ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം നന്നായിരിക്കണം എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. പ്രബോധിത സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും ഉത്തമമായിരിക്കണം.
സമൂഹത്തെ നന്മയിലേക്ക് നയിക്കുക എന്നതാണല്ലോ പ്രഭാഷകന്റെ ആത്യന്തികമായ ലക്ഷ്യം. വളരെ ഉന്നതമായ ഒരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം നന്നായിരിക്കണം എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ പ്രഭാഷകന്‍ തന്റെ പ്രബോധിത സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെല്ലാം നല്ലതായിരിക്കണം. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഭാഷകന്റെ ഭാഷ.
സ്രഷ്ടാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടത് എങ്ങനെയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്: ''(നബിയേ) നിന്റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് യുക്തിതത്വവും നല്ല സദുപദേശവും മുഖേന നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. കൂടുതല്‍ നല്ലതേതോ അതനുസരിച്ച് അവരോട് സംവാദം നടത്തുകയും ചെയ്യുക. നിശ്ചയമായും നിന്റെ റബ്ബ് തന്നെയാണ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോകുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവന്‍. അവന്‍ (തന്നെ) നേര്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവനുമാകുന്നു'' (16:125).
ഇവിടെ മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. ഒന്ന് 'സദുപദേശം' എന്നതാണ്. ഇവിടെ ഭാഷയ്ക്ക് വളരെ പ്രാധാന്യമുണ്ട്. കേള്‍ക്കുന്ന മാത്രയില്‍ തന്നെ പ്രബോധിത സമൂഹത്തിന് തങ്ങളോടുള്ള അനുകമ്പയും താല്പര്യവും കാരുണ്യവും കൊണ്ടാണ് ഈ ഉപദേശമെന്നു ബോധ്യപ്പെടാവുന്ന തരത്തിലുള്ള ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്.
ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാ, ഹാറൂന്‍(അ) എന്നീ പ്രവാചകന്മാരെ അയക്കുമ്പോള്‍ അല്ലാഹു കല്‍പിച്ചതും ഇതുതന്നെയാണ്: ''നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക; അവന്‍ ഉപദേശം സ്വീകരിക്കുകയോ അല്ലാത്തപക്ഷം ഭയപ്പെടുകയോ ചെയ്‌തേക്കാം''(20:44).
പ്രബോധിത സമൂഹത്തിലുള്ളവര്‍ എത്ര ധിക്കാരികളും അഹങ്കാരികളുമാണെങ്കിലും പ്രബോധകന്റെ ഭാഷയും സമീപനവും സൗമ്യവും ലളിതവും നല്ലതുമായിരിക്കണമെന്ന് ഈ വചനം നമ്മെ അറിയിക്കുന്നു. പ്രവാചകന്മാര്‍ അഖിലവും ഇതേ സമീപനം തന്നെയാണ് പ്രബോധിത സമൂഹത്തോട് സ്വീകരിച്ചത്.

'എന്റെ സമൂഹമേ', 'ഞങ്ങളുടെ സമൂഹമേ' എന്നീ രണ്ട് അഭിസംബോധനാരീതി അവരുടേതായി വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ സാധിക്കും. നൂഹ്(അ) മുശ്‌രിക്കും ധിക്കാരിയുമായ തന്റെ മകനെ അഭിസംബോധന ചെയ്തത് ഖുര്‍ആന്‍ വിവരിക്കുന്നു: ''എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആകരുത്.''
വിഗ്രഹ നിര്‍മാതാവും വിഗ്രഹാരാധകനുമായ തന്റെ പിതാവിനോട് ഇബ്‌റാഹീം(അ) സ്വീകരിച്ച നിലപാടും ഇതുതന്നെയായിരുന്നു: ''അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?
എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.'' (19:42-45)
വളരെ സ്‌നേഹത്തോടെയുള്ള ഈ സമീപനവും അതിനനുസരിച്ചുള്ള ഭാഷയുമായിരിക്കണം പ്രബോധകന്‍ സ്വീകരിക്കേണ്ടത്. ഈ സമീപനം സ്വീകരിക്കണമെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള വലിയ അനുഗ്രഹവും ഭാഗ്യവും ലഭ്യമാവണമെന്നും ക്ഷമ കൈക്കൊള്ളുന്നവര്‍ക്കല്ലാതെ അത് ലഭിക്കില്ല എന്നും വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്: ''നന്മയും തിന്മയും സമമാകില്ല തന്നെ. കൂടുതല്‍ നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) തടുത്തുകൊള്ളുക.
എന്നാല്‍, നിന്റെയും യാതൊരുവന്റെയും ഇടയില്‍ വല്ല ശത്രുതയുമുണ്ടോ അവന്‍ ഒരു ഉറ്റ ബന്ധുവെന്നപോലെ ആയിരിക്കുന്നതാണ്. ക്ഷമ (അഥവാ സഹനം) കൈക്കൊണ്ടവര്‍ക്കല്ലാതെ ഇത് (ഇക്കാര്യം) എത്തപ്പെടുകയില്ല. വമ്പിച്ച ഭാഗ്യവാനുമല്ലാതെ ഇത് എത്തപ്പെടുന്നതല്ല'' (41:34, 35).
മനുഷ്യന്റെ ആജന്മശത്രുവായി പിശാച് ഇതില്‍ നിന്ന് അവനെ തെറ്റിച്ചുകളയാന്‍ ശ്രമിക്കുമെന്നും അപ്പോള്‍ സ്രഷ്ടാവിനോട് രക്ഷ തേടണമെന്നും ഖുര്‍ആന്‍ തെര്യപ്പെടുത്തുന്നു: ''പിശാചില്‍ നിന്ന് വല്ല ദുഷ്‌പ്രേരണയും (എപ്പോഴെങ്കിലും) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോള്‍ നീ അല്ലാഹുവിനോട് ശരണം തേടുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അവനത്രേ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും''(41:36).
സ്വന്തം മക്കളോടാണെങ്കില്‍ പോലും ഇതേ സമീപനവും ഭാഷയും തന്നെയാണ് പ്രബോധകന്‍ തിരഞ്ഞെടുക്കേണ്ടത്. ലുഖ്മാന്‍ തന്റെ മകനെ ഉപദേശിച്ചപ്പോള്‍ സ്വീകരിച്ച ഭാഷാപ്രയോഗങ്ങള്‍ സൂറതു ലുഖ്മാനിലെ 13 മുതലുള്ള വചനങ്ങളില്‍ വായിക്കാം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മകന്‍ യൂസുഫിനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുകയും അതിനു വേണ്ടി കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത മക്കളോടുള്ള യഅ്ഖൂബ് നബിയുടെ സംസാരത്തിലും അവിടെ ഉപയോഗിച്ച ഭാഷയിലും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.
തന്നെ നശിപ്പിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന സഹോദരന്മാരോടുള്ള യൂസുഫ് നബി(അ)യുടെ വാക്കുകളിലും ഉത്തമമായ മാതൃകയുണ്ട്: ''അവര്‍ പറഞ്ഞു: അല്ലാഹുവിനെത്തന്നെയാണ് സത്യം, തീര്‍ച്ചയായും അല്ലാഹു ഞങ്ങളെക്കാള്‍ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടുത്തിട്ടുണ്ട്. നിശ്ചയമായും ഞങ്ങള്‍ തെറ്റു ചെയ്തവര്‍ തന്നെയായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇന്നു നിങ്ങളുടെ മേല്‍ യാതൊരു അധിക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തുതരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണ ചെയ്യുന്നവനുമാണ്''(12:91-92).

