ലോക മുസ്‌ലിംകളില്‍ ധാരാളം പേര്‍ അനുധാവനം ചെയ്യുന്ന ഹനഫീ മദ്ഹബ് പക്ഷെ ഇമാം അബൂ ഹനീഫ രൂപപ്പെടുത്തിയതല്ല.
ഹിജ്‌റ 80-ല്‍ കൂഫയില്‍ ജനിച്ച് ഹിജ്‌റ 150-ല്‍ ബഗ്ദാദില്‍ മരണപ്പെട്ട ഇമാം അബൂഹനീഫ നാല് കര്‍മശാസ്ത്ര ചിന്താധാരകളുടെ (മദ്ഹബിന്റെ) പണ്ഡിത നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്നു. എന്നാല്‍ ലോക മുസ്‌ലിംകളില്‍ ധാരാളം പേര്‍ അനുധാവനം ചെയ്യുന്ന ഹനഫീ മദ്ഹബ് പക്ഷെ അദ്ദേഹം മദ്ഹബ് എന്ന നിലയില്‍ സൃഷ്ടിച്ചതല്ല.
അദ്ദേഹത്തിന്റെ പില്‍ക്കാല അനുയായികളും ശിഷ്യന്മാരും രൂപപ്പെടുത്തിയ സംവിധാനമാണ് മറ്റു മദ്ഹബുകളെ പോലെ തന്നെ ഹനഫി മദ്ഹബും.
മഹാപണ്ഡിതരായ മദ്ഹബ് ഇമാമുമാര്‍ ഖുര്‍ആനില്‍ നിന്നും ലഭ്യമായ നബി വചനങ്ങളില്‍ നിന്നും അത് രണ്ടിലുമില്ലാത്തത് തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ ഒരഭിപ്രായ രൂപീകണത്തിലൂടെയും മതവിധിയായി ശിഷ്യന്മാര്‍ക്കും വിജ്ഞാനം അന്വേഷിച്ചു വന്നവര്‍ക്കും പകര്‍ന്നു നല്‍കി.
ഈ ഫത്‌വകളെ അതത് പണ്ഡിതന്മാര്‍ തന്നെയോ സമകാലത്തും പില്‍ക്കാലത്തുമുള്ള അവരുടെ അനുയായികളോ ക്രോഡീകരിച്ച് വെച്ചതാണ് പില്‍ക്കാലത്ത് ഇവരിലേക്ക് ചേര്‍ത്തുപറയുന്ന മദ്ഹബുകളായി രൂപപ്പെട്ടത്.
കുടുംബം
അമവി ഖലീഫ അബ്ദുല്‍ മലികിബ്‌നു മര്‍വാന്റെ കാലത്ത് കൂഫയില്‍ ജനിക്കുകയും അബ്ബാസി ഖലീഫ മന്‍സൂറിന്റെ കാലത്ത് ബഗ്ദാദില്‍ മരണപ്പെടുകയും ചെയ്ത ഇമാം അബൂഹനീഫ പട്ടു കച്ചവടക്കാരനും ധനാഢ്യനുമായിരുന്ന സാബിതിന്റെ മകനാണ്. ഇപ്പോഴത്തെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് ഇമാമിന്റെ കുടുംബവേരുകള്‍.
കാബൂളില്‍ നിന്ന് വന്ന് കൂഫയില്‍ താമസമാക്കിയ അബൂഹനീഫയുടെ പിതാമഹന്‍ ഖലീഫ ഉമറിന്റെ(റ) കാലത്താണ് ഇസ്‌ലാം സ്വീകരിച്ചത്. സൂക്ഷ്മതയും ഭക്തിയും പുലര്‍ത്തിയ മാതാപിതാക്കളുടെ മകനാണ് അബൂഹനീഫ. നുഅ്മാന്‍ ബിന്‍ സാബിത്ത് എന്നാണ് ശരിയായ പേര്. കച്ചവട കാര്യത്തില്‍ പിതാവിനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇമാം ശഅബി അബൂഹനീഫയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തെ വൈജ്ഞാനിക മേഖലയിലേക്ക് തിരിച്ചുവിടുന്നതും.
