ഹുദൂദ്, തഅ്‌സീര്‍: ശിക്ഷാനടപടികളുടെ പ്രയോഗവും കാരുണ്യവും


അല്ലാഹു നിരോധിച്ച പ്രവൃത്തികളെ കുറിച്ച് അറിവുണ്ടായിരിക്കെ മനപ്പൂര്‍വം അതില്‍ ഏര്‍പ്പെടുന്ന, സുബോധമുള്ള ഒരു മുതിര്‍ന്ന വ്യക്തി മാത്രമേ ശിക്ഷ അര്‍ഹിക്കുന്നുള്ളൂ.

നങ്ങള്‍ പരസ്പരം അതിക്രമത്തിനു വിധേയമായാല്‍, അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവയ്ക്ക് വളരെ വേഗത്തില്‍ പരിഹാരം കാണേണ്ടതുണ്ട്. അത്തരക്കാര്‍ക്ക് യഥാര്‍ഥ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ അവകാശങ്ങളുടെ ലംഘനത്താല്‍ (അവനോട് ചെയ്യുന്ന അതിക്രമങ്ങളാല്‍) അല്ലാഹുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്നില്ല.

അല്ലാഹുവിന്റെ അവകാശങ്ങളുടെ കാര്യത്തില്‍, ഇസ്‌ലാമിക നിയമ നടപടിക്രമങ്ങള്‍ അടിസ്ഥാനമാക്കിയത് അവന്റെ കാരുണ്യമാണ്. അല്ലാഹു നിരോധിച്ച പ്രവൃത്തികളെ കുറിച്ച് അറിവുണ്ടായിരിക്കെ മനപ്പൂര്‍വം അതില്‍ ഏര്‍പ്പെടുന്ന, സുബോധമുള്ള ഒരു മുതിര്‍ന്ന വ്യക്തി മാത്രമേ ശിക്ഷ അര്‍ഹിക്കുന്നുള്ളൂ.

ഇക്കാര്യത്തില്‍, ഹുദൂദ് കുറ്റകൃത്യങ്ങള്‍ മനുഷ്യരുടെ അവകാശ ലംഘനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ആകസ്മികമായ നരഹത്യ അല്ലെങ്കില്‍ ആരുടെയെങ്കിലും സ്വത്തിന് ആകസ്മികമായി കേടുപാടുകള്‍ വരുത്തല്‍ എന്നിവ പോലെയുള്ള കാര്യങ്ങള്‍ ബോധപൂര്‍വമായിരിക്കണം എന്നില്ല. അത്തരത്തില്‍ തന്നെ കുട്ടികള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് കുടുംബങ്ങള്‍ ഉത്തരവാദികളാണ്.

കരുണ പരമാവധി ലഭ്യമാക്കുക എന്നതാണ് ഹുദൂദ് ശിക്ഷകള്‍ പ്രയോഗിക്കുന്നതിലെ കേന്ദ്ര തത്വം. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ശിക്ഷാ നടപടികള്‍ അതിന് അനുസരിച്ച് ആയിരുന്നുവെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. കര്‍മശാസ്ത്ര പണ്ഡിതര്‍ ഹുദൂദ് ശിക്ഷാ നിയമങ്ങള്‍ ആവിഷ്‌കരിച്ചത് കാരുണ്യത്തെ കേന്ദ്ര സ്ഥാനത്ത് വെച്ചുകൊണ്ടാണ്.

'മുസ്‌ലിംകളില്‍ നിന്ന് ഹുദൂദിനെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക, ശിക്ഷയില്‍ തെറ്റ് ചെയ്യുന്നതിനെക്കാള്‍ കാരുണ്യത്തില്‍ തെറ്റ് ചെയ്യുന്നതാണ് അധികാരികള്‍ക്ക് നല്ലത്' എന്നര്‍ഥം വരുന്ന ഹദീസ് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പരമ്പര സംബന്ധിച്ച് ചില ആക്ഷേപങ്ങളുണ്ട്. 'അവ്യക്തതകള്‍ ഉണ്ടെങ്കില്‍ ഹുദൂദ് ഒഴിവാക്കുക (ശുബുഹാത്ത്)' എന്ന നിര്‍ണായക നിയമ തത്വമാണ് പണ്ഡിതന്മാര്‍ സ്വീകരിച്ചത്.