തന്നോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന രണ്ട് യുവാക്കളോടുള്ള യൂസുഫ് നബി(അ)യുടെ സംവാദത്തിലും ഉത്തമമായ മാതൃകയുണ്ട്. സൂറഃ യൂസുഫിലെ 39 മുതല്‍ 41 കൂടിയ വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. മതനിയമങ്ങള്‍ പാലിക്കുന്നതിലും മറ്റും 'സ്രഷ്ടാവ് മനുഷ്യര്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, അവരെ പ്രയാസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല' എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വളരെ സ്‌നേഹത്തോടെയുള്ള സമീപനവും അതിനനുസരിച്ചുള്ള ഭാഷയുമായിരിക്കണം പ്രബോധകന്റേത്. ഈ സമീപനം സ്വീകരിക്കണമെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള വലിയ അനുഗ്രഹവും ഭാഗ്യവും ലഭ്യമാവണം; ക്ഷമ കൈക്കൊള്ളുന്നവര്‍ക്കല്ലാതെ അത് ലഭിക്കില്ല.
''നിങ്ങള്‍ക്ക് ആശ്വാസം ഉണ്ടാക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' (2:185). അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയും ശൈലിയും പ്രയോഗവും തന്നെയായിരിക്കണം പ്രബോധകന്റേത്. വിവിധ നാടുകളിലേക്കു പറഞ്ഞയക്കുന്ന പ്രബോധകന്മാരോടും പ്രവാചകന്‍ നിര്‍ദേശിച്ചത് ഇതുതന്നെ. ''നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കണം. നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കരുത്'' (മുസ്‌ലിം).
പ്രബോധകന്‍ എന്ന നിലയില്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതിനും അവന്റെ പോരായ്മകള്‍ പൊറുത്തുകിട്ടുന്നതിനും ശരിയായ വാക്കും ശൈലിയും ആവശ്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: ''ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. നേരെ ചൊവ്വായ വാക്കു പറയുകയും ചെയ്യുവിന്‍.
(എന്നാല്‍) അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളെ നന്നാക്കിത്തരുകയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആര് അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു'' (33:70-71). മൂസാ(അ)യിലൂടെ അല്ലാഹു നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ''നിങ്ങള്‍ ജനങ്ങളോട് നല്ലത് പറയണം'' (2:83) എന്ന നിര്‍ദേശം പ്രത്യേകം കാണാം.
ഭാഷയിലും ശൈലിയിലും സമീപനങ്ങളിലും സ്വഭാവത്തിലും പെരുമാറ്റങ്ങളിലും പരുഷതയും കാഠിന്യവുമാണ് നിലനിര്‍ത്തുന്നതെങ്കില്‍ പ്രബോധകനില്‍ നിന്നും അവന്‍ പ്രബോധനം ചെയ്യുന്ന ആശയങ്ങളില്‍ നിന്നും പ്രബോധിത സമൂഹം അകന്നുപോകുമെന്ന് ഖുര്‍ആന്‍ താക്കീത് നല്‍കിയിട്ടുണ്ട്. അതിനു പുറമെ വിട്ടുവീഴ്ചയും പാപമോചനവും കൂടിയാലോചനയും തവക്കുലും പ്രബോധകന്മാരുടെയും നേതാക്കളുടെയും മുഖമുദ്രയായിരിക്കണമെന്ന് ഖുര്‍ആന്‍ ശക്തമായി നമ്മെ ഉണര്‍ത്തിയിട്ടുണ്ട്:
''(നബിയേ,) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു (സൗമ്യമായി വര്‍ത്തിക്കുന്നു). നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്നു വേറിട്ടുപോവുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍ നീ അവര്‍ക്കു മാപ്പു നല്‍കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍ അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. നിശ്ചയം എന്നിട്ട് നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍ നീ അല്ലാഹുവിന്റെ മേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും അല്ലാഹു ഭരമേല്പിക്കുന്നവരെ സ്‌നേഹിക്കുന്നു''(3:159).