വൈജ്ഞാനിക സേവനങ്ങള്‍
വൈജ്ഞാനിക സരണിയിലേക്ക് തിരിയുമ്പോള്‍ ഏത് മേഖലയില്‍ ഊന്നണം എന്നതില്‍ ആദ്യ ഘട്ടത്തില്‍ അബൂഹനീഫക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനം, ഭാഷാ പഠനം, കര്‍മശാസ്ത്രം തുടങ്ങി ബഹുമുഖ മേഖലകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞു വന്നു. ഒടുവില്‍ അദ്ദേഹം കര്‍മ ശാസ്ത്ര മേഖല തന്നെ തെരഞ്ഞെടുത്തു.
അതിനും ഒരു നിമിത്തമുണ്ടായി: ഒരിക്കല്‍ തന്റെ ഗുരുനാഥന് കുറെയേറെ ദിവസങ്ങള്‍ അധ്യാപന ജോലിയില്‍ നിന്ന് ലീവെടുക്കേണ്ടി വന്നപ്പോള്‍ ശിഷ്യരില്‍ പ്രമുഖനായ അബൂഹനീഫയെ ചുമതലയേല്‍പിച്ചു. ഈ കാലയളവില്‍ അറുപതോളം മതവിധികള്‍ ആവശ്യമായ മസ്അലകള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വന്നു. അതിനെല്ലാം അദ്ദേഹം മറുപടി കൊടുക്കുകയും ചെയ്തു.
ഗുരുനാഥന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ മുമ്പില്‍ വന്ന 60 ചോദ്യങ്ങളും അതിന് നല്‍കിയ മറുപടിയും അബൂഹനീഫ ഗുരുനാഥനെ തെര്യപ്പെടുത്തി. ഗുരുനാഥന്‍ അതില്‍ 40 ചോദ്യങ്ങള്‍ക്കും അബൂഹനീഫ നല്‍കിയ മതവിധി ശരിയാണെന്നും 20 എണ്ണത്തില്‍ മാത്രമേ പുനപ്പരിശോധന ആവശ്യമുള്ളൂ എന്നും പറഞ്ഞു. ഇത് കര്‍മശാസ്ത്രമേഖലയില്‍ ശ്രദ്ധയൂന്നാന്‍ അബൂ ഹനീഫക്ക് പ്രചോദമായി.
ഇമാം ശാഫിഈ അബൂഹനീഫയുടെ കര്‍മശാസ്ത്ര പാണ്ഡിത്യത്തിന്റെ ആധികാരികതയെപറ്റി പറഞ്ഞ് ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയതിങ്ങനെ: 'ഒരാള്‍ കര്‍മശാസ്ത്ര പണ്ഡിതനെത്തേടിയാണ് പോകുന്നതെങ്കില്‍ അയാള്‍ അബൂഹനീഫയെ അവലംബിക്കട്ടെ. ഒരാള്‍ ചരിത്രമന്വേഷിച്ചാണ് പോകുന്നതെങ്കില്‍ അയാള്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖിനെ അവലംബിക്കട്ടെ. ഒരാള്‍ ഹദീസന്വേഷിച്ചാണ് പോകുന്നതെങ്കില്‍ അയാള്‍ ഇമാം മാലികിനെ അവലംബിക്കട്ടെ. ഒരാള്‍ ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്‌സീര്‍) ഉദ്ദേശിച്ചാണ് പോകുന്നതെങ്കില്‍ അയാള്‍ മുഖാതിലുബ്‌നു സുലൈമാനെ അവലംബിക്കട്ടെ.' (അല്‍ബിദായ വന്നിഹായ, 10:138)
അബൂഹനീഫ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലോകത്തെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു എന്ന് വിശേഷിപ്പിച്ചത് സുഫ്‌യാനുസ്സൗരിയാണ്. അബ്ദുല്ലാഹിബ്‌നു മുബാറക് പറഞ്ഞത് അബൂ ഹനീഫ, സുഫ്‌യാനുസ്സൗരി എന്നിവരെക്കൊണ്ട് അല്ലാഹു എന്നെ സഹായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ ഒരു സാധാരണക്കാരനായിപ്പോകുമായിരുന്നു എന്നാണ്.
