ഇസ്‌ലാമോഫോബിയ; കേരളത്തിന്റെ അകം തെളിവെള്ളത്തിലാണോ


തങ്ങളുടെ പ്രശ്‌നങ്ങളെയും തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെയും വഴിതിരിച്ചുവിടാന്‍ കൂടി ചിലര്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ഇസ്‌ലാം ഭീതി പ്രചാരണം. ഇവിടെ സംഭവിച്ച ചില കാര്യങ്ങളിലൂടെ കടന്നുപോകുമ്പോഴറിയാം പുറം തോടിനുള്ളില്‍ എന്താണെന്ന്.

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതേതര കാഴ്ചപ്പാട് നിലനില്‍ക്കുന്ന സംസ്ഥാനം ഏതാണ്, ഉയര്‍ന്ന പ്രബുദ്ധരുള്ള നാട് ഏതാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നാം മലയാളികള്‍ അഭിമാനത്തോടെ ഉത്തരം പറയും, ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്ന്. ഈ നാട്ടില്‍ സംഭവിച്ച ചില കാര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും പുറം തോടിനുള്ളില്‍ എന്താണ് സ്ഥിതിയെന്ന്.

ഓടയിലേക്ക് വീണ രണ്ടു പേരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് എന്ന യുവാവിന് സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തപ്പോള്‍ ഈഴവ സമുദായ സംഘടനയുടെ അമരത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന് ആകെ മനസ്സിലായത് അയാളുടെ മതമായിരുന്നു. 'മരിക്കുന്നെങ്കില്‍ മുസ്‌ലിമായി മരിക്കണം' എന്നായിരുന്നു അദ്ദേഹം നടത്തിയ പരാമര്‍ശം.

മലപ്പുറം ജില്ലയില്‍ തന്റെ സംഘടനയ്ക്ക് കോളജുകള്‍ കുറവാണ് എന്നതിന്റെയും, ഉള്ള കോളജുകള്‍ക്ക് എയ്ഡഡ് പദവി ലഭിക്കുന്നില്ല എന്നതിന്റെയും കാരണമായി അദ്ദേഹം പറയുന്നതും ആ ജില്ലയുടെയും അവിടെയുള്ള ജനങ്ങളുടെയും പ്രശ്‌നമാണ്! മലപ്പുറം ജില്ലയിലുള്ള ഈഴവര്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയാത്ത വിധം ശ്വാസം മുട്ടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യു ഡി എഫിനെതിരെ ഒരിക്കല്‍ പറഞ്ഞത്, മുന്നണിയെ നയിക്കുന്നത് അമീര്‍, ഹസന്‍, കുഞ്ഞാലിക്കുട്ടി എന്നിവരാണ് എന്നായിരുന്നു. ഇതില്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്, യു ഡി എഫിനെ നയിക്കുന്നത് അവരല്ല.

ഓട്ടോറിക്ഷാ ഡ്രൈവർ നൗഷാദ് പി യുടെ സ്മരണയ്ക്കായി പാവങ്ങാട്ട് നിർമ്മിച്ച ബസ് ഷെൽട്ടർ

രണ്ട്, അവരാണ് നയിക്കുന്നതെങ്കില്‍ എന്താണ് പ്രശ്‌നം? ആ മൂന്നു പേരും പ്രത്യക്ഷമായ വല്ല കുറ്റങ്ങളും ചെയ്ത് കേരളത്തിന് അനഭിമതരാണോ? അല്ല, അവര്‍ മുസ്‌ലിംകളാണ് എന്നത് മാത്രമാണ് പ്രശ്‌നം. മുസ്‌ലിംകള്‍ നേതൃത്വത്തില്‍ വന്നാല്‍ അപകടമാണ് എന്ന ചിന്തയാണ് ഇവയിലൂടെ വില്‍ക്കപ്പെടുന്നത്.

എലത്തൂര്‍ തീവെപ്പ് കേസിലെ കുറ്റാരോപിതന്‍ ഷാറൂഖ് സെയ്ഫിയെ പിടികൂടിയതിനു ശേഷം അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞത് 'ഇയാളുടെ സ്ഥലം ഷഹീന്‍ബാഗ് ആണ്. ഇയാള്‍ സ്ഥിരമായി സാക്കിര്‍ നായികിന്റെ വീഡിയോകള്‍ കാണാറുണ്ട്' എന്നായിരുന്നു.

