ഇബ്‌നുസീന; വൈദ്യശാസ്ത്ര നൈതികതയുടെ ആള്‍രൂപം


അര്‍പ്പണബോധവും സേവനസന്നദ്ധതയും ഒരുമിച്ചുചേരുമ്പോള്‍ ശാസ്ത്ര നൈതികതയുടെ ആള്‍രൂപമായി ഇബ്‌നുസീന തിളങ്ങുന്നു.

ബ്‌നുസീന എന്ന സൂക്ഷ്മ നിരീക്ഷകനായ ശാസ്ത്രപ്രതിഭയുടെ, ശക്തമായ വേരുകളുള്ള ദാര്‍ശനികന്റെ, സമഗ്രവും യുക്തിസഹവുമായ പഠനം അതിന്റെ ചരിത്രപരമായ ദൗത്യത്തിന്റെ ആയിരം വര്‍ഷം പിന്നിടുന്നു. അഞ്ച് പുസ്തകങ്ങളിലായി രചിക്കപ്പെട്ട 'അല്‍ഖാനൂനു ഫിത്തിബ്ബ്' അഥവാ 'വൈദ്യശാസ്ത്രത്തിന്റെ നിയമസംഹിത' ചരിത്രത്തില്‍ ഏറ്റവും അധികം കാലം വൈദ്യശാസ്ത്രത്തിന്റെ ബൈബിളായി വിരാജിക്കപ്പെട്ട രചനയാണ്.

അറുനൂറിലധികം വര്‍ഷം മെഡിക്കല്‍ പാഠപുസ്തകമായി അത് നിലകൊണ്ടു. 'ദൈവം എന്നോട് ഔദാര്യം കാണിച്ചിരിക്കുന്നു. അതിനാല്‍ എന്നിലെ പ്രതിഭയും ഞാന്‍ നന്മയ്ക്കായി ഉപയോഗിക്കുന്നു' എന്ന ഇബ്‌നു സീനയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ തിരിച്ചറിവിന്റെ അടയാളമാണ്.

തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ വിനയത്തിന്റെ ഭാഷയില്‍ ഗ്രഹിച്ച്, സമര്‍പ്പണത്തിന്റെ വഴിയില്‍ ജീവിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തന്നെ അസാധാരണമായ കഴിവുകളും അതിശയകരമായ ഓര്‍മശക്തിയുമുള്ള വ്യക്തിയായിരുന്നു ഇബ്‌നു സീന. 20 വയസ്സ് എത്തുന്നതിനു മുമ്പുതന്നെ അദ്ദേഹം പ്രശസ്തനായ ഭിഷഗ്വരനായി മാറി.

ഇബ്‌നുസീന

ഉജ്വലനായ പ്രഭാഷകനും മിടുക്കനായ രാഷ്ട്രതന്ത്രജ്ഞനും പ്രതിഭാധനനായ ശാസ്ത്രജ്ഞനുമായിരുന്നു ഇബ്‌നു സീന. ശാസ്ത്രജ്ഞനു വേണ്ട അര്‍പ്പണബോധവും രാഷ്ട്രതന്ത്രജ്ഞനു വേണ്ട സേവനസന്നദ്ധതയും ഒരുമിച്ചുചേരുമ്പോള്‍ ശാസ്ത്ര നൈതികതയുടെ ആള്‍രൂപമായി അദ്ദേഹം പ്രകാശിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര നൈതികതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഇബ്‌നു സീനയുടെ പേരിലാണ് നല്‍കപ്പെടുന്നത്.

യൂറോപ്യന്‍ ആധുനികത മനുഷ്യനെ പ്രകൃതിക്കു മേല്‍ അധികാരം സ്ഥാപിക്കുന്നവനായി പ്രതിഷ്ഠിച്ചു. വ്യവസായവത്കരണവും കോളനിവത്കരണവുമെല്ലാം പ്രകൃതിചൂഷണത്തിന്റെ വഴികള്‍ തുറന്നു. എന്നാല്‍ ഇബ്‌നു സീനയുടെ കാലം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താളപ്പൊരുത്തത്തിന്റെ കാലമായിരുന്നു.

ചൂഷണത്തിന്റെ ആധുനികത പിറവിയെടുത്തിട്ടില്ലാത്ത കാലം! മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലും, മനുഷ്യനില്‍ തന്നെ ശരീരവും മനസ്സും തമ്മിലും ഉള്‍ച്ചേര്‍ന്ന സമഗ്രമായ (holistic) കാഴ്ചപ്പാടാണ് ഇബ്‌നു സീന മുന്നോട്ടുവെച്ചത്. ഒരു വ്യക്തി അനേകം അവയവങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഒരു യന്ത്രം എന്ന കാഴ്ചപ്പാടില്‍ ചികിത്സിക്കുന്ന രീതി അദ്ദേഹത്തിന് അന്യമായിരുന്നു.

'ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥയല്ല, മറിച്ച്, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിരതയാണ്' എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍വചനത്തെ അന്വര്‍ഥമാക്കുന്ന രീതിശാസ്ത്രം ഇവിടെ ദര്‍ശിക്കാനാവും.

ഹിപ്പോക്രാറ്റിസിന്റെയും ഗാലന്റെയുമടക്കമുള്ള പുരാതന ഗ്രീക്ക് വൈദ്യശാസ്ത്ര സംഭാവനകളെ സഹൃദയം സ്വാഗതം ചെയ്യാന്‍ ഇബ്‌നു സീനക്ക് സാധിച്ചു. അറിവിന്റെ വാഹകരായും പരിപോഷകരായും വര്‍ത്തിക്കാന്‍ മധ്യകാല ശാസ്ത്രജ്ഞര്‍ അഹോരാത്രം പരിശ്രമിച്ചു.

ഇബ്‌നു സീനയുടെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായിരുന്നു 17-ാം നൂറ്റാണ്ടില്‍ വില്യം ഹാര്‍വിയുടെ കാലം വരെയും യൂറോപ്പിന്റെ മുഖ്യ വൈദ്യശാസ്ത്ര ആധാരങ്ങള്‍. നവോത്ഥാനകാലത്ത് യൂറോപ്യന്മാര്‍ക്ക് വിജ്ഞാനം തിരിച്ചുപിടിക്കാനായത് പൗരാണിക സംഭാവനകളുടെ പിന്തുടര്‍ച്ചക്കാരായി അറബികള്‍ അത് കൃത്യമായി രേഖപ്പെടുത്തി വളര്‍ത്തിയതുകൊണ്ടാണ്.

ഗ്രീക്ക് നാഗരികതയും ഇന്ത്യന്‍ സംസ്‌കാരവും ലോകത്തിനു നല്‍കിയ സംഭാവനകളെ അന്വേഷിച്ച് കണ്ടെത്തി അതിനെ വിശകലനവിധേയമാക്കുകയും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്ത് ശാസ്ത്ര തുടര്‍ച്ചയുടെ വാഹകരാകാന്‍ അവര്‍ക്ക് സാധിച്ചു. അനിവാര്യമായ ഈ ജ്ഞാന ഇടപെടല്‍ നടത്തിയെന്നത് മധ്യകാലഘട്ടം ലോകത്തോട് ചെയ്ത നീതിയാണ്.

ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഫിലോസഫിയിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇബ്‌നു സീന. ഇങ്ങനെ വിവിധ വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പഠനരീതി (multi disciplinary approach) മധ്യ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഫിസിഷ്യനും ഫിലോസഫറുമായി, ഹീലറും (healer) ഹ്യൂമനിസ്റ്റുമായി ഇബ്‌നു സീന ഇന്നും ശാസ്ത്ര ചരിത്രത്തില്‍ മാതൃകയായി നിലകൊള്ളുന്നു.

എന്താണ് മരുന്ന്?

വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഇബ്‌നു സീനയുടെ നിര്‍വചനം ശ്രദ്ധേയമാണ്. അത് കേവല രോഗചികിത്സയല്ല. മനുഷ്യ ശരീരത്തില്‍ ആരോഗ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള അവസ്ഥകളെക്കുറിച്ചും, ആരോഗ്യമുള്ളപ്പോള്‍ ആരോഗ്യം നിലനിര്‍ത്താനും ഇല്ലാത്തപ്പോള്‍ അത് പുനഃസ്ഥാപിക്കാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്.

പുരാതന കാലം മുതലേ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മിടിപ്പുകളുടെ ക്രമവും ക്രമരാഹിത്യവും വ്യക്തിയുടെ ആരോഗ്യനിലയുടെ സൂചകങ്ങളാകുന്നു. പള്‍സുകളെക്കുറിച്ച് ബോധ്യം വരാന്‍ ഉപകരണങ്ങള്‍ ഒന്നും ഇല്ലാത്ത കാലത്തുതന്നെ പ്രായം, സാഹചര്യം, രോഗാവസ്ഥ എന്നീ നിലകള്‍ക്ക് അനുസരിച്ച് സ്പന്ദനങ്ങളിലെ വ്യത്യാസത്തെ കൃത്യമായി തരം തിരിക്കാന്‍ ഇബ്‌നു സീനക്ക് സാധിച്ചു.

