗിക പരിശീലനങ്ങള്‍ക്ക് പകരം സൈദ്ധാന്തികമായ പഠനത്തിന് ഊന്നല്‍ നല്‍കുന്ന പരിശീലന കേന്ദ്രങ്ങള്‍ ക്രിയാത്മക പ്രവര്‍ത്തന പരിചയത്തിന് സാധ്യത നല്‍കുന്നില്ല.
ക്രിയാത്മകവും അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പഠനപദ്ധതിയിലേക്ക് മാറ്റിയെടുക്കുക എന്നത് നിലവിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളെയും അതിലെ അധ്യാപക പരിശീലകരെയും സംബന്ധിച്ചിടത്തോളം പ്രയാസങ്ങള്‍ ഉണ്ടാക്കും.
കൂടാതെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ നടത്തുന്ന കോളജിന് സമാനമായ കേന്ദ്രങ്ങളാക്കുക എന്നത് ഒരു ബാലികേറാ മലയായി മാറും. ഭൗതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സ്റ്റാഫുകളെ നിയമിക്കുന്നതും എത്രത്തോളം സാധ്യമാണെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ഡിജിറ്റല്‍ രംഗത്ത് അധ്യാപകര്‍ നേരിടുന്ന പരിചയക്കുറവ്: ഡിജിറ്റല്‍ ഉപകരണങ്ങള്‍, 21-ാം നൂറ്റാണ്ടിലെ സ്‌കില്‍സ്, മള്‍ട്ടി ലിംഗ്വല്‍ പഠനരീതികള്‍ എന്നിവയില്‍ പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ കൂടുതലാണ്. സാങ്കേതികവിദ്യയില്‍ അധ്യാപകര്‍ക്കിടയിലുള്ള വ്യത്യാസം ക്ലാസ് പ്രവര്‍ത്തനത്തെ ബാധിക്കുകയും കൃത്യമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ഡിജിറ്റല്‍ സൗകര്യങ്ങളിലുള്ള വ്യത്യാസം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരേപോലെ ബാധിക്കുന്നു. മൂല്യനിര്‍ണയ പ്രക്രിയക്ക് ഉപയോഗപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ രീതികളെക്കുറിച്ചും അതിന്റെ പ്രായോഗികതയെക്കുറിച്ചുമുള്ള പരിചയക്കുറവ് ഇതില്‍ നിന്ന് പിന്നാക്കം നില്‍ക്കാനും വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്ന formative and competency based assessment നടപ്പാക്കുന്നതിന് തടസ്സമാകുന്നു.
പ്രാദേശിക ഭാഷാധിഷ്ഠിത പഠനം, മൂന്നു ഭാഷാ നയം എന്നിവയിലൂടെ അറബി, ഉര്‍ദു പോലുള്ള ഭാഷകള്‍ രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആയി പഠനം നടത്തിയിരുന്ന അവസ്ഥ നിര്‍ത്തലാക്കുകയും ഇത്തരം അധ്യാപകരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

Steam എന്ന ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, കല, ഗണിതം എന്നിവ സംയോജിപ്പിച്ച് പഠനം നടത്തുന്ന സംവിധാനം അധ്യാപകര്‍ക്ക് പരിചയമോ അനുഭവമോ ലഭിച്ചിട്ടില്ലാത്ത മേഖലയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ വിഷയങ്ങളെ ഈയൊരു രീതിയിലേക്ക് കൊണ്ടുവരുക എന്നത് ഏറെ പ്രയാസകരമായി മാറുന്നു.
ഘടനാപരം: നിലവില്‍ തുടര്‍ന്നുപോരുന്ന ഘടനകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള നിര്‍ദേശമാണ് NEP 2020 മുന്നോട്ടുവയ്ക്കുന്നത്. അങ്കണവാടി/ ബാലവാടി വിദ്യാഭ്യാസം അടിസ്ഥാന ഔപചാരിക വിദ്യാഭ്യാസമായി പ്രഖ്യാപിക്കുമ്പോള്‍ അങ്കണവാടികളെയും പ്രീപ്രൈമറി സ്ഥാപനങ്ങളെയും ഏകീകരിക്കാനും, പരിശീലനം ലഭിച്ച അധ്യാപകരുടെ ക്രമത്തില്‍ കൊണ്ടുവരാനും എത്രത്തോളം സാധ്യമാവും എന്നത് ചര്‍ച്ചാവിഷയമാണ്. അതോടൊപ്പം തന്നെ പുതിയ 5+3+3+4 ഘടന അധ്യാപകരുടെ വിന്യാസം പ്രയാസകരമാക്കി മാറ്റുകയും ചെയ്യുന്നു.