ഷഹീന്‍ബാഗ് എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശം തീവ്രവാദികളുടെ നാടാണ് എന്നും സാക്കിര്‍ നായിക് എന്ന ഇസ്‌ലാമിക പ്രഭാഷകന്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രഭാഷകനാണ് എന്നല്ലേ ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒരു പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും സൂചിപ്പിക്കുമ്പോഴാണെങ്കില്‍ പോലും, ഭാവിയില്‍ ഈ നാട് മുസ്‌ലിം ഭൂരിപക്ഷമായാലുള്ള അപകടങ്ങളെപ്പറ്റി പറഞ്ഞതും, 'മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് എ പ്ലസ് നേടുന്നത്' എന്ന് ആരോപിച്ചതും 'ലൗജിഹാദ്' എന്ന കല്ലുവെച്ച നുണയുടെ റഫറന്‍സായി നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചതും കേരളം കേട്ടതാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുപ്രസിദ്ധ പ്രൊപഗണ്ട സിനിമ 'കേരളാസ്റ്റോറി'യുമടക്കം തങ്ങളുടേതായ വെറുപ്പു പ്രചാരണങ്ങള്‍ക്കും സ്വാര്‍ഥനേട്ടങ്ങള്‍ക്കും വിഎസിന്റെ ലൗജിഹാദ് പ്രസ്താവന ഉദ്ധരിച്ചിരുന്നു.

കളമശ്ശേരി സ്‌ഫോടനം നടന്ന് ഏതാനും മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമങ്ങളുടെയും പൊലീസിന്റെയും പ്രതികരണം എവ്വിധമായിരുന്നു? മുസ്‌ലിം നാമധാരികളായ ചിലരെ അറസ്റ്റ് ചെയ്യുന്നു, നിരീക്ഷണത്തില്‍ വെക്കുന്നു. മാധ്യമങ്ങളില്‍ പലതും തെളിവുകളൊന്നും വരുന്നതിനു മുമ്പുതന്നെ 'അത് മുസ്‌ലിം ഭീകരവാദികള്‍ ചെയ്തതായിരിക്കും' എന്നു തീരുമാനിച്ചുറപ്പിക്കുന്നു.

ഒരു മതേതര പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് 'ഈ ആക്രമണത്തില്‍ ഹമാസിന്റെ പങ്ക് അന്വേഷിക്കണം' എന്നാണ്. ശേഷം എന്തു സംഭവിച്ചു? ആ കൃത്യം ചെയ്ത മാര്‍ട്ടിന്‍ എന്ന ക്രൈസ്തവന്‍ ഉത്തരവാദിത്തം ഏറ്റുപറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നും മുസ്‌ലിംകള്‍ ഉത്തരം പറയേണ്ട ഒരു വിഷയമായി അത് നിലനില്‍ക്കുമായിരുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പറ്റി സ്ഥിരം വെറുപ്പും ഭീതിയും പ്രചരിക്കപ്പെടുന്ന, അഥവാ ഇസ്‌ലാമോഫോബിയ ഒരു പരിധി വരെ സാധാരണവത്കരിക്കപ്പെട്ട ഇടമായി കേരളം മാറിയിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങള്‍ ഇവിടെ പരാമര്‍ശിച്ചതില്‍ അവസാനിക്കുന്നില്ല.

കേരളീയ പൊതുസമൂഹത്തില്‍ മൂന്നു തരത്തിലാണ് ഇസ്‌ലാമോഫോബിയ കൊണ്ടുനടക്കുന്ന ആളുകളെ കാണാന്‍ കഴിയുക: 1. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നവര്‍. 2. ഇത്തരം ആളുകള്‍ ഉണ്ടാക്കുന്ന ഇസ്‌ലാമോഫോബിയ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ചില സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ആളുകള്‍. 3. ബോധപൂര്‍വമല്ലാതെ ഈ രണ്ടു വിഭാഗങ്ങളുടെയും പ്രചാരണങ്ങളില്‍ വിശ്വസിച്ച് ഇസ്‌ലാമോഫോബിയ ഉള്ള ആളുകളായി ജീവിക്കുന്നവര്‍.

