വികസന വിവേചനത്തിന്റെ മലപ്പുറം സ്‌റ്റോറി അല്പം ഭീകരമാണ്


ഒട്ടും വികസനമെത്താത്ത ഒരു മേഖലയില്‍ പുതിയ ജില്ല ഉണ്ടാവുക വഴി ഒട്ടേറെ മുന്നേറ്റങ്ങള്‍ ഉണ്ടായെന്നത് ചരിത്രമാണ്. പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിനു ലഭിക്കേണ്ട വികസന പദ്ധതികള്‍ ജില്ലാ പിറവിക്കു ശേഷവും ലഭിച്ചിട്ടില്ല.

ക്യകേരളം രൂപം കൊള്ളുമ്പോള്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നീ അഞ്ചു ജില്ലകളാണ് ഉണ്ടായിരുന്നത്. 1957ല്‍ മലബാര്‍ ജില്ലയെ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നു ജില്ലകളാക്കി വിഭജിച്ചു. മലപ്പുറം പ്രദേശങ്ങള്‍ കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായി.

ഈ പ്രദേശങ്ങളിലെ പലര്‍ക്കും ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും അതിന്റെ ഓഫീസ് സംവിധാനങ്ങളിലേക്കും എത്തുക പോലും അസാധ്യമായി. ജില്ലാ ഭരണകൂടം നിയന്ത്രിക്കുന്നവരും അതിന്റെ പല വികസന പദ്ധതികളും ഇങ്ങോട്ട് എത്തുകയെന്നതും അപ്രായോഗികമായി.

അതോടെ നേരത്തേ വികസനം കുറഞ്ഞ ഈ പ്രദേശങ്ങള്‍ വീണ്ടും മുരടിപ്പ് അനുഭവിച്ചു. ഇതിനു പരിഹാരമായാണ് പുതിയ ഒരു ജില്ല എന്ന ആശയം മലപ്പുറത്ത് ഉയര്‍ന്നുവന്നത്. വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടാക്കിയ തീവ്രമായ പേറ്റുനോവ് അനുഭവിച്ച ശേഷമാണ് മലപ്പുറം ജില്ല പിറന്നത്.

ഇടതുപക്ഷവും മുസ്‌ലിം ലീഗും ഒരുമിച്ച് ഒരു മുന്നണിയില്‍ സംസ്ഥാന ഭരണത്തില്‍ ഉണ്ടായിരുന്ന 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല യാഥാര്‍ഥ്യമായി. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്.

ഒരു പുതിയ ജില്ല രൂപീകരിച്ചാല്‍ ലഭിക്കുന്ന പുതിയ സര്‍ക്കാര്‍ പദ്ധതികളും സംരംഭങ്ങളും ഓഫീസുകളും വഴി കൂടുതല്‍ വികസനം ജനങ്ങള്‍ക്ക് ലഭിക്കുമെന്നതായിരുന്നു ജില്ലാ രൂപീകരണ ലക്ഷ്യം. ഒട്ടും വികസനമെത്താത്ത ഒരു മേഖലയില്‍ പുതിയ ജില്ല ഉണ്ടാവുക വഴി ഒട്ടേറെ മുന്നേറ്റങ്ങള്‍ ഉണ്ടായെന്നത് ചരിത്രമാണ്.

പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിനു ലഭിക്കേണ്ട വികസന പദ്ധതികള്‍ ജില്ലാ പിറവിക്കു ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ജില്ലയിലെ വികസനത്തിന്റെ മുഴുവന്‍ മേഖലയിലെയും കണക്കുകള്‍ അത് വിളിച്ചുപറയുന്നുണ്ട്.

ജില്ല യാഥാര്‍ഥ്യമാകുമ്പോള്‍ ഉണ്ടായിരുന്ന 14 ലക്ഷത്തില്‍ നിന്ന് ജനസംഖ്യ മൂന്നിരട്ടിയായി വര്‍ധിച്ച് 45 ലക്ഷമായി. ഈ ജനസംഖ്യക്ക് അനുസൃതമായ വികസനവും അധികാരം താഴേത്തട്ടില്‍ എത്തിക്കാന്‍ ആവശ്യമായ റവന്യൂ ഓഫീസുകളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ പോലും ജില്ലയില്‍ ഇന്നുമില്ല.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, റെയില്‍വേ എന്നിങ്ങനെ ഏതു മേഖലയെടുത്ത് പരിശോധിച്ചാലും ജനസംഖ്യാനുപാതികമായ വികസനം ജില്ലയില്‍ ലഭ്യമായിട്ടില്ലെന്ന് കാണാം.

