ധര്‍മവഴിയില്‍ സന്ദേഹമരുത്; ധീരമായ തീരുമാനം വേണ്ടിവരും


അല്ലാഹുവിലും വിചാരണനാളിലും അടിയുറച്ച വിശ്വാസമില്ലാത്തവന്‍ സൂര്യപ്രകാശം കണക്കെ ബോധ്യപ്പെട്ട ശരിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ അവസാന ശ്വാസം വരെ മുഖം തിരിഞ്ഞിരിക്കും. പരിഹസിക്കുന്നവരെ പുച്ഛിച്ചുതള്ളി തന്റെ നേര്‍വഴിയില്‍ ഉറച്ചുനിന്നതിന് ആദരണീയ പ്രവാചകന്‍ നൂഹ് (അ)ല്‍ പാഠമുണ്ട്.

ന്മാര്‍ഗത്തിന്റെ ചുറ്റുപാടും വളഞ്ഞ വഴികളുണ്ടാകും. പിഴച്ചുപോകാതെ കൃത്യമായ വഴിയിലൂടെ കടക്കാനും നേരെ മുന്നോട്ടുപോകാനും വലിയ ത്യാഗം സഹിക്കേണ്ടിവരും. പ്രകോപനങ്ങളും പ്രലോഭനങ്ങളും അവഗണിക്കേണ്ടിവരും. ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാത്തവന്‍ അടിപതറി വീഴും.

സുഖസൗകര്യങ്ങളിലുള്ള ആര്‍ത്തിയും കൊതിയും, നാശനഷ്ടങ്ങളിലുള്ള ഭീതിയും പേടിയും മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന സ്വഭാവങ്ങളാണ്. ഇത്തരം സ്വഭാവങ്ങള്‍ക്ക് അടിമപ്പെടുന്നവന്‍ ദുര്‍ബലനാണ്. മനുഷ്യനെ ഇത്തരം അടിമത്തത്തില്‍ നിന്നും ദൗര്‍ബല്യത്തില്‍ നിന്നും മോചിപ്പിക്കലാണ് ഇസ്‌ലാമിന്റെ ലക്ഷ്യം.

സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുകയും അവന്റെ മാത്രം അടിമയായി ജീവിക്കുകയും ചെയ്യുന്നവന്‍ മാത്രമേ ഭൗതിക പ്രകോപന - പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറി സത്യമാര്‍ഗം തിരഞ്ഞെടുക്കാനുള്ള ചങ്കുറപ്പ് കാണിക്കൂ. മനുഷ്യന്റെ ആജന്മശത്രുവായ പിശാച് മനുഷ്യനെ പലതും പറഞ്ഞു പേടിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ

'അത് പിശാച് മാത്രമാകുന്നു, തന്റെ കൂട്ടാളികളെ കാണിച്ച് അവന്‍ നിങ്ങളെ ഭയപ്പെടുത്തുന്നു. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടേണ്ടതില്ല, എന്നെ ഭയപ്പെടുക, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍' (ആലുഇംറാന്‍ 175).

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

'അവന്‍ അവരോട് വാഗ്ദാനങ്ങള്‍ ചെയ്യുന്നു, അവരില്‍ വ്യാമോഹങ്ങള്‍ ജനിപ്പിക്കുന്നു. പക്ഷേ, പിശാചിന്റെ വാഗ്ദാനങ്ങളത്രയും വെറും വഞ്ചനയല്ലാതൊന്നുമല്ല.' (നിസാഅ് 120)

പലരെയും പല രീതിയിലാണ് പിശാച് ഭയപ്പെടുത്തുകയും വ്യാമോഹിപ്പിക്കുകയും ചെയ്യുന്നത്. ചിലരോട് ദൈവമില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍ വേറെ ചിലരോട് ബഹുദൈവങ്ങളുണ്ടെന്ന് പറയും.

പരലോക ജീവിതത്തില്‍ വിശ്വസിക്കുന്നവരെ അതില്‍ നിന്ന് പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നു വന്നാല്‍ അവിടത്തെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശുപാര്‍ശയുടെയും കൈക്കൂലിയുടെയും ചില മാര്‍ഗങ്ങള്‍ തോന്നിപ്പിച്ചുകൊടുക്കും.

യഥാര്‍ഥത്തില്‍ മനുഷ്യനെ വഴിതെറ്റിച്ചതുകൊണ്ട് പിശാചിന് എന്ത് നേട്ടമാണുള്ളത്?