ഒന്നാമത്തെ ആളുകള്‍ സംഘ്പരിവാര്‍ സംഘടനകളും അതേ പ്രകൃതത്തിലുള്ള മറ്റു വിഭാഗങ്ങളുമാണ്. ചിലര്‍ തങ്ങളുടെ ആശയങ്ങളുടെ വിവിധ തലങ്ങള്‍ ആവര്‍ത്തിച്ച് ആശയവിനിമയം നടത്തുകയാണ് ചെയ്യാറുള്ളത്. ചിലര്‍ സമൂഹത്തിനു സ്വീകാര്യമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെട്ട് തങ്ങളുടെ അംഗീകാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും.

മറ്റു ചിലര്‍ അതിന് അപകടകരമായ വഴികളാണ് സ്വീകരിക്കാറുള്ളത്. ഒരു സംഘത്തെയോ വിഭാഗത്തെയോ അപരവത്കരിച്ചുകൊണ്ടോ പൈശാചികവത്കരിച്ചുകൊണ്ടോ ആണ് അവര്‍ അത് ചെയ്യാറുള്ളത്. ഫാസിസ്റ്റ് പ്രകൃതമുള്ള സംഘങ്ങളുടെ പൊതുരീതി ഇങ്ങനെയാണ്.

തങ്ങളുടെ പ്രശ്‌നങ്ങളെയും തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെയും വഴിതിരിച്ചുവിടാന്‍ കൂടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ഇത്. കേരളാസ്റ്റോറി, കശ്മീര്‍ ഫയല്‍സ് തുടങ്ങിയ സിനിമകളും മുസ്‌ലിംകള്‍ക്കെതിരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള ഈ സംഘങ്ങളുടെ നേതാക്കള്‍ നിരന്തരം പറയുന്ന വെറുപ്പു പ്രചാരണവും ഇവയ്ക്ക് ഉദാഹരണമാണ്.

ഭൂരിപക്ഷ ജനതയുടെ കെട്ടുതാലി പോലും മുസ്‌ലിംകള്‍ മോഷ്ടിച്ചുകൊണ്ടുപോവും എന്നു പറഞ്ഞതും, മേല്‍ പറഞ്ഞ സിനിമകള്‍ക്ക് തങ്ങളുടെ സംസാരങ്ങളിലൂടെ പ്രമോഷന്‍ നല്‍കിയതും അവസാനം ആ പ്രൊപഗണ്ട സിനിമക്ക് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് നല്‍കിയതും, കര്‍ണാടകയില്‍ വന്ന് മുസ്‌ലിംകള്‍ താരതമ്യേന കുറച്ചധികമുള്ള കേരളത്തിലേക്ക് ചൂണ്ടി വിദ്വേഷം പറഞ്ഞതും ഈ ജനത ഭരണമേല്‍പിച്ച അധികാരികള്‍ തന്നെയാണ്.

'നോമ്പുകാലത്ത് വെള്ളവും ഭക്ഷണവും ലഭിക്കില്ല', 'അമുസ്‌ലിംകളായ ആളുകള്‍ക്ക് പ്രവേശനമില്ല', 'ചില വിഭാഗങ്ങള്‍ മലപ്പുറത്ത് ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്' തുടങ്ങി കേരളത്തിലെ മലപ്പുറം ജില്ലയെപ്പറ്റിയുള്ള, കേരളത്തിനു പുറത്തുനിന്നും അകത്തുനിന്നും കേള്‍ക്കാവുന്ന സ്ഥിരം വിമര്‍ശനങ്ങളും, പാലക്കാട് ജില്ലയില്‍ നടന്ന ഒരു ആനയുടെ മരണം പോലും മലപ്പുറത്തിന്റെ പേരില്‍ കെട്ടിച്ചമച്ച് നടത്തിയ ആക്ഷേപങ്ങളും, മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ജില്ലയുടെ എസ്പിമാരുടെ നേതൃത്വത്തില്‍ വ്യാജമായി വര്‍ധിപ്പിച്ചുകാണിച്ചതുമെല്ലാം ഒന്നാമത്തെ വിഭാഗത്തില്‍ വരുന്നു.

രണ്ടാമത്തെ കൂട്ടര്‍ സ്വയം മതേതരരെന്ന് പറയുകയും തങ്ങള്‍ പ്രതിരോധത്തിലാവുകയോ തങ്ങള്‍ക്ക് സാധാരണ രീതിയിലുള്ള പരിശ്രമം കൊണ്ട് എളുപ്പം ലഭിക്കാത്ത ഒരു നേട്ടം നേടേണ്ടതോ ആയ സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഗുണം എടുക്കുന്ന ആളുകളാണ്. അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി പ്രയോഗവും കേരളത്തിലെ 'ലൗജിഹാദ്' ആക്ഷേപങ്ങളുമടക്കം തുടക്കത്തില്‍ സൂചിപ്പിച്ച മറ്റ് അനേകം ഉദാഹരണങ്ങളും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക.

