ഇമാം അബൂഹനീഫയുടെ കണിശമായ ബൗദ്ധിക വിശകലന രീതികള്‍


ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ പണ്ഡിതപ്രമുഖരില്‍ ഒരാളും കര്‍മ്മശാസ്ത്രവികാസത്തിന് ഏറെ സംഭാവനകള്‍ നല്‍കിയവരില്‍ മുഖ്യനുമാണ് ഇമാം അബൂഹനീഫ

പ്രവാചകന്റെ(സ) വിയോഗത്തിന് ശേഷം മതനിയമങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം, പുതിയ സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിനകത്ത് ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. ഖുര്‍ആന്‍, സുന്നത്ത് തുടങ്ങിയ തെളിവുകളെ വ്യാഖ്യാനിക്കാന്‍ രൂപപ്പെടുത്തിയ രീതിശാസ്ത്രം, സ്വഹാബികളുടെയും താബിഉകളുടെയും ദേശാന്തര പര്യടനത്തിന്റെ ഫലമായി ചിതറിക്കിടന്ന ഹദീസിന്റെ വ്യത്യസ്ത നിവേദനങ്ങള്‍, അവയുടെ ഘടനകള്‍, ലക്ഷക്കണക്കിന് വരുന്ന നിവേദനങ്ങളുടെ സ്വീകാര്യതയും അവക്കിടയില്‍ മറ്റു തെളിവുകളുമായി നിലനില്‍ക്കുന്ന പ്രത്യക്ഷ വൈരുധ്യങ്ങളും തുടങ്ങിയവയൊക്കെ എങ്ങനെ നിര്‍ധാരണം ചെയ്യാം എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നതിനായി പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയ സമഗ്രമായ ഗവേഷണ രീതിശാസ്ത്രമാണ് മദ്ഹബുകള്‍.

ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ പ്രമുഖ പണ്ഡിതന്മാരില്‍ ഒരാളും ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വികാസത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയ പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളുമായിരുന്നു ഇമാം അബൂഹനീഫ അല്‍നുഅ്മാന്‍ ഇബ്‌നു സാബിത് അല്‍കൂഫി (ക്രി.വ. 699-765).

തന്റെ കാലത്തു നടന്ന രാഷ്ട്രീയ ചേരിതിരിവുകളില്‍ പ്രവാചകന്റെ കുടുംബത്തോടാണ് അദ്ദേഹം കൂറ് പുലര്‍ത്തിയത്. പ്രവാചകന്റെ ജീവിതസമ്പ്രദായങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തിയ ഇമാം അബൂ ഹനീഫ പ്രവാചക വചനങ്ങളെന്ന് പൊതുവെ കരുതപ്പെട്ടവയില്‍ പലതും അടിസ്ഥാനരഹിതമെന്നു മനസ്സിലാക്കി തള്ളിക്കളഞ്ഞു.

തന്റെ നിയമക്രമം രൂപപ്പെടുത്തുന്നതില്‍ ഖുര്‍ആന്‍ പാഠങ്ങളെയാണ് അദ്ദേഹം മുഖ്യമായി ആശ്രയിച്ചത്. അനുമാനങ്ങളുടെയും സങ്കല്പങ്ങളുടെയും സ്ഥാനത്ത് വ്യക്തവും ക്രോഡീകൃതവുമായ ഒരു നിയമസംഹിത അദ്ദേഹം തയ്യാറാക്കി. അദ്ദേഹം ഒരു നിയമജ്ഞനും മുജ്തഹിദും ആയിരുന്നു. ഇസ്‌ലാമിക നിയമ വിധികള്‍ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹത്തിന് സവിശേഷമായ ഒരു സമീപനമുണ്ടായിരുന്നു.

ഇമാം അബൂഹനീഫയുടെ വീക്ഷണങ്ങളാണ് പില്‍ക്കാലത്ത് ഹനഫീ മദ്ഹബ് എന്നറിയപ്പെട്ടത്. യാഥാര്‍ഥത്തില്‍ 'ഹനഫീ മദ്ഹബ്' എന്നൊരു സവിശേഷസരണി ഇമാം മറ്റുള്ളവരില്‍ കെട്ടിവെക്കുകയോ അദ്ദേഹം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല.

അദ്ദേഹത്തിന്റെ പേരില്‍ ചില ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അവ അദ്ദേഹം നേരിട്ട് നടത്തിയ രചനകളല്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഗ്രന്ഥരചന നടത്തിയത്.