ഒരാള്‍ ബഹുദൈവ ആരാധകനായതുകൊണ്ട്, മദ്യപാനിയായതുകൊണ്ട്, കൊലയാളിയായതുകൊണ്ട് പിശാചിന് സാമ്പത്തികമായോ ശാരീരികമായോ മറ്റേതെങ്കിലും രീതിയിലോ വല്ല ലാഭവുമുണ്ടോ? ഇല്ല, ഒരു നേട്ടവുമില്ല. മറ്റുള്ളവരെ നശിപ്പിക്കുന്നതിലൂടെ തനിക്ക് ഒന്നും നേടാനാവുന്നില്ലെങ്കില്‍ പിന്നെ എന്തു യുക്തിയാണ് ഇതിന് പിന്നിലുള്ളത്? ഒരു യുക്തിയുമില്ല. മറുവശത്ത്, പിശാചിന്റെ ഭീഷണിയിലോ പ്രലോഭനങ്ങളിലോ അകപ്പെട്ട് തെറ്റായ വഴി തിരഞ്ഞെടുത്തവന് എന്ത് നേട്ടമാണുള്ളത്? ഒന്നുമില്ല തന്നെ.

'പിശാചിന്റെ വാഗ്ദാനങ്ങളത്രയും വെറും വഞ്ചനയല്ലാതൊന്നുമല്ല' എന്ന് അല്ലാഹു പറയുന്നു. പിശാചിന്റെ ഭാഗത്തുനിന്നു മാത്രമല്ല, മനുഷ്യനില്‍ തന്നെ കുടികൊള്ളുന്ന ദുര്‍ഗുണങ്ങളും അവനെ മോഹിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്ത് സത്യമാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. ഭൗതികതയോടും ഐഹിക ജീവിതത്തോടുമുള്ള ആര്‍ത്തി പ്രായം കൂടുംതോറും മനുഷ്യനില്‍ ശക്തി കൂടിവരികയാണ്.

അനസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) പറയുന്നു:

يكبر ابن آدم ويكبر معه اثنتان حب المال وطول العمر

'മനുഷ്യന്‍ വളരുന്നതനുസരിച്ച് അവന്റെ കൂടെ മറ്റ് രണ്ടു സംഗതികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു: സമ്പത്തിനോടുള്ള ആര്‍ത്തി, ജീവിതത്തോടുള്ള അത്യാഗ്രഹം.' (ബുഖാരി 6421)

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു:

لا يزال قلب الكبير شابا في اثنتين: في حب الدنيا وطول الأمل

'വൃദ്ധന്റെ ഹൃദയം രണ്ട് കാര്യത്തില്‍ യൗവനാവസ്ഥയില്‍ തന്നെ നിലനില്‍ക്കും: ഭൗതികഭ്രമവും നീണ്ട മോഹങ്ങളും.' (ബുഖാരി 6420)

മനുഷ്യന്റെ ഇത്തരത്തിലുള്ള ചീത്ത വിചാരവികാരങ്ങളെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും പുണ്യപ്രവാചക വചനങ്ങളും ധാരാളമാണ്. പലരെയും വഴിപിഴപ്പിച്ചുകളഞ്ഞത് ഇത്തരം ദുര്‍ഗുണങ്ങളുടെ സ്വാധീനമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെത്തന്നെ സത്യത്തിന്റെയും ധര്‍മത്തിന്റെയും വഴിയില്‍ മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകമാണ് സാമൂഹിക സാഹചര്യം. മറ്റുള്ളവര്‍ എന്തു പറയും, എന്റെ വിഷയത്തില്‍ എന്തൊരു നിലപാടെടുക്കും എന്ന ചിന്ത. സമൂഹത്തില്‍ എനിക്കുള്ള നിലയും വിലയും നഷ്ടമാവുമോ, ചീത്തവിളിയും തെറിയും കേള്‍ക്കേണ്ടിവരുമോ, എന്റെ ജീവനോ സ്വത്തിനോ മറ്റോ അപായം പറ്റുമോ തുടങ്ങിയുള്ള ചിന്തയും ആകാംക്ഷയും.