'കേരളത്തില്‍ നിന്നു പതിനായിരക്കണക്കിന് സ്ത്രീകളെ മതം മാറ്റി നാടുകടത്തി' എന്ന, കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും കല്ലുവെച്ച നുണയാണ് എന്ന് വ്യക്തതയുള്ള വിഷയം പറയുന്ന 'കേരളാസ്റ്റോറി' എന്ന സിനിമ തങ്ങളുടെ ചെലവില്‍ ജനങ്ങളെ കാണിക്കാന്‍ മുന്‍കൈയെടുത്ത ഇടുക്കി അതിരൂപത അടക്കമുള്ള സംഘങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്.

കേരളത്തില്‍ മുസ്‌ലിംകള്‍ ലഹരിവ്യാപനം നടത്തി 'നാര്‍കോട്ടിക് ജിഹാദ്' നടത്തുകയാണ് എന്ന് പറഞ്ഞ പാലാ ബിഷപ്പും, ഇത്ര വലിയ വര്‍ഗീയത പറഞ്ഞിട്ടും ആ ബിഷപ്പിനെ പോയി കണ്ട് അദ്ദേഹം ഒരു പുണ്യാത്മാവാണ് എന്ന് പൊതുജനങ്ങള്‍ക്കു മുന്നില്‍ വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേരളത്തിലെ മന്ത്രിയായ വാസവനും ഇസ്‌ലാമോഫോബിയയുടെ ഗുണഭോക്താക്കളാണ്.

ഇതേ വാസവന്‍ മന്ത്രി തന്നെ വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിനു ശേഷം അദ്ദേഹത്തെ വേദിയിലിരുത്തി പുകഴ്ത്തിയത് 'അദ്ദേഹം സത്യം തുറന്നു പറയാന്‍ മടിയില്ലാത്ത ആളാണ്' എന്നാണ്. എന്തിനേറെ, വെള്ളാപ്പള്ളിയുടെ കുറച്ചു മാസങ്ങള്‍ക്കു മുമ്പുള്ള വിദ്വേഷ പരാമര്‍ശത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്, അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ചിലര്‍ വളച്ചൊടിച്ചതാണെന്നും, ആ വളച്ചൊടിച്ചവര്‍ക്കാണ് പ്രശ്‌നമെന്നും, അദ്ദേഹം മഹാനാണ് എന്നെല്ലാമാണ്.

മൂന്നാമത്തെ വിഭാഗത്തില്‍ അധികവും സാധാരണക്കാരായിരിക്കും. നിരന്തരം ഈ കളവുകള്‍ കേള്‍ക്കുന്നതുകൊണ്ട് അതില്‍ കുറച്ചെങ്കിലും സത്യം ഉണ്ടാവുമെന്ന് വിശ്വസിച്ചുപോയ ചിലര്‍. ഒരു വെള്ള ചുവരിനെ ചൂണ്ടി നിരന്തരം അത് മഞ്ഞയാണ് എന്ന് ആയിരക്കണക്കിന് ആളുകള്‍ പറയുന്നത് കേള്‍ക്കുന്ന ഒരാള്‍ക്ക് 'അതിനി മഞ്ഞ തന്നെയാണോ' എന്ന ഒരു സംശയം ജനിക്കല്‍ സ്വാഭാവികമാണ്.

നിരന്തരം ഒരു കളവ് കേള്‍ക്കുന്നതുകൊണ്ട് അത് സത്യമാണെന്ന തോന്നല്‍ ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ Illusory truth effect എന്നാണ് പറയാറുള്ളത്. മുസ്‌ലിംകള്‍ക്ക് എന്തൊക്കെയോ പ്രശ്‌നമുണ്ട് എന്നും, അവരുടെ ജനസംഖ്യ കൂടിയാല്‍ അപകടകരമാണ് എന്നും, അവര്‍ ഈ സമൂഹത്തെ ഏതൊക്കെയോ രീതിയില്‍ മാറ്റാന്‍ ഗൂഢമായ ശ്രമങ്ങള്‍ നടത്തുന്നവരാണ് എന്നും ധരിച്ചു നടക്കുന്ന അനേകം പേര്‍ ഈ കേരളത്തിലടക്കം ഉണ്ട്.

