റോഡുകളും ആശുപത്രികളും തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തില്‍ മുപ്പതു വര്‍ഷം കൊണ്ട് കേരളം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളെ തുടര്‍ന്ന് നടപ്പാക്കിയ പഞ്ചായത്ത് രാജ് (ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243), നഗരപാലിക ആക്ടുകള്‍ രാജ്യത്ത് അധികാരം താഴേത്തട്ടിലേക്ക് എത്തിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നു വിപുലമായ അധികാരങ്ങള്‍ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കൈമാറി.
കേരളം 1995ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലൂടെയാണ് അധികാര വികേന്ദ്രീകരണത്തിലേക്ക് നടന്നുനീങ്ങിയത്. സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണത്തിന് മുപ്പത് വയസ്സ് തികയുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, പ്രൈമറി സ്‌കൂളുകള്‍, കൃഷിഭവനുകള്‍, മൃഗാശുപത്രികള്‍, അങ്കണവാടികള്‍ എന്നിവയുടെ ഭരണച്ചുമതല കേരളത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറി.
പ്രാദേശിക റോഡുകള്‍, തോടുകള്‍ തുടങ്ങിയവയുടെ ചുമതലയും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൈമാറി. ഇതോടെ കേരളം സാമൂഹിക വികസനത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ജീവിതഗുണനിലവാരത്തിലും മുന്നോട്ടു കുതിച്ചു. ആ കുതിപ്പിനാണ് 2025ല്‍ മുപ്പത് വയസ്സ് തികയുന്നത്.
33 ശതമാനം സംവരണത്തില്‍ തുടങ്ങിയ പ്രാദേശിക സര്‍ക്കാരുകളിലെ വനിതാ പ്രാതിനിധ്യം 50 ശതമാനത്തില്‍ എത്തി. രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും പുരുഷന്റെ മാത്രം ഇടമായിരുന്ന കേരളം മൂന്നു പതിറ്റാണ്ടു കൊണ്ട് മനോഭാവത്തിലും കാഴ്ചപ്പാടിലും ഏറെ മാറി. പൊതു ഇടങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹൃദവും ദൃശ്യതയുള്ളതുമായി മാറി. സ്ത്രീകള്‍ വികസന ആസൂത്രണത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവന്നു.
വികസനം ഉദ്യോഗസ്ഥരും മേല്‍ത്തട്ടും തീരുമാനിക്കുന്നിടത്തുനിന്ന് താഴേക്കിടയില്‍ നിന്നുള്ളവരുടെ ജനകീയ സ്വപ്‌നങ്ങളായി ആസൂത്രണ പ്രക്രിയ ശക്തിപ്പെട്ടു. ജനകീയാസൂത്രണ പ്രസ്ഥാനം പ്രാദേശിക വികസനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി. 1998ല്‍ സംസ്ഥാനത്ത് കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കമായി.
സിബിഎന്‍പി പദ്ധതിയായി ആരംഭിച്ച കുടുംബശ്രീ ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ മാതൃകാ പദ്ധതിയായി വികസിച്ചു. കുടുംബശ്രീയുടെ വിജയം രാജ്യത്തുടനീളം സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമായി.
കുടുംബശ്രീ മാതൃകയില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. കുടുംബശ്രീ മിഷന്റെ വിജയം സംസ്ഥാനത്ത് കൂടുതല്‍ മിഷനുകള്‍ സ്ഥാപിക്കാന്‍ പ്രചോദനമായി. ശുചിത്വ മിഷന്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
പഞ്ചായത്ത്-നഗരസഭകളിലെ ഹരിത കര്‍മസേനകളുടെ പ്രവര്‍ത്തനം കുറഞ്ഞ കാലയളവില്‍ മലയാളിയുടെ ശുചിത്വബോധത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചത്. മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന പൊതുബോധം ഹരിത കര്‍മസേന വളര്‍ത്തിയെടുത്തു. ഇതിന്റെ ചുവടുപിടിച്ച് നാടൊട്ടുക്ക് ആക്രി ശേഖരിക്കുന്ന ജോലി പ്രൊഫഷനല്‍ സ്വഭാവത്തോടെ വളര്‍ന്നുവന്നു.