സ്വഹാബികളുടെ കാലത്തോടടുത്ത് നില്‍ക്കുന്ന ഹിജ്‌റ 80-ല്‍ ജനിച്ചു എന്നത് കൊണ്ട് തന്നെ ചില സ്വഹാബികളുമായി ആശയ വിനിമയം നടത്താന്‍ അബൂ ഹനീഫക്ക് സാധിച്ചിട്ടുണ്ട്. ഏഴ് സ്വഹാബികളില്‍ നിന്നെങ്കിലും അദ്ദേഹം ഹദീസ് നിവേദനം ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. അനസുബ്‌നു മാലിക്കിനെ(റ) അബൂഹനീഫ നേരിട്ടു കണ്ടിട്ടുണ്ട് എന്നും ചില അറബി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
ധീരമായ നിലപാട്
പാണ്ഡിത്യത്തിന്റെയും പണ്ഡിതന്മാരുടെയും കാലഘട്ടമായിരുന്നു അബൂഹനീഫയുടേതെങ്കിലും മതത്തിന്റെ അക്ഷര വായനയില്‍ മുഴുകിയ, അതത് കാലത്തെ ഭരണകര്‍ത്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്നവരുമായ ചുരുക്കം ചില പണ്ഡിതര്‍ അന്നുമുണ്ടായിരുന്നു. എന്നാല്‍ അബൂഹനീഫ ഇതില്‍ നിന്ന് വിഭിന്നമായ നിലപാട് സ്വീകരിച്ചു.
മതപ്രമാണങ്ങളുടെ അക്ഷര വായനയില്‍ മാത്രം അഭിരമിക്കാനും ഭരണ സാരഥികളുടെ പ്രീതിയും അടുപ്പവും കിട്ടാനും വേണ്ടി അദ്ദേഹം മതതത്വങ്ങളെ വക്രീകരിക്കാന്‍ കൂട്ടാക്കിയില്ല. അബൂ ഹനീഫയോട് കടുത്ത വിയോജിപ്പും വിരോധവുമുണ്ടായിരുന്ന ഒരാള്‍ ഇമാം ക്ലാസെടുക്കുമ്പോള്‍ കയറി വന്ന് മോശമായ വാക്കുകളില്‍ ആക്ഷേപിച്ച ഒരു സംഭവമുണ്ടായി. ഇമാം അതില്‍ ഒട്ടും പ്രകോപിതനായില്ല.
സകാത്ത് വിഷയത്തില്‍ മദ്ഹബിന്റെ മറ്റു മൂന്ന് ഇമാമുകളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് അബൂ ഹനീഫയുടേത്.
ക്ലാസ് കഴിഞ്ഞിട്ടും തന്റെ പിന്നാലെ ശകാരവാക്കുകളുമായി വന്നപ്പോഴും ഇമാം പ്രതികരിച്ചില്ല. ഇമാം തന്റെ വീട്ടിലെത്തിയപ്പോള്‍ അകത്ത് കയറാതെ തന്നെ ആക്ഷേപിച്ച വ്യക്തിയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: 'ഇതാണെന്റെ വീട്. എനിക്ക് അകത്ത് കയറണം. താങ്കള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെങ്കില്‍ മാത്രമേ ഞാന്‍ അകത്ത് കയറുന്നുള്ളൂ. അതിനാല്‍ താങ്കള്‍ പറഞ്ഞോളൂ!'
അമവി ഖിലാഫത്തിന്റെ അവസാനത്തിലും അബ്ബാസി ഖിലാഫത്തിന്റെ തുടക്കത്തിലുമായി ജീവിച്ച അബൂ ഹനീഫ രണ്ട് ഭരണകൂടത്തിലെ ഭരണാധികാരികളുമായും അകലം പാലിച്ച് തന്റെ വൈജ്ഞാനിക സപര്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണകൂടം വച്ചുനീട്ടിയ ചീഫ് ജസ്റ്റിസിന്റെ പദവി അദ്ദേഹം നിരസിച്ചു.
ഇത്തരം ചില ഉറച്ച നിലപാടുകള്‍ സ്വീകരിച്ചതിനാലും ഭരണാധികളുടെ ഇംഗിതത്തിനനുരൂപമായി നിലകൊള്ളാത്തതിനാലും അദ്ദേഹം കുറച്ചു കാലം ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുകയും ചാട്ടവാറടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.