ഖിയാസിന് ഹദീസുകളെക്കാള്‍ പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം എതിരാളികള്‍ അദ്ദേഹത്തെക്കുറിച്ചു പ്രചരിപ്പിച്ചിരുന്നു. വിവിധ താല്പര്യക്കാര്‍ വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില വ്യവസ്ഥകള്‍ അദ്ദേഹം ഏര്‍പ്പെടുത്തി എന്നതാണ് വാസ്തവം.

റിപ്പോര്‍ട്ടര്‍മാരുടെ വിശ്വാസത്തില്‍ സംശയങ്ങളുള്ളവ, ഖുര്‍ആന്‍ വചനത്തിനും അറിയപ്പെട്ട ഹദീസുകള്‍ക്കും വിരുദ്ധമായവ, സ്വഹാബത്തിന്റെ അഭിപ്രായങ്ങളുമായും പൊതു തത്ത്വങ്ങളുമായും വിപരീതമാകുന്ന ഹദീസുകള്‍ തുടങ്ങിയവ അദ്ദേഹം തിരസ്‌കരിച്ചു. അതുകൊണ്ട് തന്നെ പരിമിതമായ ഹദീസുകള്‍ മാത്രമേ അദ്ദേഹം കുറ്റമറ്റതായി കണ്ടിട്ടുള്ളൂ.

മതശാസ്ത്രിമാര്‍ക്കിടയില്‍ അന്ന് രണ്ടു പക്ഷക്കാരുണ്ടായിരുന്നു. അഭിപ്രായപക്ഷവും ഹദീസ് പക്ഷവും. മതവിധിക്കാധാരമായി യുക്തിയെ വ്യാപകമായി പ്രയോഗിക്കുന്നവരാണ് അഭിപ്രായപക്ഷം അഥവാ അഹ്‌ലു റഅ്‌യ്. ഇമാം അബൂഹനീഫ ഈ അഭിപ്രായപക്ഷക്കാരനായിരുന്നു.

അബ്ബാസി ഖലീഫയായിരുന്ന മന്‍സൂര്‍ ഇമാം അബൂഹനീഫയെ മുഖ്യന്യായാധിപനാകാന്‍ ക്ഷണിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. പ്രകോപിതനായ മന്‍സൂര്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. അബൂഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫാണ് ഒടുവില്‍ മുഖ്യന്യായാധിപനായത്. കാരാഗൃഹത്തില്‍ വച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സംവാദ സാമര്‍ഥ്യത്തില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ഇമാം ശാഫിഈ അദ്ദേഹത്തെ പറ്റി പറഞ്ഞത്, 'ഈ തൂണ്‍ സ്വര്‍ണമാണെന്ന് അബൂഹനീഫ വാദിച്ചാല്‍ അത് സ്ഥാപിക്കാന്‍ നിഷ്പ്രയാസം അദ്ദേഹത്തിന് കഴിയും' എന്നാണ്. ഇമാം മാലിക്, അബ്ദുല്ലാഹിബ്‌നു മുബാറക്ക്, ഇമാം ലൈസ് തുടങ്ങിയവര്‍ ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരായിരുന്നു.

രീതിശാസ്ത്രം

ഇമാംഅബു ഹനീഫയുടെ വീക്ഷണത്തില്‍ കര്‍മ്മശാസ്ത്രത്തിന്റെ പ്രമാണങ്ങള്‍ താഴെ പറയുന്നവയാണ്. ഒന്ന്, വിശുദ്ധ ഖുര്‍ആന്‍: വിശുദ്ധ ഖുര്‍ആനിനെ ഇസ്‌ലാമിക നിയമത്തിന്റെ പ്രാഥമിക ഉറവിടമായും നിയമജ്ഞര്‍ക്കുള്ള പ്രാഥമിക റഫറന്‍സായുമാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്.

രണ്ട്, ഹദീസ്: പ്രവാചകന്റെ സ്വഹീഹായ ഹദീസുകള്‍ ഇസ്‌ലാമിക നിയമത്തിന്റെ രണ്ടാമത്തെ ഉറവിടമായാണ് അദ്ദേഹം വിശദീകരിക്കുന്നത്. മൂന്ന്, സഹാബികളുടെ ഫത്‌വകള്‍: പ്രവാചകന്റെ കാലശേഷമുണ്ടായ തര്‍ക്കവിഷയങ്ങളില്‍ സഹാബികള്‍ നല്‍കിയ മതവിധികളെ അദ്ദേഹം പ്രമാണമായി അംഗീകരിക്കുന്നുണ്ട്.