ഇത്തരം ചിന്തകള്‍ക്കടിമപ്പെട്ട, ബോധ്യപ്പെട്ട യാഥാര്‍ഥ്യങ്ങളോടും സത്യമാര്‍ഗത്തോടും പുറംതിരിഞ്ഞുനിന്ന ധാരാളം മനുഷ്യരെ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാം. മറുവശത്ത് ഇത്തരം ചതിക്കുഴികളെ ചാടിക്കടന്ന് ധീരമായ നിലപാടെടുത്ത് ഉന്നതപദവികള്‍ പ്രാപിച്ച മഹോന്നതരെയും കാണാം.

ഉപകാര-ഉപദ്രവങ്ങളെ ഉടമപ്പെടുത്തിയവന്‍ അല്ലാഹു മാത്രമാണെന്നും അവനെ മാത്രമേ ആത്യന്തികമായി പ്രീതിപ്പെടുത്തേണ്ടതുള്ളൂ എന്നുമുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ചവനു മാത്രമേ സത്യാന്വേഷണം നടത്താനും ബോധിച്ച സത്യത്തിന്റെ വഴിയില്‍ കടക്കാനും അതിലൂടെ അനുസ്യൂതം മുന്നോട്ടു ഗമിക്കാനും കഴിയൂ.

മറ്റുള്ളവര്‍ക്കു വേണ്ടി നിലപാടെടുക്കുക എന്നത് അങ്ങേയറ്റം മണ്ടത്തരവും ഭീരുത്വവുമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി നാം തെറ്റായ വഴി തിരഞ്ഞെടുക്കുന്നതുകൊണ്ട് അവര്‍ക്കോ നമുക്കോ ഒരു കാര്യവുമില്ല. മറ്റുള്ളവരെ പേടിക്കുക എന്നത് തീര്‍ത്തും അര്‍ഥശൂന്യവും സമൂഹത്തെ മൊത്തം തകര്‍ത്തുകളയുന്നതുമായ ഒരു പ്രവണതയാണ്.

കാരണം, മറ്റുള്ളവരെ ഭയന്ന്, അല്ലെങ്കില്‍ അവരുടെ അടുക്കല്‍ നിലയും വിലയും ഉണ്ടാക്കാന്‍ വേണ്ടി നാം എപ്രകാരം തിന്മയുടെ വഴി തിരഞ്ഞെടുക്കുമോ, അപ്രകാരം തന്നെ നമ്മുടെ ഭാഗത്തുനിന്നുള്ള ഉപകാര-ഉപദ്രവങ്ങളെക്കുറിച്ച് ചിന്തിച്ച് മറ്റുള്ളവരെയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിതരാക്കുന്നു. ഫലമോ സര്‍വനാശവും.

ഉപകാര-ഉപദ്രവങ്ങളെ ഉടമപ്പെടുത്തിയവന്‍ അല്ലാഹു മാത്രമാണെന്നും ആത്യന്തികമായി അവനെ മാത്രമേ പ്രീതിപ്പെടുത്തേണ്ടതുള്ളൂ എന്നുമുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ചവനു മാത്രമേ സത്യാന്വേഷണം നടത്താനും ബോധിച്ച സത്യത്തിന്റെ വഴിയില്‍ കടക്കാനും അതിലൂടെ അനുസ്യൂതം മുന്നോട്ടു ഗമിക്കാനും കഴിയൂ. മറ്റൊരു ശക്തിയെയും അവന്‍ ഗൗനിക്കില്ല. ആളുകളുടെ പരിഹാസവും ഭീഷണിയും മോഹന വാഗ്ദാനങ്ങളും അവന്‍ അവജ്ഞയോടെ തള്ളിക്കളയും.

എന്നാല്‍ അല്ലാഹുവിലും വിചാരണനാളിലും അടിയുറച്ച വിശ്വാസമില്ലാത്തവന്‍ സൂര്യപ്രകാശം കണക്കെ ബോധ്യപ്പെട്ട ശരിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ അവസാന ശ്വാസം വരെ മുഖം തിരിഞ്ഞിരിക്കും. പരിഹസിക്കുന്നവരെ പുച്ഛിച്ചുതള്ളി തന്റെ നേര്‍വഴിയില്‍ ഉറച്ചുനിന്നതിന് ആദരണീയ പ്രവാചകന്‍ നൂഹില്‍(അ) പാഠമുണ്ട്. അല്ലാഹു പറയുന്നു:

وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ

'അദ്ദേഹം കപ്പല്‍ നിര്‍മാണം തുടങ്ങി. തന്റെ സമൂഹത്തിലെ പ്രമാണിമാര്‍ അത് വഴി പോകുമ്പോളെല്ലാം അവര്‍ അദ്ദേഹത്തെ പരിഹസിച്ചു. നൂഹ് പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം, അത് പോലെ തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും.' (ഹൂദ് 38)