സകാത്ത് വിഷയത്തിലെ കാഴ്ചപ്പാട്
സകാത്ത് വിഷയത്തില്‍ മദ്ഹബിന്റെ മറ്റു മൂന്ന് ഇമാമുകളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് അബൂ ഹനീഫയുടേത്. പ്രവാചകന്റെ കാലത്തുണ്ടായിരുന്നതും ഉണക്കി സൂക്ഷിക്കാവുന്നതുമായ ധാന്യവിളകളിലും അതിന് സമാനമായ ധാന്യവിളകളിലും മാത്രം അവര്‍ സകാത്തിനെ പരിമിതപ്പെടുത്തുമ്പോള്‍ ഖുര്‍ആനിലെ തന്നെ ഒന്നിലധികം ആയത്തുകളെ ആധാരമാക്കി വികസന ക്ഷമമായ എല്ലാ സമ്പത്തിനും സകാത്തുണ്ട് എന്നാണ് ഇമാം അബൂഹനീഫയുടെ പക്ഷം.
ഖുര്‍ആന്‍ 2:267 സൂക്തത്തില്‍ നിന്നാണ് അദ്ദേഹം ഈ ആശയം പ്രധാനമായും ഗവേഷണം ചെയ്‌തെടുത്തത്: 'സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍.'
ഇതില്‍ സമ്പത്തിന്റെ എല്ലാ ഹെഡ് ഓഫ് അക്കൗണ്ടും ഉള്‍പെട്ടു എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒന്ന്, നാനാവിധേന സമ്പാദിച്ചുണ്ടാക്കുന്ന ധനം. ജോലി ചെയ്ത് കിട്ടുന്ന ശമ്പളം സമ്പാദ്യമാണ്. സ്ഥാവര, ജംഗമ സ്വത്തായി ലഭിച്ച ആഭരണം ഉള്‍പ്പെടെയുള്ള സ്വത്തുക്കളും സമ്പാദ്യത്തില്‍ തന്നെയാണ് പെടുക.
രണ്ട്, ഭൂമിയിലെ ഉല്‍പന്നങ്ങള്‍. മുഴുവന്‍ കാര്‍ഷിക, ധാന്യവിളകളും 'ഭൂമിയില്‍ നിന്ന് നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും' എന്ന പരിധിയില്‍ പെടുന്നു. ഈ വിധം വികസന ക്ഷമമായ എല്ലാ ധനത്തിനും സകാത്തു നല്‍കണം എന്ന നിലപാടാണ് അബൂ ഹനീഫയുടേത്.
നാട്ടിലെ മുഖ്യാഹാരവും ഉണക്കി സൂക്ഷിക്കാന്‍ സാധിക്കുന്നതുമായ ധാന്യങ്ങള്‍ക്ക് മാത്രം സകാത്ത് നല്‍കിയാല്‍ മതി എന്ന വീക്ഷണത്തെ ഇമാം അബൂഹനീഫ നിരാകരിക്കുന്നു. 'വിളവെടുപ്പ് ദിവസം അതിന്റെ അവകാശം നിങ്ങള്‍ കൊടുത്തു വീട്ടുക' (വി.ഖു 6:141) എന്ന സൂക്തവും 'കാര്‍ഷിക വിളകളില്‍ ആകാശം നനച്ചുണ്ടാക്കിയതിനും കര്‍ഷകര്‍ തേവി നനച്ചതിനും നിശ്ചിത വിഹിതം സകാത്ത് നല്‍കണം' എന്ന നബിവചനവും എല്ലാ വികസന ക്ഷമമായ കാര്‍ഷിക സമ്പത്തിനും സകാത്തുണ്ട് എന്നതിന്റെ പ്രമാണ വാക്യങ്ങളാണ്.
കാര്‍ഷിക വിഭവങ്ങളില്‍ മുഖ്യ ആഹാരമായി പരിഗണിക്കപ്പെടുക, ഉണക്കി സൂക്ഷിക്കാവുന്ന ധാന്യവര്‍ഗത്തില്‍ പെട്ടതായിരിക്കുക എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായവ മാത്രമേ സകാത്തിന് പരിഗണിക്കേണ്ടതുള്ളൂ എന്ന വീക്ഷണത്തെ ഇമാം അബൂഹനീഫ പൂര്‍ണമായും നിരാകരിക്കുന്നു. ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും അങ്ങനെയൊരു പരിമിതപ്പെടുത്തല്‍ ലഭ്യമല്ല എന്നതാണ് ഇമാമിന്റെ പക്ഷം.