സംസ്ഥാനങ്ങളെക്കാള്‍ വലിയ ജില്ല

മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഔദ്യോഗിക കണക്കനുസരിച്ച് 13,94,000 ആയിരുന്നു ജനസംഖ്യ. 2011ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 41,12,920 ആണ്. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനയുടെ നിരക്ക് 13.45% ആണ്. ഇതനുസരിച്ച് 2025ല്‍ 45 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയില്‍ ജില്ലയിലെ ജനസംഖ്യ എത്തിയിട്ടുണ്ടാകും.

ഇന്ത്യയുടെ ചില സംസ്ഥാനങ്ങളേക്കാള്‍ വലിയ ജനസംഖ്യയാണിത്. ത്രിപുരയില്‍ 37 ലക്ഷം, മേഘാലയയില്‍ 30 ലക്ഷം, മണിപ്പൂരില്‍ 28 ലക്ഷം, നാഗാലാന്‍ഡില്‍ 20 ലക്ഷം, ഗോവയില്‍ 15 ലക്ഷം, അരുണാചല്‍പ്രദേശില്‍ 14 ലക്ഷം, മിസോറാമില്‍ 11 ലക്ഷം, സിക്കിമില്‍ 6 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ.

അതായത് മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറവുള്ള 8 സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയുടെ അത്ര പോലും ജനസംഖ്യയില്ലാത്ത ഈ സംസ്ഥാനങ്ങള്‍ക്കായി നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉണ്ടെന്നര്‍ഥം. മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറഞ്ഞ ആറു കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്.

പത്തനംതിട്ടയിലെ ജനസംഖ്യ 11,97,412. ഇടുക്കിയിലേതും 11,08,974ഉം കോട്ടയത്ത് 19,74,551ഉം. ഈ മൂന്നു ജില്ലകളിലുമായുള്ള മൊത്തം ജനസംഖ്യ 42,80,937 ആണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഈ മൂന്നു ജില്ലകളിലുമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളുടെ എണ്ണം മലപ്പുറം ജില്ലയ്ക്ക് മാത്രമായി അനുവദിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല എന്നതുതന്നെ ഒരു നാട് നേരിടുന്ന അനീതിയുടെ അടയാളമാണ്.

41 ലക്ഷം ജനങ്ങള്‍ക്ക് ഒരു കലക്ടറോ?

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അനുവദിക്കുന്ന വികസന പ്രൊജക്ടുകളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നത് റവന്യൂ- പഞ്ചായത്ത്- മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ വഴിയാണ്. ജില്ലയിലെ ജനസംഖ്യ അനുസരിച്ചല്ല നിലവിലെ ഈ ജനസേവന കേന്ദ്രങ്ങളുള്ളത്. വികസനപദ്ധതികള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇതു വലിയ തടസ്സം ഉണ്ടാക്കുന്നുണ്ട്.

മലപ്പുറം കലക്ടറേറ്റ്

ജനസംഖ്യാനുപാതികമായി ഈ സംവിധാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ തലവന്‍ കലക്ടറാണ്. ജില്ലയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയും ജില്ലാ മജിസ്‌ട്രേറ്റും കൂടിയാണ് കലക്ടര്‍. മലപ്പുറം ജില്ലയിലെ കലക്ടര്‍ 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ ഇടുക്കി, പത്തനംതിട്ട കലക്ടര്‍മാര്‍ക്ക് 11 ലക്ഷം ജനങ്ങളുടെ കാര്യം ശ്രദ്ധിച്ചാല്‍ മതി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 41 ലക്ഷം ജനങ്ങളുടെ സേവനത്തിനായി മൂന്നു കലക്ടര്‍മാരും അനുബന്ധ ഓഫീസുകളുമുണ്ട്. എന്നാല്‍ അതേ 41 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് ഒരു കലക്ടറും മൂന്നിലൊന്ന് ഓഫീസ് സംവിധാനവുമാണുള്ളത്. ഭൂമിശാസ്ത്രത്തേക്കാള്‍ ജനാധിപത്യത്തില്‍ ജനങ്ങളുടെ എണ്ണമാവണം ജനസേവന കേന്ദ്രങ്ങളുടെ എണ്ണത്തിന്റെ മാനദണ്ഡം.

കലക്ടറേറ്റ് കഴിഞ്ഞാല്‍ മുഖ്യ റവന്യൂ ഓഫീസുകളായ താലൂക്കുകളുടെയും വില്ലേജുകളുടെയും കണക്കെടുത്താലും ഈ കുറവ് ജില്ലയില്‍ കാണാം. പത്തനംതിട്ട ജില്ലയില്‍ ആറു താലൂക്കുകളുണ്ട്. ശരാശരി 1,99,256 പേര്‍ക്ക് ഒരു താലൂക്ക് സംവിധാനം ഉണ്ട്. ഇത് മലപ്പുറം ജില്ലയിലെത്തുമ്പോള്‍ ശരാശരി 5,87,279 പേര്‍ക്ക് ഒരു താലൂക്ക് സംവിധാനമായി മാറും. ഒരു താലൂക്കില്‍ മാത്രമുള്ള ജനസംഖ്യ പരിശോധിച്ചാലും ഈ വ്യത്യാസം കാണാം.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ ജനസംഖ്യ 1,34,219. എന്നാല്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ജനസംഖ്യ 9,28,672.