മരുഭൂമിയില്‍ കപ്പലുണ്ടാക്കി ക്കൊണ്ടിരിക്കുന്ന നൂഹ് നബിക്ക് കിറുക്കാണെന്ന് ഉപരിപ്ലവമായി മാത്രം കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ പരിഹസിച്ചു. പക്ഷേ വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് ഉത്തമബോധ്യമുള്ള പ്രവാചകന് വിഡ്ഢി ജനത്തിന്റെ കാര്യമോര്‍ത്ത് തിരിച്ച് പരിഹാസം കാണുകയാണ് ചെയ്തത്. നൂഹ് നബി(അ)യുടെ അതേ മനോഭാവവും പ്രതികരണ ശേഷിയുമാണ് നേര്‍വഴിക്ക് നീങ്ങുന്ന ഏതൊരുത്തനും ഒരുത്തിക്കും സത്യനിഷേധികളുടെ വിഷയത്തിൽ ഉണ്ടാവേണ്ടത്.

ഭീഷണികള്‍ക്കു മുമ്പില്‍ പതറാതെ ഉറച്ച നിലപാട് പ്രഖ്യാപിച്ച ഫറോവയുടെ കാലത്തെ മാരണവിദഗ്ധരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. മൂസാ നബിയുടെ മഹത്തായ ദൃഷ്ടാന്തത്തിന്റെ മുമ്പില്‍ പരാജയം ബോധ്യപ്പെട്ട അവര്‍ മൂസാ നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ഫറോവയെ തള്ളിപ്പറയുകയും ചെയ്തു. അസഹ്യനായ ഫറോവ അവരെ അതിശക്തമായ നിലയിലാണ് ഭീഷണിപ്പെടുത്തിയത്.

അവന്‍ അവരോട് പറഞ്ഞു:

فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ وَلَتَعْلَمُنَّ أَيُّنَا أَشَدُّ عَذَابًا وَأَبْقَىٰ

'ശരി, നിങ്ങളുടെ ഓരോ കൈകാലും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ വെട്ടിമുറിച്ചുകളയുകയും നിങ്ങളെ ഞാന്‍ ഈന്തപ്പനത്തടികളില്‍ ക്രൂശിക്കുകയും ചെയ്യും. നമ്മളില്‍ ആരുടെ ശിക്ഷയാണ് ഏറ്റവും കഠിനവും ദൈര്‍ഘ്യവുമെന്ന് അപ്പോള്‍ നിങ്ങള്‍ അറിയുക തന്നെ ചെയ്യും.' (ത്വാഹ 71)

പരാജയപ്പെട്ട കളിയില്‍ വിജയം അഭിനയിക്കാനുള്ള ഫറോവയുടെ അവസാനത്തെ തന്ത്രമായിരുന്നു ഈ ഭീഷണി. കൊല്ലുമെന്നല്ല ഭീഷണി, കൈകാലുകള്‍ എതിര്‍ദിശയില്‍ നിന്ന് വെട്ടിമുറിച്ച് കുരിശില്‍ തറച്ച്, മറ്റുള്ളവര്‍ക്ക് പാഠമാവും വിധം ഇഞ്ചിഞ്ചായി തന്നെ കൊന്നുകളയുമെന്നാണ് ഭീഷണി. പക്ഷേ, ഭീഷണിക്ക് വഴങ്ങാതെ ത്യാഗം സഹിച്ചാണെങ്കിലും സത്യത്തിനു വേണ്ടി ഉറച്ച നിലപാടെടുക്കലാണ് യഥാര്‍ഥ ലാഭമെന്ന് മനസ്സിലാക്കിയ അവര്‍ നിസ്സങ്കോചം പ്രതികരിച്ചു.

َقالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَـٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ

'അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വന്ന് കിട്ടിയ വ്യക്തമായ തെളിവുകളേക്കാള്‍, ഞങ്ങളെ സൃഷ്ടിച്ചവനെക്കാള്‍, നിനക്ക് ഞങ്ങള്‍ ഒട്ടും മുന്‍ഗണന നല്‍കില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ, അത് വിധിക്കുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമെ നീ വിധിക്കുകയുള്ളു.' (ത്വാഹ 72)

മൂസാ നബിയെ ഫറോവ പഴയകാല ഉപകാരങ്ങളൊക്കെ എടുത്തുപറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നബി അതിനെ ശക്തമായി അവഗണിച്ച് ഉറച്ച തീരുമാനം പ്രഖ്യാപിച്ചത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًۭا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ ١٨

وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ ١٩

قَالَ فَعَلْتُهَآ إِذًۭا وَأَنَا۠ مِنَ ٱلضَّآلِّينَ ٢٠

فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًۭا وَجَعَلَنِى مِنَ ٱلْمُرْسَلِينَ ٢١

وَتِلْكَ نِعْمَةٌۭ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ ٢٢

'ഫറോവ പറഞ്ഞു: ശിശുവായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ നീ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ, നീ ഒരു കൊലപാതകം ചെയ്തതായും നിന്റെ പ്രവൃത്തിയിലുണ്ട്. നീ വളരെ നന്ദികെട്ടവന്‍ തന്നെ! മൂസാ ഉത്തരം കൊടുത്തു: അന്നാളില്‍ ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു.

അങ്ങനെ നിങ്ങളെ ഭയന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്റെ റബ്ബ് എനിക്ക് ജ്ഞാനമരുളുകയും എന്നെ ദൈവദൂതന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. എനിക്ക് ചെയ്തുതന്നതായി നീ ഘോഷിക്കുന്ന ഔദാര്യമുണ്ടല്ലോ, അതിന്റെ യാഥാര്‍ഥ്യം ഇസ്രാഈല്‍ വംശത്തെ നീ അടിമകളാക്കിവെച്ചു എന്നതാകുന്നു.' (ശുഅറാഅ് 18-22)

ഇസ്രാഈല്‍ വംശത്തിലെ കൈയും കണക്കുമില്ലാത്തത്ര മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തിയും നിഷ്ഠുരമായി മര്‍ദിച്ചും അക്രമപ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുന്ന ഫറോവയാണ് ബോധപൂര്‍വമല്ലാത്ത ഒരു തെറ്റിന്റെ പേരില്‍ മൂസായെ ബ്ലാക്‌മെയില്‍ ചെയ്യുന്നത്.

ഖിബ്ത്വി വംശജന്‍ ഇസ്രാഈലി വംശജനെ മര്‍ദിക്കുന്നത് കണ്ട് മൂസാ നബി മര്‍ദകനില്‍ നിന്ന് മര്‍ദിതനെ രക്ഷിക്കാന്‍ വേണ്ടി മുഷ്ടി ചുരുട്ടി ഒരിടി കൊടുക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊല ചെയ്യാന്‍ പര്യാപ്തമായ വല്ല ആയുധവും കൈയിലേന്തി വന്ന് കൊല നടത്തിയതല്ല. സംഗതിവശാല്‍ ആ ഇടിയേറ്റ് ഖിബ്തി വംശജന് മരണം സംഭവിച്ചു എന്നു മാത്രം.

എന്നിട്ടും ഈ പേര് പറഞ്ഞ് മൂസാ നബിയെ ഭീഷണിപ്പെടുത്തുന്ന കുടിലതന്ത്രമാണ് ഫറോവ പ്രയോഗിച്ചത്. കഴിഞ്ഞ കാലത്തെ സ്ഖലിതങ്ങള്‍ എടുത്തുപറഞ്ഞ് നന്നായി ജീവിക്കാന്‍ തീരുമാനിച്ചവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത് ഇന്നും നടപ്പുള്ള നീചമായ രീതിയാണ്. അത്തരം ഘട്ടങ്ങളില്‍ മൂസ കൈക്കൊണ്ടതുപോലുള്ള നിശ്ചയദാര്‍ഢ്യവും ധീരതയുമാണ് നല്ല മനുഷ്യര്‍ കൈക്കൊള്ളേണ്ടത്.

ഫറോവയുടെ അക്രമം ഭയന്ന് ഓടിപ്പോയ മൂസാ നബിക്ക് ഒന്നും നഷ്ടപ്പെട്ടില്ല, മറിച്ച്, അല്ലാഹു അദ്ദേഹത്തെ അറിവും പാണ്ഡിത്യവും പ്രവാചകത്വവും നല്‍കി ആദരിക്കുകയാണ് ചെയ്തത്. ധര്‍മത്തിന്റെ വഴിയില്‍ ത്യാഗം സഹിച്ച് ഉറച്ച തീരുമാനവുമായി മുന്നേറുന്നവന് ഇപ്രകാരം നേട്ടങ്ങളേ ലഭിക്കൂ.

