മതേതര ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ ഇല്ലാതാകുന്നത്


അരികുവത്കരണത്തിന്റെ രാഷ്ട്രീയം ഭൂരിപക്ഷം നിര്‍ബാധം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു ക്രീമിലെയര്‍ സ്റ്റേറ്റിനെ ഒന്നാകെ നിയന്ത്രിക്കുകയാണ്. ഈ അപ്രമാദിത്തം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

തേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ഭരണഘടനാ നിര്‍മാണം തൊട്ടേയുണ്ട്. വൈവിധ്യങ്ങളുടെ ഇന്ത്യയെ എങ്ങനെ ഏകീകരിക്കാമെന്നും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ഭാവി എങ്ങനെ നിര്‍ണയിക്കാമെന്നും ചര്‍ച്ച ചെയ്യുന്നതിന് ഭരണഘടനാ നിര്‍മാണസഭയിലെ സംവാദങ്ങളില്‍ അധിക സമയവും ചെലവഴിക്കപ്പെട്ടു.

ന്യൂനപക്ഷ അവകാശങ്ങള്‍ നിര്‍ണയിക്കുന്നതിലും അധഃസ്ഥിത ജനവിഭാഗങ്ങളെ പരിഗണിക്കുന്നതിലും ഭരണഘടനാ നിര്‍മാതാക്കള്‍ ജാഗ്രത പാലിച്ചെങ്കിലും നിയമ നിര്‍മാണങ്ങളിലെ പഴുതുകള്‍ വെല്ലുവിളികളുടെ കാരണമായി. അധികാരത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.

എന്നാല്‍, ആ പ്രാതിനിധ്യം നിശ്ചയിക്കുന്ന കാര്യത്തില്‍ അപാകതകള്‍ ഉണ്ടായി. എല്ലാവരെയും പരിഗണിക്കുന്ന രാഷ്ട്രീയത്തെ ഭരണഘടന മുന്നോട്ടുവെച്ചെങ്കിലും ഏക സിവില്‍ കോഡ് പോലുള്ള ലൂപ്‌ഹോളുകള്‍ മതനിരപേക്ഷതയുടെ അന്തസ്സിന് കളങ്കമേല്‍പിച്ചു.

എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു മതേതര സംഹിതയാണ് ഇന്ത്യ പിന്തുടരുന്നത്. ഏതെങ്കിലും മതത്തിനോ പ്രത്യയശാസ്ത്രത്തിനോ അപ്രമാദിത്വമുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല. ഏതെങ്കിലും മതത്തിനോ വംശത്തിനോ അമിത പ്രാധാന്യമുണ്ടെന്നും ആ വംശം പറയുന്നത് അനുസരിച്ചാണ് മറ്റുള്ളവര്‍ മുന്നോട്ടുപോകേണ്ടതെന്നുമില്ല.

ഹിന്ദു സംസ്‌കാരം ഭൂരിപക്ഷമായി നിലകൊള്ളുമ്പോഴും എല്ലാ സാംസ്‌കാരിക വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്ന മഹത്വത്തെയാണ് ഇന്ത്യ സ്വീകരിച്ചത്. നാനാത്വത്തില്‍ ഏകത്വം എന്ന് പ്രഥമ പ്രധാനമന്ത്രി ഈ ബഹുസ്വരതയുടെ സൗന്ദര്യത്തെ വിശേഷിപ്പിച്ചു. എല്ലാ ഇന്ത്യക്കാരും ആ സൗന്ദര്യത്തെ സവിശേഷമെന്ന് കരുതുകയും അതേപ്പറ്റി അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

എപ്പോഴാണ് ഈ സൗന്ദര്യത്തിന് ഇടര്‍ച്ചകള്‍ സംഭവിച്ചത്? ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് തുടക്കത്തില്‍ പറയാന്‍ ശ്രമിച്ചത്. ആ ഇടര്‍ച്ചകള്‍ ഭരണഘടനാ നിര്‍മാണം മുതല്‍ ആരംഭിച്ചു. മുസ്‌ലിംകള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം ലഭിക്കുന്ന സംവരണ മണ്ഡലങ്ങള്‍ ഇല്ലാതായി എന്നതായിരുന്നു ആ പിഴവ്.

ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകളെയാണ് സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഫാഷിസം ലക്ഷ്യം വെച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതോടെ ഭൂരിപക്ഷം ഭരിക്കുകയും ന്യൂനപക്ഷം അരക്ഷിതരാവുകയും ചെയ്യുമെന്ന ഒരു ഭീതി വ്യാപകമായതാണ് വിഭജനത്തിനു കാരണമായത്. വിഭജനം സംഭവിച്ചതോടെ ഫാഷിസത്തിന്റെ ആദ്യ യുദ്ധം ജയിച്ചു. മനഃശാസ്ത്ര യുദ്ധം എന്നു വിശേഷിപ്പിക്കാവുന്ന ആദ്യ ഘട്ടം.