പുനരുല്‍പാദനവും പുനരുപയോഗവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. വികസനമെന്നത് മനുഷ്യജീവിതത്തിന് സമഗ്രമായ ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമായി.
മുപ്പതു വര്‍ഷത്തെ അനുഭവങ്ങളുമായാണ് കേരളം അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടവഴികള്‍ പൊതുവഴികളാവുകയും പൊതുവഴികള്‍ പ്രധാന പാതകളാവുകയും ചെയ്ത വികസനത്തിന്റെ മൂന്നു പതിറ്റാണ്ട് നാം പിന്നിട്ടിരിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കരുതിയിടത്തുനിന്ന് സംഘകൃഷിയും കുടുംബശ്രീ നിക്ഷേപവുമായി സാമ്പത്തികരംഗത്ത് സ്ത്രീകള്‍ കൂടുതല്‍ കരുത്ത് ആര്‍ജിച്ചിരിക്കുന്നു.
കിടപ്പുരോഗികളെ തേടി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഹോം കെയര്‍ വാഹനങ്ങള്‍ രോഗികളുടെ വീടുകളില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ മുപ്പതു വര്‍ഷം കൊണ്ട് കേരളം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. കുടങ്ങളുമേന്തി വിദൂരങ്ങള്‍ കുടിവെള്ളത്തിനായി നടന്നുനീങ്ങിയ ചിത്രം ഓര്‍മയുടെ കാന്‍വാസില്‍ മാത്രമായി. ഗ്രാമങ്ങള്‍ തോറും കുടിവെള്ള പദ്ധതികള്‍ ഉണ്ടായി.
മൂന്നു പതിറ്റാണ്ട് എന്നത് സാമൂഹിക വളര്‍ച്ചയില്‍ ചെറിയ കാലയളവല്ല. മൂന്നു പതിറ്റാണ്ടിന്റെ നേട്ടങ്ങളുമായി കേരളം പുതിയ സാരഥികളെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പുകാലം പൂര്‍ണമായും ജനങ്ങള്‍ നിര്‍വഹിക്കുന്ന സോഷ്യല്‍ ഓഡിറ്റിന്റെ കൂടി കാലമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്ന ഘട്ടം.
തുടരേണ്ടവര്‍ തുടരാനും മാറ്റേണ്ടവരെ മാറ്റാനുമുള്ള രാഷ്ട്രീയ പക്വത തിരഞ്ഞെടുപ്പുകാലത്ത് മലയാളി പ്രകടിപ്പിക്കുന്നുണ്ട്. ഭരണത്തിന്റെ നേട്ട-കോട്ട വിശകലനങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്താന്‍ പൊതുജനങ്ങള്‍ വളര്‍ന്നിട്ടില്ലെങ്കിലും അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണത്തെ വിലയിരുത്താനുള്ള ശേഷി നേടിയിട്ടുണ്ട്. അത് ഏറക്കുറേ കൃത്യവും ശക്തവുമായിരിക്കും.
അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും നേട്ടങ്ങള്‍ സംസ്ഥാനത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. എന്നാല്‍ പാളിച്ചകളും പരാജയങ്ങളും സംഭവിച്ചത് കൂടുതലായി അവലോകനം ചെയ്യേണ്ടതുണ്ട്. തിരുത്തലുകള്‍ വരുത്തിയേ കൂടുതല്‍ ശക്തമായ പ്രാദേശിക സര്‍ക്കാരുകള്‍ സ്ഥാപിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്ന പശ്ചാത്തല വികസനം, സ്ത്രീശാക്തീകരണം, തൊഴിലുറപ്പു പദ്ധതി എന്നിവ കൂടുതലായി വിശകലനത്തിനും പരിശോധനയ്ക്കും വിധേയമാകേണ്ടതുണ്ട്. സദ്ഭരണം ഉറപ്പുവരുത്താനും പൊതുഖജനാവിലെ സാമ്പത്തിക ചോര്‍ച്ച കുറയ്ക്കാനും അത് അനിവാര്യമാണ്.