നാല്, ഇജ്മാഅ്: പ്രവാചകന്റെ കാലശേഷം ഒരു പ്രത്യേക കാലഘട്ടത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ മതപരമായ വിഷയത്തില്‍ ഏകോപിച്ചെടുക്കുന്ന മതവിധിയെയാണ് ഇജ്മാഅ് എന്നദ്ദേഹം വ്യക്തമാക്കുന്നു.

അഞ്ച്, ഖിയാസ്: ഇസ്‌ലാമിക നിയമങ്ങളെ (ശരീഅത്ത്) പുതിയ സാഹചര്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന രീതിയാണിത്. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പുതിയ കാര്യങ്ങള്‍ക്ക്, നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

'ഒന്നിന് മറ്റൊന്നുമായി സാമ്യമുള്ളതുകൊണ്ട്, അടിസ്ഥാന വിഷയത്തിന് (ഉദാഹരണത്തിന്, നിരോധിക്കപ്പെട്ടത്) ഒരു വിധി നല്‍കുമ്പോള്‍, പുതിയ വിഷയത്തിനും അതേ വിധി നല്‍കുന്നു' എന്നാണ് ഇബ്‌നു ഖുദാമ ഇതിനെ നിര്‍വചിച്ചത്. ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തില്‍ ഖിയാസ് എന്നത് ഒരു പ്രധാന തത്വമാണ്.

പുതിയ വിഷയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഖിയാസ് ഉപയോഗിക്കുന്നു. അത് ഖുര്‍ആനിലോ സുന്നത്തിലോ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലാത്തവയാണ്. നിലവിലുള്ള നിയമങ്ങളുമായി പുതിയ വിഷയങ്ങളുടെ സാമ്യം കണ്ടെത്തിയാണത് ചെയ്യുന്നത്. രണ്ട് വിഷയങ്ങള്‍ക്കും പൊതുവായ ഒരു കാരണമുണ്ടെങ്കില്‍, അടിസ്ഥാന വിഷയത്തിന് ബാധകമായ വിധി പുതിയ വിഷയത്തിനും ബാധകമാക്കുന്നു.

ഹദീസ് ക്രോഡീകരണം നടന്നിട്ടില്ലാത്തതിനാല്‍ ഇമാം അബൂഹനീഫക്ക് പല ഹദീസുകളും ലഭിച്ചിരുന്നില്ല. അക്കാരണത്താല്‍ അദ്ദേഹം ഖിയാസിന്റെ അടിസ്ഥാനത്തിലാണ് മിക്ക മതവിധികളും നല്‍കിയിരുന്നത്.

ആറ്, അല്‍ഇസ്തിഹ്‌സാന്‍: ഒരു പ്രത്യേക സംഭവത്തില്‍ രണ്ട് തെളിവുകളില്‍ ഏറ്റവും ശക്തമായത് തെരഞ്ഞെടുക്കുക എന്നാണ് ഇതിനര്‍ത്ഥം. പ്രമാണം താല്പര്യപ്പെടുന്ന ഒരു വിധിയില്‍ നിന്ന് മാറ്റം താല്പര്യപ്പെടുന്ന അല്ലെങ്കില്‍ പരിമിതി താല്‍പര്യപ്പെടുന്ന മറ്റൊരു പ്രമാണ താല്‍പര്യത്തിലേക്ക് നീങ്ങുക എന്നതാണ് ഇസ്തിഹ്‌സാന്റെ പ്രാമാണികത.

അപവാദമില്ലാത്ത ഒരു നിയമവും ലോകത്ത് ഉണ്ടായിട്ടില്ല, ഉണ്ടാവുക സാധ്യവുമല്ല. വിശുദ്ധ ഖുര്‍ആനില്‍ത്തന്നെ, പൊതുനിയമങ്ങള്‍ക്ക് അപവാദമായി അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. സത്യവിശ്വാസം സ്വീകരിച്ചവന്‍ വീണ്ടും സത്യനിഷേധിയാവുകയാണെങ്കില്‍ അവന് അല്ലാഹുവിന്റെ കോപവും ശക്തിയായ ശിക്ഷയും ഉണ്ടാകുമെന്ന് താക്കീത് നല്‍കുന്ന ഖുര്‍ആന്‍, ശത്രുക്കളുടെ സമ്മര്‍ദ്ദവും ഭീഷണിയും മൂലം സത്യനിഷേധം സംസാരിക്കേണ്ടി വരികയാണെങ്കില്‍ അവന് ആദ്യത്തെ വിധി ബാധകമല്ലെന്ന് വ്യക്തമാക്കുന്നു.