സ്വാതന്ത്ര്യത്തിനു ശേഷം അതിവേഗം ഇന്ത്യയെ ഹിന്ദുത്വവത്കരിക്കാമെന്ന മോഹം ഭരണഘടനാ നിര്‍മാണത്തോടെ അസ്തമിച്ചു. ഇന്ത്യ ഒരു മതേതര-സോഷ്യലിസ്റ്റ് റിപബ്ലിക് ആയി. തികഞ്ഞ മതേതരവാദിയും സോഷ്യലിസ്റ്റുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ധീരവും ദീര്‍ഘവുമായ നേതൃത്വം ഫാഷിസത്തിന്റെ മോഹങ്ങളെ കരിച്ചുകളഞ്ഞു.

ഗാന്ധിയേക്കാള്‍ നെഹ്‌റുവിനോടാണ് ഇപ്പോഴും ഫാഷിസ്റ്റുകള്‍ പക കാട്ടുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നെഹ്‌റുവിനെ അപമാനിക്കാനും ആക്ഷേപിക്കാനും ഇപ്പോഴും സ്‌റ്റേജുകളും പേജുകളും ഉപയോഗപ്പെടുത്തുന്നു.

സാമൂഹിക അസന്തുലിതത്വം തന്നെയാണ് രാജ്യത്തിന്റെ പ്രധാന പ്രശ്‌നം. രാഷ്ട്രീയ-അവകാശ-സാമ്പത്തിക മേഖലകളില്‍ ആ അസമത്വം നിലനില്‍ക്കുന്നു. സാമൂഹിക മൂലധനമുള്ള സമുദായങ്ങള്‍ ചെയ്യേണ്ട ജോലി അതില്ലാത്തവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിക്കുക എന്നതാണ്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് അങ്ങനെയൊരു സഹായം സംഭവിക്കുന്നില്ല.

മറിച്ച്, അരികുവത്കരണത്തിന്റെ രാഷ്ട്രീയം ഭൂരിപക്ഷം നിര്‍ബാധം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു ക്രീമിലെയര്‍ സ്റ്റേറ്റിനെ ഒന്നാകെ നിയന്ത്രിക്കുകയാണ്. ഈ അപ്രമാദിത്തം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നു.

പിന്നെ രാജ്യം ഭരിക്കുന്നത് ഈ ഒളിഗാര്‍ക്കിയാണ്. അമേരിക്കയില്‍ മുതലാളിത്തത്തിന്റെ ഒളിഗാര്‍ക്കിയാണെങ്കില്‍ ഇന്ത്യയില്‍ ജാതീയമായ നിയന്ത്രണമാണിത്. ഫാഷിസ്റ്റ് ചിന്താഗതികളാണ് ഈ ഒളിഗാര്‍ക്കിയുടെ ഊര്‍ജം.

ഇന്ത്യയെ 'ഭാരത'മാക്കുമ്പോള്‍

ഫാഷിസ്റ്റുകള്‍ ഒരിക്കലും ഇന്ത്യയെ ഇന്ത്യ എന്നു വിളിക്കാറില്ല. ലോക ഭൂപടത്തില്‍ ഇല്ലാത്ത 'ഭാരതം' എന്ന പേരിലാണ് അവര്‍ ഇന്ത്യയെ പരിചയപ്പെടുത്താറുള്ളത്. ഭാരതം എന്നത് ഒരു മതസങ്കല്പമാണ്. ബി സി ആറായിരം മുതലുള്ള സനാതന ധര്‍മത്തിന്റെ ചരിത്രത്തെ 'ഭാരതം' എന്ന രാഷ്ട്രത്തോടൊപ്പം ഹിന്ദുത്വവാദികള്‍ അടയാളപ്പെടുത്തുന്നു.

ഭരതന്‍ എന്ന പുരാതന ഹിന്ദു രാജാവിന്റെ പേരാണ് ഭാരതത്തിന്റെ ആധാരം. ഭരതന്‍ ഭരിച്ച രാജ്യമാണ് ഭാരതം. ഹിമാലയത്തിന്റെ തെക്കുള്ള ഭൂരിഭാഗവും ഭരിച്ചത് ഭരതനാണ് എന്നാണ് ഐതിഹ്യം. പരിപാലിക്കുന്നവന്‍, അറിവ് നല്‍കുന്നവന്‍ എന്നെല്ലാം ഭാരതം എന്ന വാക്കിന് അര്‍ഥമുണ്ട്. ഇന്ത്യയെ ഭാരതമാക്കുന്നതിനു പിന്നില്‍ കൃത്യമായ മതരാഷ്ട്രവാദമാണ്. അതായത് ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രത്തിന് ഒരു മതരാഷ്ട്രത്തിന്റെ പരിവേഷം നല്‍കുകയാണ്.