ആധുനിക ശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ച കാലത്തു നിന്ന് നാം ആയിരം വര്‍ഷം പിന്നോട്ട് ആലോചിക്കുകയാണ്.

പള്‍സുകളുടെ പ്രത്യേകത മനസ്സിലാക്കുക വഴി തന്നെ വ്യത്യസ്ത രോഗങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പുകളെക്കുറിച്ച് അദ്ദേഹം നടത്തിയ സൂക്ഷ്മ പഠനം അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നു. അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 'ഖാനൂനി'ല്‍ സവിശേഷ പ്രതിപാദ്യങ്ങള്‍ കാണാന്‍ സാധിക്കും.

മനുഷ്യ ശരീരത്തിന്റെ അനാട്ടമി പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ഘടനയും രോഗാവസ്ഥയും ഇബ്‌നു സീന വ്യവസ്ഥാപിതമായി വിവരിക്കുന്നു. 'ഖാനൂനി'ന്റെ ഒന്നാമത്തെ പുസ്തകത്തില്‍ തന്നെ അനാട്ടമി വിശദീകരിച്ചത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മരുന്നുകളുടെ വീര്യം, സ്വഭാവം, ഫലം എന്നിവ ചികിത്സയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

മരുന്നുകളുടെ വീര്യത്തെക്കുറിച്ച് പരീക്ഷണങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. മരുന്ന് എപ്പോഴും ആര്‍ജിത ഗുണങ്ങളില്‍ നിന്ന് മുക്തമായിരിക്കണം, വ്യത്യസ്ത ഘടകങ്ങളെ ഒരുമിച്ചല്ല, ഓരോന്നും വേര്‍തിരിച്ച് പരീക്ഷണം നടത്തണം, രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മരുന്നിന്റെ വീര്യം തീരുമാനിക്കണം, ഒരു മരുന്ന് എപ്പോഴും ഒരേ ഫലം തരണം, മരുന്നിന്റെ ഫലപ്രാപ്തിക്ക് വേണ്ട സമയം പരിഗണിക്കണം തുടങ്ങിയ പ്രസക്തമായ തത്വങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.

പ്രകൃത്യായുള്ള കാര്യങ്ങള്‍ സ്ഥിരതയുള്ളതാണ്, അതുകൊണ്ടുതന്നെ മരുന്നിന്റെ ഫലം യാദൃച്ഛികമാകരുത് എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

ജനിതക ശാസ്ത്രം ശ്രദ്ധേയമായ വളര്‍ച്ച പ്രാപിച്ചത് 19-ാം നൂറ്റാണ്ടിലാണ്. പാരമ്പര്യത്തിന്റെ യൂണിറ്റുകളായ ജീനുകളെക്കുറിച്ച് ഒട്ടും അറിവില്ലാത്ത കാലത്തും പാരമ്പര്യ രോഗങ്ങളും ജന്മനാ ഉള്ള വൈകല്യങ്ങളും കൃത്യമായി നിരീക്ഷിച്ച് അനുമാനങ്ങളില്‍ എത്താനും അവയെ വര്‍ഗീകരിക്കാനും ഇബ്‌നു സീനക്ക് സാധിച്ചു.

രോഗപ്പകര്‍ച്ചയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തിലും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളെ ആറായി തിരിക്കുകയും അതിലൊന്നായി പാരമ്പര്യ രോഗങ്ങളെ എണ്ണുകയും ചെയ്തു. ജനിതക ശാസ്ത്രം അതിന്റെ പ്രാഥമിക ദശയില്‍ നില്‍ക്കുന്ന കാലത്ത് സൂക്ഷ്മമായ ശാസ്ത്രരീതികളുടെ മകുടോദാഹരണമായി ഇബ്‌നു സീനയുടെ ഈ പഠനങ്ങള്‍ കാണാനാവും.

ആധുനിക ശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ച കാലത്തു നിന്ന് നാം ആയിരം വര്‍ഷം പിന്നോട്ട് ആലോചിക്കുകയാണ്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാതെയുളള ചികിത്സ ഇന്നും ധാരാളമുണ്ട്.

ജനനം മുതല്‍ മരണം വരെ എല്ലാറ്റിലും ഇന്ന് ചൂഷണത്തിന്റെ വഴികള്‍ തേടുന്ന ആരോഗ്യമേഖലയിലെ കച്ചവടവും നാം കാണുന്നു. വൈദ്യശാസ്ത്രം എത്ര വളര്‍ന്നാലും ശാസ്ത്രരീതികളും നൈതികതയും ചര്‍ച്ച ചെയ്യുന്ന കാലമത്രയും ഇബ്‌നു സീന സുവര്‍ണ താരമായി ശോഭിക്കും.