ഖുര്‍ആനിലെ ശിക്ഷാ വ്യവസ്ഥയോടൊപ്പം പ്രതിപാദിക്കുന്നത് കഠിനമായ മാനദണ്ഡങ്ങളാണ്. വ്യഭിചാരിയെ നൂറു തവണ അടിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. നാല് സാക്ഷികളില്ലാതെ വ്യഭിചാരം ആരോപിക്കുന്നവര്‍ക്കു അപവാദത്തിന് 80 ചാട്ടവാറടി ശിക്ഷ ലഭിക്കുമെന്നും ഒരു ആയത്തില്‍ കാണാം. ഈ ശിക്ഷകള്‍ എളുപ്പത്തില്‍ പ്രയോഗിക്കുന്നത് അസാധ്യമാക്കുന്നത് എന്തുകൊണ്ടായിരിക്കും?

ഇവിടെയാണ് ഹുദൂദ് പ്രയോഗിക്കുന്നത് ഒഴിവാക്കാന്‍ മുസ്‌ലിം നിയമജ്ഞര്‍ വിശദീകരിച്ച അവ്യക്തതകള്‍ക്ക് (ശുബുഹാത്ത്) പ്രാധാന്യം എന്ന തത്വത്തിന്റെ പ്രസക്തി. ബൃഹത്തും വൈവിധ്യപൂര്‍ണവുമായ ഫിഖ്ഹ് വികസിപ്പിച്ചെടുത്ത മുസ്‌ലിം നിയമജ്ഞര്‍ ഹുദൂദിനെ എല്ലാ സംശയങ്ങളില്‍ നിന്നും മുക്തമായാണ് അവതരിപ്പിച്ചത്. 'സിന'യ്ക്ക് നാല് സാക്ഷികള്‍ വേണമെന്നത് പോലെയുള്ള കര്‍ശന മാനദണ്ഡങ്ങള്‍ ഖുര്‍ആനില്‍ നിന്ന് തന്നെ കണ്ടെത്തി.

ഏറ്റവും പ്രസിദ്ധമായ സംഭവത്തില്‍ (ആറ് ഉദാഹരണങ്ങളുണ്ട്) പ്രവാചകന്‍ വ്യഭിചാരക്കുറ്റത്തിന് ഒരു പുരുഷനെ കല്ലെറിയാന്‍ ഉത്തരവിട്ടപ്പോള്‍, ആ മനുഷ്യന്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് തന്റെ പാപം ഏറ്റുപറയുന്നുണ്ട്. പ്രവാചകന്‍ അവനോട് ഭ്രാന്താണോ എന്ന് ചോദിക്കുന്നു, അവന്‍ തുടര്‍ന്നും നിര്‍ബന്ധിച്ചപ്പോള്‍ പ്രവാചകന്‍ സൂചിപ്പിക്കുന്നത് ഒരുപക്ഷേ അവന്‍ ആ സ്ത്രീയെ ചുംബിക്കുക മാത്രം ചെയ്തിട്ടുള്ളൂ എന്നാണ്.

കുറ്റസമ്മതം നടത്തുന്ന പുരുഷന്‍ പ്രവാചകനോട്(സ) പല തവണ കുമ്പസരിക്കണമെന്ന് നിര്‍ബന്ധിച്ചതിനാല്‍, ഭൂരിഭാഗം മുസ്‌ലിം പണ്ഡിതന്മാരും 'സിന'യുടെ എല്ലാ കുമ്പസാരങ്ങളും നാല് തവണ ചെയ്യണമെന്ന് നിബന്ധന വെക്കുന്നുണ്ട്. അല്ലാത്തതൊന്നും ഹുദൂദ് കൊണ്ട് ശിക്ഷിക്കപ്പെടില്ല. മേല്‍ പറഞ്ഞ അതേ കേസിനെ അടിസ്ഥാനമാക്കി, കുറ്റസമ്മതം നടത്തിയ ഒരാള്‍ക്ക് പോലും ഏത് ഘട്ടത്തിലും ആ കുമ്പസാരം പിന്‍വലിക്കാമെന്നും തുടര്‍ന്ന് ഹുദൂദ് ശിക്ഷ നേരിടേണ്ടിവരില്ലെന്നും നിയമജ്ഞര്‍ സമ്മതിച്ചു.