അധ്യാപകരെ 'വിദ്യാര്‍ഥി വളര്‍ച്ചയുടെ മാര്‍ഗദര്‍ശകര്‍' ആക്കാന്‍ NEP 2020 ലക്ഷ്യമിടുന്നു. ഇതു യാഥാര്‍ഥ്യമാക്കാന്‍ അധ്യാപന രംഗത്തും അധ്യാപക പരിശീലനത്തിലും അടിസ്ഥാന മാറ്റങ്ങള്‍ ആവശ്യമാണ്.
ഉദാഹരണമായി, കേരളത്തിലെ സംവിധാനത്തെക്കുറിച്ച് പറയുമ്പോള്‍ 8 മുതല്‍ 10 വരെ ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസമായും 11, 12 ക്ലാസുകളെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമായും കണ്ടിരുന്ന ഘടനയെ, 9 മുതല്‍ 12 വരെ സെക്കന്‍ഡറി വിദ്യാഭ്യാസം എന്നു മാറ്റുമ്പോള്‍ അധ്യാപകരെ ഏതു രൂപത്തിലാണ് വിന്യസിക്കുക എന്നത് പ്രയാസം തന്നെയാണ്.
വര്‍ഷങ്ങളായി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടും ഈയൊരു രൂപത്തിലേക്ക് എത്താന്‍ കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇപ്പോഴും സാധ്യമായിട്ടില്ല. അധ്യാപകരും സ്‌കൂള്‍ ഭരണസംവിധാനവും പുതിയ ഘടനയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആശയക്കുഴപ്പം നേരിടുന്നു.
ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കാനും രാജ്യത്തിന്റെ ഗുണകരമായ വളര്‍ച്ചയും മാനുഷിക ശേഷിയുടെ വികസനവുമാണ് പ്രത്യക്ഷത്തില്‍ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ അലങ്കാരങ്ങള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചുവെച്ച ഒളിയജണ്ടകളെ കാണാതിരിക്കാന്‍ വയ്യ.
ഘടനകളില്‍ മാറ്റം വരുത്തിയും പഠിതാവിന്റെ ശേഷികള്‍ക്ക് ഊന്നല്‍ നല്‍കിയും അധ്യാപക ശാക്തീകരണത്തിനും അധ്യാപക പരിശീലനത്തിനും കൃത്യമായ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും മനുഷ്യവിഭവ ശേഷിയെ സാങ്കേതികമായും തൊഴില്‍പരമായും ഉന്നതിയിലേക്ക് നയിക്കാനും നിര്‍ദേശം നല്‍കുന്നു.
NEP 2020 അധ്യാപകരെ 'വിദ്യാര്‍ഥി വളര്‍ച്ചയുടെ മാര്‍ഗദര്‍ശകര്‍' ആക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ഇതു യാഥാര്‍ഥ്യമാക്കാന്‍ അധ്യാപന രംഗത്തും അധ്യാപക പരിശീലനത്തിലും അടിസ്ഥാനപരമായ ഗുണപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. അധ്യാപകരെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മൂല്യവത്തായ വിഭവമായി കണക്കാക്കി, അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നല്‍കുന്നതിലൂടെ മാത്രമേ ഇന്ത്യയെ ഒരു 'വിജ്ഞാന സമൂഹ'മാക്കി മാറ്റാന്‍ കഴിയൂ.
സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപകര്‍, സമൂഹം എല്ലാം ഒരുമിച്ചുചേര്‍ന്ന് പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് അധ്യാപകരുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും അതുവഴി NEP 2020 ലക്ഷ്യമിടുന്ന വിദ്യാഭ്യാസപരമായ മാറ്റങ്ങള്‍ കൈവരിക്കാനും കഴിയൂ.