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് വില്ലേജുകള്‍. 31 ലക്ഷം ജനസംഖ്യയുള്ള തൃശൂര്‍ ജില്ലയില്‍ 255 വില്ലേജുകളുണ്ട്. 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 138 വില്ലേജുകള്‍ മാത്രമാണുള്ളത്.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, റെയില്‍വേ തുടങ്ങി ഏതു മേഖലയിലും ജനസംഖ്യാനുപാതിക വികസനം ജില്ലയില്‍ ലഭ്യമായിട്ടില്ല. 31 ലക്ഷം ജനസംഖ്യയുള്ള തൃശൂരില്‍ 255 വില്ലേജുകളുണ്ട്. 45 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് 138 വില്ലേജുകള്‍ മാത്രം.

തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശരാശരി 19,000 ജനങ്ങള്‍ക്ക് ഒരു വില്ലേജ് ലഭ്യമാണ്. എന്നാല്‍ മലപ്പുറത്ത് ആ ശരാശരി 30,000 ആണ്. മലപ്പുറം ജില്ലയില്‍ നാലു പുതിയ താലൂക്കുകളെങ്കിലും പുതുതായി രൂപീകരിക്കേണ്ടതുണ്ട്. 26 പുതിയ വില്ലേജുകള്‍ മലപ്പുറം ജില്ലയില്‍ പുതുതായി അനുവദിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച കമ്മീഷന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശുപാര്‍ശ ചെയ്തതുമാണ്.

പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ജനസംഖ്യാ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുനഃക്രമീകരിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം 2020ല്‍ അവസാന നിമിഷം സംസ്ഥാന സര്‍ക്കാര്‍ പുനഃക്രമീകരണത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

2020ല്‍ പുനഃക്രമീകരണം പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറി സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യയായ 27,430ല്‍ അധികരിച്ചുള്ള ധാരാളം ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്. ഇങ്ങനെയുള്ളവയെ വിഭജിക്കുകയോ രണ്ടോ മൂന്നോ ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങള്‍ വേര്‍പെടുത്തി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുകയോ ചെയ്യേണ്ടതാണ്.''

ഇത് അനുസരിച്ച് വിഭജനം നടക്കുകയാണെങ്കില്‍ മലപ്പുറത്ത് പുതിയ പല പഞ്ചായത്തുകളും വരുമായിരുന്നു. അതുവഴി പുതിയ പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ-ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, മൃഗാശുപത്രി, കൃഷിഭവന്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും ലഭിക്കുമായിരുന്നു.

ഒരു ഗവണ്‍മെന്റ്/ എയ്ഡഡ് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ഒരു പഞ്ചായത്തില്‍ ഉണ്ടാകണമെന്ന മാനദണ്ഡം നടപ്പാക്കിയാല്‍ പുതിയ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ വരാനും അത് നിമിത്തമാകുമായിരുന്നു. പുനഃക്രമീകരണം നടക്കാതെ പോയതോടെ ഇത്രയും സ്ഥാപനങ്ങള്‍ കൂടിയാണ് ജില്ലയ്ക്ക് നഷ്ടമായത്.

ആരോഗ്യ വ്യവസായ മേഖലകള്‍

ജില്ലയിലെ മുഖ്യ ആരോഗ്യകേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച വിധം മാത്രം പരിശോധിക്കാം. 2011ലെ യുഡിഎഫ് മന്ത്രിസഭ രണ്ടു ജില്ലകള്‍ക്ക് മെഡിക്കല്‍ കോളജ് അനുവദിച്ചു. 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും 12 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്ക്കും.

മഞ്ചേരി മെഡിക്കല്‍ കോളജ്

മഞ്ചേരി ജില്ലാ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളജാക്കി പ്രഖ്യാപിക്കുകയാണ് മലപ്പുറത്ത് ചെയ്തത്. ജില്ലാ ഹോസ്പിറ്റലിനായി ജനകീയ പിരിവെടുത്ത് ഉണ്ടാക്കിയ കെട്ടിടമടക്കം വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് ചില കെട്ടിടങ്ങളും ഫാക്കല്‍റ്റികളും പരിമിത സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള മിനിമം സംവിധാനങ്ങളും മാത്രമാണ് മലപ്പുറം ജില്ലയിലെ മെഡിക്കല്‍ കോളജിന് അനുവദിച്ചത്.