ഹുദൂദ് പ്രയോഗിക്കുന്നത് തടയാന്‍ അതിശയകരമായ കാര്യങ്ങളെ സാധ്യമായ അവ്യക്തതകള്‍ എന്ന നിലക്ക് പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിധിന്യായത്തിലെ അവ്യക്തതകളെ, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബായ ഹനഫി ചിന്താധാരയില്‍ കൂടുതല്‍ പരിഗണിച്ചിട്ടുണ്ട്.

മോഷണത്തിനുള്ള ശിക്ഷ

സരിഖ അഥവാ മോഷണത്തിന്റെ കാര്യത്തില്‍, കുറ്റകൃത്യത്തിന് സുന്നത്ത് നല്‍കുന്ന കര്‍ശനമായ നിര്‍വചനം, അതിനെ മോഷണം എന്ന് കേവലം വിവര്‍ത്തനം ചെയ്യാന്‍ ഇത്രയധികം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നു. സരിഖ വളരെ പ്രത്യേകമായ ഒരു തരം മോഷണം മാത്രമാണ്. അത് മറ്റൊരാളുടെ നിയമപരമായ സ്വത്ത് കൈവശം വെക്കലാണ്.

ഒരു കള്ളന്‍ ഒരു നിശ്ചിത മൂല്യത്തില്‍ കൂടുതല്‍ മോഷ്ടിച്ചാല്‍ അയാളുടെ കൈ മുറിക്കണമെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. മറ്റൊരു ഹദീസിലും സ്വഹാബികളുടെ നടപടിക്രമങ്ങളിലും കുറ്റാരോപിതനായ കള്ളന് താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് രണ്ടോ മൂന്നോ തവണ നിഷേധിക്കാന്‍ അവസരം നല്‍കുന്നത് കാണാം. കോടതി നടപടിക്രമത്തില്‍ ഇതിനര്‍ഥം, കള്ളന്‍ പിടിക്കപ്പെടുകയും സാധാരണഗതിയില്‍ (രണ്ട്) സാക്ഷികള്‍ അയാള്‍ മോഷ്ടിക്കുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തിയാലും, കള്ളന്‍ ആ വസ്തു തന്റേതാണെന്ന് അവകാശപ്പെട്ടാല്‍ അവിടെ അവ്യക്തത ഉണ്ടാകും.

ഇതുവഴി കൈ മുറിക്കല്‍ തടയുന്നതിന് ആവശ്യമായ അവ്യക്തത സ്ഥാപിക്കപ്പെടുന്നു. ഉറങ്ങുന്ന ഒരാളുടെ തലയ്ക്കടിയില്‍ നിന്ന് ഒരു മേലങ്കി മോഷ്ടിച്ച ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍, സുരക്ഷിതമായ സ്ഥലത്ത് നിന്ന് മോഷ്ടിച്ച എന്തെങ്കിലും മാത്രമേ ഹുദൂദ് ശിക്ഷയ്ക്ക് അര്‍ഹമാകൂ എന്ന് നിയമജ്ഞര്‍ നിഗമനം ചെയ്തിട്ടുണ്ട്.

അതിനാല്‍ തന്നെ, റുഡോള്‍ഫ് പീറ്റേഴ്‌സ് വിവരിച്ചതുപോലെ, 'ഒരു കള്ളനോ വ്യഭിചാരിയോ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടുന്നത് ഏതാണ്ട് അസാധ്യമാണ്'. പല വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് വലിയ തോതില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഹുദൂദ് ശിക്ഷ പ്രയോഗിക്കുന്നതിനുള്ള സമീപനം; ഇമാം ശാഫിയുടെ 'ആളുകള്‍ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ' എന്ന നിലപാട് പിന്തുടരുക എന്നതാണ്.