സുപ്രീം കോടതിയും നിര്‍ബന്ധപൂര്‍വമാണെങ്കിലും, ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രിയുമടക്കം ഒരു തെളിവും ഇല്ല എന്നു പറഞ്ഞ് തള്ളിയ 'ലൗജിഹാദ്' അടക്കം 'ഒരു വസ്തുതയും ഇല്ലെങ്കില്‍ ഇങ്ങനെ എല്ലാവരും ഇതിനെപ്പറ്റി പറയുമോ' എന്ന ചിന്തയില്‍ അതില്‍ ശരിയുടെ കണികകള്‍ ഉണ്ടെന്ന് ധരിക്കുന്ന അനേകരുണ്ട്. കാരണം അവര്‍ നിരന്തരം ഈ കളവുകള്‍ കേള്‍ക്കുകയാണ്.

മുസ്‌ലിംകള്‍ കൂടി പങ്കാളികളായ സ്വാതന്ത്ര്യസമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യാ രാജ്യത്ത് മറ്റെല്ലാ സമുദായങ്ങളെ പോലെയും എല്ലാ അവകാശങ്ങളും ലഭിക്കാന്‍ മുസ്ലിംകള്‍ക്ക് അര്‍ഹതയുണ്ട്.

ചില കളവുകള്‍ പിന്നീട് തിരുത്തപ്പെടുന്നുണ്ടെങ്കിലും കളവ് കേട്ട എല്ലാ ആളുകളും തിരുത്തപ്പെട്ടത് കേട്ടുകൊള്ളണമെന്നില്ല. ഇസ്‌ലാമോഫോബിയ പ്രചരിക്കുന്നതിന് അനന്തര ഫലങ്ങളില്‍ ഏറ്റവും അപകടകരമായത് മുസ്‌ലിംകള്‍ അനുഭവിക്കേണ്ടിവരുന്ന അപരവത്കരണവും അക്രമങ്ങളും ബുദ്ധിമുട്ടുകളും മനുഷ്യരെല്ലാം സ്വാഭാവികമായും സാധാരണമായും കാണുന്നു എന്നതാണ്.

അവര്‍ അത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അര്‍ഹിക്കുന്നവരാണ് എന്ന ചിന്തയിലേക്ക് ഭൂരിഭാഗം ആളുകളും പോയേക്കാം. ഉത്തരേന്ത്യയില്‍ നമ്മള്‍ കാണുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള പൈശാചികമായ ആക്രമണങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ നിശ്ശബ്ദരായിരിക്കുന്നത് ഈ ചിന്ത കൊണ്ടാണ്. ജൂതര്‍ക്കെതിരെ മുന്‍ മാതൃകകള്‍ ഇല്ലാത്തവിധം ഹിറ്റ്‌ലര്‍ ക്രൂരത കാണിച്ചപ്പോഴും ജനങ്ങളുടെ നിശ്ശബ്ദതയുടെ കാരണം മറ്റൊന്നായിരുന്നില്ല.

കളവുകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന Illusory truth effect എന്ന പ്രതിഭാസത്തെ ചരിത്രപരമായി പറയാറുള്ളത് ഹിറ്റ്‌ലറിലേക്ക് ചേര്‍ത്തുകൊണ്ടാണ്. ഹിറ്റ്‌ലറുടെ ഈ പരിപാടിയെ ഗീബല്‍സിയന്‍ തന്ത്രം എന്ന് വിളിക്കപ്പെടുന്നു.

പ്രചരിക്കപ്പെടുന്ന ഇസ്‌ലാമോഫോബിയയുടെ മറ്റൊരു പരിണതി, മുസ്‌ലിംകള്‍ നിരന്തരം മാപ്പ് അപേക്ഷിക്കേണ്ടവരും എപ്പോഴും അപകര്‍ഷബോധം പേറേണ്ടവരും തങ്ങളുടെ അവകാശങ്ങളെപ്പറ്റി മിണ്ടാതിരിക്കേണ്ടവരുമാണ് എന്ന പൊതുബോധമാണ്. മറ്റു മതസ്ഥര്‍ക്ക് ഇല്ലാത്ത പ്രത്യേക ബാധ്യത മുസ്‌ലിംകള്‍ പേറേണ്ടിവരുന്നു.