കൂടുതല്‍ വികസനത്തിനായുള്ള ഭൂമിയും ഇവിടെയില്ല. 50 ഏക്കര്‍ സ്ഥലസൗകര്യമുള്ള വേട്ടേക്കാടേക്ക് മെഡിക്കല്‍ കോളജ് മാറ്റി സ്ഥാപിക്കണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെയും ജില്ലയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും പുതിയ നിര്‍ദേശം.

പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഫലത്തില്‍ ഇപ്പോഴും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെത്തന്നെ ആശ്രയിക്കുന്നത് തുടരുന്നു.

മഞ്ചേരി ജില്ലാ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളജാക്കി പ്രഖ്യാപിക്കുകയാണ് മലപ്പുറത്ത് ചെയ്തത്. ജില്ലാ ഹോസ്പിറ്റലിനായി ജനകീയ പിരിവെടുത്ത് ഉണ്ടാക്കിയ കെട്ടിടമടക്കം വിട്ടുകൊടുക്കുകയും ചെയ്തു. പക്ഷെ പിന്നീട് പരിമിതികളില്‍ പെട്ട് ശ്വാസം മുട്ടുകയാണ്.

എന്നാല്‍ പത്തനംതിട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള 50 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജിനായി ആദ്യം അനുവദിച്ചു. അങ്ങനെ കണ്ടെത്തിയ നിര്‍ദിഷ്ട ഭൂമിയിലേക്ക് ഗതാഗത സൗകര്യം കുറവായതിനാല്‍ രണ്ടുവരിപ്പാത സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മിച്ചു. പിന്നീട് പ്രാഥമിക ബില്‍ഡിങ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ 110 കോടി രൂപയും പാസാക്കി.

അത് പൂര്‍ത്തിയായപ്പോള്‍ പിന്നീട് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബി വഴി 315 കോടി രൂപ കോന്നി മെഡിക്കല്‍ കോളജിന് അനുവദിച്ചു. അങ്ങനെ ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള മെഡിക്കല്‍ കോളജ് ബില്‍ഡിങും അഞ്ചു നില ഹോസ്പിറ്റല്‍ കെട്ടിടവും ആവശ്യമായ സൗകര്യങ്ങളോടെ പത്തനംതിട്ടയില്‍ പൂര്‍ത്തീകരിച്ചു.

ഇങ്ങനെ 500 കോടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചപ്പോള്‍ 2020ല്‍ പുതിയ മെഡിക്കല്‍ കോളജ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനസജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. 50 ഏക്കര്‍ ഭൂമിയുള്ളതിനാല്‍ ഇനിയും ഓരോ വര്‍ഷത്തെയും ബജറ്റില്‍ പത്തനംതിട്ട മെഡിക്കല്‍ കോളജിന് പുതിയ പദ്ധതി ഫണ്ട് അനുവദിച്ചുകൊണ്ടിരിക്കും.

എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ വലിയ പ്രൊജക്ടുകള്‍ക്ക് ആവശ്യമായ ഭൂമിയില്ലാത്തതിനാല്‍ ജില്ലാ ഹോസ്പിറ്റല്‍ സൗകര്യത്തില്‍ വന്ന നേരിയ മാറ്റങ്ങളോടെ തുടരുകയും ചെയ്യും.

കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ 21 വ്യവസായ സ്ഥാപനങ്ങളുണ്ട്. അതില്‍ ഒന്നുപോലും മലപ്പുറത്തില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഉടമസ്ഥതയില്‍ 12 വ്യവസായ സ്ഥാപനങ്ങളുണ്ട്. അതില്‍ നഷ്ടത്തില്‍ ഓടുന്ന കേരള സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം മാത്രമാണ് ജില്ലയിലുള്ളത്.

മലപ്പുറത്തെ സ്പിന്നിങ് മില്‍ മാറ്റിനിര്‍ത്തിയാല്‍ സഹകരണ മേഖലകളിലെ 18 വ്യവസായ സ്ഥാപനങ്ങളില്‍ പേരെടുത്ത് പറയാവുന്ന ഒന്നുപോലും മലപ്പുറത്തില്ല.

ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നുണ്ടെങ്കിലും അഞ്ചു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഇന്നും ജോലി നല്‍കുന്ന മേഖലയാണ് കേരളത്തിലെ 613 കയര്‍ വ്യവസായ സ്ഥാപനങ്ങള്‍. ഇതില്‍ ഒന്നുപോലും ജില്ലയിലില്ല. കൈത്തറി മേഖലയില്‍ 786 സ്ഥാപനങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് മലപ്പുറം ജില്ലയിലുള്ളത്.