എന്റെ ദര്‍ബാറില്‍ വളര്‍ന്നു വലുതായവനല്ലേ നീ, അതുകൊണ്ട് നീ എന്റെ വഴി പിന്തുടരണമെന്ന വാദത്തെയും മൂസാ നബി യുക്തിപൂര്‍വമായും ധീരമായുമാണ് നേരിട്ടത്. അദ്ദേഹം ഫറോവയോട് പറഞ്ഞു: നിങ്ങള്‍ ഇസ്രാഈല്‍ വംശത്തെ പീഡിപ്പിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ വീട്ടില്‍ എത്തിച്ചേരുന്നത്? നിങ്ങളുടെ ജൂതമര്‍ദനം മൂലമാണ് എന്റെ മാതാവിന് എന്നെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കേണ്ടിവന്നത്. അല്ലെങ്കില്‍ എനിക്ക് വളരാന്‍ എന്റെ തന്നെ വീടുണ്ടായിരുന്നല്ലോ.

അതിനാല്‍ ആ സംരക്ഷണത്തിന്റെ ഔദാര്യം എടുത്തോതുന്നത് ഞാന്‍ മുഖവിലക്കെടുക്കേണ്ടതില്ല! ഇന്നും ഈ ചരിത്രത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. അപകീര്‍ത്തിപ്പെടുത്തി നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വരുന്ന ആധുനിക ഫറോവമാരെ ധീരമായി നേരിടാന്‍ മഹാനായ മൂസായുടെ ജീവിതം നമുക്കേവര്‍ക്കും പാഠമാവണം.

തൗഹീദിന്റെ സംസ്ഥാപനത്തിനു വേണ്ടി അത്യുജ്ജ്വല പരിശ്രമങ്ങളുടെ പേരില്‍ ഏറ്റവും വലിയ ധര്‍മപോരാളികളില്‍ രണ്ടാം സ്ഥാനീയനാവാന്‍ ഭാഗ്യം ലഭിച്ച ഇബ്‌റാഹീം നബി(അ) ഭീഷണികളെയും വെല്ലുവിളികളെയും ശക്തമായി അവഗണിച്ചാണ് അടിയുറച്ചുനിന്നത്. ഖുര്‍ആന്‍ പറയുന്നു:

وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًۭٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ ٨٠

وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًۭا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ٨١

ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ ٨٢

'ജനം തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം- ഇബ്റാഹീം- ചോദിച്ചു: അല്ലാഹുവിനെക്കുറിച്ചാണോ നിങ്ങള്‍ എന്നോട് തര്‍ക്കിക്കുന്നത്? അവനാകട്ടെ എനിക്ക് സന്മാര്‍ഗം കാണിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്നവരെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതല്ലാതെ. എന്റെ നാഥന്റെ ജ്ഞാനം സകല വസ്തുക്കളിലും വ്യാപിച്ചിട്ടുള്ളതാകുന്നു.

ഇനിയും നിങ്ങള്‍ ജാഗ്രതയുള്ളവരാവുകയില്ലേ? അല്ലെങ്കില്‍ നിങ്ങള്‍ സങ്കല്‍പിച്ച ബഹുദൈവങ്ങളെ ഞാനെന്തിനു ഭയക്കണം? നിങ്ങളാകട്ടെ അല്ലാഹു തെളിവ് അവതരിപ്പിച്ചുതന്നിട്ടില്ലാത്ത വസ്തുക്കളെ അവന്റെ പങ്കാളികളാക്കാന്‍ ഭയപ്പെടുന്നില്ല! ഈ രണ്ടു പക്ഷങ്ങളില്‍ നിര്‍ഭയത്വത്തിനും സമാധാനത്തിനും കൂടുതല്‍ അര്‍ഹതയുള്ളതാര്‍ക്കാണ്? നിങ്ങള്‍ക്കു വല്ല വിവരവുമുണ്ടെങ്കില്‍ പറയുവിന്‍.

അല്ലാഹു കണക്കാക്കിയതല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് ഉറക്കെ ഉദ്‌ഘോഷിച്ച് പൊള്ളത്തരങ്ങളെ തള്ളിക്കളഞ്ഞ് നേരിന്റെ വഴിയില്‍ അടിയുറച്ചു നില്‍ക്കലാണ് മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം(അ) കാണിച്ചുതന്ന ഉത്തമ മാതൃക.