ഹുദൂദേതര കുറ്റകൃത്യങ്ങളുടെ ശിക്ഷ

ഹുദൂദ് ശിക്ഷ ഒഴിവാക്കാന്‍ ഒരു അവ്യക്തത കണ്ടെത്തിയാല്‍ കുറ്റാരോപിതനായ കുറ്റവാളി കുറ്റക്കാരനല്ലെന്നല്ല അര്‍ഥം. മറിച്ച്, അവരുടെ കുറ്റകൃത്യം ദൈവത്തിന്റെ അവകാശ ലംഘനങ്ങളുടെ ഉയര്‍ന്ന തലത്തില്‍ നിന്ന് മനുഷ്യന്റെ അവകാശ ലംഘനത്തിലേക്ക് താഴ്ന്നു. അത്തരം കുറ്റകൃത്യങ്ങളില്‍ തഅ്‌സീര്‍ അഥവാ ജഡ്ജി നിശ്ചയിച്ച വിവേചനാധികാര ശിക്ഷ അനുസരിച്ചാണ് ശിക്ഷ നടപ്പാക്കുക.

ഒരു സേഫ് ഡെപ്പോസിറ്റ് ബോക്‌സില്‍ നിന്ന് സ്വര്‍ണക്കട്ടി മോഷ്ടിച്ചപ്പോള്‍ രണ്ട് സാക്ഷികള്‍ ചേര്‍ന്ന് കൈയോടെ പിടികൂടിയ ഒരു കള്ളന്, താന്‍ അത് ചെയ്തിട്ടില്ലെന്ന് നിഷേധിച്ചുകൊണ്ട് ഹുദൂദ് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. അയാളുടെ കൈ വെട്ടിക്കളയുകയില്ല. എന്നാല്‍ ഗ്വസ്ബ് തലത്തിലുള്ള മോഷണം, അല്ലെങ്കില്‍ കൊള്ളയടിക്കല്‍ (പൊതു നിയമത്തിലെ ചെറിയ മോഷണം) എന്നിവയ്ക്ക് അയാളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ അപ്പോഴും ഉണ്ടായിരിക്കും.

ഇതുപോലെ തന്നെ പല സന്ദര്‍ഭങ്ങളിലും വ്യഭിചാരത്തിന് ശിക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും കര്‍ശനമായ മറ്റ് ശിക്ഷണ നടപടി സ്വീകരിക്കാന്‍ സാധിക്കും. ഹുദൂദിന്റെ പരിധിക്ക് താഴെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഒരു ജഡ്ജിക്കോ ഗവര്‍ണറിനോ പൊതുക്രമം നിലനിര്‍ത്താന്‍ തന്റെ അധികാരം ഉപയോഗിക്കാം. ഉദാഹരണത്തിന്, മദ്യപിച്ച ഒരാള്‍ക്ക് ഹുദൂദിന്റെ തലത്തില്‍ ശിക്ഷ ലഭിക്കണമെന്നില്ല, പക്ഷേ അയാള്‍ക്ക് ആ നിലവാരത്തിന് താഴെ ശിക്ഷ ലഭിക്കാം.

സായുധ കവര്‍ച്ച/കൊള്ളയുടെ കാര്യത്തില്‍, കുറ്റവാളികള്‍ പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്താല്‍ ഈ അവ്യക്തതകള്‍ കുറ്റകൃത്യത്തെ ഹുദൂദ് പരിധിയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ കൊലപാതകത്തിനും ഹുദൂദ് അല്ലാത്ത മോഷണത്തിനുമുള്ള ശിക്ഷകള്‍ക്ക് അവര്‍ അപ്പോഴും ബാധ്യസ്ഥരായിരിക്കും. ജഡ്ജി തന്റെ കടമയായി കണ്ട് സമഗ്രാന്വേഷണം വഴി കണ്ടെത്തുന്ന അനന്തമായ അവ്യക്തതകളുടെ പട്ടികയാണ് പലപ്പോഴും രക്ഷപ്പെടാനുള്ള വഴിയൊരുക്കുക.