തീവ്രചിന്താഗതിക്കാരായ ചിലയാളുകള്‍ പ്രവാചകനെ അധിക്ഷേപിച്ചതിന്റെ പേരില്‍ ജോസഫ് മാഷുടെ കൈ വെട്ടിയതിന് ഇപ്പോഴും എല്ലാ വര്‍ഷവും ഒരു തവണയെങ്കിലും അപലപിക്കേണ്ടി വരാറുണ്ട് മുസ്‌ലിംകള്‍ക്ക്. ലോകത്തിന്റെ ഏതു കോണില്‍ നടന്ന അറബി നാമധാരി ചെയ്ത അക്രമങ്ങളെയും മാധ്യമങ്ങളിലൂടെ അപലപിക്കേണ്ട ബാധ്യത പേറുന്നവരാണ് ലോക മുസ്‌ലിംകള്‍.

എന്നാല്‍ മറ്റു മതസ്ഥര്‍ക്ക് ഇതിനേക്കാള്‍ തീവ്രത കൂടിയ തെറ്റുകള്‍ ചെയ്തതിനെ പോലും അപലപിക്കേണ്ടി വരുന്നില്ല. ഉദാഹരണത്തിന്, ജോസഫ് മാഷുടെ കൈ വെട്ടിയതിനെ എല്ലാ മുസ്‌ലിം സംഘടനകളും അപലപിക്കുന്നു, എന്നാല്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിക്കൊന്നതിനെ അപലപിക്കുന്ന എത്ര ഹൈന്ദവ സംഘടനകളുണ്ട്? മദ്രസയിലേക്ക് പോവുകയായിരുന്ന ഫഹദ് മോനെ കൊന്ന ഹിന്ദുത്വ തീവ്രവാദികളുടെ തെറ്റിനും മാപ്പ് അപേക്ഷിക്കേണ്ട ബാധ്യത ഹൈന്ദവ സംഘടനകള്‍ക്കില്ല.

ഭരണഘടന നല്‍കുന്ന അവകാശം ഉപയോഗപ്പെടുത്തി മതം മാറിയ ഫൈസല്‍ കൊടിഞ്ഞിയെയും കൊന്നതിന് ആരും ഉത്തരവാദിത്തം പേറേണ്ടതില്ല. നേരത്തെ സൂചിപ്പിച്ച കളമശ്ശേരിയിലെ സ്‌ഫോടനം നടത്താന്‍ മതപരമായ കാരണത്താല്‍ പ്രചോദിതനായ മാര്‍ട്ടിന്റെ പേരിലും ക്രൈസ്തവ സംഘടനകളുടെ മാപ്പപേക്ഷയോ മറ്റോ കാണാന്‍ കഴിയില്ല.

മാത്രമല്ല, മുസ്‌ലിംകള്‍ യഥാര്‍ഥത്തില്‍ അര്‍ഹിക്കാത്ത പല അവകാശങ്ങളും അവര്‍ക്ക് നേടിക്കൊടുക്കുന്നത് തങ്ങളാണ് എന്ന തെറ്റായ ധാര്‍ഷ്ട്യത്തോടെയുള്ള ബോധ്യം കൊണ്ടുനടക്കുന്ന ഒരുപാട് മതേതര കക്ഷികളും നമ്മുടെ നാട്ടിലുണ്ട്. എന്തെങ്കിലും കാര്യങ്ങള്‍ക്ക് മുസ്‌ലിംകള്‍ പ്രതികരിച്ചാല്‍ 'മിണ്ടാതിരുന്ന് ഇത്തരം അവകാശങ്ങള്‍ ലഭിക്കുന്നതിന് നന്ദി മുസ്‌ലിംകള്‍ക്ക് കാണിച്ചുകൂടേ' എന്ന ധ്വനി അവരുടെ പ്രയോഗങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയും.

മുസ്‌ലിംകള്‍ കൂടി പങ്കാളികളായ സ്വാതന്ത്ര്യസമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യാ രാജ്യത്ത് മറ്റെല്ലാ സമുദായങ്ങളെ പോലെയും എല്ലാ അവകാശങ്ങളും ലഭിക്കാന്‍ മുസ്ലിംകള്‍ക്ക് അര്‍ഹതയുണ്ട്. അതിന്റെ അട്ടിപ്പേര്‍ അവകാശം ആരും ഏറ്റെടുത്തു വരേണ്ടതില്ല.