നിര്‍ബന്ധിത സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും ഇതിനുദാഹരണമാണ്. എല്ലാ നിയമവും എല്ലാവര്‍ക്കും എപ്പോഴും ബാധകമാക്കാന്‍ സാധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാനാണ് നിയമങ്ങള്‍. 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, പ്രയാസമല്ല' (ബഖറ 185) എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ഇതു തന്നെയാണ് ഇസ്തിഹ്‌സാന്റെ ആത്മാവ്.

അനുമാനങ്ങളുടെയും സങ്കല്പങ്ങളുടെയും സ്ഥാനത്ത് വ്യക്തവും ക്രോഡീകൃതവുമായ ഒരു നിയമസംഹിത അദ്ദേഹം തയ്യാറാക്കി.

'വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാവതല്ല' എന്ന, നബി (സ) പഠിപ്പിച്ച പൊതു തത്വത്തിനനുസരിച്ച് നിലവിലില്ലാത്തതോ നിര്‍ണിതമല്ലാത്തതോ ആയ വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നാണ് ശരീഅത്ത് നിയമം. എന്നാല്‍ കര്‍ഷകന്റെ പ്രയാസം പരിഗണിച്ച്, വിത്തിറക്കുമ്പോള്‍ തന്നെ, വിളവ് കൊയ്യുമ്പോള്‍ ധാന്യം നല്‍കാമെന്ന അടിസ്ഥാനത്തില്‍ കച്ചവടം ചെയ്ത് പണം വാങ്ങുന്ന 'സലം' കച്ചവടം അനുവദിച്ചു. ഇത് ഹദീസില്‍ വന്ന ഇസ്തിഹ്‌സാന്റെ ഒരു ഉദാഹരണമാണ്.

ഏഴ്: ഉറുഫും ആദത്തും അഥവാ ആചാരവും ശീലവും: ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മനസ്സിലാക്കുന്നതിലും ദൈനംദിന ജീവിതത്തില്‍ അവ പ്രയോഗിക്കുന്നതിലും ആചാരവും ശീലവും ഒരു പങ്കു വഹിക്കുന്നു എന്നതാണ് ഹനഫീ വീക്ഷണം. വാക്കുകളിലും പ്രവൃത്തിയിലും ജനങ്ങളുടെ ഇടയില്‍ സ്ഥിരപ്പെട്ടതും ബുദ്ധി അതിനെ അംഗീകരിച്ചതുമായ കാര്യമാണത്. ഇത് രണ്ട് ഇനമുണ്ട്.

(1) ഉറുഫു സ്വഹീഹ്: ജനങ്ങള്‍ ശീലിച്ചതും ശറഇല്‍ അതിനു എതിരഭിപ്രായമില്ലാത്തതുമായ കാര്യം. (2) ഉറുഫുല്‍ ഫാസിദ്: ജനങ്ങള്‍ ശീലിച്ചതും ശറഇല്‍ എതിരഭിപ്രായമുള്ളതുമായ കാര്യം.

ഇമാം അബൂഹനീഫയുടെ കര്‍മശാസ്ത്ര രീതിശാസ്ത്രം പരിശോധിച്ചാല്‍ അദ്ദേഹം തന്റെ കര്‍മശാസ്ത്രത്തില്‍ ഒന്നാമതായി ആശ്രയിച്ചത് വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയുമാണ് എന്ന് കാണാം. അപ്രകാരം തന്നെ അവയില്‍ നിന്ന് ശരീഅത്ത് വിധികള്‍ ഉരുത്തിരിച്ചെടുക്കുന്നതില്‍ അദ്ദേഹം അതീവ സമര്‍ത്ഥനായിരുന്നു എന്നും ഗ്രഹിക്കാന്‍ സാധിക്കും.