ഒരു ഹുദൂദ് കുറ്റകൃത്യത്തെക്കാള്‍ ഒരു കുറ്റവാളി തഅ്‌സീര്‍ കുറ്റകൃത്യത്തില്‍ കുറ്റക്കാരനാണെന്ന് ഒരു ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നത് വളരെ എളുപ്പമായിരുന്നു. ഉദാഹരണത്തിന്, ശാഫി മദ്ഹബില്‍, ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ ഹുദൂദ് ഇതര മോഷണത്തിന് ശിക്ഷിക്കാം.

ഹന്‍ബലി മദ്ഹബില്‍ അടിമകള്‍ക്ക് ഹുദൂദ് കേസുകളില്‍ സാക്ഷ്യം വഹിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ മറ്റ് ചില മദ്ഹബുകള്‍ സ്ത്രീകളെയോ അടിമകളെയോ ഹുദൂദ് കേസുകളില്‍ സാക്ഷ്യപ്പെടുത്താന്‍ അനുവദിച്ചിരുന്നില്ല, കാരണം ആര്‍ക്കാണ് സാക്ഷിയാകാന്‍ കഴിയുക എന്നതില്‍ നിയന്ത്രണങ്ങള്‍ കൂടുന്നതിനനുസരിച്ച് പ്രതിയെ ശിക്ഷിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു.

തഅ്‌സീര്‍ അതിന്റെ കാതലായ ഭാഗത്ത് ജഡ്ജിയുടെ വിവേചനാധികാരത്തില്‍ നിര്‍ണയിക്കപ്പെടുന്നതിനാല്‍, തെളിവുകളുടെ ഒരു നിശ്ചിത മാനദണ്ഡവും പരാമര്‍ശിക്കാതെ തന്നെ ചില ശിക്ഷകള്‍ നല്‍കാമായിരുന്നു. വിവേചനപരമായ ശിക്ഷയായിരുന്നു പ്രധാന ശിക്ഷാവിഭാഗമായി കണക്കാക്കിയത്.

ഇസ്‌ലാമിക ക്രിമിനല്‍ നിയമത്തിലെ മറ്റ് മേഖലകളിലെന്നപോലെ, ഹുദൂദിന്റെ പ്രയോഗവും ആത്യന്തികമായി ഭരണാധികാരിയുടെയോ ഭരണകൂടത്തിന്റെയോ അധികാരത്തിന് കീഴിലാണ്.

വിവിധ മദ്ഹബുകളില്‍ കുറ്റകൃത്യങ്ങള്‍ക്ക് ബാധകമാകുന്ന തഅ്‌സീര്‍ ശിക്ഷകളുടെ വിശദമായ പട്ടികകള്‍ നിയമജ്ഞര്‍ വികസിപ്പിച്ചെടുത്തു. വടികൊണ്ട് കാലിന്റെ ഉള്ളംകാലില്‍ അടിക്കുക, ഒരു പരിധിവരെ തടവുശിക്ഷ എന്നിവയാണ് പ്രധാന ശിക്ഷാരീതികള്‍. വിശദാംശങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മുസ്‌ലിം നിയമജ്ഞര്‍ക്കിടയില്‍ ഏറ്റവും സാധാരണമായ നിലപാട്, തഅ്‌സീര്‍ ശിക്ഷകളുടെ ഉയര്‍ന്ന പരിധി തത്തുല്യമായ ഹുദൂദ് കുറ്റകൃത്യത്തിനുള്ള ശിക്ഷയില്‍ എത്താന്‍ കഴിയില്ല എന്നതാണ്.

ലൈംഗിക കുറ്റകൃത്യങ്ങളുടെയോ ലഹരിയുടെയോ കാര്യത്തില്‍ ഇത് ലളിതമായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി 99 ചാട്ടവാറടി അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള ദിവസം നാടുകടത്തല്‍ ആയിരുന്നു ഒരു തഅ്‌സീര്‍ ശിക്ഷ. മോഷണം ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നു. ചെറിയ മോഷണങ്ങള്‍ക്ക് സാധാരണയായി നല്‍കിയിരുന്നത് ചാട്ടവാറടിയോ ചെറിയ ജയില്‍ ശിക്ഷയോ ആയിരുന്നു.