ഇന്ത്യയെ ഭാരതം എന്നുതന്നെ വിളിക്കണം എന്നത് ഫാഷിസത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. ബിജെപി അധികാരത്തില്‍ വരുന്നതുവരെ ഔദ്യോഗികമായി ഈ ആശയത്തിന് ശക്തിയുണ്ടായിരുന്നില്ല. എന്നാല്‍, ജി-20 ഉച്ചകോടിയിലേക്ക് അതിഥികളെ ക്ഷണിക്കുന്ന പ്രസിഡന്റിന്റെ കത്ത് തുടങ്ങിയത് 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.

ഭാരതം എന്ന പ്രൊപഗണ്ട പോലെ ഒന്നാണ് കാവിക്കൊടിയേന്തിയ ഭാരതാംബയെ രാജ്യത്തിന്റെ അടയാളമായി പ്രതിഷ്ഠിക്കാനുള്ള നീക്കവും. 'ഭാരതം' വംശീയ അജണ്ടയുടെ പേരാണെന്ന് തിരിച്ചറിയാന്‍ സംഘ്പരിവാറിനെ മാത്രം നിരീക്ഷിച്ചാല്‍ മതി.

പ്രധാനമന്ത്രിയുടെ ചില രേഖകളിലും 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് മുദ്രണം ചെയ്യപ്പെട്ടു. കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമായ പേരുമാറ്റമാണിത്.

മുഗള്‍ രാജവംശത്തിന്റെ പേരില്‍ അറിയപ്പെട്ട രാഷ്ട്രപതി ഭവനിലെ ഉദ്യാനം അമൃത് ഉദ്യാനമാക്കിയതുപോലെ, ഡല്‍ഹി യൂനിവേഴ്‌സിറ്റി നോര്‍ത്ത് കാമ്പസിലെ മുഗള്‍ ഗാര്‍ഡന്‍ ഗൗതം ബുദ്ധ ഗാര്‍ഡന്‍ ആക്കിയതുപോലെ, അലഹബാദിന് പ്രയാഗ്‌രാജ് എന്ന് പേരിട്ടതുപോലെ, പാഠപുസ്തകങ്ങളില്‍ നിന്ന് മുസ്‌ലിം രാജാക്കന്മാരുടെ ചരിത്രം തന്നെ നീക്കം ചെയ്യുന്നതുപോലുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണിത്.

ലോകത്ത് ഭാരതം എന്നൊരു രാജ്യമുണ്ടെന്ന് പുരാതന കാലം മുതല്‍ ആര്‍ക്കും അറിവുള്ളതല്ല. ഹിന്ദ് എന്ന് അറബികള്‍ ഇന്ത്യയെ വിളിക്കുമ്പോഴാണ് ഇന്ത്യ എന്നൊരു സങ്കല്പം തന്നെ സംഭവിക്കുന്നത്. ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ് ബി.സി 302ല്‍ ഇന്ത്യയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് 'ഇന്ദിക' എന്നാണ്.

ഇന്ത്യയെന്ന പേര് ലോകത്തിന് പരിചയപ്പെടുത്തിയത് അറബി വ്യാപാരികളാണ്. വേദപുരാണങ്ങളിലെ ഭാരതം ഹിമാലയസാനുക്കള്‍ക്കും വിന്ധ്യ പര്‍വതത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശം മാത്രമാണ്. ഇന്ന് കാണുന്ന ഇന്ത്യയുടെ വലിയൊരു ഭാഗത്തെ ഭാരതം എന്ന സങ്കല്പം പ്രതിനിധീകരിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ഒരേയൊരു സ്ഥലത്ത് മാത്രമാണ് ഭാരത് എന്ന പദമുള്ളത്.

ഭാരതം എന്നത് വംശീയ അജണ്ടയുടെ പേരാണെന്ന് തിരിച്ചറിയാന്‍ സംഘ്പരിവാറിനെ മാത്രം നിരീക്ഷിച്ചാല്‍ മതി. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നവര്‍ പോലും ഈ ചതി തിരിച്ചറിയാതെ നിരന്തരം ഉപയോഗിക്കുന്ന പേരുകളിലൊന്നായി ഭാരതം മാറിയിട്ടുണ്ടെങ്കില്‍ അതുതന്നെയാണ് ഫാഷിസ്റ്റ് പ്രൊപഗണ്ടയുടെ വിജയം.

'ഭാരതാംബ' വിവാദം ഈയിടെ കേരളത്തില്‍ പോലും കോളിളക്കം സൃഷ്ടിച്ചത് കണ്ടു. ഭാരതം എന്ന പ്രൊപഗണ്ട പോലെ ഒന്നാണ് കാവിക്കൊടിയേന്തിയ ഭാരതാംബയെ രാജ്യത്തിന്റെ അടയാളമായി പ്രതിഷ്ഠിക്കാനുള്ള നീക്കവും.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