പശ്ചാത്തല വികസനവും ശാസ്ത്രീയ സമീപനവും
പ്രാദേശിക സര്‍ക്കാരുകളുടെ 30-40% ഫണ്ട് പശ്ചാത്തല സൗകര്യ വികസനത്തിനു നീക്കിവെക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പരിപാലനത്തിനുമാണ് ഇതില്‍ ഏറിയപങ്കും ചെലവാകുന്നത്. ഒരു വാര്‍ഡില്‍ എട്ടും പത്തും റോഡുകള്‍ ഉണ്ടായിരിക്കെ ഫണ്ട് ഓഹരി വെച്ചു നല്‍കുക എന്നതിലാണ് പലപ്പോഴും പഞ്ചായത്ത് ഭരണസമിതികള്‍ ശ്രദ്ധിക്കുന്നത്.
അങ്ങനെ നിര്‍മിക്കുന്ന റോഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നില്ലെന്ന നിരീക്ഷണമുണ്ട്. ആറു മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലം നമ്മുടെ റോഡുകളുടെ ആയുസ്സിനു പ്രധാന ഭീഷണിയാണ്. മഴവെള്ളം കുത്തിയൊലിക്കുന്ന റോഡുകള്‍ വേഗത്തില്‍ തകരുന്നു. വീണ്ടും വീണ്ടും റീടാറിങ് നടത്തുകയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ചെയ്യുന്നത്.
മഴവെള്ളത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ നമ്മുടെ ടാര്‍ റോഡുകള്‍ക്ക് ശേഷിയില്ലെന്നത് മുപ്പതു വര്‍ഷമായി നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. റോഡുകളില്‍ വെള്ളം ഒഴുകുന്ന ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി അഴുക്കുചാലുകള്‍ നിര്‍മിക്കുകയോ വീതി കുറഞ്ഞ റോഡാണെങ്കില്‍ ബദല്‍ സംവിധാനങ്ങള്‍ കാണുകയോ വേണം. റോഡ് കോണ്‍ക്രീറ്റ് ചെയ്യുക, ഇന്റര്‍ലോക്ക് ചെയ്യുക തുടങ്ങിയവയാണ് അത്തരം സാഹചര്യത്തില്‍ അനുകൂലമായിട്ടുള്ളത്.
ടാര്‍ ചെയ്യുന്നതിനെക്കാള്‍ ചെലവ് കൂടുമെങ്കിലും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതാണ് ഇവയുടെ സവിശേഷത. അത്തരത്തില്‍ റോഡുകളുടെ മുഖച്ഛായ മാറ്റുന്നതില്‍ തദ്ദേശ വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗം വിജയിച്ചിട്ടില്ല. കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത് ലഭ്യമായ ഫണ്ടിന്റെ മാത്രം അടിസ്ഥാനത്തിലല്ല.
ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തിയും ഭാവിയില്‍ കെട്ടിടം വളരുമെന്ന കാഴ്ചപ്പാടോടെയും ആയിരിക്കണം കെട്ടിട നിര്‍മാണം നടത്തേണ്ടത്. കോസ്റ്റ്‌ഫോര്‍ഡ് പോലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ തന്നെയും ചെരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ച് നാടിന്റെ ആവശ്യങ്ങള്‍ക്ക് അനുഗുണമല്ലാത്ത സമീപനം സ്വീകരിച്ചിട്ടുണ്ടായിരുന്നു.
കെട്ടിട നിര്‍മാണം നിലവിലുള്ള ആവശ്യത്തെയും വരാനിരിക്കുന്ന കാലത്തിന്റെ ആവശ്യത്തെയും മുന്‍നിര്‍ത്തിയാവണം. പശ്ചാത്തലസൗകര്യ വികസനത്തില്‍ ജനകീയാസൂത്രണ കാഴ്ചപ്പാടിനൊപ്പം സാങ്കേതിക വിദഗ്ധര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
എവിടെയാണ് ഊന്നല്‍ വേണ്ടത്?
എല്‍എസ്ജിഡി എന്‍ജിനീയറിങ് വിങ് ഭാവനാപൂര്‍ണമായി മികച്ച പ്രൊജക്ടുകള്‍ നടപ്പാക്കുന്നതില്‍ വിജയിക്കുന്നില്ല. അല്ലെങ്കില്‍ ജോലിഭാരം എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗത്തിന്റെ കാര്യശേഷി കുറയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍മാരെ നിയമിക്കേണ്ടതാണ്.
തദ്ദേശ സര്‍ക്കാരുകള്‍ക്ക് അനുയോജ്യരായ വ്യക്തികളെ നിയമിച്ച് പദ്ധതി നിര്‍വഹണം കൂടുതല്‍ വേഗത്തിലും ഫലപ്രദവുമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. എന്‍ജിനീയറിങ് വിഭാഗം നിര്‍വഹണം നടത്തുന്ന പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിവ് ഭരണസമിതി അംഗങ്ങള്‍ക്കും ലഭിക്കണം.
പശ്ചാത്തലസൗകര്യ വികസനത്തിനല്ല ഭരണസമിതി ഊന്നല്‍ നല്‍കേണ്ടത് എന്ന തെറ്റായ കാഴ്ചപ്പാട് ഇടക്കാലത്ത് ചില 'ബുദ്ധിജീവികള്‍' സര്‍ക്കാരിന്റെ തന്നെ പരിപാടികളിലൂടെ കൈമാറിയിട്ടുണ്ട്. ഏതൊരു വികസനവും വിജയിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുക എന്നതുതന്നെയാണ് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തം.
ജനപ്രതിനിധികളുടെ കാര്യശേഷി വികസനം
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടത് തന്ത്രവും മെയ്‌വഴക്കവുമാണ്. വോട്ട് പെട്ടിയിലാക്കാനുള്ള നയവും ചാതുരിയും വേണം. എന്നാല്‍ ഭരിക്കാന്‍ അത് മതിയാകില്ല.
ലഭ്യമാകുന്ന ഫണ്ടുകളെ കുറിച്ചുള്ള ധാരണ, വിവിധ ഫണ്ടിങ് ഏജന്‍സികളുമായുള്ള ആശയവിനിമയം, പഞ്ചായത്ത് ഓഫീസ് മുതല്‍ കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവ്, സ്വന്തം ഭൂപ്രദേശത്തിന്റെ വികസന ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, അത് യാഥാര്‍ഥ്യമാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ ഒരു ജനപ്രതിനിധിക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ശേഷികളാണ്.
ജനപ്രതിനിധി ഉദ്യോഗസ്ഥരുടെ കൈയാളോ ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിട്ടുനല്‍കുന്ന സാക്ഷിയോ അല്ല. ജനപ്രതിനിധി ഭരണകര്‍ത്താവാണ്. വിവിധ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഏകോപിപ്പിച്ച് കാര്യനിര്‍വഹണം നടത്താനുള്ള നേതൃശേഷി ജനപ്രതിനിധിക്ക് ഉണ്ടായിരിക്കണം.
ജനപ്രതിനിധികളുടെ കാര്യശേഷി വികസനം ഭരണസമിതിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ഭരണപരാജയം ജനപ്രതിനിധികള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ട്. അഞ്ചു കൊല്ലം കൂടുമ്പോള്‍ നഗരസഭയിലും പഞ്ചായത്തിലും ഭരണമാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ഭരണപരാജയമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും വഴികള്‍ തുറന്നിട്ട മൂന്നു പതിറ്റാണ്ടാണ് കേരളം പിന്നിടുന്നത്.
കാര്യശേഷിയില്ലാത്ത ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് അവരുടെയോ ജനങ്ങളുടെയോ കുറ്റമല്ല. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സ്വന്തം കാര്യശേഷി വായനയിലൂടെയും പരിശീലനങ്ങളില്‍ പങ്കെടുത്തും ഫീല്‍ഡ് വിസിറ്റിലൂടെയും അനുഭവങ്ങള്‍ പങ്കുവെച്ച് ജനപ്രതിനിധികള്‍ ആര്‍ജിച്ചെടുക്കേണ്ടതാണ്. അത് മോണിറ്റര്‍ ചെയ്യേണ്ട ഉത്തരവാദിത്തം അവരെ നിയോഗിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
മുപ്പതു വര്‍ഷമായി സംസ്ഥാനത്ത് ജനപ്രതിനിധികളുടെ പരിശീലന പരിപാടി സംഘടിപ്പിച്ചുവരുന്ന കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) നല്‍കുന്ന സാമ്പ്രദായിക പരിശീലനങ്ങള്‍ മികച്ച ജനപ്രതിനിധികളെ രൂപപ്പെടുത്താന്‍ പര്യാപ്തമല്ല. അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശീലനമാണ് കില നല്‍കുന്നത്.
ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നാണ് നിലവിലെ അനുഭവം പഠിപ്പിക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും പഠിച്ചതുകൊണ്ട് മാത്രം മികച്ച ഭരണാധികാരി ആകാനാവില്ല. നേതൃശേഷിയും ഭരണനൈപുണിയും പഠിപ്പിക്കാന്‍ പുതിയ സംവിധാനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശ്രയിക്കേണ്ടതുണ്ട്.
തൊഴിലുറപ്പു പദ്ധതി; ഫലപ്രദമായ ഉപയോഗം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും സാമ്പത്തിക വളര്‍ച്ചക്കും വിപ്ലവകമായ അടിത്തറയാണ് പാകിയത്. അടിത്തട്ട് ജനവിഭാഗങ്ങളുടെ അതിജീവനത്തിനും സാമ്പത്തിക സുരക്ഷയ്ക്കും തൊഴിലുറപ്പുപദ്ധതി മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. എന്നാല്‍ ഭാവനയുടെയും ആസൂത്രണത്തിന്റെയും അഭാവം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തില്‍ പ്രകടമാണ്.
തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവഴിക്കുന്ന പണത്തിന് അനുസരിച്ചുള്ള നേട്ടം അടിസ്ഥാനസൗകര്യ വികസനത്തിലും കൃഷിയിലും പല പ്രദേശങ്ങളിലും ലഭ്യമാകുന്നില്ല. ഫണ്ട് ചെലവഴിക്കുക, തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുക എന്നതില്‍ പരിമിതമാണ് പഞ്ചായത്തുകളിലെ തൊഴിലുറപ്പുപദ്ധതി പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിന്റെ പ്രവര്‍ത്തനം.
കാര്‍ഷിക-പശ്ചാത്തല മേഖലയിലെ വളര്‍ച്ചയ്ക്കു വേണ്ടി തൊഴിലുറപ്പു പദ്ധതിയെ സംയോജിപ്പിക്കേണ്ടത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാഴ്ചപ്പാടാണ്. തൊഴിലുറപ്പു പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കുന്നിടത്ത് പല പഞ്ചായത്തുകളും പരാജയമാണ്. ഓരോ വര്‍ഷവും തെങ്ങിന് തടം തുറന്നും പുല്ല് ചെത്തിയും വരമ്പ് കെട്ടിയും തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതുകൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് തൊഴിലുറപ്പുശക്തി പകരുന്നില്ല.
തൊഴിലുറപ്പു പദ്ധതിയിലെ സംസ്ഥാനത്തെ മികച്ച മാതൃകകള്‍ പഞ്ചായത്ത് ഭരണസമിതികള്‍ പഠനം നടത്തി സ്വന്തം പഞ്ചായത്തില്‍ നടപ്പാക്കണം. തൊഴിലുറപ്പു പദ്ധതി കാരണം അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുകയും കാര്‍ഷിക-മൃഗ സംരക്ഷണ മേഖലയ്ക്ക് കരുത്ത് ലഭിക്കുകയും വേണം.
