പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങി ഗവേഷണ മേഖലകളില്‍ വരെ മലബാറിലെ കുട്ടികള്‍ക്ക് പഠനാവസരങ്ങള്‍ ഇന്നും ഏറെ വിദൂരത്താണ്. കുട്ടികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കുത്തിനിറച്ച ക്ലാസ് മുറികളിലോ നിബിഡമായ കാമ്പസുകളിലോ തകര്‍ന്നുപോവുന്നു.
കേരള സംസ്ഥാന രൂപീകരണത്തിന്റെ 69-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്ന് കൊട്ടിഘോഷിക്കുന്ന ഒന്നാണ് 'നവകേരളം' എന്ന ആധുനിക സ്വപ്‌നം. ഇത് സംസ്ഥാനത്തിന് മുഴുവനായും അവകാശപ്പെട്ട നേട്ടമായി കണക്കാക്കാന്‍ മലബാറിന് ഇനിയും നിരവധി യോഗ്യതകള്‍ നേടേണ്ടതുണ്ട്.
പ്രത്യേകിച്ച് വിജ്ഞാന കേരളം യാഥാര്‍ഥ്യമാക്കുന്നതിലൂടെ ജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് (Knowledge Economy) സംസ്ഥാനത്തെ ഉയര്‍ത്തി ആധുനിക കേരളം കെട്ടിപ്പടുക്കുകയെന്ന വികസന തന്ത്രം ഉദ്‌ഘോഷിക്കപ്പെടുകയും അതൊരു കാമ്പയിനായി വന്‍ സന്നാഹങ്ങളോടെ ഒരു ഭാഗത്ത് സര്‍ക്കാര്‍ അരങ്ങേറ്റുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ.
പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങി ഗവേഷണ മേഖലകളിലേക്ക് കടക്കേണ്ടതുവരെ പഠനാവസരങ്ങള്‍ മലബാറിലെ കുട്ടികള്‍ക്ക് ഇന്നും അപ്രാപ്യമാംവിധം ഏറെ വിദൂരത്താണ്. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളുടെ നിറം ചാലിച്ച സ്വപ്‌നങ്ങള്‍, കുത്തിനിറച്ച ക്ലാസ് മുറികളിലോ, ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ നിബിഡമായ കാമ്പസുകളിലോ തകര്‍ന്നുപോവുകയാണ് പതിവ്.
പൊതുമേഖലയില്‍ സീറ്റുകളുടെ വന്‍ കുറവ് ഒരേസമയം കുട്ടികളുടെ പ്രതീക്ഷകളെ തകര്‍ക്കുകയും സ്വാശ്രയ-സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിലേക്ക് ചെന്നെത്തിക്കുകയും ചെയ്യുന്നു. വലിയ ഫീസ് കൊടുത്ത് ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം വാങ്ങേണ്ടിവരുന്ന അവസ്ഥ കുട്ടികളെയും രക്ഷിതാക്കളെയും അരക്ഷിതമായ വേദനകളിലേക്കാണ് തള്ളിവിടുന്നത്. പഠനം അവകാശമാകേണ്ടിടത്ത് അത് ചിലര്‍ക്കു മാത്രം പ്രാപ്യമാകുന്ന സ്വപ്‌നമായി മാറുമ്പോള്‍ ഭരണകൂടങ്ങളുടെ ധര്‍മബോധമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരള വികസന മാതൃകയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് വിദ്യാഭ്യാസ മുന്നേറ്റം. എന്നാല്‍ തിരു- കൊച്ചി മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു വികസന മേഖലകളിലെന്ന പോലെ വിദ്യാഭ്യാസരംഗത്താണ് മലബാര്‍ ജില്ലകള്‍ ഏറെ പിറകിലെന്ന് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓരോ ജില്ലയിലെയും സ്‌കൂളുകളുടെ ഇനം തിരിച്ച എണ്ണമാണ് പട്ടിക ഒന്നില്‍ നല്‍കിയിരിക്കുന്നത്. തിരു-കൊച്ചി ജില്ലകളിലെ സ്‌കൂളുകളെ അപേക്ഷിച്ച് മലബാറിലെ സ്‌കൂളുകളുടെ എണ്ണം വളരെ കുറവാണെന്നത് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. സംസ്ഥാനത്ത് ഹൈസ്‌കൂള്‍ വരെ ആകെ വിദ്യാര്‍ഥികളുടെ 57 ശതമാനവും മലബാറിലാണ്. എന്നാല്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമല്ല.
44.3% ലോവര്‍ പ്രൈമറി സ്‌കൂളുകളും 50.2% അപ്പര്‍ പ്രൈമറി സ്‌കൂളുകളും 35.7% ഹൈസ്‌കൂളുകളും മാത്രമാണ് മലബാറിലുള്ളത്. ഇവിടെ ഹൈസ്‌കൂളുകള്‍ ഒരു ക്ലാസില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു.

പട്ടിക രണ്ടില്‍ കേരളത്തിലെ 14 ജില്ലകളില്‍ പത്താം ക്ലാസിനു ശേഷം പഠനത്തിന് ലഭ്യമായ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐടിഐ, പോളിടെക്‌നിക് സീറ്റുകളുടെ സ്ഥിതിവിവര കണക്കുകളാണ് നല്‍കിയിരിക്കുന്നത്. എല്ലാ തെക്കന്‍ ജില്ലകളിലും അധിക സീറ്റുകള്‍ ഉള്ളപ്പോള്‍ വടക്കന്‍ ജില്ലകളിലുള്ള സീറ്റുകളുടെ കുറവ് വ്യക്തമാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് രൂക്ഷം.
