മുനമ്പം ഭൂമി: വഖഫ് ആധാരം ദാനാധാരമായ മായാജാലം സംഭവിച്ചത്


ഇല്ലാത്ത ദാനാധാരത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കച്ചവടക്കരാര്‍ പ്രകാരമാണ് മുനമ്പത്തെ വഖ്ഫ് ഭൂമി വില്‍പന നടത്തിയത്. അന്നത്തെ ഫാറൂഖ് കോളെജ് ഭാരവാഹികളില്‍ ചിലരും ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നു.

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ വന്ന അപ്പീല്‍ സ്യൂട്ട് നമ്പര്‍ 600/1971 കേസില്‍ പറവൂര്‍ കോടതിയുടെ വിധി ശരിവെക്കുകയും, കീഴ്ക്കോടതി വിധി അന്തിമമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ 27/12/1998ന് കുഴപ്പിള്ളി മാളിയ്ക്കല്‍ വര്‍ക്കി മകന്‍ അഡ്വ. എം വി പോളുമായി അന്നത്തെ ഫാറൂക്ക് കോളെജ് മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ സി ഹസ്സന്‍കുട്ടി വില്‍പന കരാര്‍ ഉണ്ടാക്കുകയും സെന്റിന് 500 രൂപ തോതില്‍ 10000 രൂപ ഹസ്സന്‍കുട്ടി പോളില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു.