കൊണ്ടോട്ടി നേര്‍ച്ചയും ശീഈ ആചാരങ്ങളും


കൊടികുത്തിയ മുസ്‌ലിം ശ്മശാനങ്ങളിലൊക്കെയും ഉത്സവം തകൃതിയായി നടന്നു. ഇസ്‌ലാമിക വിശ്വാസങ്ങളില്‍ നിന്നു ബഹൂദൂരം അകന്നുപോയ ശിയാ വിശ്വാസങ്ങളെയും ആചാരങ്ങളെയും വാരിപ്പുണരുകയാണ് കൊണ്ടോട്ടി തങ്ങന്മാരും പൂരം കമ്മിറ്റിക്കാരും.

മുംബൈയിലെ കല്യാണ്‍ എന്ന പ്രദേശത്തെ പഠാണി വംശജനായ മുഹമ്മദ് ഷായാണ് കൊണ്ടോട്ടി തങ്ങന്മാരില്‍ ആദ്യത്തെയാള്‍. അദ്ദേഹത്തെ അര്‍ശിന്റെ നാഥന്‍ കൊണ്ടോട്ടിയിലേക്ക് നിയോഗിച്ചതാണെന്ന് മുഹമ്മദ് ഷാ മൗലിദില്‍ മുസ്‌ലിയാരകത്ത് അബ്ദുല്‍അസീസ് പറയുന്നുണ്ട്. ഷാ ഭക്തന്മാര്‍ 'മുഹമ്മദ് ഷാഹ് വലിയുല്ലാഹ്, മുരീദന്മാര്‍ക്കദാബില്ല' എന്ന് ആക്രോശിച്ചുകൊണ്ടിരിക്കുന്നു.

മുഹമ്മദ് ഷായുടെ പിന്‍ഗാമിയും ശീഈ നേതാവുമായിരുന്ന ഇശ്തിയാഖ് ഷാ മുരീദന്മാര്‍ ശൈഖിന്റെ സന്നിധാനത്തില്‍ സുജൂദ് ചെയ്യണമെന്ന് പ്രസ്താവിച്ചു. ശൈഖിനു മുമ്പില്‍ സുജൂദ് ചെയ്യുന്നവന്‍ കാഫിറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ശൈഖിനു മുമ്പില്‍ സുജൂദ് ചെയ്യല്‍ ജാഇസ് (അനുവദനീയം) ആണെന്ന് കൊണ്ടോട്ടി തകിയ്യക്കല്‍ ജുമുഅത്ത് പള്ളി ഖാദിയായിരുന്ന കാട്ടില്‍ പുല്ലുതൊടിക ആലി മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയും ചെയ്തു!

മുഹമ്മദ് ഷായും പിന്‍ഗാമികളും മുരീദന്മാരും കാഫിറാണെന്ന് റദ്ദുല്‍ ബുസ്താന്‍ എന്ന കൃതിയുടെ കര്‍ത്താവും സമസ്ത പണ്ഡിതനുമായിരുന്ന മഖ്ദൂം അഹ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. മനുഷ്യന് മനുഷ്യന്‍ സുജൂദ് ചെയ്യല്‍ ശിര്‍ക്കാണ്. അതിനാല്‍ കൊണ്ടോട്ടി തങ്ങന്മാരും മുരീദന്മാരും ഇസ്‌ലാമിന്റെ ഋജുവായ പാതയില്‍ നിന്ന് വ്യതിചലിച്ചവരാണെന്ന് ഉമര്‍ ഖാദി ഒരു കവിതയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കൊണ്ടോട്ടി തങ്ങന്മാരുടെ ആശീര്‍വാദത്തോടെ കുറത്തിപ്പാട്ട്, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട് തുടങ്ങിയ ശീഈ മാപ്പിളപ്പാട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. കുറത്തിയുടെ വേഷത്തില്‍ ജിബ്‌രീല്‍(അ) ഫാത്വിമ(റ)യുടെ അടുക്കല്‍ ഹാജരായെന്നും ഫാത്വിമാ ബീവിയുടെ കൈരേഖ നോക്കിയെന്നുമൊക്കെയാണ് കുറത്തിപ്പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്.

'പോണം ജിബ്‌രീല്‍ കുറത്തീന്റെ കോലത്തില്‍' എന്നു തുടങ്ങുന്ന പാട്ട് ഇസ്‌ലാമിന്റെ ശിആറായിട്ടാണ് ശിയാക്കള്‍ കരുതുന്നത്. ഈ ശിയാക്കളുടെ പിന്തുടര്‍ച്ചക്കാരാണ് കൊണ്ടോട്ടി തങ്ങന്മാരുടെ നേര്‍ച്ചയ്ക്കും അനാചാരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വബാഅ് (കോളറ) രോഗം പ്രചരിക്കാതിരിക്കുന്നതിന് ചൊല്ലാന്‍ വേണ്ടി കൊണ്ടോട്ടി തകിയ്യക്കല്‍ ഖതീബ് മുസ്‌ലിയാരകത്ത് അഹ്മദ്കുട്ടി നൂറ് പേജുള്ള ഒരു റാത്തീബ് പുസ്തകം രചിച്ചു. യാ ഹസന്‍, യാ ഹുസൈന്‍, യാ ഫാത്വിമ, യാ അലി, യാ മുഹമ്മദ് എന്നു തല വലത്തോട്ടും ഇടത്തോട്ടും തിരിച്ചു നൂറു തവണ ചൊല്ലണമെന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

ഇത് ശിയാക്കളുടെ പ്രധാന ദിക്‌റായിട്ടാണ് അറിയപ്പെടുന്നത്. 'ലീ ഖംസത്തുല്‍ ഉത്വ്ഫീ ബിഹിം ഹെര്‍റല്‍ വബാഇല്‍ ഹത്വീമ, അല്‍ മസ്ത്വത്വാഫാ വല്‍ മുര്‍തളാ വബ്‌നാഹുമാ വല്‍ ഫാത്വിമ' എന്ന വരികളും ശിയാക്കളുടേതാണ്. ഈ അനാചാരവും കൊണ്ടോട്ടി തങ്ങന്മാര്‍ക്ക് ലഭിച്ചത് ശിയാക്കളില്‍ നിന്നാണ്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രോത്സവത്തില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്ന മുസ്ല്യാക്കന്മാരുടെ നിരോധനാജ്ഞയെ തുടര്‍ന്നാണ് മാപ്പിളപൂരങ്ങളായ കൊണ്ടോട്ടി ഉറൂസ്, കാഞ്ഞിരപ്പള്ളി ഫരീദ് ഔലിയ ഉറൂസ്, പട്ടാമ്പി നേര്‍ച്ച, അമ്പംകുന്ന് നേര്‍ച്ച, കോഴിക്കോട് അപ്പവാണിഭ നേര്‍ച്ച തുടങ്ങിയവ ഉടലെടുത്തത്.

കൊടികുത്തിയ മുസ്‌ലിം ശ്മശാനങ്ങളിലൊക്കെയും ഉത്സവം തകൃതിയായി നടന്നു. ഇസ്‌ലാമിക വിശ്വാസങ്ങളില്‍ നിന്നു ബഹൂദൂരം അകന്നുപോയ ശിയാ വിശ്വാസങ്ങളെയും ആചാരങ്ങളെയും വാരിപ്പുണരുകയാണ് കൊണ്ടോട്ടി തങ്ങന്മാരും പൂരം കമ്മിറ്റിക്കാരും.

ഔലിയാക്കള്‍ നമ്മെ സഹായിക്കും, അവരാണ് ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്ന കൊണ്ടോട്ടി തങ്ങന്മാരുടെയും സമസ്തക്കാരുടെയും വാദം ശിയാക്കളുടെ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ്. വലിയ്യ് നമുക്ക് കാവല്‍ നല്‍കുമെന്ന കൊണ്ടോട്ടി കൈക്കാരുടെ വിശ്വാസം ശിയാക്കളുടെ ഇമാമത്ത് വിശ്വാസത്തിനു സമമാണ്.
'അന്‍തല്‍ ഹഖു, അനല്‍ ഹഖ്' എന്ന അദ്വൈതവാദവും (വഹ്ദതുല്‍ വുജൂദ്) അവതാരവാദവുമൊക്കെ സുന്നത്ത് ജമാഅത്തിലേക്ക് കടന്നുകൂടിയത് ശീഈ വിശ്വാസക്കാരനായിരുന്ന കൊണ്ടോട്ടി തങ്ങന്മാരിലൂടെയാണ്.

മഖ്ബറകള്‍ മുന്‍നിര്‍ത്തിയുള്ള അനാചാരങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശിയാക്കളും സുന്നത്ത് ജമാഅത്തുകാരും (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തല്ല) ഒരേ തൂവല്‍പക്ഷികളാണ്. ശിയാക്കളുടെ സമസ്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും സുന്നത്ത് ജമാഅത്തുകാര്‍ ആവാഹിച്ചെടുത്തിട്ടുണ്ട്.

ശിയാക്കള്‍ നടത്തുന്ന ഹുസൈന്റെ(റ) ആണ്ട് ആഘോഷത്തെ സമസ്തക്കാരും അംഗീകരിക്കുന്നുണ്ട്. സമസ്തക്കാരുടെ കലണ്ടറുകളില്‍ പല ദിവസങ്ങള്‍ക്കും നഹ്‌സ് (ദുശ്ശകുനം) കണ്ടെത്തുന്നു. ഈ നഹ്‌സ് വിശ്വാസം ശിയാക്കളില്‍ നിന്ന് കിട്ടിയതാണ്. മുഹര്‍റം മാസത്തില്‍ നബി(സ)യുടെ പൗത്രനായിരുന്ന ഹുസൈന്‍(റ) കര്‍ബലയില്‍ വെച്ച് വധിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം 1 മുതല്‍ 10 വരെയുള്ള ദിവസങ്ങള്‍ നഹ്‌സായി പ്രഖ്യാപിച്ചിരിക്കുകയാണ് ശിയാക്കള്‍.

ആ 10 ദിവസങ്ങളില്‍ ശിയാക്കള്‍ അലി(റ)യെ വാനോളേം പുകഴ്ത്തുകയും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു. കറുത്ത ബാഡ്ജുകള്‍ ധരിച്ചുകൊണ്ട് അവര്‍ ഹുസൈന്‍(റ) വധിക്കപ്പെട്ടതിന്റെ പേരില്‍ ദുഃഖാചരണങ്ങള്‍ നടത്തുന്നു. കൊണ്ടോട്ടി കൈക്കാരും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സുന്നത്ത് ജമാഅത്തുകാരും പല ദിവസങ്ങളും നഹ്‌സിന്റെ ദിവസങ്ങളായി കണക്കാക്കി വരുന്നു.

നേര്‍ച്ചയെന്ന ഓമനപ്പേരില്‍ നടത്തപ്പെടുന്ന പൂരത്തില്‍ നടക്കുന്നതും ശീആ ആചാരങ്ങളായ മരിച്ചവരോടുള്ള സഹായതേട്ടവും പ്രാര്‍ഥനയും ജാറങ്ങളില്‍ ബര്‍കത്തെടുക്കാനായി വെച്ചിട്ടുള്ള എണ്ണ ദേഹത്ത് പുരട്ടലും നൈവേദ്യങ്ങള്‍ തിന്നലുമൊക്കെയാണ്.

ജാഹിലിയ്യാ കാലഘട്ടത്തിലെ മുശ്‌രിക്കുകള്‍ സ്വഫര്‍ മാസത്തിനാണ് നഹ്‌സ് കല്‍പിച്ചിരുന്നത്. എന്നാല്‍ ശിയാക്കള്‍ മുഹര്‍റം മാസം നഹ്‌സിന്റെ മാസമായി തിരഞ്ഞെടുത്തു. സുന്നത്ത് ജമാഅത്തിന്റെ വക്താക്കളും മറ്റൊരു രൂപത്തില്‍ മുഹര്‍റമിന് നഹ്സ് കല്‍പിച്ചുവരുന്നു. ഇതെല്ലാം ശിയാക്കള്‍ കൊണ്ടോട്ടി തകിയ്യ വഴി സുന്നത്ത് ജമാഅത്തുകാരിലേക്ക് എത്തിച്ച അനാചാരങ്ങളാണ്.

ശിയാക്കള്‍ സമസ്ത-സംസ്ഥാനക്കാര്‍ക്ക് നല്‍കിയ മറ്റൊരു ബിദ്അത്താണ് നബിദിനാഘോഷവും അനുബന്ധ ചടങ്ങുകളും. ശിയാക്കള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെയും മറ്റ് ഉല്‍പതിഷ്ണു പണ്ഡിതന്മാരെയും ജൂതരും കാഫിറുമൊക്കെയായി പരിചയപ്പെടുത്തിയതുപോലെ സമസ്ത-സംസ്ഥാന പണ്ഡിതന്മാരും ശൈഖുല്‍ ഇസ്‌ലാമിനെയും മറ്റ് പണ്ഡിതന്മാരെയും മാസോണിസത്തിന്റെ വക്താക്കളായും കാഫിറുകളായും മുദ്രകുത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫറോക്കില്‍ വെച്ച് 1933ല്‍ നടത്തിയ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പാസാക്കിയ ആറാം പ്രമേയത്തില്‍ ഇത് ഏവര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കും. കൊണ്ടോട്ടി ഉള്‍പ്പെടെ നമ്മുടെ നാട്ടില്‍ ഖബര്‍പൂജ സംസ്‌കാരവും ഉറൂസ് ഉത്സവങ്ങളും ചാവടിയന്തരങ്ങളും കടന്നുവന്നത് ശിയാക്കളില്‍ നിന്നാണ്.

'അല്ലാഹുമ്മ ലാ തജ്അല്‍ ഖബ്‌രീ ഈദന്‍' (അല്ലാഹുവേ, എന്റെ ഖബ്‌റിനെ നീ ഉത്സവമാക്കരുതേ) എന്ന നബി(സ)യുടെ പ്രാര്‍ഥന ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കൊണ്ടോട്ടി ജാറത്തിലും മറ്റും കണ്ടുവരുന്ന പൂജകളും പൂരങ്ങളും നിമിത്തം മനുഷ്യന്റെ ആജന്മശത്രുവായ ഇബ്‌ലീസ് പോലും അന്ധാളിച്ചുപോകും. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശിയാക്കള്‍ക്ക് ലഭിച്ച സുവര്‍ണാവസരം.

ഔലിയാക്കള്‍ക്കും ബീവിമാര്‍ക്കും അന്‍ബിയാക്കള്‍ക്കും ഗൈ്വബ് അറിയാമെന്നും അവരാണ് പ്രപഞ്ചം നിയന്ത്രിക്കുന്നതെന്നും അവരോട് ഇസ്തിഗാസ നടത്താമെന്നുമൊക്കെയുള്ള വിശ്വാസം കടന്നുവന്നതും ശിയാക്കളില്‍ നിന്നാണ്. വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമായി പരാമര്‍ശിച്ചതാണ് ''നീ പറയുക: അല്ലാഹുവിനെയല്ലാതെ ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ആര്‍ക്കും ഗൈബ് (അദൃശ്യം) അറിയില്ല'' എന്നത്.

സമസ്തക്കാരുടെ ആറാം വാര്‍ഷിക സമ്മേളനത്തിലെ എട്ടാം പ്രമേയത്തില്‍ പറയുന്നു: ''മരിച്ചുപോയ അന്‍ബിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ഓത്തുകൊണ്ടും ജാഹ്, ഹഖ്, ബര്‍കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യുന്നതും, അവരെ നേരിട്ട് വിളിക്കുകയും അവരെ വിളിച്ച് സഹായത്തിനെ അപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബര്‍ക്കത്ത് എടുക്കലും സുന്നത്ത് ജമാഅത്തിന്റെ (അഹ്‌ലുസ്സുന്നതു വല്‍ ജമാഅത്ത് അല്ല) ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്നും സ്ഥിരപ്പെടുത്തപ്പെട്ടവയാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.''

ഇത് ശിയാ വിശ്വാസത്തിന്റെ തനിപ്പകര്‍പ്പാണ്. അതുകൊണ്ടുതന്നെയാണ് കൊണ്ടോട്ടി നേര്‍ച്ച ശീആ ആചാരങ്ങളാണെന്ന് പറയുന്നത്. നേര്‍ച്ചയെന്ന ഓമനപ്പേരില്‍ നടത്തപ്പെടുന്ന പൂരത്തില്‍ നടക്കുന്നതും ശീആ ആചാരങ്ങളായ മരിച്ചവരോടുള്ള സഹായതേട്ടവും പ്രാര്‍ഥനയും ജാറങ്ങളില്‍ ബര്‍കത്തെടുക്കാനായി വെച്ചിട്ടുള്ള എണ്ണ ദേഹത്ത് പുരട്ടലും നൈവേദ്യങ്ങള്‍ തിന്നലുമൊക്കെയാണ്.

കൊണ്ടോട്ടി തങ്ങന്മാര്‍ തഖിയ്യത്ത് ഉണ്ടാക്കുകയും അവിടേക്ക് ജനങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. തഖിയ്യത്ത് ഇല്ലാത്തവന് ദീനില്ല എന്നവര്‍ ഫത്‌വ നല്‍കുകയും ചെയ്യുന്നു. ''ഇമാം അബൂഅബ്ദില്ല ഇബ്‌നു ഉമറിനോട് പറഞ്ഞു: അബൂ ഉമര്‍, നിശ്ചയം ദീനിന്റെ 90 ശതമാനം തഖിയ്യത്തിലാകുന്നു'' (അല്‍കാഫി, പേജ് 82).

ഇങ്ങനെ ഒരു പ്രസ്താവന അല്ലാഹുവോ റസൂലോ നടത്തിയിട്ടില്ല. ഇത് ശിയാക്കളുടെ നിര്‍മിതിയാണ്. ഇതാണ് തഖിയ്യത്ത് എന്ന പേരിട്ടുകൊണ്ട് കൊണ്ടോട്ടി തങ്ങന്മാര്‍ പോരിശ നല്‍കിവരുന്ന സാധനം. ചില പുതിയ സംഭവങ്ങളുണ്ടാവുമ്പോള്‍ അല്ലാഹു തന്റെ തീരുമാനം പുനഃപരിശോധിക്കുകയും അതില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു.

എന്തൊരു ഭയാനകമായ സംഗതിയാണ് അല്ലാഹുവിന്റെ പേരില്‍ ഇവര്‍ കെട്ടിച്ചമയ്ക്കുന്നത്! അല്ലാമുല്‍ ഗുയൂബ് എന്ന് വിശേഷിപ്പിക്കപ്പെട്ട അല്ലാഹുവിനെക്കുറിച്ച് ഇപ്രകാരം ജല്‍പിക്കാന്‍ ഇവര്‍ക്ക് യാതൊരു ഭയവുമില്ലല്ലോ! അതിന് അവര്‍ അല്‍ബദാഅ് എന്ന് പേരും കൊടുത്തു.

അല്ലാഹുവിന് തെറ്റു പറ്റാം എന്നാണവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നത്. 'അല്‍അലീമുല്‍ ഹകീം' അല്ലാഹു സര്‍വജ്ഞനും യുക്തിഭദ്രതയോടെ കാര്യങ്ങള്‍ ചെയ്യുന്നവനുമാണെന്ന് നമുക്ക് അനേകം ഖുര്‍ആന്‍ വചനങ്ങളിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്.

ഏതെങ്കിലും ജാറവുമായി ബന്ധപ്പെട്ടുകൊണ്ടാണല്ലോ നേര്‍ച്ചകള്‍ ഉണ്ടാവുന്നത്. ഖബ്‌റുകള്‍ കെട്ടി ഉയര്‍ത്തി സിമന്റ് ഇട്ട് അലങ്കരിച്ചുവെക്കുന്നതിനാണല്ലോ ജാറമെന്ന് പറയുന്നത്. ഏത് മഹാന്റെ ഖബ്‌റാണെങ്കിലും അത് കെട്ടിപ്പൊക്കുന്നത് ഹറാമാണ്.


എ അബ്ദുല്‍ അസീസ് മദനി പണ്ഡിതൻ, എഴുത്തുകാരൻ