ശരീഅത്ത് വിധികള്‍ ഉരുത്തിരിച്ചെടുക്കുന്നതില്‍ അദ്ദേഹം ഖിയാസിനെ അവലംബിച്ചതായി കാണാം. അപ്രകാരം തന്നെ ഒരു പ്രത്യേക സംഭവത്തിലെ രണ്ട് തെളിവുകളില്‍ ഏറ്റവും ശക്തമായത് തിരഞ്ഞെടുക്കാന്‍ അബൂഹനീഫ ഇസ്തിഹ്‌സാന്‍ ഉപയോഗിച്ചു.

അദ്ദേഹത്തിന്റെ കര്‍മ്മശാസ്ത്രത്തിന്റെ സവിശേഷതകളില്‍ ഊന്നി പറയേണ്ടത്; ഏതു കാര്യത്തിലും തീവ്രവാദത്തിനും ജീര്‍ണതക്കുമിടയിലെ മിതത്വമാണ്. ആളുകളുടെ സാഹചര്യങ്ങളും വ്യത്യാസങ്ങളും കണക്കിലെടുത്ത് പ്രവര്‍ത്തനക്ഷമത അദ്ദേഹത്തിന്റെ കര്‍മ്മശാസ്ത്രത്തിന്റെ പ്രത്യേകതയായി കാണാം. മറ്റൊന്ന് കൃത്യതയാണ്. ഇസ്‌ലാമിക വിധികള്‍ ഉരുത്തിരിയുന്നതില്‍ ഇമാം അബൂഹനീഫയുടെ കര്‍മ്മശാസ്ത്രം കൃത്യമായിരുന്നു എന്നു വേണം നിരീക്ഷിക്കാന്‍.

യുക്തിസഹമായ സമീപനമായിരുന്നു മറ്റൊരു പ്രത്യേകത. ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഇസ്‌ലാമിക വിധികള്‍ ഉരുത്തിരിയുന്നതിനും ഇമാം അബൂഹനീഫ ബുദ്ധി ഉപയോഗിക്കുകയും ബൗദ്ധിക സമീപനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചതായും കാണാം. തന്റെ അഭിപ്രായം തെളിയിക്കാന്‍ ചര്‍ച്ചയിലും സംവാദത്തിലും ഏര്‍പ്പെടുകയെന്നത് അദ്ദേഹത്തിന് താല്പര്യമുള്ള കാര്യമായിരുന്നു.

വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള തുറന്ന മനസ്സും വഴക്കവും അദ്ദേഹത്തിന്റെ മാനസിക വിശാലത വിളിച്ചോതുന്നുണ്ട്. ഇമാം അബൂ ഹനീഫയുടെ വീക്ഷണം പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: താങ്കള്‍ ഒരഭിപ്രായം പറയുകയും അതിനെതിരെ ഒരു നബി വചനം സ്ഥിരപ്പെടുകയും ചെയ്താല്‍ താങ്കള്‍ എന്ത് ചെയ്യും? അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ അഭിപ്രായം ഉപേക്ഷിക്കും. സ്വഹാബികളുടെ വീക്ഷണം താങ്കളുടെ അഭിപ്രായത്തിന് എതിരായാലോ? അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ അഭിപ്രായം പിന്‍വലിക്കും. താബിഉകളുടെ അഭിപ്രായം താങ്കളുടെ അഭിപ്രായവുമായി എതിരായാലോ? അദ്ദേഹം പറഞ്ഞു: ഞാനും അവരെ പോലെ ഒരാണ്‍കുട്ടിയാണ്.

അദ്ദേഹത്തിന്റെ അനിതര സാധാരണമായ ധൈഷണിക പ്രാപ്തിയും ഓര്‍മശക്തിയും ഏറെ വിസ്മയാവഹമായിരുന്നു. ഇമാമിന്റെ ചിന്താരീതി, ഖുര്‍ആനും സുന്നത്തുമായ അടിസ്ഥാനങ്ങളെ ആശ്രയിക്കല്‍, നിഗമനം, മുന്‍ഗണന, ബൗദ്ധികവും യുക്തിസഹവുമായ രീതിശാസ്ത്രം, തുറന്ന മനസ്സും പ്രവര്‍ത്തനക്ഷമതയും എന്നിവയാല്‍ സവിശേഷമായിരുന്നുവെന്ന് പറയാം.

അദ്ദേഹത്തിന്റെ ചിന്തകള്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വികാസത്തിനും നിയമപരമായ വിധികളുടെ വ്യക്തതയ്ക്കും കരുത്തുറ്റ സംഭാവനകള്‍നല്‍കിയിട്ടുണ്ട്.