പ്രശ്‌നത്തിന് പരിഹാരമായി സര്‍ക്കാര്‍ വര്‍ഷാവര്‍ഷം താല്‍ക്കാലിക സീറ്റ് വര്‍ധന കൊണ്ട് ഓട്ടയടക്കുന്ന അഭ്യാസമാണ് നടത്തിവരുന്നത്. ഇടുങ്ങിയ ക്ലാസ് റൂമുകളില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ അവസരങ്ങള്‍ നിഷേധിക്കാന്‍ കാരണമാകുന്നു. ഉദാഹരണത്തിന് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ (എസ്പിസി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്), ലിറ്റില്‍ കൈറ്റ്‌സ്, വിവിധ ക്ലബ്ബുകള്‍ എന്നിവ പരിമിതമായ എണ്ണം വിദ്യാര്‍ഥികളെ മാത്രമാണ് ഉള്‍ക്കൊള്ളുന്നത്.
ഉന്നത വിദ്യാഭ്യാസം
കേരള സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലായി 257 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണുള്ളത്. അതില്‍ കേരളപ്പിറവിക്കു ശേഷം 206 കോളജുകള്‍ വന്നു. അവയില്‍ 76 കോളജുകള്‍ മാത്രമാണ് മലബാറില്‍ അനുവദിച്ചത്.
ഇതില്‍ 28.1% ബിരുദ സീറ്റുകളും 23.9% ബിരുദാനന്തര ബിരുദ സീറ്റുകളും മാത്രമാണ് മലബാര്‍ മേഖലയിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലുള്ളത്. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ജില്ല തിരിച്ച് ബിരുദ സീറ്റുകളുടെ അനുപാത കണക്ക് ബാര്‍ ഗ്രാഫ് 1-ല്‍ നല്‍കിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ശ്യാം ബി മേനോന്‍ കമ്മീഷന്‍ മലബാറില്‍ കാസര്‍കോഡ് പോലെയുള്ള ജില്ലകളില്‍ 2,17,000 ജനസംഖ്യക്ക് ഒരു കോളജ് മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ 1,19,554 ജനസംഖ്യക്കും കോട്ടയം ജില്ലയില്‍ 86,860 ജനസംഖ്യക്കും ഒരു കോളജുണ്ട്.
സാമൂഹിക നീതി എന്നത് വിഭവങ്ങളുടെയും അവസരങ്ങളുടെയും ന്യായമായ വിതരണം ഉറപ്പാക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതൊരു ഭരണകൂടത്തിന്റെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തവുമാണ്.
മലബാറില്‍ പൊതുവേ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകളുടെ അപര്യാപ്തത അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നു വര്‍ഷമായിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
പൊതുഖജനാവില്‍ നിന്നു വിദ്യാഭ്യാസ മേഖലയ്ക്ക് ചെലവഴിക്കുന്ന പണത്തില്‍ നേരിയ തോതില്‍ മാത്രമാണ് മലബാറില്‍ എത്തുന്നതെന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതും ഭാവിയില്‍ സാമൂഹിക ഐക്യത്തിന് ഭീഷണിയാവുന്നതുമാണെന്നതാണ് പരമാര്‍ഥം.
സാമൂഹിക നീതി എന്നത് വിഭവങ്ങളുടെയും അവസരങ്ങളുടെയും ന്യായമായ വിതരണം ഉറപ്പാക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതൊരു ഭരണകൂടത്തിന്റെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തവുമാണ്.
തിരു-കൊച്ചി മേഖല രാജഭരണത്തിനു കീഴില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ വിഭവങ്ങളാല്‍ സമൃദ്ധമായ മലബാറിനെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്യുകയും അടിസ്ഥാന വികസന കാര്യങ്ങള്‍ പോലും അവഗണിക്കുകയും ചെയ്തു. എന്നാല്‍, കേരളപ്പിറവിക്കു ശേഷം അധികാരത്തിലെത്തിയ ജനകീയ സര്‍ക്കാരുകള്‍ മലബാര്‍ നേരിടുന്ന വികസന മുരടിപ്പ് ശാശ്വതമായി പരിഹരിക്കാന്‍ ആവശ്യമായ പഠനങ്ങളോ പരിഹാര പ്രവര്‍ത്തനങ്ങളോ നടത്തിയില്ല.
എന്തിനും ഏതിനും പഠന കമ്മിഷനുകള്‍ നിയോഗിക്കപ്പെടുന്നത് സാധാരണമായ ഒരു വ്യവസ്ഥിതിയിലാണ് നാമുള്ളത്. നമ്മുടെ സംസ്ഥാനത്തിന്റെ സുസ്ഥിരവും സന്തുലിതവുമായ വളര്‍ച്ചയെ തന്നെ തകര്‍ക്കുന്ന ഈ അടിസ്ഥാന വികസന പ്രശ്‌നം പഠിക്കാനും ശാശ്വതമായി പരിഹരിക്കാനും എന്തുകൊണ്ട് സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല എന്നതും ഈയൊരാവശ്യം എന്തുകൊണ്ട് പ്രതിപക്ഷം അടക്കം നമ്മുടെ സിവില്‍ സംഘങ്ങള്‍ക്കൊന്നും നിരന്തരം ഉന്നയിക്കത്തക്ക പ്രാധാന്യമുള്ളതായി കാണാന്‍ സാധിക്കുന്നില്ല എന്നതുംവിസ്മയകരമാണ്.
(മലബാര്‍ എജ്യൂക്കേഷന്‍ മൂവ്‌മെന്റ് ചെയര്‍മാനാണ് ലേഖകന്‍)