അതേസമയം ആവര്‍ത്തിച്ചുള്ള കുറ്റവാളികളെ കള്ളന്മാര്‍ക്കുള്ള ജയിലിലേക്ക് അയയ്ക്കാമായിരുന്നു. സുന്നത്തിലും പില്‍ക്കാലത്ത് നിയമജ്ഞരുണ്ടാക്കിയ നടപടികളിലും ഹുദൂദ് കുറ്റകൃത്യങ്ങള്‍ എങ്ങനെ സങ്കല്പിച്ചു എന്നതിന്റെ ഏറ്റവും പ്രധാന സവിശേഷത തജസ്സുസ് (സ്വകാര്യമായി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ചൂഴ്ന്നന്വേഷിക്കല്‍) ഒഴിവാക്കുക, സത്ര്‍ നല്‍കുക (സ്വകാര്യ ദുഷ്‌കൃത്യങ്ങള്‍ക്ക് ഒഴികഴിവ് കണ്ടെത്തുകയോ കണ്ണടയ്ക്കുകയോ ചെയ്യുക) എന്നിവ ആയിരുന്നു. ഈ ആശയങ്ങള്‍ ഖുര്‍ആനില്‍ വേരൂന്നിയതാണ്. ഖുര്‍ആന്‍ തജസ്സുസിനെ വിലക്കുന്നു (വി.ഖു 49:12).

സുന്നത്തില്‍, 'ഹുദൂദുകളില്‍ ഒന്ന് ലംഘിച്ചു' എന്ന് ഏറ്റുപറയാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനെ പ്രവാചകന്‍ ആവര്‍ത്തിച്ച് അവഗണിക്കുന്നു. 'നിങ്ങള്‍ ഒരു ജനതയുടെ രഹസ്യമോ ലജ്ജാകരമായതോ ആയ മേഖലകളോ അന്വേഷിക്കുകയാണെങ്കില്‍, നീ അവരെ നശിപ്പിക്കും' എന്ന് പ്രവാചകന്‍ (സ) മുന്നറിയിപ്പ് നല്‍കുന്നു. നിയമനടപടികളുടെ താക്കോലായി സ്വഹാബികള്‍ ഇതിനെ മനസ്സിലാക്കി.

പ്രമുഖ സ്വഹാബിയും കൂഫയുടെ ഗവര്‍ണറുമായ ഇബ്‌നു മസ്ഊദിന്റെ അരികിലേക്ക് മദ്യപിക്കുന്ന ഒരാളെ കൊണ്ടുവന്നു. പക്ഷേ, 'തെറ്റുകള്‍ അന്വേഷിക്കുന്നത് ഞങ്ങള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു' എന്നതായിരുന്നു ഇബ്‌നു മസ്ഊദിന്റെ പ്രതികരണം. എന്നാല്‍ പരസ്യമായി എന്തെങ്കിലും ചെയ്താല്‍ ചെയ്യുന്ന വ്യക്തി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്.

ഇസ്‌ലാമിക ക്രിമിനല്‍ നിയമത്തിലെ മറ്റ് മേഖലകളിലെന്നപോലെ, ഹുദൂദിന്റെ പ്രയോഗവും ആത്യന്തികമായി ഭരണാധികാരിയുടെയോ ഭരണകൂടത്തിന്റെയോ അധികാരത്തിന് കീഴിലാണ്. ആവശ്യമെങ്കില്‍ ഭരണാധികാരികള്‍ക്ക് ഹുദൂദ് ശിക്ഷകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാമെന്ന് പ്രവാചകനും ആദ്യകാല ഖലീഫമാരും വ്യക്തമാക്കി. വരള്‍ച്ചക്കാലത്തെ മോഷണത്തെ തുടര്‍ന്ന് ഉമര്‍(റ) ശിക്ഷ നടപ്പിലാക്കാതിരുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.

വിവ. അഫീഫ ഷെറിന്‍