സത്യവിശ്വാസം കൈക്കൊള്ളുകയും അതിനെ അധര്‍മം കൊണ്ട് മലിനമാക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് സന്മാര്‍ഗം സിദ്ധിച്ചവരും.' (അന്‍ആം 80-82)

കുട്ടിദൈവങ്ങളെ തള്ളിപ്പറഞ്ഞാല്‍ വലിയ ആപത്തുകള്‍ വരുമെന്നു പറഞ്ഞ് ഭീതിപ്പെടുത്തല്‍ ബഹുദൈവാരാധകരുടെ പതിവാണ്. എന്നാല്‍ അല്ലാഹു കണക്കാക്കി യതല്ലാതെ ഒന്നും ഇവിടെ സംഭവിക്കില്ലെന്ന് ഉറക്കെ ഉദ്‌ഘോഷിച്ച് പൊള്ളത്തരങ്ങളെ തള്ളിക്കളഞ്ഞ് നേരിന്റെ വഴിയില്‍ അടിയുറച്ചു നില്‍ക്കലാണ് മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം(അ) കാണിച്ചുതന്ന ഉത്തമ മാതൃക.

മറ്റൊരു ധീരശാലിയുടെ കഥയുണ്ട് വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറഞ്ഞത്. അതൊരു മഹിളാരത്‌നമായിരുന്നു: സബഇലെ രാജ്ഞി ബില്‍ഖീസ്. ശാമിന്റെ ഭരണാധിപനും അല്ലാഹുവിന്റെ പ്രവാചകനുമായ സുലൈമാന്‍(അ) അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എഴുത്ത് മരംകൊത്തിപ്പക്ഷി വശം കൊടുത്തയച്ചു. രാജ്ഞി പരിവാരങ്ങളെ വിളിച്ചു വിഷയം ചര്‍ച്ചക്കിട്ടു.

'രാജ്ഞി പറഞ്ഞു: അല്ലയോ നാട്ടുമുഖ്യരേ, ഈ പ്രശ്നത്തില്‍ എനിക്ക് യുക്തമായ ഉപദേശം നല്‍കുവിന്‍, ഞാന്‍ നിങ്ങളെ അവഗണിച്ച് ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ.' (നംല് 32)

എന്നാല്‍ പരിവാരങ്ങളുടെ വിവേകശൂന്യമായ മറുപടി ഇപ്രകാരമായിരുന്നു:

'നാട്ടുമുഖ്യന്മാര്‍ പറഞ്ഞു: നമ്മള്‍ പ്രബലരും നല്ല പരാക്രമശാലികളുമായ വിഭാഗമാണ്. ഇനി തീരുമാനം അങ്ങേക്കു തന്നെ വിടുന്നു. എന്ത് കല്‍പിക്കണമെന്ന് അങ്ങുതന്നെ ആലോചിച്ചാലും.' (നംല് 33)

സുലൈമാന്‍ നബിയുടെ കല്‍പനയെ അവഗണിക്കാനുള്ള പ്രേരണ സ്വന്തം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും അതിന് വശംവദയാകാതെ തന്ത്രപരമായി വിവേകത്തിന്റെ പക്ഷം തിരഞ്ഞെടുക്കുകയായിരുന്നു രാജ്ഞി. അവര്‍ പറഞ്ഞു:

'രാജ്ഞി പറഞ്ഞു: നിശ്ചയം, രാജാക്കന്മാര്‍ ഒരു നാട്ടില്‍ അധിനിവേശം ചെയ്താല്‍ ആ നാടിനെ നശിപ്പിച്ചതു തന്നെ. അതില്‍ പ്രതാപികളായ പൗരന്മാരെ തരം താഴ്ത്തുകയും ചെയ്യും. അങ്ങനെത്തന്നെയാണ് അധികാരികള്‍ ചെയ്യാറുള്ളത്.' (നംല് 34)

പ്രലോഭനങ്ങളെയും വ്യാമോഹങ്ങളെയും വകഞ്ഞുമാറ്റി അവസാനം ബില്‍ഖീസ് എന്ന ധീരവനിത സുലൈമാന്‍ നബിയുടെ മുമ്പാകെ വന്ന് ഇസ്‌ലാം പുല്‍കിയ സംഭവം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ കോറിയിട്ടിട്ടുണ്ട്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.